ഓഗസ്റ്റ് 5-കാശ്മീരിന്റെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു തീരുമാനം അമിത് ഷാ രാജ്യസഭയിൽ പ്രഖ്യാപിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കി. ജമ്മു കശ്മീരിന് സ്‌പെഷ്യൽ സ്റ്റാറ്റസ് ഇനി മുതൽ  ഉണ്ടാകില്ല. ചരിത്രപരമായ ഈ തീരുമാനം ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെക്കരുതി കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിനു മുമ്പുതന്നെ വളരെ വലിയ സന്നാഹങ്ങൾ ഒരുക്കിയിരുന്നു. താഴ്വര മുഴുവൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മട്ടായി. ഒരു വിധം നേതാക്കളൊക്കെയും വീട്ടുതടങ്കലിൽ ആയിരുന്നു. മൊബൈൽ ഇന്റർനെറ്റ് സംവിധാനങ്ങൾ മരവിപ്പിക്കപ്പെട്ടു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടു ആ ദിവസം.

അവിടെ ജമ്മു കശ്മീരിലെ അവർക്ക് തങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാവുന്ന ഒരു തീരുമാനം നടപ്പിലാക്കപ്പെട്ടതിന്റെ നടുക്കം മാറിയിരുന്നില്ല. സ്‌പെഷ്യൽ സ്റ്റാറ്റസ് നിലവിലുണ്ടായിരുന്നപ്പോൾ ജമ്മു കശ്മീരിൽ  ഭൂസ്വത്ത് സ്വന്തമാക്കാനുള്ള അവകാശം അവിടത്തെ പൗരന്മാർക്കുമാത്രമാണ് ഉണ്ടായിരുന്നത്. ആർട്ടിക്കിൾ റദ്ദാക്കിയതോടെ,  ഇനി മറ്റുസംസ്ഥാനത്തുള്ള ഇന്ത്യൻ പൗരന്മാർക്കും അവിടെ ഭൂമി വാങ്ങാം എന്നുളള തരത്തിൽ വാർത്തകളും ട്രോളുകളും പ്രചരിച്ചുതുടങ്ങി. 

ഹരിയാന ഇന്ത്യയിൽ സ്ത്രീ ലിംഗാനുപാതം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ്. അവിടത്തെ പുരുഷന്മാർക്ക് പലപ്പോഴും വിവാഹത്തിന് വധുക്കളെ കിട്ടാതെ ബുദ്ധിമുട്ടാറുണ്ട്. ആദ്യം തന്നെ ആ ദിശയിൽ ഒരു സാധ്യതയുണ്ട് എന്നമട്ടിൽ പ്രസ്താവനയിറക്കി വിവാദമുണ്ടാക്കിയത്  ഓഗസ്റ്റ് 11 -നാണ് ഹരിയാനാ മുഖ്യമന്ത്രിയായ മനോഹർ ലാൽ ഖട്ടർ തന്നെയായിരുന്നു. "ഇനിയിപ്പോൾ ഇവിടത്തെ പയ്യന്മാർക്ക് കശ്മീരിൽ നിന്നും പെണ്ണുകെട്ടാം എന്നാണ് കേൾക്കുന്നത്..." എന്നദ്ദേഹം പറഞ്ഞു. അത് വലിയ വിവാദമായി. 

മുസഫ്ഫർ നഗറിലെ ഖടൗലിയിൽ നിന്നുള്ള എംഎൽഎ വിക്രം സിംഗ് സെയ്നി ഒരു സമ്മേളനത്തിൽ പറഞ്ഞതും വിവാദമായി "പ്രവർത്തകർക്കൊക്കെ ആവേശം കൂടിയിട്ടുണ്ട്. ഇനി വേണമെങ്കിൽ കശ്മീരിലെ സുന്ദരികളായ പെൺകുട്ടികളെയും വിവാഹം ചെയ്യാം എന്നായിട്ടുണ്ടല്ലോ..." എന്നായിരുന്നു  ആർട്ടിക്കിൾ 370  നീക്കം ചെയ്തതിനെപ്പറ്റിയോ പറഞ്ഞുവന്നപ്പോൾ അദ്ദേഹം പറഞ്ഞത്. 

