മുപ്പതു വർഷക്കാലത്തോളം ഈജിപ്തിനെ ഭരിച്ച പ്രസിഡന്റ് ഹോസ്നി മുബാറക് തന്റെ തൊണ്ണൂറ്റി ഒന്നാം വയസ്സിൽ അന്തരിച്ചു. 1981 -ൽ കെയ്‌റോയിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ പ്രസിഡന്റ് അൻവർ സാദത്ത് തന്റെ സ്വന്തം സൈനികരുടെ  വെടിയേറ്റ് കൊല്ലപ്പെടുമ്പോൾ, തൊട്ടടുത്ത് ഇരിപ്പുണ്ടായിരുന്നു മുബാറകും. എന്നാൽ, എയർഫോഴ്സിലെ സൈനികപരിശീലനം കമാണ്ടർ ഹോസ്നി മുബാറക്കിനെ തുണച്ചു. അന്ന് ആദ്യ വെടി പൊട്ടിയപ്പോൾ തന്നെ നിലം പതുങ്ങിയ മുബാറക്ക് വെടിയുണ്ടകളെ അതിജീവിച്ചു. അന്നുതൊട്ട് ഇന്ന് വാർധക്യസഹജമായ കാരണങ്ങളാൽ മരിക്കും വരെ ആറു തവണ കൂടി അദ്ദേഹത്തിന്റെ ജീവൻ അപഹരിക്കാനുള്ള ശ്രമങ്ങളുണ്ടായി. അതിനെയും, അധികാരത്തിൽ നിന്നിറക്കാനുള്ള വിമതരുടെ ശ്രമങ്ങളെയും ഒക്കെ എതിരിട്ടുകൊണ്ട് മൂന്നുപതിറ്റാണ്ടുകാലം ഹോസ്നി മുബാറക് ഈജിപ്ത് ഭരിച്ചു. ഒടുവിൽ മുല്ലപ്പൂ വിപ്ലവം വന്നപ്പോഴാണ് ജനങ്ങളുടെ പ്രതിഷേധങ്ങളെത്തുടർന്ന് സാദത്ത് ഓഫീസിന്റെ പടിയിറങ്ങി ജയിലിലേക്ക് കയറുന്നത്.വിപ്ലവം നടക്കുന്ന സമയത്ത് പ്രസിഡന്റായിരിക്കെ പ്രതിഷേധക്കാരെ കൊന്നൊടുക്കിയതിന്റെ പേരിലായിരുന്നു മുബാറക്കിനെ തുടർന്നുവന്ന ഭരണകൂടം വിചാരണ ചെയ്ത് ശിക്ഷിച്ച് ജയിലിലടച്ചത്.  
 


 

 

ആരായിരുന്നു ഹോസ്നി മുബാറക് ?

1928 -ൽ കെയ്‌റോയ്ക്കടുത്തുള്ള മെനോഫ്യാ പ്രവിശ്യയിലാണ് മുഹമ്മദ് ഹോസ്നി സയ്യദ് മുബാറക് ജനിച്ചത്. പാതി ഇംഗ്ലീഷ് വംശജയായിരുന്ന സുസെയ്ൻ മുബാറക് ആയിരുന്നു ജീവിത പങ്കാളി. പഠനത്തിന് ശേഷം 1949 -ലാണ് അദ്ദേഹം ഈജിപ്ഷ്യൻ വ്യോമസേനയിൽ ചേരുന്നത്. അടുത്ത വർഷം തന്നെ പൈലറ്റായി അദ്ദേഹം കമ്മീഷൻ ചെയ്യപ്പെടുന്നു.  അവിടെ നിന്ന് പടിപടിയായി ഉയർന്ന മുബാറക് 1972 -ൽ വ്യോമസേനയുടെ കമാണ്ടർ ഇൻ ചീഫ് പദവിയിലെത്തി. അതിനു പിന്നാലെ വൈസ് പ്രസിഡന്റ് പദവിയിലും. 1981 ഒക്ടോബർ 14 -ന്, അൻവർ സാദത്ത് കൊല്ലപ്പെട്ടതിന് എട്ടുദിവസങ്ങൾക്കുള്ളിൽ ഈജിപ്തിന്റെ പ്രസിഡന്റായി ഹോസ്നി മുബാറക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഈജിപ്തുകാർ കരുതിക്കാണില്ല, താരതമ്യേന അപ്രശസ്തനായ ആ സൈനികോദ്യോഗസ്ഥനാണ് അടുത്ത മൂന്നു പതിറ്റാണ്ടുകാലം അവരെ ഭരിക്കാനുള്ളത് എന്ന്. 
 


 

പട്ടാളച്ചിട്ടയോടു കൂടിയ ജീവിതമായിരുന്നു ഹോസ്നി മുബാറകിന്റേത്. രാവിലെ ആറുമണിയ്ക്ക് വ്യായാമത്തോടെ തുടങ്ങുന്ന ദിനചര്യയിൽ അനുചരന്മാർക്കുപോലും പലപ്പോഴും അദ്ദേഹത്തോട് അനിഷ്ടം തോന്നിയിരുന്നു. എന്നാൽ അച്ചടക്കത്തോടുള്ള ജീവിതം നയിച്ച ഹോസ്നി മുബാറക് അതേ ഏകാധിപത്യ സ്വഭാവം തന്റെ രാജ്യത്തിൻറെ പുറത്തും അടിച്ചേൽപ്പിച്ചു. അധികാരമേറ്റെടുത്തതിൽ പിന്നെ രാജ്യത്ത് പൂർണ്ണമായ അർത്ഥത്തിൽ ജനാധിപത്യം പുലരാൻ മുബാറക് അനുവദിച്ചിട്ടില്ല. ഒരു തരം അർധസൈനിക ഭരണമായിരുന്നു ഈജിപ്തിൽ. മുപ്പതു വർഷം നീണ്ടുനിന്ന അടിയന്തരാവസ്ഥയായിരുന്നു രാജ്യത്ത് എന്ന് വേണമെങ്കിൽ പറയാം. എല്ലാത്തരം പൗര സ്വാതന്ത്ര്യത്തെയും അടിച്ചമർത്തികൊണ്ട്, ഭരണകൂടത്തിന് ആത്യന്തികമായ പരമാധികാരം നൽകിക്കൊണ്ടുള്ള ഒരു ഭരണം. രാജ്യത്ത് നടമാടിയിരുന്ന തീവ്രവാദത്തെ നിയന്ത്രിച്ചു നിർത്താൻ ഭരണം തന്നിൽ കേന്ദ്രീകരിച്ചു നിർത്തിയാൽ മാത്രമേ സാധിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
 


