Asianet News MalayalamAsianet News Malayalam

ക്വാറന്റൈനിൽ പോവാതെ പുറത്തിറങ്ങി, ഭവനരഹിതന് ഏഴാഴ്ചത്തെ തടവ്

വീട്ടിൽ തുടരുന്നതിന് പകരം അദ്ദേഹം ജോലിയ്ക്ക് പോയത് മറ്റുള്ളവർക്ക് രോഗം പടർത്താനുള്ള സാധ്യത കൂട്ടിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. 

homeless man sentenced seven weeks breaching quarantine rule
Author
Singapore, First Published Dec 6, 2021, 3:03 PM IST

മഹാമാരിയുടെ സമയത്ത് 'വീട്ടിൽ തന്നെ തുടരുക' എന്ന ഉത്തരവ് ലംഘിച്ചുവെന്ന പേരിൽ ഒരു ഭവനരഹിതനെ(Homeless) സിംഗപ്പൂർ കോടതി(Singapore court) വ്യാഴാഴ്ച ഏഴാഴ്ചത്തെ തടവിന് ശിക്ഷിച്ചു. വീടില്ലാത്ത അദ്ദേഹം എങ്ങനെ വീട്ടിൽ തന്നെ തുടരുമെന്നത് കോടതിയുടെ മുന്നിൽ അപ്രസക്തമായ ചോദ്യമായി മാറി. സിംഗപ്പൂർ പൗരനായ റോസ്മാൻ അബ്ദുൾ റഹ്മാൻ 2020 മാർച്ച് 20 -നാണ് ഇന്തോനേഷ്യയിലെ ബറ്റാമിൽ നിന്ന് മടങ്ങിയെത്തിയത്. മഹാമാരിയുടെ പ്രാരംഭ ദിവസങ്ങളായതിനാൽ, 14 ദിവസം വീട്ടിൽ തന്നെ തുടരണമെന്നതാണ് നിയമമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

പക്ഷേ, അദ്ദേഹത്തിന് അത് സാധ്യമായിരുന്നില്ല. മുൻ ഭാര്യയുമായി പങ്കിട്ട ഫ്ലാറ്റിന്റെ ഉടമസ്ഥാവകാശം അദ്ദേഹത്തിന് നഷ്‌ടപ്പെട്ടിരുന്നു. എന്നാൽ, ഒരു ഇമിഗ്രേഷൻ ഓഫീസർ വീടിന്റെ വിലാസം നൽകിയേ പറ്റൂ എന്ന് നിഷ്കർഷിച്ചു. ഒടുവിൽ രണ്ടാനമ്മയുടെ വീട് തനിക്ക് ക്വാറന്റൈൻ ചെയ്യാനുള്ള സ്ഥലമായി അദ്ദേഹം എഴുതി നൽകി. അവരുമായി യാതൊരു ബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അദ്ദേഹം യഥാർത്ഥത്തിൽ ഭവനരഹിതനായിരുന്നു.

തുടർന്ന്, ഒരു ലോജിസ്റ്റിക് കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായി അദ്ദേഹം ജോലി ചെയ്തു, തെരുവുകളിൽ താമസിച്ചു. കാർ പാർക്കിലോ, നടപ്പാതയിലോ ഉറങ്ങി. തൻ്റെ ക്വാറന്റൈനിനെ കുറിച്ച് അയാൾ തൊഴിലുടമയോട് ഒന്നും മിണ്ടിയുമില്ല. അങ്ങനെ 13 ദിവസം കടന്ന് പോയി. ഏപ്രിൽ 3 -ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ റഹ്മാന്റെ രണ്ടാനമ്മയുടെ വീട്ടിലെത്തി. എന്നാൽ അദ്ദേഹം അവിടെ താമസിച്ചിട്ടില്ലെന്ന് അവർ കണ്ടെത്തി. നിയമപാലകർ ഒടുവിൽ തൊഴിലുടമ വഴി റഹ്മാനെ കണ്ടെത്തി അറസ്റ്റ് ചെയ്തു. തുടർന്ന്, അന്നുതന്നെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.

വീട്ടിൽ തുടരുന്നതിന് പകരം അദ്ദേഹം ജോലിയ്ക്ക് പോയത് മറ്റുള്ളവർക്ക് രോഗം പടർത്താനുള്ള സാധ്യത കൂട്ടിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, സ്വന്തമായി വീടില്ലാത്ത അദ്ദേഹം തെരുവിൽ കഴിയാൻ നിർബന്ധിതനാവുകയായിരുന്നു എന്ന് റഹ്മാന്റെ വക്കീൽ വാദിച്ചു. സ്വന്തം ഇഷ്ടപ്രകാരം പുറത്തിറങ്ങുന്നവരും, മറ്റ് വഴികളില്ലാതെ നിയമം ലംഘിക്കുന്നവരും തമ്മിൽ വ്യത്യാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, പക്ഷേ അഭിഭാഷകന്റെ വാദമുഖങ്ങൾ കോടതിയിൽ വിലപ്പോയില്ല. ഈ വർഷം ആദ്യം കുറ്റം സമ്മതിച്ചതിനെ തുടർന്ന് വ്യാഴാഴ്ച ഏഴാഴ്ചത്തെ തടവിന് കോടതി അദ്ദേഹത്തെ ശിക്ഷിച്ചു. ലോകത്തിലെ ഏറ്റവും കർശനമായ കൊവിഡ് -19 നിയമങ്ങൾ പിന്തുടരുന്ന ഒരു രാജ്യമാണ് സിംഗപ്പൂർ.  മഹാമാരി നിയമങ്ങൾ ലംഘിച്ചതിന് നൂറുകണക്കിന് ആളുകൾക്കാണ് രാജ്യം പിഴയും തടവും വിധിച്ചത്.  

Follow Us:
Download App:
  • android
  • ios