കുട്ടികള്‍ ഇത് വായിച്ചാല്‍ അവരുടെ മനസ്സിലും ഇത്തരം അനാവശ്യ ചിന്തകള്‍ ഇടം പിടിക്കുകയും, അവര്‍ സമൂഹത്തിന് എതിരെ തിരിയുകയും ചെയ്യുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സ്റ്റീവ്‌ ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  

ആടിന്റെയും ചെന്നായയുടെയും കുട്ടിക്കഥ രാജ്യദ്രോഹമാണോ? ആണ് എന്നാണ്, ചൈന പൂര്‍ണ്ണമായി പിടിമുറുക്കിയ ഹോങ്കോംഗില്‍നിന്നുള്ള പുതിയ വാര്‍ത്ത. തീര്‍ന്നില്ല, ആടിന്റെയും ചെന്നായയുടെയും കഥ പറയുന്ന പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ അഞ്ചു ചെറുപ്പക്കാര്‍ക്ക് എതിരെ രാജ്യദ്രോഹകുറ്റം ചുമത്തുകയും ചെയ്തു, സര്‍ക്കാര്‍. സര്‍ക്കാറിനെതിരെ ചെറുപ്പക്കാരെ തിരിച്ചുവിടാനുള്ള ഗൂഢ ശ്രമമാണ് ഈ പുസ്തകങ്ങള്‍ എന്നാണ് പൊലീസ് ആരോപിക്കുന്നത്. 

കുട്ടികള്‍ക്കായി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സ്പീച്ച് തെറാപ്പിസ്റ്റ് യൂണിയനിലെ അഞ്ചു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 25 -നും 28 -നും ഇടയില്‍ പ്രായമുള്ള രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് അറസ്റ്റിലെന്ന് പോലീസ് പറഞ്ഞു. ഇവരുടെ പേരോ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. 

ചെന്നായയുടെയും, ആടുകളുടെയും കഥ പറയുന്ന കുട്ടികളുടെ പുസ്തകങ്ങളെ ചൊല്ലിയാണ് അറസ്റ്റ്. കുട്ടിക്കഥയുടെ മറവില്‍, ഈ പുസ്തകങ്ങള്‍ സര്‍ക്കാര്‍ ഭരണത്തിനെതിരെയുള്ള ചെറുത്ത് നില്‍പ്പിന്റെ സന്ദേശമാണ് നല്‍കുന്നതെന്ന് പൊലീസ് ആരോപിച്ചു. ഹോങ്കോങിന് മേലുള്ള ചൈനീസ് ആധിപത്യത്തിനെതിരായ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നതാണ് പുസ്തകമെന്നും പൊലീസ് വ്യക്തമാക്കി. 

ഭൂമിശാസ്ത്രപരമായി ചൈനയിലാണെങ്കിലും, അര്‍ധ സ്വയംഭരണ പ്രദേശമായിട്ടാണ് ഹോങ്കോങ് നിലനില്‍ക്കുന്നത്. എന്നാല്‍ ഹോങ്കോങ്ങിനെ പൂര്‍ണ നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ചൈന 2020 ജൂണില്‍ ദേശീയ സുരക്ഷാ നിയമം നടപ്പാക്കിയിരുന്നു. ഹാങ്കോങിനെ പൂര്‍ണമായും ചൈനയുടെ നിയന്ത്രണത്തിലാക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിനുപിന്നില്‍ ഉണ്ടായിരുന്നത്. ഇതിനെതിരെ ഹോങ്കോംഗ് തെരുവുകളില്‍ വന്‍ പ്രതിഷേധം നടക്കുകയും അതിനെയെല്ലാം അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നടന്ന ഈ അറസ്റ്റുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

Image courtesy: Reuters

'ഡിഫെന്‍ഡേര്‍സ് ഓഫ് ദി ഷീപ് വില്ലേജ്' എന്നാണ് ഇതിലൊരു പുസ്തകത്തിന്റെ പേര്. ചെന്നായ്ക്കള്‍ ഒരു ഗ്രാമം കൈവശപ്പെടുത്താനും ആടുകളെ തിന്നാനും നടത്തുന്ന ശ്രമങ്ങളാണത്. ആടുകള്‍ ചെന്നായ്ക്കളളുമായി കൊമ്പുപയോഗിച്ച് ഏറ്റുമുട്ടുകയാണ് കഥയില്‍. കുട്ടികള്‍ ഇത് വായിച്ചാല്‍ അവരുടെ മനസ്സിലും ഇത്തരം അനാവശ്യ ചിന്തകള്‍ ഇടം പിടിക്കുകയും, അവര്‍ സമൂഹത്തിന് എതിരെ തിരിയുകയും ചെയ്യുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സ്റ്റീവ്‌ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇത് കൂടാതെ രണ്ട് പുസ്തകങ്ങള്‍ കൂടി ഈ പരമ്പരയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടാമത്തേത് 12 ആടുകളെ ചെന്നായ്ക്കള്‍ ആഹാരമാക്കാന്‍ കൊണ്ടുപോകുന്ന കഥയാണ്. ഇത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ചൈന അറസ്റ്റ് ചെയ്ത 12 ഹോങ്കോംഗ് പതിഷേധക്കാരെ സൂചിപ്പിക്കുന്നതാണെന്ന് പൊലീസ് ആരോപിച്ചു. കഥ വസ്തുതാപരമല്ലെന്നും അധികാരികള്‍ക്കെതിരെ വിദ്വേഷം ജനിപ്പിക്കാന്‍ ഇതിന് കഴിയുമെന്ന് പൊലീസ് പറയുന്നു.

മൂന്നാമത്തെ പുസ്തകം ആടുകളുടെ ഗ്രാമത്തിലേക്ക് ഒരു ചെറിയ വിടവിലൂടെ ചെന്നായ്ക്കള്‍ നുഴഞ്ഞു കയറുന്ന കഥയാണ്. അതില്‍ ചെന്നായ്ക്കളെ വൃത്തികെട്ടതായും ആടുകളെ നന്മയുള്ളതായും കാണിച്ചിരിക്കുന്നതായാണ് പൊലീസ് കേസ്. സര്‍ക്കാരിനെതിരെ വിദ്വേഷം സൃഷ്ടിക്കുന്നതിനാണ് ഇത് ലക്ഷ്യമിടുന്നതെന്ന് പൊലീസ് പറഞ്ഞു. 

കൊളോണിയല്‍ കാലഘട്ടത്തില്‍ നിലനിന്നിരുന്ന രാജ്യദ്രോഹ നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്.