ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. 72 വർഷത്തെ ജനാധിപത്യത്തിനിടെ അതങ്ങനെ അല്ലാതിരുന്നത് വെറും ഇരുപത്തൊന്നു മാസക്കാലമാണ്. 1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെ. ഇന്ദിരാഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് 45 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ 'ഇരുളടഞ്ഞ ദിനങ്ങൾ' എന്നാണ് ചരിത്രകാരന്മാർ ഈ കാലത്തെ വിശേഷിപ്പിച്ചിട്ടുള്ളത്.

ഇന്ത്യ സ്വാതന്ത്ര്യം കിട്ടിയ അന്ന് തൊട്ട് രാജ്യം പരിപാലിച്ചുപോന്ന ജനാധിപത്യ മൂല്യങ്ങളെ നിർദാക്ഷിണ്യം കശാപ്പുചെയ്ത ഒരു കാലമായിരുന്നു അത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിനൊപ്പം കടന്നുവന്ന ഒന്നാണ് പ്രസ് സെൻസർഷിപ്പ് അഥവാ മാധ്യമങ്ങൾക്കുള്ള നിയന്ത്രണം. അന്ന് പത്രങ്ങൾക്ക് മൂക്കുകയറിടാൻ വേണ്ടി അണിയറയിൽ ശ്രമങ്ങൾ നടത്തിയത് ഇന്ദിരാ ഗാന്ധിയുടെ ഇളയമകൻ സഞ്ജയ് ഗാന്ധിയായിരുന്നു. അന്ന് പത്രങ്ങൾ മാത്രമായിരുന്നു ഇന്ത്യയിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം നടത്തിയിരുന്നത്. കാരണം, ഇന്നത്തെപ്പോലെ അന്ന് സ്വകാര്യ ചാനലുകൾ കടന്നുവന്നിട്ടില്ല. റേഡിയോയും ടെലിവിഷനും അപ്പോൾ പൂർണ്ണമായും സർക്കാർ തന്നെയാണ് നടത്തിയിരുന്നത്.

1975 ജൂൺ 25 -നും 1977 മാർച്ച് 21 -നും ഇടയിലുള്ള 21 മാസങ്ങളാണ് 'അടിയന്തരാവസ്ഥ' എന്ന ഒരൊറ്റവാക്കിൽ നമ്മൾ ഒതുക്കാറുള്ളത്. ഇന്നേക്ക് 45 വർഷം മുമ്പാണ് ഇന്ദിരാ ഗാന്ധി എന്ന ഇന്ത്യൻ പ്രധാനമന്ത്രി അന്നത്തെ പ്രസിഡന്റ് ഫക്രുദ്ദീൻ അലി അഹ്മദിനെക്കൊണ്ട് രാജ്യത്ത് അടിയന്തരാവസ്ഥ' പ്രഖ്യാപിപ്പിക്കുന്നത്. രാജ്യത്ത് നിലനിന്നിരുന്ന ആഭ്യന്തര കലാപാവസ്ഥയാണ് അതിനു കാരണമായി ഇന്ദിര ചൂണ്ടിക്കാണിച്ചത്. ഇന്ത്യയിലെ സകല അധികാരങ്ങളും അതോടെ ഇന്ദിര ഗാന്ധി എന്ന ഒരൊറ്റ വ്യക്തിയിൽ കേന്ദ്രീകൃതമായി. തെരഞ്ഞെടുപ്പുകൾ റദ്ദാക്കപ്പെട്ടു, പൗരന്മാരുടെ അടിസ്ഥാനപരമായ മൗലികാവകാശങ്ങൾ ഒരു നിമിഷം കൊണ്ട് അസാധുവായി. ആറാറുമാസം കൂടുമ്പോൾ ഇന്ദിരയുടെ നിർദേശപ്രകാരം പ്രസിഡന്റ് അടിയന്തരാവസ്ഥ നീട്ടിക്കൊടുത്തുകൊണ്ടിരുന്നു.

