ഉക്രെയ്നിലെ  കീവ് എന്ന നഗരത്തിൽ  വ്ലാഡിസ്‌ലാവ ട്രോകിംഷങ്ക്  എന്ന ഇരുപത്തിമൂന്നുകാരിയ്ക്കു മേൽ പോലീസ് ചാർത്തിയിരിക്കുന്ന കുറ്റം 'മനഃപൂർവമുള്ള നരഹത്യ' എന്നതാണ്.  തന്റെ രണ്ടു കുഞ്ഞുങ്ങളെ ഫ്ലാറ്റിനുള്ളിൽ ഒരു മുറിക്കുള്ളിൽ ഇട്ടുപൂട്ടി സ്വന്തം കാമുകനോടൊപ്പം കറങ്ങാൻ വേണ്ടി  ഇറങ്ങിപ്പോയ്ക്കളഞ്ഞു ആ അമ്മ. ഒന്നല്ല, രണ്ടല്ല, ഒമ്പതു ദിവസം കഴിഞ്ഞാണ് അവർ തിരിച്ചുവന്നത്.. കാമുകനുമൊത്ത് ചെലവിടുന്ന ആ ദിവസങ്ങളിലൊന്നും സ്വന്തം മക്കളെപ്പറ്റിയുള്ള ചിന്ത അവരുടെ മനസ്സിലൂടെ പോവുന്നേയില്ല. ഒടുവിൽ കറക്കമെല്ലാം കഴിഞ്ഞ് അവർ തിരികെയെത്തിയപ്പോഴേക്കും ഇളയവൻ രണ്ടുവയസ്സുകാരൻ ഡാനിൽ മരണത്തിനു കീഴടങ്ങിക്കഴിഞ്ഞിരുന്നു. മൂത്തവൾ, മൂന്നുവയസ്സുകാരി അന്നയാവട്ടെ ആഹാരം കിട്ടാതെ വിളർച്ച ബാധിച്ച് മരിക്കാറായ അവസ്ഥയിലും. 

ഇത്രയൊക്കെ സംഭവിച്ചിട്ടും യാതൊരു കൂസലുമില്ലായിരുന്നു  വ്ലാഡിസ്‌ലാവയ്ക്ക് എന്നതാണ് അതിശയകരമായ വസ്തുത. അവർ തന്റെ കുട്ടികളെ അടച്ചുപാർപ്പിച്ചിരുന്ന ആ മുറിയുടെ വീഡിയോ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. നാസി ഭീകരതയുടെ കാലത്തെ കോൺസൻട്രേഷൻ ക്യാംപുകളിൽ ഒന്നായ ഓഷ്വിറ്റസിനോടാണ് പൊലീസുകാർ ഈ മുറിയെ താരതമ്യം ചെയ്തത്. 

മുറിക്കുള്ളിലെ ഇരുട്ടിൽ ഒറ്റയ്ക്ക് പെട്ട കുഞ്ഞുങ്ങൾ ഇരുവർക്കും കുറേ കഴിഞ്ഞപ്പോൾ വല്ലാതെ വിശന്നു തുടങ്ങി. ആഹാരത്തിനായുള്ള തങ്ങളുടെ നിലവിളികൾ ആരും കേൾക്കാതെയായപ്പോൾ അവർ തളർന്നു വീണുറങ്ങി. വീണ്ടും എഴുന്നേറ്റിട്ടും ആരും വരാതെയായപ്പോൾ വിശപ്പുമൂത്ത് അവർ മുറിയുടെ ചുവരിൽ ഓടിച്ചിരുന്ന വാൾ പോസ്റ്ററുകൾ ഇളക്കിയെടുത്ത് അത് തിന്നുതീർത്തു. അടുത്ത ദിവസം പ്ലാസ്റ്റിക് കവറുകൾ. ഒടുവിൽ വിശപ്പുസഹിക്കാതെ ആ മുറിയുടെ നിലത്തു നിന്നും സ്വന്തം മലം വരെ അവർ വാരി ഭക്ഷിച്ചു എന്ന് പൊലീസ് പറയുന്നു. 

മക്കളെ പട്ടിണിക്കിട്ടുകൊണ്ടുള്ള പീഡനം അമ്മ മനഃപൂർവമായിരുന്നത്രെ നടത്തിയിരുന്നത്. അവരുടെ പോഷകാഹാരക്കുറവ് തോന്നിക്കുന്ന ചിത്രങ്ങൾ ഇന്റർനെറ്റിൽ പോസ്റ്റുചെയ്ത്, ആളുകളിൽ നിന്നും സഹായങ്ങൾ സ്വീകരിച്ച്, ആ പണം തങ്ങളുടെ ധൂർത്തുകൾക്കായി ഉപയോഗിക്കുകയായിരുന്നു ആ സ്ത്രീയും അവരുടെ കാമുകനും ചേർന്ന്. 

