Asianet News MalayalamAsianet News Malayalam

സാക്ഷികളെ ഇങ്ങനെ കൊന്നൊടുക്കാൻ ഇനിയും എത്രകാലം അനുവദിക്കും നമ്മൾ ?

സാക്ഷി സംരക്ഷണ നിയമത്തിനായി കേന്ദ്രം കൊണ്ടുവന്ന ബിൽ  അന്ന് സംസ്ഥാനങ്ങളിൽ നിന്നുണ്ടായ കടുത്ത എതിർപ്പിനെത്തുടർന്ന് പാർലമെന്റിൽ പാസാക്കി എടുക്കാനാകാതെ പോവുകയാണുണ്ടായത് 

How long will we let the witnesses be intimidated in this country?
Author
Kanpur, First Published Jan 18, 2020, 12:15 PM IST

ഞെട്ടിക്കുന്ന ഒരു വാർത്തകൂടി, യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശിൽ നിന്ന് പുറത്തുവന്നിരിക്കുകയാണ്. ജനുവരി 9 -ന്, മകളെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളാൽ തെരുവിൽ വെച്ച് ക്രൂരമായി ആക്രമിക്കപ്പെട്ട ഒരമ്മ ഇന്നലെ മരണത്തിന് കീഴടങ്ങിയിരിക്കുന്നു. ആ ആക്രമണത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ, പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

2018 -ലാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. പ്രതികൾക്ക് ഈയടുത്ത് ജാമ്യം കിട്ടിയതുമുതൽ  യുവതിയെയും അമ്മയെയും സ്വാധീനിച്ച് കേസ് തേച്ചുമാച്ചുകളയാൻ നിരന്തരശ്രമങ്ങൾ നടക്കുന്നുണ്ടായിരുന്നു. എന്നാൽ, സാമ്പത്തിക വാഗ്ദാനങ്ങളാലുള്ള പ്രലോഭനങ്ങളും, ഭീഷണികളും ഒന്നും ഫലിക്കാതെ വന്നപ്പോൾ ഒടുവിൽ, യുവതിയുടെ അമ്മയെ പട്ടാപ്പകൽ തെരുവിലിട്ട് അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു അവർ.

 

ഉന്നാവോയിൽ രണ്ടു വ്യത്യസ്ത ബലാത്സംഗകേസുകളിലായി സാക്ഷികലും പീഡിതരും ആക്രമിക്കപ്പെട്ട വാർത്തകൾക്കു ശേഷം വരുന്ന മൂന്നാമത്തെ വലിയ ആക്രമണവാർത്തയാണിത്. ഇവിടെ ഉയരുന്നത് വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. എന്തുകൊണ്ടാണ് ഇന്ത്യയിൽ നമുക്ക് ഒരു സാക്ഷിസംരക്ഷണപദ്ധതി (Witness Protection Scheme) ഇല്ലാത്തത് ? വളരെ നിസ്സാരമായ കേസുകളിൽ പോലും, സാക്ഷികളെ സ്വാധീനിക്കും എന്ന പേരിൽ പ്രതികൾക്ക് ജാമ്യം നിഷേധിക്കുന്ന കോടതി, ചില കേസുകളിൽ മാത്രം എങ്ങനെയാണ് സമൂഹത്തിൽ ഏറെ സ്വാധീനമുള്ള ക്രിമിനലുകൾക്ക് നാട്ടിലിറങ്ങി നിർബാധം വിലസാനുള്ള ജാമ്യം അനുവദിച്ച് നൽകുന്നത്? അവർ ജയിലിൽ ഇരുന്നുകൊണ്ടും, ജാമ്യത്തിൽ ഇറങ്ങിയും ഒക്കെ, അതിക്രമത്തിനിരയായവരെയും, അവരുടെ ബന്ധുക്കളെയും, സാക്ഷിപറയാൻ ധൈര്യപ്പെടുന്നവരെയും മറ്റും എങ്ങനെയാണ് വണ്ടിയിടിച്ച് കൊല്ലുകയും, പെട്രോളൊഴിച്ച് തീക്കൊളുത്തുകയും, ഇതാ ഇപ്പോൾ ഈ കേസിൽ സംഭവിച്ച പോലെ തലക്ക് ചവിട്ടി പച്ചക്ക് കൊന്നുകളയുകയും ഒക്കെ ചെയ്യുന്നത്? 