അടിയന്തരാവസ്ഥയിലേക്ക് നയിച്ച സാഹചര്യം 

അറുപത്തേഴിനു ശേഷം ഇന്ദിരക്ക് ഇന്ത്യയുടെ ഭരണസംവിധാനത്തിൽ വർദ്ധിച്ചുവന്ന സ്വാധീനം പ്രകടമായിരുന്നു. അത്, 1971 -ലെ ഇന്തോ-പാക് യുദ്ധത്തിൽ നേടിയ വിജയം ഇന്ദിരയുടെ അപ്രമാദിത്വം അരക്കിട്ടുറപ്പിച്ചു. 'ഇന്ത്യ ഈസ് ഇന്ദിര, ഇന്ദിര ഈസ് ഇന്ത്യ' എന്ന മുദ്രാവാക്യം വിശ്വസ്ത വിധേയനായ ദേവകാന്ത ബറുവയുടെ വായിൽ നിന്ന് പുറപ്പെട്ടപ്പോൾ ബൻസിലാൽ, വിദ്യാശങ്കർ ശുക്ല, സഞ്ജയ് ഗാന്ധി, സിദ്ധാർഥ ശങ്കർ റേ തുടങ്ങിയ നേതാക്കൾ അതേറ്റുചൊല്ലി. ഇന്ദിരയുടെ ചുറ്റുമുള്ള ഉപജാപകവൃന്ദം തോന്നുംപടി കാര്യങ്ങൾ മുന്നോട്ട് നീക്കാൻ തുടങ്ങിയപ്പോൾ, മറുപക്ഷത്ത് സമാജ് വാദി നേതാവ് രാജ് നാരായണെപ്പോലുള്ളവർ ഇന്ദിരയെ പിടിച്ചു കെട്ടാനുള്ള ശ്രമത്തിലായിരുന്നു.

 

റായ് ബറേലി മണ്ഡലത്തിൽ നിന്നുള്ള ഇന്ദിരയുടെ തെരഞ്ഞെടുപ്പ് വിജയത്തെ കോടതിയിൽ ചോദ്യം ചെയ്തു രാജ് നാരായൺ. പ്രധാനമന്ത്രിയുടെ സ്റ്റെനോഗ്രാഫറായിരുന്ന യശ്പാൽ കപൂർ, സർക്കാർ സർവീസിൽ ഇരുന്നുകൊണ്ട് ഇന്ദിരയുടെ തെരഞ്ഞെടുപ്പ് പ്രചാരണവേളകളിൽ മുഴുകിയത് ചൂണ്ടിക്കാണിച്ചായിരുന്ന രാജ് നാരായന്റെ കേസ്. കേസ് വളരെ ശക്തമാണ് എന്നും, കോടതിയിൽ ചിലപ്പോൾ പ്രതികൂലമായ വിധി വരാനിടയുണ്ട് എന്നുമുള്ള നിയമോപദേശം കിട്ടിയത് ഇന്ദിരയെ വല്ലാത്ത ഭയാശങ്കകളിലേക്ക് തള്ളിയിട്ടിരുന്നു.