ആ മക്കൾ ചുവരിൽ നിന്നും വാൾ പേപ്പർ കടിച്ചു തിന്നാൻ ശ്രമിച്ചതിന്റെ പാടുകൾ പൊലീസ് പരിശോധിച്ചപ്പോൾ കണ്ടെത്തി. രക്ഷപ്പെടാനുള്ള അവസാന ശ്രമങ്ങൾക്കിടയിൽ തറയിൽ ഓടിച്ചിരുന്ന വിനൈൽ സ്റ്റിക്കർ ഇളക്കി നോക്കിയിട്ടുണ്ട് ഡാനിൽ. അവനെ ഭാഗ്യം തുണച്ചില്ല. ആ സ്റ്റിക്കറിനടിയിൽ കോൺക്രീറ്റ് നിലത്തിന്റെ തണുപ്പുമാത്രമേ ഉണ്ടായിരുന്നുള്ളൂ. 

ഈ സംഭവം നടന്നത് രണ്ടു വർഷം മുമ്പാണെങ്കിലും, കുട്ടികളുടെ അമ്മ അവർ അവകാശപ്പെടുമ്പോൾ മാനസികനില തെറ്റിയ ഒരാളല്ല എന്നും വിചാരണയെ നേരിടാൻ തയ്യാറാവണം എന്നും കോടതി വിധിച്ചത് ഈയിടെയാണ്.  

പൊലീസ് രക്ഷപ്പെടുത്തിയ അന്ന എന്ന രണ്ടുവയസ്സുകാരിയെ ശിശുക്ഷേമസമിതിക്കാർ ഏറ്റെടുത്ത് മറ്റൊരു ദത്തുകുടുംബത്തെ വളർത്താൻ ഏൽപ്പിച്ചു. 

ആ സ്ത്രീ തന്റെ കുഞ്ഞുങ്ങളെ ഒറ്റയ്ക്കാക്കി ഒമ്പതു ദിവസത്തോളം തന്റെ ഫ്ലാറ്റിലേക്ക് തിരിഞ്ഞു നോക്കാതിരുന്നതെന്തുകൊണ്ട് എന്ന ചോദ്യം അന്വേഷകരെയും പത്രപ്രവർത്തകരെയും വായനക്കാരെയും ഒക്കെ ഒരുപോലെ അമ്പരപ്പിക്കുന്ന ഒന്നാണ്. ഏതമ്മയ്ക്കാണ് ഇങ്ങനെ ചെയ്യാനാവുക..?  " ഞാൻ എന്നെക്കൊണ്ട് കഴിയുന്നത്ര വേഗത്തിൽ അവർക്കുവേണ്ടുന്ന ഗ്രോസറികളും കളിപ്പാട്ടങ്ങളും ഒക്കെ വാങ്ങി തിരിച്ചു ചെന്നു " എന്നാണ് ആ സ്ത്രീ പൊലീസിനോട് പറഞ്ഞത്.  " എന്റെ മക്കളുടെ നന്മ മാത്രമേ ഞാൻ ആഗ്രഹിച്ചിരുന്നുള്ളൂ. ദൈവം എന്റെ മകനെ എന്നിൽ നിന്നും പറിച്ചു മാറ്റി. ഇപ്പോൾ എന്നെ ഈ ജയിലിലും എത്തിച്ചു.." അവർ തുടർന്നു. 

വ്ലാഡിസ്‌ലാവയെ പരിശോധിച്ച മനോരോഗവിദഗ്ധൻ അഭിപ്രായപ്പെട്ടത് അവർക്ക് യാതൊരു മാനസിക പ്രശ്നങ്ങളുമില്ല, അവർ പൂർണ്ണമായും അറിഞ്ഞുകൊണ്ടുതന്നെയാണ് അപ്രകാരം പ്രവർത്തിച്ചത് എന്നാണ്. സൈക്യാട്രിസ്റ്റുകളെ അതിശയിപ്പിക്കുന്ന സംഗതി, അവർക്ക് ഇത്രയൊക്കെ നടന്നിട്ടും യാതൊരുവിധത്തിലുള്ള പശ്ചാത്താപവും ഇല്ലെന്നതാണ്. ആദ്യത്തെ രണ്ടുമാസക്കാലം ജഡ്ജുമാരുടെ ചോദ്യങ്ങൾ കേൾക്കുമ്പോൾ അവർ പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ മൗനം പാലിക്കുകമാത്രമാണ് ചെയ്യുന്നത്.  വിചാരണ കഴിഞ്ഞ് പുറത്തിറങ്ങിയാൽ അവർ കൂടെ വരുന്ന വിചാരണത്തടവുകാരോട് ചിരിച്ചും കളിച്ചുമാണ് ഇടപെടുന്നതെന്നും പൊലീസ് പറഞ്ഞു. 

