വൃത്തിഹീനമായ അന്തരീക്ഷം ഏതൊരു രോഗത്തിനും എളുപ്പത്തില്‍ പടര്‍ന്നുപിടിക്കാന്‍ സാഹചര്യമൊരുക്കിക്കൊടുക്കും. വൃക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചാലെ രോഗങ്ങളെ എളുപ്പത്തില്‍ തുരത്താനാകൂ. ഇത് തെലങ്കാനയിലെ പെഡപ്പള്ളി എന്ന ഒരു ജില്ലയെ ഒരു ഐഎഎസ് ഓഫീസര്‍ മാറ്റിയെടുത്ത കഥയാണ്. ഡെങ്കിപ്പനിയെ ഭയന്നുമാത്രം ജീവിച്ചിരുന്ന ഒരുകൂട്ടം ആളുകളെ അതില്‍നിന്നും എങ്ങനെയാണ് ഈ ഐഎഎസ് ഓഫീസര്‍ രക്ഷിച്ചെടുത്തത് എന്നറിയണ്ടേ? 

2018 -ലാണ് ദേവസേന പെഡപ്പള്ളി ജില്ലാ കളക്ടറായി ചാര്‍ജ്ജെടുക്കുന്നത്. ആ സമയത്ത് കടുത്ത ആരോഗ്യപ്രശ്‍നങ്ങളെ അതിജീവിച്ചുകൊണ്ടിരിക്കുകയായിരുന്നു പെഡപ്പള്ളി. അതിന്‍റെ കാരണമോ ശുചിത്വമില്ലായ്‍മയും. വേനല്‍ക്കാലങ്ങളായാലും മഴക്കാലമായാലും അതിന്‍റെ പ്രശ്‍നങ്ങളെല്ലാമുണ്ടായിരുന്നു പെഡപ്പള്ളിയില്‍. വേനല്‍ക്കാലത്ത് ആവശ്യത്തിന് വെള്ളമില്ല. ശുചിത്വമില്ല. മഴക്കാലത്ത് ഡ്രെയിനേജെല്ലാം നിറഞ്ഞൊഴുകി മാലിന്യങ്ങള്‍ ഓരോ ഗ്രാമങ്ങളിലും വലിച്ചെറിഞ്ഞപോലെ കിടന്നു. അതിന്‍റെ ഫലമാകട്ടെ ഓരോ മണ്‍സൂണ്‍കാലത്തും ഗ്രാമങ്ങളില്‍ പൊട്ടിപ്പുറപ്പെടുന്ന ഡെങ്കിപ്പനിയും. 

എന്നാല്‍, ഇന്ന് പെഡപ്പള്ളി അടിമുടി മാറി. 2018 -ല്‍ അവിടെ 271 ഡെങ്കികേസുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നുവെങ്കില്‍ ദേവസേന ചാര്‍ജ്ജെടുത്തശേഷം അത് വെറും 43 ആയിരുന്നു. കൂടാതെ, 1.32 ലക്ഷം ഗ്രാമീണ കുടുംബങ്ങളിൽ ഓരോന്നും ആരോഗ്യകരമായ സുസ്ഥിരതാ യൂണിറ്റാണിന്ന്. ശരിയായ മാലിന്യനിര്‍മ്മാര്‍ജ്ജനവും അവനവനാവശ്യമായ പച്ചക്കറികളും എല്ലാം അവിടെയുണ്ട്. ദേവസേന കളക്ടറായി ചാര്‍ജ്ജെടുത്തതിനുശേഷമാണ് ജില്ലയാകെ മാറിയത്. നമുക്കറിയാം വെളിസ്ഥലങ്ങളിലെ മലമൂത്രവിസര്‍ജ്ജനം രോഗങ്ങള്‍ പെരുകാന്‍ എത്രയെളുപ്പത്തില്‍ കാരണമായിത്തീരുമെന്ന്. അതുകൊണ്ടുതന്നെ, സ്ഥാനമേറ്റയുടനെ ദേവസേന ചെയ്‍തത് അവിടെ എല്ലാ വീടുകളിലും ടോയ്‍ലെറ്റ് ഉണ്ടോ എന്ന് ഉറപ്പുവരുത്തുകയും പൊതുസ്ഥലങ്ങള്‍ വിസര്‍ജ്ജ്യമുക്തമാക്കുകയുമാണ്. അതുവരെ എല്ലായിടത്തും ടോയ്‍ലെറ്റുകളുണ്ടായിരുന്നില്ല. ഓരോ വീട്ടിലും ടോയ്‍ലെറ്റ് ഉണ്ടോയെന്നും അവ ആളുകളുപയോഗിക്കുന്നുണ്ടോയെന്നും കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടന്നു.