രാജ്യത്ത് കത്തിപ്പടരുന്ന ആഭ്യന്തര സമരങ്ങൾ 

ഏതാണ്ട് അതേ കാലത്തുതന്നെ, രാജ്യത്തിന്റെ പലഭാഗങ്ങളിലും വിദ്യാർത്ഥി സമരങ്ങളും പൊട്ടിപ്പുറപ്പെട്ടുതുടങ്ങി. ഗുജറാത്തിലെ വിദ്യാർത്ഥി സംഘടനകൾ ഒന്നടങ്കം, മുഖ്യമന്ത്രി ചിമൻഭായ് പട്ടേലിന്റെ അഴിമതി ഭരണത്തിനെതിരെ അനിശ്ചിതകാല പ്രക്ഷോഭം പ്രഖ്യാപിച്ചു നിരത്തിലിറങ്ങി. ഗുജറാത്തിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിന്റെ തീപ്പൊരി ആളിപ്പടർന്നത് പക്ഷേ, ബിഹാറിലായിരുന്നു. അവിടെ ഇന്ദിരയുടെ വിശ്വസ്തനായ അബ്ദുൽ ഗഫൂറിന്റെ ഭരണമായിരുന്നു. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങായിരുന്നു അന്ന് ബിഹാർ സംസ്ഥാനം. സംസ്ഥാനത്തെ അഴിമതികൊണ്ട് പൊറുതിമുട്ടിയ യുവജനങ്ങൾ തെരുവിലിറങ്ങി മുദ്രാവാക്യങ്ങൾ മുഴക്കിയപ്പോൾ, ആവേശം പിടികൂടിയത് ജീവിതത്തിന്റെ സായാഹ്നത്തിൽ എത്തി നിന്നിരുന്ന സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണായിരുന്നു. വിദ്യാർത്ഥി നേതാക്കൾ വീട്ടിലെത്തി ജെപിയോട് സമരത്തിന് നേതൃത്വം വഹിക്കാൻ അഭ്യർത്ഥിച്ചപ്പോൾ അദ്ദേഹം ഒരേയൊരു ഉപാധിയിന്മേൽ സമ്മതം മൂളി. 'എന്ത് പ്രകോപനം ഭരിക്കുന്ന പാർട്ടിയുടെ ഉദ്യോഗസ്ഥവൃന്ദത്തിൽ നിന്നുണ്ടായാലും, സമരക്കാരുടെ ഭാഗത്തു നിന്ന് അക്രമം ഉണ്ടാകാൻ പാടില്ല' എന്നതായിരുന്നു ജെപിയുടെ ഒരേയൊരു നിബന്ധന.

 

 

ഇന്ത്യയൊട്ടുക്കും പ്രസിദ്ധനായ സാക്ഷാൽ ജയപ്രകാശ് നാരായൺ എന്ന കറയറ്റ സോഷ്യലിസ്റ്റ് സമരത്തിന്റെ ചുക്കാൻ പിടിച്ചതോടെ ആസേതുഹിമാചലം ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഭരണകൂടവിരുദ്ധ മുദ്രാവാക്യങ്ങൾ ഗ്രാമങ്ങളിലും, പട്ടണങ്ങളിലും, നഗരങ്ങളിലും, വിദ്യാലയങ്ങളിലും, കലാലയങ്ങളിലും, സർവകലാശാലകളിലും ഉയർന്നു കേട്ടുതുടങ്ങി. സമരങ്ങളെ അടിച്ചമർത്താൻ ഇന്ദിരയും ശ്രമങ്ങൾ തുടങ്ങി. ജെപിക്കു നേരെ ഉയർന്ന മർദനം തടയുന്നതിനിടെ പലർക്കും പരിക്കേറ്റു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അക്രമം ജെപിയെ ക്ഷുഭിതനാക്കി. 1975 മെയ് 6 -ന്  ഇന്ദിരയ്ക്കെതിരെ ജെപി ദില്ലിയിൽ നടത്തിയ ലക്ഷം പേരുടെ ലോങ്ങ് മാർച്ചിൽ ഉയർന്നു കേട്ട മുദ്രാവാക്യമിതായിരുന്നു, "ജനങ്ങളുടെ ഹൃദയങ്ങൾ പറയുന്നത് കേട്ടോ, ഇന്ദിരയുടെ സിംഹാസനം ആടിയുലഞ്ഞുതുടങ്ങിയെന്ന്..." അതിനു ശേഷം, 1975 ജൂൺ 5 -ന് ദില്ലിയിൽ ജെപി നയിച്ച വിരാട് റാലിയിൽ ലക്ഷങ്ങൾ പങ്കെടുത്തു. അന്ന് ഇളകിമറിയുന്ന ജനസാഗരത്തെ അഭിസംബോധന ചെയ്തുകൊണ്ട് ജെപി രാജ്യത്തെ പൊലീസുകാരോടും പട്ടാളത്തോടുമായി ഏറെ വിവാദാസ്പദമായ ഒരു ആഹ്വാനം നടത്തി," നിയമവിരുദ്ധമായ ആജ്ഞകൾ അനുസരിക്കാൻ നിങ്ങൾക്ക് ബാധ്യസ്ഥതയില്ല "

