കടുത്ത വേനലാണ്, മീന സൂര്യൻ കത്തിയെരിയുകയാണ്. രാവും പകലും ഒരു പോലെ ചുട്ട് പൊള്ളുന്നു. അതിജീവിക്കാൻ മനുഷ്യനും മൃഗങ്ങളും പാടുപെടുന്ന സമയം. വരണ്ട വേനലിൽ നഗരത്തിരക്കുകളിൽ വാർത്ത തേടിയുള്ള കാത്തിരിപ്പിനിടെ കണ്ട ഒരുടുമ്പിൻ കുഞ്ഞിനെപ്പറ്റി ഞങ്ങളുടെ കാസ‍ർകോട് ലേഖകൻ മുജീബ് റഹ്മാൻ എഴുതുന്നു.

വേനൽ ചൂടും തെരഞ്ഞെടുപ്പ് ചൂടും പരസ്പരം മത്സരിക്കുന്ന അവസ്ഥയാണ് കേരളത്തിൽ, അത്യുത്തര കേരളത്തിൽ പ്രത്യേകിച്ചും. മാധ്യമ പ്രവർത്തകരാകട്ടെ ഇവ രണ്ടും ഒരു പോലെ റിപ്പോർട്ട് ചെയ്യാൻ നിയുക്തരാക്കപ്പെട്ടവരും. കാസർകോട് ഡിസിസി ഓഫീസിന് മുന്നിൽ മണിക്കൂറുകൾ നീണ്ട  ഒരു കാത്തിരിപ്പിലായിരുന്നു ‌ഞങ്ങൾ. ക്യാമറാമാൻ സുനിൽ കുമാറും ഡ്രൈവർ സന്തോഷ് ബാബുവും കൂടെ ഉണ്ട്. കത്തുന്ന വെയിലിന്‍റെ ആളൽ തണലത്തിരിക്കുന്ന ഞങ്ങളെ പോലും തളർത്തുന്നു.

അതിനിടെ സുനിലാണ് ഉടുമ്പിന്‍റെ കുഞ്ഞിനെ കാണണോ എന്ന് ചോദിച്ചത്. ഈ നഗരമധ്യത്തിൽ എവിടെ ഉടുമ്പ് എന്ന് സംശയിച്ച് നിൽക്കെ അതാ തൊട്ടുമുന്നിലൂടെ ഒരു ഉടുമ്പിൻ കുഞ്ഞ് ഓടിപ്പോകുന്നു. അരണയോ ഓന്തോ മറ്റോ ആകും എന്ന് സംശയിച്ച എന്നോട് ഉടുമ്പെന്ന് ഉറപ്പിച്ച് സന്തോഷും സാക്ഷ്യപ്പെടുത്തി. എന്നാലൊന്ന് കാണാമല്ലോ എന്ന് കരുതി എണീറ്റ് വന്നപ്പോഴേക്കും ഉടുമ്പ് അപ്പുറത്തെ മതിലിന്‍റെ പൊത്തിലേക്ക് കയറിപ്പോയിരുന്നു.

വെയിൽ കനത്ത് നിലം ചുട്ടുപ്പൊള്ളുകയാണ്. അധികനേരം വെയിലുകൊണ്ടു പഴുത്ത ആ ചെങ്കല്ലുകൾക്കിടയിൽ അതിന് ഇരിക്കാനാവില്ല. ഞങ്ങൾ ഇത്തിരി ദൂരെ പുറത്ത് കാത്തിരുന്നു. രണ്ടുമിനുട്ടിനകം ചൂട് സഹിക്കാനാകാതെ ആശാൻ പുറത്തിറങ്ങി, ഒരു വലിയ അരണയോളം വരുന്ന ഉടുമ്പിൻ കുഞ്ഞ്. നേരെ അടുത്തുള്ള മതിലിലേക്ക് കയറി. മുകളിലെത്തി കുറേ നേരം നിന്ന് വെയിൽ സഹിക്കാനാകാതെ വീണ്ടും താഴോട്ട്. ഒരു മരക്കഷണത്തിന്‍റെ തണലിൽ കുറച്ച് നേരം നിന്നു. വെയിലേറ്റ് തളർന്ന് അവശമായ ചലനങ്ങളോടെ പഴയ പൊത്തിലേക്ക് അത് തിരികെ കയറി.

ഞങ്ങൾ പതിയെ അടുത്തുചെന്ന് കുടിക്കാനായി കരുതിയ വെള്ളത്തിൽ നിന്ന് കുറച്ചെടുത്ത് ഒരു പേപ്പർ കപ്പിൽ ഒഴിച്ച് പൊത്തിനടുത്തേക്ക് നീട്ടി. ആദ്യം മടിച്ചു നിന്ന ഉടുമ്പ് വൈകാതെ കപ്പിനടുത്തേക്ക് തല നീട്ടി. നീണ്ട് പിളർന്ന നാവ്കൊണ്ട് വെള്ളം കുടിച്ചു. കപ്പ് കുറച്ച് കൂടെ അകലേക്ക് പിടിച്ചുകൊടുത്തു. പകുതിയോളം മാളത്തിന് പുറത്തേക്ക് വന്ന് കുഞ്ഞുടുമ്പ്  വെള്ളം കുടിച്ചു. ചുളിഞ്ഞ് കട്ടിയുള്ള തോൽ, ഇറുക്കി പിടിക്കാവുന്ന വിരലുകൾ, പിളർന്ന നാക്ക്.. ഉടുമ്പിനെ അടുത്ത് കാണാനായ കൗതുകമായിരുന്നു ഞങ്ങൾക്ക്.

അങ്ങിനെ നോക്കി നിൽക്കേ ക്യാമറാമാന്‍റെ വിളിയെത്തി. ഡിസിസിയിൽ നിന്ന് കാത്തിരുന്ന വാർത്ത വന്നു. വിവരങ്ങൾ ചോദിച്ചറിഞ്ഞ് വാർത്തക്ക് വേണ്ട പ്രതികരണവും എടുത്ത് തിരിച്ചിറങ്ങുമ്പോഴും ഉടുമ്പ് പഴയ ഇടത്തുതന്നെയുണ്ട്. വെള്ളവും കുടിച്ചിട്ട് അത് തൊട്ടടുത്തുള്ള മതിലിലെ പൊത്തിലേക്ക് കയറിയിരിക്കുന്നു. കുറച്ചുവെള്ളം കൂടി ഒഴിച്ചുവച്ചു. ഉടുമ്പ് ബിസ്കറ്റ് തിന്നുമോ എന്നറിയില്ല, എങ്കിലും മാളത്തിന് പുറത്ത് രണ്ട് ബിസ്ക്കറ്റ് കൂടെ വച്ച് വാർത്ത കൊടുക്കാനായി ഞങ്ങൾ ഓഫീസിലേക്ക് മടങ്ങി.

തിരികെ പോരുമ്പോൾ ആലോചിച്ചത് ഇതാണ്, മനുഷ്യന്‍റെ വിദൂര ചലനം കണ്ടാൽ ഓടിയൊളിക്കുന്ന ഒരു വന്യജീവി നീട്ടിപ്പിടിച്ച പേപ്പർ ഗ്ലാസിൽ നിന്നും വെള്ളം കുടിക്കണമെങ്കിൽ അത് എത്രമാത്രം ഗതികെട്ടിരിക്കണം.