"ഞാൻ എന്നും 'ചൈനീസ്' വൈറസിനെ വളരെ ഗൗരവത്തോടെ മാത്രമേ കണ്ടിട്ടുള്ളൂ. എതിർപ്പുകളെ അവഗണിച്ചും, ചൈനയിൽ നിന്നുള്ള ജനപ്രവാഹം നിയന്ത്രിക്കുക വഴി ഞാൻ അതിനെ ശക്തമായി പ്രതിരോധിച്ചിട്ടുമുണ്ട്. എത്രയോ ജീവിതങ്ങൾ എന്റെ നടപടി കൊണ്ട് രക്ഷപ്പെട്ടു. മറിച്ചുള്ള എല്ലാ റിപ്പോർട്ടുകളും തെറ്റാണ്, വ്യാജവാർത്തകളിൽ വിശ്വസിക്കരുത്..." മാർച്ച് 18 -ന് രാത്രി അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ്‌ ട്രംപ് തന്റെ ഐഫോണിൽ നിന്ന് ചെയ്ത ട്വീറ്റാണിത്.

 

എന്നാൽ അതിനും ആറുദിവസം മുമ്പ് . മാർച്ച് 12 -ന് ഡെമോക്രാറ്റിക് പാർട്ടിയുടെ കോൺഗ്രസ് അംഗം കാറ്റി പോർട്ടർ അമേരിക്കയുടെ 'സെന്റേഴ്സ് ഫോർ ഡിസീസസ് കണ്ട്രോൾ ആൻഡ് പ്രിവൻഷന്റെ പ്രതിനിധികളുടെ മുന്നിൽ തന്റെ വലിയൊരു ആശങ്ക അറിയിച്ചു. ചുരുങ്ങിയത് ഒരുലക്ഷം ഇന്ത്യൻ ഉറുപ്പികയ്ക്ക് തുല്യമായ പണം കയ്യിലുണ്ടെങ്കിൽ മാത്രമാണ് അമേരിക്കയുടെ ജനസംഖ്യയുടെ 8.5 ശതമാനം വരുന്ന ഏകദേശം 27.5 ലക്ഷം ഇൻഷ്വറൻസ് ഇല്ലാത്ത പൗരന്മാർക്ക് കൊവിഡ് 19 ടെസ്റ്റ് ചെയ്യാൻ പോലും സാധിക്കൂ. അതുകൊണ്ടുതന്നെ അമേരിക്കയിൽ പലർക്കും ലക്ഷണങ്ങൾ ഉണ്ടായിരുന്നിട്ടും കൂടുതൽ പരിശോധനകൾക്ക് മിനക്കെടാതെ, വേണ്ടത്ര സാമൂഹിക അകലം പാലിക്കാതെ കഴിയുന്നുണ്ടാകും. അസുഖം പരത്തുന്നുണ്ടാകും എന്ന്. ആ ചർച്ചയിലാണ് റെസ്റ്റിങ്ങിനുള്ള ചെലവ് സർക്കാർ വഹിക്കും എന്ന് സെന്റേഴ്സ് ഫോർ ഡിസീസസ് കണ്ട്രോൾ ഉറപ്പു നൽകിയത്. ആ ഉറപ്പ് എത്രകണ്ട് പ്രാവർത്തികമാക്കി എന്നറിയില്ല. എന്തായാലും, അമേരിക്ക ഇന്ന് ഈ നിമിഷം, ഏതാണ്ട് 9500 കേസുകളോളം സ്ഥിരീകരിക്കപ്പെട്ട്, 155 -ൽ പരം പേർ മരണമടഞ്ഞ് ആകെ പരിഭ്രാന്തമായ അവസ്ഥയിലാണുള്ളത്. നിത്യേന നൂറുകണക്കിന് പുതിയ കേസുകളിങ്ങനെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എന്നിട്ടും താൻ, രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനത്തിരുന്നുകൊണ്ട് ഒരു മഹാമാരിയോടുള്ള അമേരിക്കയുടെ പ്രതികരണത്തിൽ തികഞ്ഞ നിരുത്തരവാദപരമായ പെരുമാറ്റം കാഴ്ച വെച്ച് എന്നും, താനൊരു തികഞ്ഞ പരാജയമായിരുന്നു എന്നും സമ്മതിക്കുന്നില്ല. 