അലഹബാദ് ഹൈക്കോടതി വിധി 

ജൂൺ 12 -ന്  അലഹബാദ് ഹൈക്കോടതിയുടെ ചരിത്രപ്രധാനമായ വിധി വന്നു. ഇന്ദിരയുടെ തെരഞ്ഞെടുപ്പ് വിജയം കോടതി റദ്ദാക്കി. അടുത്ത ആറുവർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഇന്ദിരയെ വിലക്കി. ഗുജറാത്തിലും ഇന്ദിരക്ക് കടുത്ത തിരിച്ചടികൾ നേരിടേണ്ടി വന്നു. ഈ ഇരട്ട പ്രഹരം ഇന്ദിരയെ കോപം കൊണ്ട് അന്ധയാക്കി. അവർ ജെപിയെ അറസ്റ്റുചെയ്യാൻ പൊലീസിന് നിർദേശം നൽകി. രാജ്യം മുഴുവൻ അലയടിച്ച സമരങ്ങൾ കേന്ദ്രസർക്കാരിനെ പ്രതിസന്ധിയിൽ ആക്കുന്നുണ്ടായിരുന്നു. ഇന്ദിരയ്ക്ക് അന്ന് ഉപദേശം നല്കാനുണ്ടായിരുന്നത് ഇളയ പുത്രനായ സഞ്ജയ് ഗാന്ധി ആയിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സിദ്ധാർത്ഥ ശങ്കർ റേ ആണ് രാജ്യത്തെ നിയന്ത്രണാധീനമാക്കാൻ വേണ്ടി, ഇന്ദിരക്ക് 'അടിയന്തരാവസ്ഥ' എന്ന മാർഗം നിർദേശിക്കുന്നത്. വിശദാംശങ്ങൾ കേട്ടതോടെ ഇന്ദിരയ്ക്കും സംഗതി കൊള്ളാം എന്ന് ബോധ്യപ്പെട്ടു. തനിക്കെതിരായ അലഹബാദ് ഹൈക്കോടതി വിധി വന്നു പതിമൂന്നാം ദിവസം, 1975 ജൂൺ 25 -ന് അർദ്ധരാത്രിയോടടുപ്പിച്ച്, ഓൾ ഇന്ത്യാ റേഡിയോയുടെ സ്റ്റേഷനിലിരുന്ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട്.

 

 

അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ഒട്ടുമിക്ക പത്രങ്ങളുടെയും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. പിന്നീട് കൃത്യമായ സെൻസർഷിപ്പ് നിയന്ത്രണങ്ങളോടെ, ഭരണകൂടത്തിന് ഗുണകരമായ വാർത്തകൾ മാത്രം അച്ചടിച്ചുവരും എന്നുറപ്പുവരുത്തിയ ശേഷം മാത്രമാണ് ആ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് നൽകുന്നത്. ഇന്ത്യ പോലെ ഒരു ജനാധിപത്യരാജ്യത്ത് ഈ പ്രസ് സെൻസർഷിപ്പ് എങ്ങനെ ഭരണഘടനാനുസൃതമായി നടപ്പിലാക്കി എന്നാവും? അങ്ങനെ ഒരു നിയന്ത്രണത്തിനും ഇന്ത്യൻ ഭരണഘടനയിൽ വകുപ്പുണ്ട്. ഇന്ത്യൻ പൗരന്മാർക്ക് അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ചു നൽകുന്നത് ഭരണഘടനയുടെ പത്തൊമ്പതാം അനുച്ഛേദമാണല്ലോ. ആ സ്വാതന്ത്ര്യങ്ങളുടെ കൂട്ടത്തിലാണ് മാധ്യമപ്രവർത്തന സ്വാതന്ത്ര്യവും ഉൾപ്പെടുക. അത് അനുവദിച്ചു നൽകുന്ന പത്തൊമ്പതാം അനുച്ഛേദത്തിന്റെ രണ്ടാം ഖണ്ഡം പറയുന്നത് പ്രസ്തുത അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണങ്ങളെപ്പറ്റിയാണ്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര പ്രയോജനപ്പെടുത്തിയതും ഈ നിയന്ത്രണങ്ങൾ തന്നെ. 'രാജ്യ സുരക്ഷ', 'വിദ്വേഷ പ്രചാരണം' തുടങ്ങിയ കാരണങ്ങളാണ് അവർ മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ കാരണമായി പറഞ്ഞത്.