'സാക്ഷി സംരക്ഷണ പദ്ധതി'യുടെ ആവശ്യം എന്താണ് ? 

2008 -ലെ ഹിമാൻശു സിംഗ് സബർവാൾ vs ഗവൺമെന്റ് ഓഫ് മധ്യപ്രദേശ് കേസിൽ സുപ്രീം കോടതി നടത്തിയ ശ്രദ്ധേയമായ ഒരു നിരീക്ഷണമുണ്ട്. " സാക്ഷികൾ എന്നത് നീതിന്യായ വ്യവസ്ഥയുടെ കണ്ണുകളും കാതുകളുമാണ്. ഒരു സാക്ഷിയെ ആരെങ്കിലും ഭീഷണിപ്പെടുത്തുകയോ, ശല്യം ചെയ്യുകയോ, മർദ്ദിക്കപ്പെടുകയോ,കൊല്ലുകയോ ചെയ്യുമ്പോൾ  അതിനിരയാകുന്നത് അയാൾ മാത്രല്ല... അവിടെ ബലികഴിക്കപ്പെടുന്നത് സ്വതന്ത്രവും, നീതിപൂർവ്വകവുമായ വിചാരണയ്ക്കുള്ള ഒരു പൗരന്റെ മൗലികാവകാശം കൂടിയാണ്. കോടതിയുടെ പരിഗണനയിൽ വരുന്ന കേസുകളിലെ സാക്ഷികൾക്ക് വേണ്ട പരിരക്ഷണം നൽകേണ്ട ചുമതല രാജ്യത്തിനുണ്ട്. അതിൽ ഗവൺമെന്റ് പരാജയപ്പെടുമ്പോൾ, നമ്മുടെ ദേശീയസൂക്തം, 'സത്യമേവ ജയതേ' എന്ന വാഗ്ദാനം കൂടിയാണ് ലംഘിക്കപ്പെടുന്നത്. 

How long will we let the witnesses be intimidated in this country?
'മഹീന്ദർ ചൗള ഇന്റൻസീവ് കെയർ യൂണിറ്റിൽ '

2018 ഡിസംബറിൽ, ആസാറാം ബാപ്പു കേസിലെ പ്രമുഖ സാക്ഷികളിൽ ഒരാളായ മഹീന്ദർ ചൗളയെ വെടിവെച്ചുകൊല്ലാൻ അജ്ഞാതർ നടത്തിയ ശ്രമം അയാളുടെ ആയുസ്സിന്റെ ബലത്തിൽ പാളിപ്പോയിരുന്നു. വെടികൊണ്ടിട്ടും അദ്ദേഹം മരിച്ചില്ല. ദീർഘമായ ആശുപത്രി വാസത്തിനു ശേഷം ആരോഗ്യസ്ഥിതി വീണ്ടെടുത്ത മഹീന്ദർ ചൗള ആദ്യം ചെയ്തത് സുപ്രീം കോടതിയിൽ, ആസാറാം ബാപ്പു കേസിലെ സാക്ഷികളെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഹർജി ഫയൽ ചെയ്യുകയായിരുന്നു. പ്രസ്തുത ഹർജിയുടെ വാദം നടക്കുന്ന സമയത്ത്, കേന്ദ്ര ഗവൺമെന്റ് സുപ്രീം കോടതിയിൽ ബോധിപ്പിച്ചത് സർക്കാർ കൃത്യമായ ഒരു വിറ്റ്നസ് പ്രൊട്ടക്ഷൻ സ്‌കീമിന്റെ കരട് രേഖ തയ്യാറാക്കി വരികയാണ് എന്നും, വിനാവിളംബം അത് നടപ്പിൽ വരുത്തും എന്നുമായിരുന്നു. സുപ്രീം കോടതിയോട് സർക്കാർ പറഞ്ഞ ആ വാക്ക് 'വെള്ളത്തിൽ വരച്ച 'മാറിയിട്ടുണ്ട് എന്നതിന്റെ ലക്ഷണം കൂടിയാണ് ഹിന്ദി ഹൃദയഭൂമിയിൽ നിന്ന് പുറത്തുവരുന്ന തുടർച്ചയായുള്ള ഈ കൊലപാതക വാർത്തകൾ. 