 

വീട്ടില്‍നിന്ന് തൊഴിലാവശ്യങ്ങള്‍ക്കും മറ്റുമായി അകലെ പോകുന്നവര്‍ക്കായി 263 ഗ്രാമങ്ങളിലും കമ്മ്യൂണിറ്റി ടോയ്‍ലെറ്റുകള്‍ നിര്‍മ്മിക്കാനും കളക്ടര്‍ ഉത്തരവിട്ടു. ഓരോ ഗ്രാമത്തിലെയും അധികാരികള്‍ അവയെ കുറിച്ച് കൃത്യമായി അന്വേഷിക്കുകയും ചെയ്‍തു. ഇത്തരം കമ്മ്യൂണിറ്റി ടോയ്‍ലെറ്റുകള്‍ വീട്ടില്‍നിന്നും അകലെ തൊഴിലെടുക്കുന്ന കര്‍ഷകര്‍ക്കും ഒരുപാട് ദൂരം നടന്ന് സ്‍കൂളില്‍ പോകേണ്ടിവരുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്രദമായി. 

ദേവസേന, ഗ്രാമങ്ങളില്‍ ‘സ്വച്ഛാഗ്രഹി’പദ്ധതിയും നടപ്പിലാക്കി. ഓരോ സ്വാശ്രയസംഘങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 1000 വനിതകളെ അതിലുള്‍പ്പെടുത്തി. ഗ്രാമങ്ങളില്‍ ശുചിത്വം പാലിക്കപ്പെടുന്നുണ്ടോയെന്ന് ശ്രദ്ധിക്കാന്‍ അവരെ ഏല്‍പ്പിച്ചു. ഒരു സ്വച്ഛാഗ്രഹിക്ക് ഗ്രാമത്തിലെ 50 മുതല്‍ 100 വരെ കുടുംബങ്ങളെ ശ്രദ്ധിക്കാനുള്ള ചുമതലയാണ് നല്‍കപ്പെട്ടത്. അവര്‍ ഓരോ വീടുകളിലും കയറിയിറങ്ങി. എങ്ങനെയാണ് പരസരശുചിത്വമില്ലായ്‍മയും വെളിയിടങ്ങളിലെ മലമൂത്ര വിസര്‍ജ്ജനവും രോഗങ്ങള്‍ വിളിച്ചുവരുത്തുന്നത് എന്ന് വിശദീകരിച്ചു. പ്രാഥമികമായ ശുചിത്വം പാലിക്കാനും പാചകം ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം വൃത്തിയായി കൈകഴുകുന്നതെങ്ങനെയാണെന്നും എന്തിനാണെന്നും എല്ലാം വിശദീകരിച്ചു നല്‍കി. 

തീര്‍ന്നില്ല, ഓരോ ഗ്രാമമുഖ്യനെയും എംഎല്‍എയും എംപിയെയും എല്ലാം ഉള്‍പ്പെടുത്തി ആരുടെ പ്രദേശമാണ് ഏറ്റവും നന്നായി ശുചിത്വം പാലിക്കുന്നത് എന്നുറപ്പിക്കാനുള്ള മത്സരസ്വഭാവത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ദേവസേന നേതൃത്വം നല്‍കി. ഓരോരുത്തരും വാശിയോടെ അവരവരുടെ പ്രദേശം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിത്തുടങ്ങി. നേതാക്കന്മാര്‍ പ്രവര്‍ത്തിക്കുന്നതുകണ്ടാല്‍ ജനങ്ങള്‍ വെറുതെയിരിക്കുമോ? ദേവസേനയുടെ തീരുമാനം ലക്ഷ്യം കണ്ടു. ഗ്രാമങ്ങളിലെ ഓരോ ജനങ്ങളും ചൂലെടുത്തിറങ്ങി നാട് വൃത്തിയാക്കാന്‍. 