 ആദ്യപ്രതികരണം അവിശ്വസനീയതയായിരുന്നു. തങ്ങൾ ഇത്രയും കാലം ജീവിച്ച, സ്വതന്ത്രമായി പത്രപ്രവർത്തനം നടത്തിയ ഇന്ത്യയെന്ന സ്വതന്ത്ര രാജ്യത്ത് ഇത്തരത്തിൽ പ്രസ് സെൻസർഷിപ്പ് നടപ്പിൽ വരും എന്നത് പല സീനിയർ ജേർണലിസ്റ്റുകൾക്കും തീർത്തും അവിശ്വസനീയമായി തോന്നി. അവർ അത് വിശ്വസിക്കാൻ തുടക്കത്തിൽ മടി കാണിച്ചു. പത്രങ്ങളും, സുതാര്യവും സ്വതന്ത്രവുമായ നീതിന്യായ വ്യവസ്ഥയും ജനാധിപത്യത്തിന്റെ അവിഭാജ്യസ്‌തംഭങ്ങളായി അന്ന് കണ ക്കാക്കപ്പെട്ടിരുന്നു. തുടക്കത്തിലേ ആ 'വിശ്വസിക്കാൻ മടി കാണിക്കൽ' പൊലീസിൽ നിന്നുള്ള കടുത്ത നടപടികളോടെ മാറി. പതുക്കെ മാധ്യമങ്ങൾ അത് അംഗീകരിച്ചു. അവർ രാജ്യം ഭരിക്കുന്ന സർവ്വശക്തയായ പരമാധികാരിയുടെ ഉത്തരവിന് മുന്നിൽ മുട്ടുമടക്കി. അന്ന് പ്രതിപക്ഷത്തെ പ്രമുഖനായ നേതാവായിരുന്ന ലാൽ കൃഷ്ണ അദ്വാനിയുടെ ഒരു നിരീക്ഷണത്തിൽ നിന്ന് കാര്യങ്ങൾ വ്യക്തമാകും," ഇന്ദിര കുനിയാൻ പറഞ്ഞപ്പോൾ, പത്രങ്ങൾ മുട്ടിൽ ഇഴഞ്ഞു". ഒരു അഭിമുഖത്തിനിടെ ഇന്ദിര നടത്തിയ ആത്മവിമർശനം ഇപ്രകാരമായിരുന്നു, " എന്റെ അച്ഛൻ ഒരു രാഷ്ട്രതന്ത്രജ്ഞൻ ആയിരുന്നു. ഞാനൊരു രാഷ്ട്രീയക്കാരിയാണ്. അച്ഛനൊരു പുണ്യാളനായിരുന്നു. ഞാൻ അങ്ങനെയല്ല."

 

 

ഇന്ത്യൻ ഭരണഘടനയുടെ പത്തൊമ്പതാം അനുച്ഛേദം ഇന്ത്യൻ പൗരന്മാർക്ക് അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ചു നൽകുന്നുണ്ട്. അതിൽ മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും ഉൾപ്പെടും. അതേ അനുച്ഛേദത്തിന്റെ രണ്ടാം ഖണ്ഡം പറയുന്നത് പ്രസ്തുത അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണങ്ങളെപ്പറ്റിയാണ്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര പ്രയോജനപ്പെടുത്തിയതും അതുതന്നെ. 'രാജ്യ സുരക്ഷ', 'വിദ്വേഷ പ്രചാരണം' തുടങ്ങിയ കാരണങ്ങളാണ് അവർ മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ കാരണമായി പറഞ്ഞത്.