 

ഭരിച്ചിരുന്ന കാലയളവിൽ ഹോസ്നി മുബാറക് നിലനിർത്തിയിരുന്ന രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്,അമേരിക്കയുമായുള്ള സൗഹൃദം, രണ്ട് ഇസ്രായേലുമായുള്ള സമാധാനം. ആദ്യത്തെ രണ്ടു പതിറ്റാണ്ടു കാലത്തോളം കാര്യമായ ഒരു എതിർപ്പും ഉണ്ടാകാതിരുന്നതുകൊണ്ട് രാജ്യം സാമ്പത്തിക പുരോഗതിയും, ആഭ്യന്തര സമാധാനവും കൈവരിച്ച കാലയളവുകൂടിയായി അത്. എന്നാൽ അവസാനത്തെ പത്തുവർഷക്കാലം, വിശേഷിച്ചും അവസാനത്തെ കുറച്ചു വർഷങ്ങൾ ജനാധിപത്യത്തിനായുള്ള ജനങ്ങളുടെ നിരന്തരമായ ആവശ്യം അവഗണിക്കാൻ മുബാറകിന് സാധിക്കാതെ പോയി.  തന്റെ സർവ്വശക്തിയുമെടുത്ത്, രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ നൂറുകണക്കിന് വിപ്ലവകാരികളെ കൊന്നൊടുക്കി, മുല്ലപ്പൂ വിപ്ലവത്തെ അതിജീവിക്കാനുള്ള ശ്രമം മുബാറക് നടത്തി എങ്കിലും അതിൽ അദ്ദേഹത്തിന് വിജയിക്കാനായില്ല. പ്രസിഡന്റ് പദവിയിൽ നിന്ന് മുബാറക്കിനെ പടിയിറക്കാനുള്ള മുറവിളികൾ തഹ്‌രീർ സ്‌ക്വയറിൽ നിന്ന് നിർത്താതെ ഉയർന്നു കേട്ടതോടെ, ഒടുവിൽ മനസ്സില്ലാമനസ്സോടെ പടിയിറങ്ങുകയായിരുന്നു അദ്ദേഹം. 

 
 
 
 
 
 
 
 
 
 
 
 
 

‏كل الحب والتقدير❤️

A post shared by عمر علاء مبارك (@omaralaamubarak) on Feb 2, 2020 at 9:12pm PST

 

അവസാനകാലത്ത് അതുവരെ കൂടെ നിന്ന ആരോഗ്യവും അദ്ദേഹത്തെ കൈവെടിഞ്ഞു. 2010 -ൽ മുബാറകിന്റെ പിത്തസഞ്ചിക്ക് ശസ്ത്രക്രിയ വേണ്ടി വന്നു. ജർമനിയിൽ വെച്ച് ആ സർജറി പൂർത്തിയാക്കിയ ശേഷം പിന്നെയും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഇടയ്ക്കിടെ മോശമായിക്കൊണ്ടിരുന്നു. അടുത്ത വർഷം അദ്ദേഹത്തിന് ഉദരാർബുദം സ്ഥിരീകരിക്കപ്പെട്ടു. ഒടുവിൽ അദ്ദേഹത്തെ തേടി മരണവുമെത്തി. ഒരുകാലത്തും തന്റെ പ്രവൃത്തികളിൽ യാതൊരു പശ്ചാത്താപവും ഹോസ്നി മുബാറകിന് ഉണ്ടായിരുന്നില്ല. കോടതി ജീവപര്യന്തം തടവിന് വിധിച്ചപ്പോഴും,  "ഞാൻ തികച്ചും നിരപരാധിയാണ്" എന്നും പറഞ്ഞാണ് മുബാറക് ജയിലിലേക്ക് പോയത്. 2011 ഫെബ്രുവരി ഒന്നാം തീയതി നടത്തിയ പ്രസംഗത്തിൽ ഹോസ്നി മുബാറക് ഇപ്രകാരം പറഞ്ഞു," ഇതെന്റെ പ്രിയപ്പെട്ട നാട്... ഇവിടെയാണ് ഞാൻ ജനിച്ചത്, ജീവിച്ചത്... അതിന്റെ പരമാധികാരവും, അഭിമാനവും താത്പര്യങ്ങളും സംരക്ഷിക്കാനാണ് ഞാൻ ഇത്രനാളും പോരാടിയത്.  ഞാൻ മരിക്കുന്നതും ഈ മണ്ണിൽ കിടന്നാകും. മറ്റുള്ളവരെപ്പോലെ എന്നെയും ചരിത്രം തന്നെ വിലയിരുത്തിക്കൊള്ളട്ടെ... "