 

 

എന്നാൽ, ട്രംപ് അഡ്മിനിസ്‌ട്രേഷന്റെ കെടുകാര്യസ്ഥതയുടെ ചരിത്രം തുടങ്ങുന്നത് വുഹാനിൽ നിന്ന് ആദ്യത്തെ കേസ് വന്ന ശേഷമല്ല. അത് അതിനും ഒന്നരവർഷം മുമ്പ്, 2018 -ലാണ് തുടങ്ങുന്നത്. കൃത്യമായി പറഞ്ഞാൽ ഏപ്രിൽ മാസത്തിൽ. അപ്പോഴാണ് ട്രംപ്, വൈറ്റ്ഹൗസ് സെക്യൂരിറ്റി കൗൺസിലിന്റെ തലപ്പത്ത് ജോൺ ബോൾട്ടനെ പ്രതിഷ്ഠിക്കുന്നതും, പകർച്ചവ്യാധികൾക്കു നേരെ പ്രതിരോധം തീർക്കേണ്ട 'സെന്റേഴ്സ് ഫോർ ഡിസീസസ് കണ്ട്രോൾ ആൻഡ് പ്രിവൻഷ'ന്റെ നേതൃസ്ഥാനത്തുള്ള തിമോത്തി സെയ്മറെ രാജിവെക്കാൻ നിർബന്ധിതനാക്കുന്നതും. ആ സ്ഥാപനത്തിലെ പ്രധാന പ്രതിനിധികളിൽ പലരെയും മാറ്റി, അതിന്റെ ഫണ്ട് കാര്യമായി വെട്ടിക്കുറച്ച്, അമേരിക്കൻ മണ്ണിൽ വളരെ കാര്യക്ഷമമായ രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു പ്രതിരോധ സംവിധാനത്തെയാണ് ട്രംപ് അഡ്മിനിസ്ട്രേഷൻ വെറും ഒരു വർഷത്തിനിടെ നാഥനില്ലാക്കളരിയായി മാറ്റിയത്. ഒന്നരവർഷത്തിനിപ്പുറം കൊവിഡ് 19 പോലൊരു മഹാമാരിയുടെ ഭീകരത അമേരിക്കൻ മണ്ണിനെ ലക്ഷ്യമിട്ട് ആർത്തിരമ്പി വരുമ്പോൾ ആകെ നിസ്സഹായരായി അമേരിക്കക്കാർ നിന്നുപോയത്, ഇത്തരമൊരു സംവിധാനം ഇല്ലാതെ പോയതുകൊണ്ട് കൂടിയാണ്. 

ചൈനീസ് മണ്ണിൽ ഈ രോഗത്തിന്റെ തേർവാഴ്ച നടക്കുന്ന കാലത്ത് അത് അമേരിക്കയിലേക്ക് പടർന്നു പിടിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കുന്നതിൽ ട്രംപ് അഡ്മിനിസ്ട്രേഷൻ അമ്പേ പരാജയപ്പെട്ടു. ഇപ്പോൾ, ഈ മഹാമാരി അമേരിക്കൻ മണ്ണിൽ പടർന്നു പിടിച്ച ശേഷം മാത്രമാണ്, ചുരുങ്ങിയത് രണ്ടാഴ്ച മുമ്പെങ്കിലും പ്രഖ്യാപിക്കേണ്ടിയിരുന്ന നടപടികൾ പലതും അമേരിക്കൻ ഗവൺമെന്റ് സ്വീകരിച്ചത്. 