എവിടെയൊക്കെയുണ്ട് 'സാക്ഷി സംരക്ഷണ പദ്ധതികൾ'?

പല രാജ്യങ്ങളിലും കൃത്യമായ ഒരു സാക്ഷി സംരക്ഷണ പദ്ധതി നിലവിലില്ല എന്നതാണ് സത്യം. ഒട്ടുമിക്ക സ്ഥലങ്ങളിലും നടക്കുന്നത് ഇങ്ങനെയാണ്. സാക്ഷികൾക്ക് ഭീഷണി നേരിടുമ്പോൾ അവർ പൊലീസിൽ പരാതിപ്പെടുന്നു. അപ്പോൾ സായുധരായ ഒന്നോ രണ്ടോ പൊലീസുകാരെ  സംരക്ഷണമൊരുക്കാൻ നിയോഗിക്കുന്നു. എന്നാൽ, പലപ്പോഴും, ഇങ്ങനെ ഒരു ഭീഷണി ഉണ്ടായി അധികനാൾ കഴിയും മുമ്പ്, ചില കേസുകളിൽ സംരക്ഷണമൊക്കെ കിട്ടിവരുന്നതിനു മുമ്പ്, സാക്ഷികൾ ആക്രമിക്കപ്പെടുകയും, ചിലപ്പോൾ കൊല്ലപ്പെടുകയും ചെയ്യുന്നു. 

How long will we let the witnesses be intimidated in this country?

എന്നാൽ വികസിത രാജ്യങ്ങളായ കാനഡ, അയർലൻഡ്, ഇസ്രായേൽ, ഇറ്റലി, യുകെ, തായ്‌ലൻഡ്, അമേരിക്ക തുടങ്ങിയ പല രാജ്യങ്ങളിലും വളരെ കൃത്യമായ വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീമുകൾ നിലവിലുണ്ട്. അവിടെ സാക്ഷികളുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കപ്പെടാറുണ്ട്. നിർണ്ണായകമായ കേസുകളിലെ ഇൻഫോർമർമാരെ, പുതിയ പേരുകളിൽ, പുതിയ ജീവിതങ്ങളിലേക്ക് പറിച്ചുനട്ട്, പുനരധിവസിപ്പിക്കുന്ന പദ്ധതികളും പല രാജ്യങ്ങളിലും നിലവിലുണ്ട്. അവിടങ്ങളിൽ പലയിടത്തും പ്രതികൾക്ക് സാക്ഷികൾ ആരാണ് എന്നുപോലും അറിയാനാവില്ല. ഇനി അഥവാ അറിഞ്ഞ് അവരുടെ ജീവൻ അപകടത്തിലാണ് എന്നുകണ്ടാൽ പിന്നെ അവർ സ്റ്റേറ്റിന്റെ ഉത്തരവാദിത്തമായി മാറുകയാണ്. അവരെ പിന്നീട് മരണത്തിനുവിട്ടുകൊടുക്കാതെ കാക്കുക, ഫെഡറൽ ഏജന്റുമാരുടെ കടമയായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ഇതിനുവേണ്ടിവരുന്ന ഫണ്ടും അവർ കൃത്യമായി ക്രമാസമാധാനപാലനത്തിനുള്ള ബജറ്റിൽ വകയിരുത്താറുണ്ട്. അവിടെ, സാക്ഷി പറയുന്നതിന് മുമ്പ് രണ്ടാമതൊന്ന് ആലോചിക്കേണ്ട ശോചനീയാവസ്ഥ നിലവിലില്ല.
 

How long will we let the witnesses be intimidated in this country? 