എന്നാൽ ഭോജ്‌പുരിയിലെ മ്യൂസിക്ക് വീഡിയോ നിർമ്മാതാക്കൾ ഒരു പടികൂടി കടന്നുകൊണ്ട് 'കാശ്മീരിൽ നിന്നും വധുക്കളെ കൊണ്ടുവരാം ഇനി..' എന്ന ഒരൊറ്റ ത്രെഡിൽ പിടിച്ച് ഒന്നിനുപിറകെ ഒന്നായി നിരവധി മ്യൂസിക് വീഡിയോകൾ പടച്ചുവിട്ടിരിക്കുകയാണ്. 

 

ഇന്റർനെറ്റിൽ ബിജെപി സർക്കാരിന്റെ ധീരമായ തീരുമാനത്തിൽ തുടങ്ങിയ അഭിനന്ദന കമന്റുകളുടെ പ്രവാഹം താമസിയാതെ പതുക്കെ കാശ്മീരിൽ ആപ്പിൾ തോട്ടങ്ങൾ വാങ്ങുന്നതിലേക്കും, അവിടെ നിന്നും പെണ്ണുകെട്ടുന്നതിലേക്കും തന്നെ എത്തി. 

എത്ര സെൻസിറ്റീവ് ആയ വിഷയമാണ് എന്നുണ്ടെങ്കിലും അതിലേക്ക് സ്ത്രീകളെ വലിച്ചിട്ട് അവരെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള ട്രോളുകൾ ഉണ്ടാക്കുന്ന ശീലം സൈബർ ലോകത്തിന് പണ്ടേക്കുപണ്ടേ ഉള്ളതാണ്. ഇന്ത്യാ - പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിന്റെ ലൈവ് ടെലികാസ്റ്റിലും ഇന്ത്യൻ കാണികൾ ആറുനോറ്റിരിക്കും പാക്കിസ്ഥാന്റെ ജേഴ്സിയിട്ട ഏതെങ്കിലും ഒരു സുന്ദരിയുടെ മുഖം സ്‌ക്രീനിൽ തെളിയാൻ. പിന്നെ അതിന്റെ സ്‌ക്രീൻ ഷോട്ടെടുത്ത് പങ്കുവെക്കുകയായി, " ഇന്ത്യയും പാകിസ്ഥാനും രണ്ടായി വിഭജിക്കപ്പെടേണ്ടായിരുന്നു. വിഭജനത്തിന്റെ മുറിവിലെ നീറ്റൽ ഇപ്പോഴാണ് തിരിച്ചറിയുന്നത്." എന്നൊക്കെപ്പറഞ്ഞുകൊണ്ട് ട്രോളുകൾ വരികയായി. വിഭജിക്കപ്പെട്ടില്ലായിരുന്നെങ്കിൽ ആയിരക്കണക്കിന് കിലോമീറ്റർ താണ്ടി അങ്ങ് പാകിസ്ഥാനിൽ ചെന്ന് ആ സുന്ദരിയ്ക്ക് വിവാഹം ആലോചിച്ചേനെ എന്നമട്ടിൽ..! 


അതേ മനോവികാരമാണ് 'കശ്മീരിൽ നിന്നും ഇനി പെണ്ണുകെട്ടാം' എന്നുള്ള ഈ പാട്ടുകൾക്കും പിന്നിൽ. ഇവർ ഈ സമൂഹത്തിന്റെ നിഷ്ഠകൾക്കനുസരിച്ച് മാത്രം വിവാഹം കഴിക്കുന്നവരാണ്. ആദ്യം ജാതി നോക്കും, പിന്നെ ഗോത്രം നോക്കും, പിന്നെ സ്ത്രീധനം ഇതൊക്കെ ഒപ്പിച്ചുകൊണ്ട് മാതാപിതാക്കൾ കൊണ്ടുവരുന്ന വിവാഹത്തിനുമുന്നിൽ സമ്മതം മൂളും. അത് നൽകുന്ന സുരക്ഷിതത്വത്തിൽ ജീവിക്കുന്നവരാണ് ഇത്തരത്തിലുള്ള തമാശകൾ ആസ്വദിക്കുന്നത്. ഇവർക്ക് ഒരിക്കലും സ്വന്തമായി ഒരു പെൺകുട്ടിയെ കണ്ടെത്തി വിവാഹം കഴിക്കാനുള്ള ധൈര്യമുണ്ടാകാറില്ല. ഇനി അഥവാ ഇവർ ആരെങ്കിലും ഒരു പെൺകുട്ടിയുമായി പ്രണയത്തിലായാല്‍ തന്നെ, തുടക്കത്തിലെ ആവേശവും പുതുമയും തീരുന്ന മുറയ്ക്ക്, "അമ്മ സമ്മതിക്കില്ല, അച്ഛന്റെ ആരോഗ്യം മോശമാണ്,  വിഷമിപ്പിക്കാനാവില്ല..' എന്നൊക്കെ പറഞ്ഞ് വിവാഹം ഒഴിവാക്കാൻ മിടുക്കരുമാണ്. 