അത് ഏറ്റവും പ്രകടമാകുന്നത് ടെസ്റ്റുകൾ നടത്തുന്ന കാര്യത്തിലാണ്. വേണ്ടത്ര ടെസ്റ്റ് കിറ്റുകളോ, അഡ്വാൻസ്ഡ് ടെസ്റ്റിംഗിനുള്ള സംവിധാനങ്ങളോ അമേരിക്കയിൽ ഇല്ല. ടെസ്റ്റിംഗിന്റെ കാര്യത്തിൽ വ്യക്തമായ ഒരു പ്രോട്ടോക്കോൾ പോലും സ്വീകരിക്കാൻ അവർക്കായിട്ടില്ല. അസുഖം ബാധിച്ച്, അതിനോട് വിജയകരമായി പോരാടിക്കൊണ്ടിരിക്കുന്ന ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്‌വാൻ പോലുള്ള പല രാജ്യങ്ങളെയും അപേക്ഷിച്ച് വളരെ കുറച്ച് പേർക്ക് മാത്രമേ അമേരിക്ക ടെസ്റ്റുകൾ നടത്തിയിട്ടുള്ളൂ. അമേരിക്കയിൽ സമൂഹസംക്രമണം (Community Transmission ) നടന്നിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും, മാർച്ച് 13 വരെ ആകെ 16,000 ടെസ്റ്റുകൾ മാത്രമാണ് അമേരിക്ക നടത്തിയിട്ടുള്ളത്. സമൂഹസംക്രമണം തുടങ്ങിയ ആദ്യത്തെ ആഴ്ചയിൽ തന്നെ ദക്ഷിണ കൊറിയ 66,000 പൗരന്മാരെ കൊവിഡ് 19 ടെസ്റ്റിങ്ങിനു വിധേയനാക്കിയിരുന്നു എന്നോർക്കുക. 

 

ടെസ്റ്റിംഗ് ആണ് കൊവിഡ് 19 ബാധയിൽ സമൂഹസംക്രമണത്തിനു ശേഷമുള്ള ഘട്ടത്തിലെ മരണങ്ങളുടെ തോത് നിർണ്ണയിക്കുന്ന പ്രധാന ഘടകം. ഈ രോഗത്തിന്റെ തേർവാഴ്ച തടയാൻ ഒരൊറ്റ മാർഗമേ ഉള്ളൂ, അത്, "എത്രയും പെട്ടെന്ന് രോഗികളെ തിരിച്ചറിഞ്ഞ്, അവരെ സമൂഹത്തിൽ നിന്ന് മാറ്റിപ്പാർപ്പിക്കുക" എന്നത് മാത്രമാണ്. അത് ചെയ്യണം എന്നുണ്ടെങ്കിൽ വേണ്ടത്ര ടെസ്റ്റിങ് നടത്തേണ്ടതുണ്ടല്ലോ. ടെസ്റ്റിങ്ങിനു പുറമെ, രണ്ടാമതൊരു കാര്യം കൂടിയുണ്ട് രോഗനിയന്ത്രണത്തിന്റെ ഫലസിദ്ധിയെ നിർണയിക്കുന്നതായി. അത്, രോഗബാധിതരുടെ കോണ്ടാക്റ്റുകൾ ട്രെയ്‌സ് ചെയ്ത് അവരെ ക്വാറന്റൈൻ ചെയ്യുക എന്നതാണ്. ഈ രണ്ടു കാര്യങ്ങൾ ചെയ്യാതെ സമൂഹ സംക്രമണം തടയാൻ സാധിക്കില്ല. 

കഴിഞ്ഞ തവണ H1N1, സിക്ക തുടങ്ങിയ പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ ഫെഡറൽ ഗവൺമെന്റ് ഫലപ്രദമായി ചെയ്ത ഈ കാര്യങ്ങൾ ഇത്തവണ ട്രംപ് ഭരണകൂടം ചെയ്യാതെ പോയി എന്നത് ആശ്ചര്യജനകമാണ്. എന്നാൽ ഇക്കാര്യത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പോലും തയ്യാറാവാത്ത നിലപാടാണ് ട്രംപിന്റേത്. പലപ്പോഴും ട്രംപ് മാധ്യമപ്രവർത്തകരോട് പോലും പ്രതികരിക്കുമ്പോൾ തെരഞ്ഞെടുക്കുന്ന വാക്കുകൾ കേട്ടാൽ തോന്നുക ഇപ്പോൾ ഭരണത്തിലുള്ളത് മറ്റാരുടെയോ ഗവൺമെന്റാണ് എന്നാണ്. 