അവർക്ക് ജയിലിനുള്ളിലും കാര്യമായ സ്വാധീനങ്ങളുണ്ടെന്നും അവർക്കവിടെ ഒരു ബുദ്ധിമുട്ടും നേരിടേണ്ടി വരുന്നില്ലെന്നുമാണ് അവരുടെ അയൽക്കാരുടെ പക്ഷം. ഒരു അവധിക്കാല വസതി മാത്രമാണവർക്ക് ജയിൽ എന്നും അവർ പറഞ്ഞു. 

ഈ കേസ് പിന്തുടർന്നിരുന്ന പല പ്രാദേശിക ലേഖകരും ഇതിനെപ്പറ്റി പറയുന്നത് വിറയാർന്ന തൊണ്ടയോടെയാണ്. കണ്ണുനീർ പൊടിയാതെ അവർക്ക് ഇതിന്റെ വിവരങ്ങൾ പങ്കിട്ടുവെക്കാൻ കഴിഞ്ഞിരുന്നില്ല. അവർ പറഞ്ഞ വിവരങ്ങളിൽ ഏറ്റവും കഷ്ടം തോന്നിക്കുന്ന ഒന്ന്,  ആ കുഞ്ഞുങ്ങൾ തങ്ങളെ അമ്മ അടച്ചിട്ട മുറിക്കുള്ളിൽ ഇത്തിരി ആഹാരത്തിനായി കേഴുമ്പോൾ, ഒരു വാതിലിനപ്പുറമുള്ള നടുത്തളത്തിൽ ഒരു ഫ്രിഡ്ജ് നിറയെ പഴങ്ങളും, സാൻഡ് വിച്ചുകളും, ജ്യൂസുകളും, പേസ്ട്രികളും മറ്റും ഇരിപ്പുണ്ടായിരുന്നു എന്നതാണ്. 

കുഞ്ഞുങ്ങളെ അടച്ചുകളഞ്ഞ മുറിയുടെ വാതിൽ അവരുടെ അമ്മ താക്കോലിട്ടു പൂട്ടിക്കളഞ്ഞില്ലായിരുന്നെങ്കിൽ അതുതുറന്നു പുറത്തിറങ്ങി എന്തെങ്കിലുമൊക്കെ ഫ്രിഡ്ജിൽ നിന്നും എടുത്ത് കഴിക്കാമായിരുന്നു ആ മക്കൾക്ക്. അടുക്കളയിലെ ടാപ്പിൽ നിന്നും വെള്ളം കുടിക്കാമായിരുന്നു. അത്തരത്തിൽ ഒരു സാധ്യതയുമില്ലാതിരുന ഒരു 'ശിക്ഷാ ' മുറിയിൽ പെട്ടുപോയി എന്നതാണ് ഡാനിലിന്റെ മരണത്തിൽ കലാശിക്കാൻ ഇടയാക്കിയത്. 

ആ ഫ്‌ളാറ്റിൽ താമസിക്കുന്ന ഒരാൾ പോലും ആ കുഞ്ഞുമക്കളുടെ കരച്ചിലുകൾ കേട്ടില്ല.. അവർ അതിനുള്ളിൽ ഒറ്റയ്ക്കാണെന്ന് അരുമറിഞ്ഞില്ല.  

ഈ പ്രശ്നം നടന്നപ്പോൾ അവർ അടിച്ചുപൊളിക്കാനായി തന്റെ കാമുകനോടൊപ്പമാണ് പുറത്തുപോയിരുന്നത്. സംഭവം നടന്ന അന്നുമുതൽ അയാൾ ഒളിവിലാണ്. കുട്ടികൾ ഫ്ലാറ്റിൽ ആഹാരം കിട്ടാതെ മരണത്തോട് മല്ലടിച്ചു കൊണ്ടിരുന്നപ്പോൾ ജീവിതം ആസ്വദിക്കുന്ന തിരക്കിലായിരുന്നു ആ കമിതാക്കൾ. 

മക്കളെ അടച്ചുപൂട്ടി സ്ഥലംവിടുന്നതിനു തൊട്ടുമുന്പുവരെ അവളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ മക്കൾക്കുള്ള സ്നേഹ സന്ദേശങ്ങളും അവരോടൊത്തുള്ള ചിത്രങ്ങളും മറ്റുമാണ് ഉണ്ടായിരുന്നത്. ആ പ്രൊഫൈലിലൂടെ സ്ക്രോൾ ചെയ്യുന്ന ആർക്കും, ഒരു സന്തുഷ്ട കുടുംബം എന്നല്ലാതെ മറ്റൊന്നും തോന്നുകയേ ഇല്ല..

എന്നിട്ടും ഇങ്ങനെയൊക്കെ പ്രവർത്തിക്കാൻ ആ അമ്മയ്ക്കെങ്ങനെ മനസ്സുവന്നു എന്നതു മാത്രം ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി തുടരുന്നു.