ഇവിടെ യഥാർത്ഥ പ്രശ്നമെന്നത് ബലാത്സംഗം എന്ന കുട്ടത്തോട് സമൂഹം വെച്ചുപുലർത്തുന്ന ലാഘവമനോഭാവമാണെന്ന് പ്രസിദ്ധ സാമൂഹിക പ്രവർത്തകയും, ക്ലിനിക്കൽ സൈക്കോളജിസ്റ്റും, ചലച്ചിത്ര അഭിനേതാവുമായ പാർവതി പ്രതികരിച്ചു. " ബലാത്സംഗത്തെ പലരും, വിശേഷിച്ച് പ്രതികളുടെ ബന്ധുക്കളും മറ്റു വേണ്ടപ്പെട്ടവരും, പ്രതികളുടെ ഒരു വില്ലത്തരം ആയോ അല്ലെങ്കിൽ കൈയബദ്ധം ആയോ ഒക്കെയാണ് കാണുന്നത്. അതുകൊണ്ടാണ് ബലാത്‌സംഗക്കേസുകളിൽ പലപ്പോഴും പണം നൽകിയും, ബലാത്സംഗത്തിന് ഇരയാകുന്ന യുവതിക്ക് വിവാഹവാഗ്ദാനം നൽകിയും, അതൊന്നും നടക്കാത്ത കേസുകളിൽ ഭീഷണിപ്പെടുത്തിയും, ഒടുവിൽ ഒന്നിനും വഴങ്ങാത്തവരെ കൊന്നുകൊലവിളിച്ചും ഒക്കെ കേസ് ഒതുക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നത്. വേട്ടക്കാരന്റെ ജീവിതത്തിനാണ് പലരും പ്രാധാന്യം കൽപ്പിക്കുന്നത്. നമ്മുടെ സമൂഹത്തിൽ നടന്നിട്ടുള്ള പല ക്രൂരമായ ബലാത്സംഗക്കേസുകളും തെളിയാതെ പോയതിനു പിന്നിൽ പ്രധാന സാക്ഷികളുടെ കൂറുമാറ്റങ്ങളാണ്. അതിന് ഒരു പരിധിവരെ കാരണം ആജീവനാന്തം നീണ്ടുപോകുന്ന വിചാരണയും, ആ കാലയളവിൽ അവർക്ക് നേരിടേണ്ടി വരുന്ന അപമാനം, മാനസിക പീഡനങ്ങൾ, ഭീഷണികൾ, ആക്രമണങ്ങൾ തുടങ്ങിയവയുമാണ്. " 

മിക്കവാറും കേസുകളിൽ ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീയെ വ്യക്തിഹത്യ നടത്തി, അവർ ഉഭയസമ്മതത്തോടെ ആദ്യം ബന്ധപ്പെട്ട് പിന്നീട് പ്രതീക്ഷിച്ച സാമ്പത്തികലാഭം കിട്ടാതെ വന്നപ്പോൾ വിലപേശിയതാണ് എന്നൊക്കെയുള്ള കഥകൾ അടിച്ചിറക്കിയും അവരെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കും. കോടതിമുറിയിൽ നടക്കുന്ന ക്രോസ് വിസ്താരമെന്ന എന്ന പ്രക്രിയ തന്നെ പലപ്പോഴും ഒരു ആഘോഷമാക്കി മാറ്റി, അനാവശ്യമായ ദ്വയാർത്ഥപ്രയോഗങ്ങൾ നടത്തി, പരാതിക്കാർ അനുഭവിച്ച ക്രൂരതകളുടെ വാക്കാലുള്ള പുനരാവിഷ്കാരങ്ങളാക്കി പ്രതിഭാഗം അഭിഭാഷകർ മാറ്റുന്നതും അവരെ വല്ലാതെ നിരുത്സാഹപ്പെടുത്തുന്ന ഒന്നാണ്.  

ഇന്ത്യയിലെ ഇന്നത്തെ അവസ്ഥ എന്താണ് ?