അമേരിക്കയിലെ ആദ്യത്തെ കൊവിഡ് 19 കേസ് സ്ഥിരീകരിക്കപ്പെടുന്നത് ജനുവരി 21 -ന് സിയാറ്റിലിൽ വെച്ചാണ്. വുഹാനിൽ സന്ദർശനം നടത്തി കാലിഫോർണിയയിലേക്ക് മടങ്ങി വന്ന ഒരു മുപ്പതുകാരനായിരുന്നു അമേരിക്കയിലെ പേഷ്യന്റ് സീറോ. എന്നാൽ, അയാൾക്ക് യാത്രചെയ്യുമ്പോൾ യാതൊരു വിധ രോഗലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. ആ സമയത്ത് വുഹാനിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. ചൈനയിൽ നിന്ന് അപ്പോഴും ന്യൂയോർക്ക്, സാൻ ഫാൻസിസ്കോ, ലോസ് ഏഞ്ജലസ്, അറ്റ്ലാന്റ, ഷിക്കാഗോ എന്നീ അഞ്ചു നഗരങ്ങളിലേക്ക് വിമാനങ്ങൾ ഉണ്ടായിരുന്നു. അതിൽ ഒരു വിമാനത്തിൽ കയറി വന്ന ഇയാൾ, വിമാനം വഴി തിരിച്ചു വിട്ടപ്പോൾ ചെന്നിറങ്ങിയത് സിയാറ്റിൽ ടാക്കോമ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ഇയാൾ ചെന്നിറങ്ങിയപ്പോൾ അവിടെ 'സെന്റേഴ്സ് ഫോർ ഡിസീസസ് കണ്ട്രോൾ ആൻഡ് പ്രിവൻഷ'ന്റെ പരിശോധന നിർബന്ധപ്പെട്ടുകൊണ്ടുള്ള പ്രോട്ടോക്കോൾ നടപ്പിൽ വന്നിരുന്നില്ല. പിന്നീട് അമേരിക്കയിലെ ആദ്യത്തെ കമ്യൂണിറ്റി സ്‌പ്രെഡ്‌ ഉണ്ടാകുന്നതും കാലിഫോർണിയയിൽ തന്നെയാണ്. 

ഇയാളെ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത നിമിഷം കണ്ടെത്തി ഐസൊലേറ്റ് ചെയ്യാൻ സാധിക്കാതിരുന്നതാണ് അമേരിക്കയ്ക്ക് ഇന്ന് വലിയ വിലകൊടുക്കേണ്ടി വന്നത്. ആ രോഗിയുടെ രോഗം ഇപ്പോൾ പൂർണ്ണവും സുഖപ്പെട്ടു കഴിഞ്ഞിട്ടുമുണ്ട്. മൂന്നു ദിവസം കഴിഞ്ഞപ്പോൾ അടുത്തതായി ഷിക്കാഗോയിൽ ഒരു 60 വയസ്സുകാരിക്ക് രോഗം സ്ഥിരീകരിക്കപ്പെട്ടു. അവരും വുഹാനിൽ നിന്ന് മടങ്ങിയെത്തിയവർ ആയിരുന്നു. അവരെ പരിശോധിച്ച ഡോക്ടർമാരും ആദ്യം കരുതിയത് അവർക്ക് ന്യൂമോണിയ ആണെന്നായിരുന്നു. അതിനിടെ ജനുവരി 22 -ന് ലോസ് ഏഞ്ചലസിൽ നിന്ന് തിരികെ പൊയ്ക്കൊണ്ടിരുന്ന ഒരു വുഹാൻ സ്വദേശി വിമാനത്താവളത്തിൽ വെച്ച് അസുഖബാധിതനായി തളർന്നു വീഴുന്നു. 