കാശ്മീരിനെ സംബന്ധിച്ചിടത്തോളം, ഇത് ഏറെ ഐതിഹാസികമായ ഒരു മുഹൂർത്തമാണ്. ഒരു സംസ്ഥാനത്തിന്റെ ഭാവി തീരുമാനിക്കപ്പെടുകയാണ് ഈ ദിവസങ്ങളിൽ. അത് നല്ലതിനോ ചീത്തതിനോ എന്നത് കാലത്തിനു  മാത്രം തെളിയിക്കാനാവുന്ന ഒന്നാണ്. ഈ തീരുമാനം പുറത്തുവന്നശേഷം ജമ്മു കശ്മീരിലെ ജനങ്ങളുടെ ഉള്ളിൽ പടപടപ്പാണ്. അവിടെയുള്ളവർക്ക് നമ്മളെപ്പോലെ ഇന്റർനെറ്റിൽ സർഫ് ചെയ്യാനോ, പ്രിയപ്പെട്ടവരുടെ മൊബൈലിൽ വേണ്ടുംവിധം സമ്പർക്കം പുലർത്താനോ സാധിക്കുന്നില്ല. കര്‍ഫ്യൂ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഇടങ്ങളിൽ തങ്ങളുടെ പ്രിയപ്പെട്ടവർ സുരക്ഷിതരാണോ എന്നുപോലും പലർക്കും ആശങ്കയുണ്ട്. അങ്ങനെ സഹജീവികൾ ആകെ ആശങ്കയുടെ നടുവിൽ കഴിയുന്ന അവസരത്തിൽ അവരെപ്പറ്റി ഇത്തരത്തിൽ തരംതാണ തമാശകൾ പാട്ടായും, ട്രോളുകളായും മറ്റും പടച്ചുവിടാൻ എങ്ങനെയാണ് മനുഷ്യർക്ക് സാധിക്കുന്നത്. കാശ്മീരികളെ 'നമ്മുടെ സഹോദരങ്ങൾ ' എന്ന് വിളിച്ച് നാക്ക് വായിലിടുന്നതിനു മുമ്പാണ് കാശ്മീരി യുവതികളെ നമ്മൾ  മോശമായി പരാമർശിക്കുന്നത് എന്നോർക്കണം.  

മണ്ണിന്റെ കാര്യം പറയുമ്പോൾ ഉടനെ പെണ്ണിന്റെ കാര്യം ഓർമ്മവരുന്നത് വർഷങ്ങളായി നമ്മുടെ സമൂഹത്തിൽ നിറഞ്ഞാടി നിൽക്കുന്ന പാട്രിയാർക്കി ഒന്നുകൊണ്ടുമാത്രമാണ്. ഹിന്ദിയിൽ ഗ്രാമീണർക്കിടയിൽ പ്രചരിച്ചിട്ടുള്ള  ഒരു പഴഞ്ചൊല്ലുണ്ട്, "ജർ, ജോരൂ, ജമീൻ.. ജോർ കി, അപ്നി നഹി തോ നഹീം തോ കിസീ ഓർ കി.. "  - പൊന്ന്‌, പെണ്ണ്, മണ്ണ് - നല്ലതു സ്വന്തമായി കിട്ടിയില്ലെങ്കിൽ മറ്റാരുടെയെങ്കിലും ആണെങ്കിലും..." - സ്ത്രീയുടെ വിപണിവൽക്കരണത്തിന്റേതായ അതേ പഴയ ലൈൻ തന്നെയാണിതും.