നിലവിൽ ഇതുവരെ ഇന്ത്യയിൽ കൃത്യമായ ഒരു സാക്ഷി സംരക്ഷണ പദ്ധതി അഥവാ വിറ്റ്നസ് പ്രൊട്ടക്ഷൻ സ്‌കീം നടപ്പിലാക്കപ്പെട്ടിട്ടില്ല. ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തിൽ ആദ്യമായി സാക്ഷികളുടെ ആവലാതികളെപ്പറ്റി പരാമർശിക്കപ്പെട്ടത്, 1958 -ലെ പതിനാലാം നിയമ കമ്മീഷൻ (14th Report of the Law Commission - 1958)  റിപ്പോർട്ടിലാണ്. എന്നാൽ അത് സുരക്ഷിതത്വത്തെപ്പറ്റി ആയിരുന്നില്ല. അവർക്ക് അവരുടെ ഗ്രാമങ്ങളിൽ നിന്ന് കോടതികളിലേക്ക് മൊഴിനൽകാനായി വന്നുപോകാനുള്ള യാത്രാബത്തയും, താമസ സൗകര്യവും മറ്റും അനുവദിച്ചില്ലെങ്കിൽ പോകെപ്പോകെ ആരും തന്നെ സാക്ഷിപറയാൻ  തയ്യാറായി മുന്നോട്ടുവരാനിടയില്ല എന്ന് ആ റിപ്പോർട്ട് ചൂണ്ടിക്കാണിച്ചു.  

1980 -ലെ നാലാം പൊലീസ് കമ്മീഷൻ(4th National Police Commission-1980 ) റിപ്പോർട്ടിലും സാക്ഷികളെപ്പറ്റിയുള്ള പരാമർശങ്ങളുണ്ടായി. കുറ്റം ചെയ്തതിനാണ് പ്രതികൾ തടവുശിക്ഷ അനുഭവിക്കുന്നത് എന്നത് ന്യായമാണ്, എന്നാൽ സാക്ഷികൾക്ക് സാക്ഷി പറയാൻ മുന്നോട്ടു വന്നതിന്റെ പേരിൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നത് കഷ്ടമാണ് എന്ന് റിപ്പോർട്ടിൽ പറഞ്ഞു. അവരെ പരമാവധി പ്രയാസപ്പെടുത്താതിരിക്കാൻ ശ്രമിക്കണമെന്നും, അവർക്ക് ഒരു ബത്ത അനുവദിക്കണം എന്നും ഈ റിപ്പോർട്ടിൽ നിർദേശമുണ്ടായിരുന്നു. 

2001 -ലെ നിയമ കമ്മീഷന്റെ നൂറ്റി എഴുപതിയെട്ടാം റിപ്പോർട്ടിൽ (178th Report of the Law Commission - 2001 ) സാക്ഷികൾ കൂറുമാറുന്നത് തടയാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റി പറഞ്ഞിട്ടുണ്ട്. 164-A എന്ന മജിസ്‌ട്രേറ്റിനുമുന്നിൽ രേഖപ്പെടുത്തപ്പെടുന്ന സാക്ഷിമൊഴി എന്നുള്ള നിർദേശം വരുന്നത് ഇതിന്റെ ഭാഗമായിട്ടാണ്. ഈ നിർദേശം പിന്തുടർന്നാണ് 2003 -ലെ ക്രിമിനൽ നിയമ ഭേദഗതിയിൽ- Criminal Law (Amendment) Bill, 2003 - ഏഴുവർഷത്തിൽ കൂടുതൽ ശിക്ഷ കിട്ടാൻ സാധ്യതയുള്ള കേസുകളിൽ മൊഴി രേഖപ്പെടുത്തുന്നത് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ ആയിരിക്കണം എന്നുള്ള വ്യവസ്ഥ നിയമത്തിന്റെ ഭാഗമായത് .

