'ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരുമായി എന്ത് നയതന്ത്രം ?" - പാകിസ്ഥാനെ വിമർശിച്ച് വിദേശകാര്യമന്ത്രി ജയശങ്കർ 

മറ്റെല്ലാ രാജ്യങ്ങളോടും വെച്ചുപുലർത്തുന്ന അതേ നയതന്ത്ര സൗഹൃദം പാകിസ്ഥാനുമായും തുടരാൻ ഇന്ത്യക്ക് താത്പര്യമുണ്ടെന്നും, അതിന് തടസ്സമായി നിൽക്കുന്നത് പുറമേക്ക് അനുനയത്തിനുള്ള ക്ഷണം തന്നുകൊണ്ട്, അണിയറയിൽ ഇന്ത്യയിലേക്ക് തീവ്രവാദികളെ പരിശീലിപ്പിച്ച് പറഞ്ഞയക്കുന്ന പാകിസ്ഥാന്റെ ഇരട്ടത്താപ്പുനയമാണ് എന്നും തുറന്നടിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ബ്രസൽസിൽ യൂറോപ്യൻ യൂണിയൻ പ്രതിനിധികളുമായി ചർച്ചയ്‌ക്കെത്തിയപ്പോൾ പൊളിറ്റിക്കോ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജയശങ്കർ തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്. "പാകിസ്ഥാനുമായി വളരെ സ്വാഭാവികമായ നയതന്ത്രബന്ധങ്ങൾ വെച്ചുപുലർത്തണമെന്ന് ഞങ്ങൾക്കാഗ്രഹമുണ്ട്. ഒരൊറ്റ കുഴപ്പമേയുള്ളൂ. എത്രയോ വർഷങ്ങളായി, ഒരുപക്ഷേ പതിറ്റാണ്ടുകളായി സ്വന്തം മണ്ണിൽ ഭീകരവാദികളെ പരിശീലനം നൽകി, അവർക്ക് പണവും ആയുധങ്ങളും നൽകി ഇന്ത്യൻ മണ്ണിൽ കലാപമുണ്ടാക്കാൻ പറഞ്ഞയച്ചു കൊണ്ടിരിക്കുകയാണ് പാകിസ്ഥാൻ.  വളരെ പരസ്യമായി തീവ്രവാദത്തിന് പിന്തുണ നൽകുന്ന ഒരു രാഷ്ട്രവുമായി  എങ്ങനെയാണ് സുഗമമായ നയതന്ത്രബന്ധങ്ങൾ സാധ്യമാകുക..? " അദ്ദേഹം പറഞ്ഞു.

ഇരു രാജ്യങ്ങൾക്കുമിടയിലെ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ വേണ്ടി ഇന്ത്യ എന്തെങ്കിലും ചെയ്യുമോ..? ഇന്ത്യ എന്നേക്ക് നയതന്ത്രസംഭാഷണങ്ങൾ പുനരാരംഭിക്കും എന്നൊരു ചോദ്യം വന്നപ്പോൾ, "  നിങ്ങൾ ചോദിക്കേണ്ടത് ഞങ്ങളോടല്ല, പാകിസ്താനോടാണ്. ചോദ്യം, 'എന്ന് സംഭാഷണങ്ങൾ പുനരാരംഭിക്കും' എന്നല്ല, പാകിസ്ഥാൻ എന്ന് തീവ്രവാദത്തിന് കൊടുക്കുന്ന പിന്തുണ അവസാനിപ്പിക്കും എന്നതാണ്." എന്നാണ് ജയശങ്കർ പ്രതികരിച്ചത്. 

കശ്മീരുമായി ബന്ധപ്പെട്ട ഇന്ത്യൻ നയങ്ങളോട് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള പ്രതിഷേധങ്ങളെപ്പറ്റി ജയശങ്കർ ഇങ്ങനെ പ്രതികരിച്ചു, " ഇന്ത്യ സ്വന്തം  ഭരണഘടനയുടെ ഭാഗമായ ഒരു താത്കാലികസംവിധാനം എടുത്തുകളഞ്ഞു. 'താത്കാലികം' എന്ന വാക്ക് ഞാൻ ഊന്നിപ്പറയുന്നു. കാരണം ഒരു വിദേശമാധ്യമവും ആ വാക്ക് ഉപയോഗിച്ച് ഞാൻ കണ്ടില്ല.  നാട്ടുരാജ്യമായ കശ്മീർ ഇന്ത്യൻ യൂണിയനിൽ ലയിച്ചപ്പോൾ കൊടുത്ത ഒരു താത്കാലിക പരിഗണനയാണ് ആ പ്രത്യേക പദവി. താത്കാലികം എന്നതിന്റെ നിങ്ങളുടെ നിഘണ്ടുവിലെ നിർവചനം എത്ര കൊല്ലമാണ്. എത്രയായാലും, എഴുപതുകൊല്ലത്തിൽ അധികമൊന്നും ആവില്ലല്ലോ..? ഈ താത്കാലിക പരിഗണന കശ്മീരിന്റെ വികാസത്തിന്, അവിടത്തെ തൊഴിൽ സാധ്യതകൾക്ക്, സമാധാനത്തിന് ഒക്കെ വിഘാതമാകുന്നു എന്നുകണ്ടപ്പോൾ കേന്ദ്രസർക്കാർ അത് എടുത്തുകളഞ്ഞു. അത്ര ലളിതമായ ഒരു സംഗതിയാണ് അത്." 