ഇങ്ങനെ നിരന്തരം വുഹാനുമായി ബന്ധമുള്ള പല രോഗികളും സമാനമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചുകൊണ്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടും അതിനെ ചൈനയിലെ കൊറോണാ ബാധയുമായി ബന്ധിപ്പിക്കാൻ ട്രംപ് ഭരണകൂടം ആദ്യമൊക്കെ വിമുഖത കാണിച്ചു. വളരെ വൈകിയാണ് ആ ദിശയിൽ ഏകോപിതമായ പ്രവർത്തനങ്ങൾ ഉണ്ടായത്. എത്ര ടെസ്റ്റുകൾ നടത്തി എന്ന കാര്യത്തിൽ പോലും CDC ക്ക് തുടക്കത്തിൽ കൃത്യമായ കണക്കുകൾ ഉണ്ടായിരുന്നില്ല. 

 

തുടക്കം മുതലേ ട്രംപ് പറഞ്ഞുകൊണ്ടിരുന്നത് എല്ലാം നിയന്ത്രണത്തിലാണ് എന്നാണ്. ഒരേയൊരു യാത്രക്കാരൻ, അതും വുഹാനിൽ നിന്ന്. അയാളെ ഐസൊലേറ്റ് ചെയ്തു. ഇനി പ്രശ്നമൊന്നുമില്ല. വേനൽക്കാലം വരുമ്പോൾ രോഗം താനെ അപ്രത്യക്ഷമാകും. കൊറോണാവൈറസ് എന്നത് ഒരു വ്യാജപ്രചാരണമാണ്. നമ്മൾ രോഗത്തെ ശക്തമായി പ്രതിരോധിച്ചു കൊണ്ടിരിക്കയാണ്. എന്നൊക്കെ പറഞ്ഞു പറഞ്ഞ്, ജനുവരിയിൽ 15 കേസുകൾ, ഫെബ്രുവരിയിൽ 323 കേസുകൾ, ഇതാ ഇപ്പോൾ മാർച്ചിൽ അമേരിക്കയിൽ സ്ഥിരീകരിച്ചിരിക്കുന്നത് 9464 കേസുകളാണ്. അനുനിമിഷം സ്ഥിരീകരണങ്ങളുടെയും മരണങ്ങളുടേയും എണ്ണം കൂടിക്കൂടി വരികയാണ്. 

 

 

അമിതമായ ആത്മവിശ്വാസവും, പ്രതിസന്ധികളെ നേരിടുമ്പോൾ പ്രദർശിപ്പിച്ച പക്വതയില്ലാത്ത പെരുമാറ്റവുമാണ് ട്രംപിന് വിനയായത്. അമേരിക്കയിലെ സകലപത്രങ്ങളും പറയുന്നത് ട്രംപ് അഡ്മിനിസ്ട്രേഷൻ കൊവിഡ് 19 ബാധയെ നേരിടുന്ന കാര്യത്തിൽ ആഴ്ചകൾ പിന്നിലാണ് എന്നാണ്. അവർ അതിനെ താരതമ്യപ്പെടുത്തുന്നത്  2014 -ൽ എബോള പൊട്ടിപ്പുറപ്പെട്ടപ്പോൾ അതിനെ നേരിടുന്ന കാര്യത്തിൽ ഒബാമ ഗവൺമെന്റ് കാണിച്ച പ്രാപ്തിക്കുറവിനോടാണ്. അന്ന് പക്ഷേ, രണ്ടാം ഘട്ടത്തിൽ ഭരണയന്ത്രം ഉണർന്നു പ്രവർത്തിച്ചത് കാരണം അസുഖത്തെ പിടിച്ചു കിട്ടാനായി. ഇത്തവണ അത് സാധിക്കുമോ എന്ന് ട്രംപിന്റെ കൂട്ടത്തിൽ പോലും ആർക്കും ശുഭാപ്തിവിശ്വാസമുള്ളതായി തോന്നുന്നില്ല.