2002 -ലെ ജസ്റ്റിസ് മലീമത് കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന 158 നിർദേശങ്ങളിൽ ഒന്ന്, അമേരിക്കയിലും മറ്റുമുള്ള 'വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീമു'കളുടെ ചുവടുപിടിച്ച് ഇന്ത്യയിലും അത്തരത്തിലൊരു പദ്ധതി ഉടനടി നടപ്പിലാക്കണം എന്നായിരുന്നു. നിലവിലുള്ള നിയമത്തിലെ പഴുതുകൾ,  കുറ്റവാളികൾക്ക് ഏറെ ആനുകൂല്യങ്ങൾ നൽകുന്നതാണ് എന്നും, അതൊന്നും തന്നെ ആ കേസുകളിൽ ആക്രമണത്തിന് ഇരയാകുന്നവർക്കോ, അവരുടെ ബന്ധുക്കൾക്കോ, സാക്ഷികൾക്കോ ഒന്നും സഹായകരമല്ല  എന്നും ജസ്റ്റിസ് മലീമത് നിരീക്ഷിച്ചിരുന്നു. ജർമനിയിലും ഫ്രാൻസിലുമൊക്കെ ഉള്ള മജിസ്‌ട്രേറ്റ് കേസുകളുടെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന 'ഇൻക്വിസിറ്റോറിയൽ സിസ്റ്റം' ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ നടപ്പിൽ വരുത്തണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. സാക്ഷികൾക്ക് വേണ്ടവിധത്തിലുള്ള സംരക്ഷണം നൽകുന്നതിനൊപ്പം, അവരെ മാന്യമായി പരിചരിക്കുകയും, കോടതിയിൽ വിശ്രമിക്കാനും, ഇരിക്കാനും ഒക്കെയുള്ള സൗകര്യങ്ങൾ നൽകുകയും, അവരുടെ യാത്രാ ബത്ത അന്നേദിവസം തന്നെ നൽകാനും ഒക്കെ ജസ്റ്റിസ് മലീമത് കമ്മിറ്റി റിപ്പോർട്ടിൽ നിർദേശങ്ങൾ ഉണ്ടായിരുന്നു. 

ഇന്ത്യൻ നിയമ കമ്മീഷന്റെ നൂറ്റി തൊണ്ണൂറ്റി എട്ടാം റിപ്പോർട്ടിൽ സാക്ഷികളെപ്പറ്റിയുള്ള വിവരങ്ങൾ രഹസ്യമാക്കി വെക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നു. അതിൽ ആ നിർദേശങ്ങൾക്ക് ആധാരമാക്കിയത് ന്യൂസിലൻഡിലെയും പോർച്ചുഗലിലെയും നിലവിലെ സംവിധാനങ്ങളെയായിരുന്നു. വിശദമായ ഒരു പദ്ധതി നടപ്പിലാക്കണം എന്ന് ഈ റിപ്പോർട്ടിൽ നിർദേശം വന്നിരുന്നു. 

സാക്ഷി സംരക്ഷണ ബിൽ,  2015 

പ്രസ്തുത നിർദേശം പൂർണമായും അംഗീകരിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ 2015 -ൽ സാക്ഷി സംരക്ഷണ ബിൽ (Witness Protection Bill, 2015) കൊണ്ടുവന്നത്. ഈ പദ്ധതി വിഭാവനം ചെയ്യുന്ന കാര്യങ്ങൾ ഇനി പറയുന്നവയാണ്. 

  1. കേസിന്റെ വിചാരണ തുടങ്ങുന്ന അന്നുമുതൽ വിധിപ്രസ്താവം ഉണ്ടാകും വരെ സാക്ഷികൾക്ക് വേണ്ട സംരക്ഷണം നൽകുക. 
  2. വിചാരണക്കോടതിക്ക് കോടതിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന രീതിയിലുള്ള ഒരു ഒരു വിറ്റ്നസ് പ്രൊട്ടക്ഷൻ സെൽ രൂപീകരിക്കുക.  
  3. ദേശീയ/സംസ്ഥാന തലങ്ങളിൽ സാക്ഷി സംരക്ഷണ കൗൺസിലുകൾ രൂപീകരിക്കുക. 
  4. സാക്ഷിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ട കേസുകളിൽ അങ്ങനെ ചെയ്യപ്പെടുന്നുണ്ട് എന്നുറപ്പിക്കുക
  5. ഈ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുക.
  6. കള്ളസാക്ഷി പറയുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുക. 
     