ആളുകള്‍ ടോയ്‍ലെറ്റുകള്‍ തന്നെ കൃത്യമായി ഉപയോഗിച്ചുതുടങ്ങിയെന്ന് മനസിലായതോടെ ദേവസേന ജില്ലയെങ്ങനെ മാലിന്യമുക്തമാക്കാമെന്നും പ്ലാസ്റ്റിക്കുകള്‍ ഒഴിവാക്കാമെന്നും മറ്റും ചിന്തിച്ചു തുടങ്ങി. അടുത്ത പ്രവര്‍ത്തനം അതായിരുന്നു. ഓരോ വീട്ടിലും കൃത്യമായി മാലിന്യം സംസ്‍കരിക്കാനുള്ള സൗകര്യം ഉറപ്പുവരുത്തി. പ്രധാനപ്പെട്ട ഡ്രെയിനേജ് സംവിധാനത്തിലേക്ക് അവയെ ബന്ധിപ്പിച്ചു. അത് പുറത്തേക്കൊഴുകാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. ഓരോ വര്‍ഷവും ആളുകളില്‍ മുക്കാല്‍പ്പേരും ഡെങ്കിപ്പനിയുണ്ടാകാറുള്ള ജില്ല ഡെങ്കിപ്പനി വിമുക്തമായി. അതും ഒറ്റവര്‍ഷം കൊണ്ട്. ഒരുലക്ഷം സോക്ക് പിറ്റുകളാണ് ജില്ലയിലിന്നുള്ളത്. ഗ്രാമത്തിലെ ഓരോ കുട്ടിക്കും ഇന്ന് വ്യക്തി  ശുചിത്വത്തെ കുറിച്ചും പരിസര ശുചിത്വത്തെ കുറിച്ചും നല്ല ബോധമുണ്ട്. 

 

ഓരോ വീട്ടിലും പരമാവധി പച്ചക്കറികളും മറ്റും നടുകയും പോഷകാഹാരക്കുറവ് അതിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഇന്ന് പെഡപ്പള്ളിയിലുള്ളവര്‍. ഒപ്പം തന്നെ നിറയെ മരങ്ങള്‍ നട്ടുപിടിപ്പിക്കാനും വനനശീകരണമില്ലാതെയാക്കാനും ഗ്രാമവാസികള്‍ മുന്നോട്ടുവന്നു. 400 ഏക്കറിലായി ഒരുലക്ഷത്തിലേറെ മരങ്ങളാണ് നട്ടത്. പ്ലാസ്റ്റിക് ഉപയോഗമില്ലാതായതോടെ സ്ത്രീകള്‍ തുണിയുടെയും ജൂട്ടിന്‍റെയും ബാഗുകള്‍ തയ്‍പ്പിച്ചെടുത്തു തുടങ്ങി. അത് അവര്‍ക്ക് തൊഴിലവസരവും നല്‍കി. അതോടെ വരുമാനം വര്‍ധിച്ചു. കുട്ടികള്‍ക്ക് നല്ല ഭക്ഷണവും വിദ്യാഭ്യാസവും നല്‍കാന്‍ അതിലൂടെ മാതാപിതാക്കള്‍ക്ക് സാധിച്ചു. 

 

ഓരോ നാപ്‍കിനും 2.50 രൂപവെച്ച് സ്ത്രീകള്‍ക്ക് സബല എന്ന ബയോ ഡീഗ്രേഡബിള്‍ നാപ്‍കിന്‍ നിര്‍മ്മിച്ച് നല്‍കുന്നു ഇന്ന് പെഡപ്പള്ളിയില്‍. അതോടെ സ്ത്രീകളെല്ലാം നാപ്‍കിനുപയോഗിച്ചു തുടങ്ങി. ശുചിത്വം പാലിക്കാന്‍ സാധിക്കാതെവരുമ്പോഴുണ്ടാകുന്ന അസുഖങ്ങളെ തടഞ്ഞുനിര്‍ത്താനും ഇതുവഴി സാധിച്ചു. 

 

ഇതിനെല്ലാം ജില്ലയിലുള്ളവര്‍ ഇന്ന് നന്ദി പറയുന്നത് ദേവസേന എന്ന അവരുടെ പ്രിയപ്പെട്ട കളക്ടറോടാണ്. സമര്‍പ്പണബോധവും സാമൂഹ്യപ്രതിബദ്ധതയും ഒത്തുചേര്‍ന്ന ഒരു കളക്ടര്‍ എങ്ങനെയാണ് ഒരു ജില്ലയാകെ മാറ്റിയെടുക്കുന്നത് എന്നതിന് ഉത്തമോദാഹരണമാണ് ദേവസേന. ഫെബ്രുവരിയില്‍ ദേവസേന പെഡപ്പള്ളിയില്‍ നിന്നും സ്ഥലം മാറി ആദിലാബാദിലെ കളക്ടറായി ചാര്‍ജ്ജെടുത്തു.