കാശ്മീരിൽ മറ്റുള്ള സംസ്ഥാനങ്ങളിലുള്ള, മുസ്‌ലിം ഇതര മതസ്ഥർക്ക് ബിസിനസ് അവസരങ്ങൾ കൊടുക്കാനല്ലേ ഈ നീക്കങ്ങൾ എന്നും ചോദ്യമുയർന്നു. " ഇത്തരത്തിലുള്ള ബാലിശമായ ചോദ്യങ്ങൾ ഉന്നയിക്കുന്നവർ ഇന്ത്യയെപ്പറ്റി ഒരു ചുക്കും അറിയാത്തവരോ, അല്ലെങ്കിൽ അറിയാൻ ഒട്ടും താത്പര്യമില്ലാത്തവർ. മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചുകൊണ്ട് ജനങ്ങളെ ഭരിക്കുന്നവർ. അവർ ചിന്തിക്കുന്നത് മറ്റുള്ളവരും അങ്ങനെ തന്നെയാണ് ചെയ്യുന്നത് എന്നാണ്. അതാണ് ഇങ്ങനെയുള്ള ചോദ്യങ്ങൾ ഉയരുന്നത്. ഇന്ത്യയുടെ സംസ്കാരത്തിൽ ഇത്തരത്തിലുള്ള വിഭാഗീയചിന്തകൾക്ക് തീർത്തും സ്ഥാനമില്ല.." 

അഭിമുഖത്തിൽ ഉയർന്ന മറ്റൊരു പ്രധാന ചോദ്യം അമേരിക്കയോടുള്ള ഇന്ത്യൻ നിലപാടിനെപ്പറ്റിയായിരുന്നു. ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതും റഷ്യയിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നതും ഒന്നും അമേരിക്കയ്ക്ക് ഇഷ്ടമല്ല എന്നും അങ്ങനെ ചെയ്യുന്നത് അമേരിക്ക വ്യാപാര ഉപരോധങ്ങളിലേക്കും നികുതി വാർദ്ധനവുകളിലേക്കും  നീങ്ങാൻ ഇടയാക്കില്ലേ എന്നായിരുന്നു ചോദ്യം. " മറ്റേതൊരു രാജ്യത്തോടുള്ള നയതന്ത്ര ബന്ധം പോലെയുമാണ് ഇന്ത്യക്ക് അമേരികയുമായുള്ളതും. അത് 'കൊടുക്കൽ-വാങ്ങലു'കളുടേതാണ്. ഏകപക്ഷീയമായ കല്പനകൾക്ക് അതിൽ സ്ഥാനമില്ല. ചർച്ചകൾ നടക്കും, പരസ്പരം സ്വീകാര്യമായ തീരുമാനങ്ങൾ ഉരുത്തിരിഞ്ഞുവരും. അമേരിക്കയുടെ ആശങ്കകൾ വ്യാപാരചർച്ചകൾക്കിടെ പ്രസിഡണ്ട് ട്രംപ് നേരിട്ടുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും വ്യാപാര മന്ത്രിമാർക്കിടെ ഇനിയും ചർച്ചകൾ നടക്കാനിരിക്കുന്നതേയുള്ളൂ. അമേരിക്കയുടെ ഇറക്കുമതിത്തീരുവ വർധനകളിൽ പലതും ഇന്ത്യയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമാണ്. അതിൽ എന്ത് നയം സ്വീകരിക്കണം എന്ന തീരുമാനം വരാനിരിക്കുന്നതേയുള്ളൂ. 

എണ്ണയുടെ കാര്യം : ഇന്ത്യയ്ക്ക് ആവശ്യമായ എണ്ണ പരമാവധി ലാഭകരമായ നിരക്കിൽ ഇറക്കുമതി ചെയ്യാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. ഇന്ത്യ എണ്ണയെ വലിയതോതിൽ ആശ്രയിച്ചു നിൽക്കുന്ന ഒരു രാജ്യമാണ്. ഏത് രാജ്യത്തിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നു എന്നതിനേക്കാൾ, എത്ര സ്ഥിരതയുള്ളതാണ് എണ്ണയുടെ ലഭ്യതയും വിലയും എന്നതാണ് ഞങ്ങളുടെ പരിഗണന. രാജ്യത്തിന്റെ അഭ്യുദയം മാത്രമാണ് ഈ വിഷയത്തൽ ഞങ്ങളെ സ്വാധീനിക്കാൻ പോകുന്ന ഒരേയൊരു കാര്യം. " ജയശങ്കർ പറഞ്ഞു. 

 ഇന്റർവ്യൂവിന്റെ പൂർണ്ണ രൂപം ഇവിടെ വായിക്കാം.