'വിറ്റ്നസ് പ്രൊട്ടക്ഷൻ ബില്ലി'ന്റെ ഇപ്പോഴത്തെ അവസ്ഥ 

സാക്ഷി സംരക്ഷണ നിയമത്തിനായി കേന്ദ്രം കൊണ്ടുവന്ന ബിൽ  അന്ന് സംസ്ഥാനങ്ങളിൽ നിന്നുണ്ടായ കടുത്ത എതിർപ്പിനെത്തുടർന്ന് പാർലമെന്റിൽ പാസാക്കി എടുക്കാനാകാതെ പോവുകയും, പിന്നീട് കേന്ദ്രം അത് വേണ്ടെന്നു വെക്കുകയുമാണ് ഉണ്ടായത്. 2016 -ൽ കേന്ദ്രം ഈ വിഷയത്തിന്റെ സാധ്യതകളെപ്പറ്റിയും, നടപ്പിലാക്കേണ്ടി വന്നാൽ അത് സംസ്ഥാനങ്ങൾക്ക് ഉണ്ടാക്കാവുന്ന സാമ്പത്തിക ബാധ്യതകളെപ്പറ്റിയും ഒക്കെ പഠിക്കാൻ, ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് (BPR&D) യെ ചുമതലപ്പെടുത്തിയിരുന്നു. അത് ഇന്നും BPR&D -യുടെ ചുവപ്പുനാടകളിൽ കുരുങ്ങിക്കിടക്കുകയാണ്. 

കൃത്യമായ ഒരു സാക്ഷി സംരക്ഷണ പദ്ധതി രാജ്യത്ത് നിലവിലില്ലാത്തിടത്തോളം കാലം, ഉന്നാവോയിലെ പെൺകുട്ടിയെപ്പോലെ ആക്രമണത്തിന് ഇരയായവരെ ശുഭം ത്രിവേദിയെപ്പോലുള്ള പ്രതികൾ പെട്രോളൊഴിച്ച് കത്തിച്ചുകൊണ്ടിരിക്കും, കുൽദീപ് സെംഗാറിനെപ്പോലുള്ള സമൂഹത്തിലെ ഉന്നതരായ കുറ്റവാളികൾ തങ്ങൾക്കെതിരെ നിൽക്കുന്ന സാക്ഷികളെയും പീഡിതരെയും ട്രക്കിടിച്ച് കൊന്നുകൊണ്ടിരിക്കും, എന്തിന് യാതൊരു സ്വാധീനവുമില്ലാത്ത മെഹ്ഫൂസിനെയും ബാബുവിനെയും പോലുള്ള തെരുവുഗുണ്ടകൾ പോലും കോടതികയറി കേസുനടത്താനും സാക്ഷിപറയാനും മുന്നിട്ടിറങ്ങുന്നവരെ ചവിട്ടിക്കൊന്നുകൊണ്ടിരിക്കും. അങ്ങനെ സംഭവിക്കും വരെ പൊലീസ് കയ്യും കെട്ടി നോക്കിനിൽക്കും. 

How long will we let the witnesses be intimidated in this country?

'നീലം കടാര, മകൻ വികാസ് കടാരയെ കൊന്ന കേസിൽ സുപ്രീം കോടതിയിൽ നിന്ന് അനുകൂലവിധി നേടിയ ശേഷം' 

ഇനിയും ഇത്തരത്തിൽ സാക്ഷികൾക്കുനേരെയുള്ള ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ, കൃത്യമായ ഒരു സാക്ഷി സംരക്ഷണ നിയമം ഈ രാജ്യത്ത് എത്രയും പെട്ടെന്ന് നടപ്പിലാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണരേണ്ടതുണ്ട്. പ്രസിദ്ധമായ 'നീലം കടാരാ vs യൂണിയൻ ഓഫ് ഇന്ത്യ' കേസിൽ സുപ്രീം കോടതി നടത്തിയ ശ്രദ്ധേയമായ മറ്റൊരു നിരീക്ഷണം കൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം, " ഏതൊരു കേസിലും കൃത്യമായ അന്വേഷണവും, വിചാരണയും നടക്കുന്നതിന്റെ ആധാരമെന്നത് മൊഴിനൽകാൻ കോടതി സമക്ഷം കടന്നുവരാനുള്ള സാക്ഷികളുടെ ധൈര്യമാണ്. അതിനെ പ്രലോഭനങ്ങളും, ഭീഷണികളും, അക്രമങ്ങളും കൊണ്ട് ഇല്ലാതാക്കുമ്പോൾ തകരുന്നത് നീതിന്യായവ്യവസ്ഥയുടെ ആധാരശില കൂടിയാണ്."   

 

Reference: 

1. Witness Protection Law in India: Issues and Current Status, GK Today.
 

 

Follow Us:
Download App:
  • android
  • ios