അടിയന്തരാവസ്ഥയോടുള്ള മാധ്യമങ്ങളുടെ പ്രതികരണം

ഇന്ദിരാ ഗാന്ധിയെ ഏറെക്കുറെ പിന്തുണച്ചിരുന്ന വ്യവസായ പ്രമുഖൻ കെകെ ബിർള നയിച്ചിരുന്ന ഹിന്ദുസ്ഥാൻ അടിയന്തരാവസ്ഥക്കാലത്ത് സർക്കാരിനെ ഏറ്റുപാടി. ടൈംസ് ഓഫ് ഇന്ത്യയും അതുതന്നെ ചെയ്തു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അന്നുതൊട്ട് ഇരുപത്രങ്ങളിൽ നിന്നും രാഷ്ട്രീയ കാർട്ടൂണുകൾ അപ്രത്യക്ഷമായി. ഇന്ദിരയുടെ കാരിക്കേച്ചർ വരയ്ക്കാൻ പിന്നീടാരും ധൈര്യപ്പെട്ടില്ല.  ഇല്ലസ്ട്രേറ്റഡ് വീക്കിലിയുടെ തലപ്പത്തിരുന്ന ഖുശ്വന്ത് സിംഗ് അടിയന്തരാവസ്ഥയെ പ്രകീർത്തിച്ചുകൊണ്ട് എഴുതി. " ഇന്ദിരാഗാന്ധിക്കെതിരെ നടന്ന അക്രമങ്ങൾ പരിധിവിട്ടപ്പോഴാണ് അടിയന്തരാവസ്ഥയിലേക്ക് രാജ്യം നീങ്ങേണ്ടി വന്നത്. പ്രക്ഷോഭകാരികൾ അക്രമം അഴിച്ചു വിടുന്നത് ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടതാണ്. ഇങ്ങനെയുള്ള അക്രമങ്ങൾ രാജ്യത്ത് അങ്ങോളമിങ്ങോളം അരങ്ങേറിയപ്പോഴും അതിനെ നിയന്ത്രിക്കാതെ പ്രതിപക്ഷ നേതാക്കൾ കയ്യും കെട്ടി നോക്കി നിന്നത് അതിന്റെ സമ്മർദ്ദം കൊണ്ട് ഇന്ദിരാഗാന്ധി രാജിവെച്ചിറങ്ങിപ്പോയാലോ എന്ന പ്രതീക്ഷപ്പുറത്താണ് "

 

പത്രങ്ങളിൽ പലതും എങ്ങനെ പ്രതികരിക്കണം എന്ന തീരുമാനം എടുക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പത്തിലായിരുന്നു. ഉദാ. രാജ്യത്തെ നിയമം എന്തായാലും അതിനെ മാനിക്കണം എന്നതായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ നയം. നിർഭാഗ്യവശാൽ അടിയന്തരാവസ്ഥയായിരുന്നു അപ്പോഴത്തെ രാജ്യത്തെ നിയമം. അതുകൊണ്ട് അതിനെതിരെ ശബ്ദിക്കുന്നത് നിയമ ലംഘനമാകും. അവരുടെ എഡിറ്റോറിയൽ കമ്മിറ്റി ഒടുവിൽ 'അടിയന്തരാവസ്ഥയെ എതിർക്കാൻ കഴിഞ്ഞില്ലെങ്കിൽ, പിന്തുണക്കാതെ ഇരിക്കുകയെങ്കിലും ചെയ്യാം' എന്ന തീരുമാനത്തിലെത്തി. അന്ന് മാധ്യമങ്ങളെപ്പറ്റി ഉയർന്ന നിരീക്ഷണം, 'വന്ധ്യംകരിക്കപ്പെട്ട' ഇന്ത്യൻ പ്രസ് എന്നായിരുന്നു. സഞ്ജയ് ഗാന്ധിയുടെ നിർബന്ധിത വന്ധ്യംകരണ പദ്ധതിയുടെ പേരിൽ ആയിരുന്നു ഈ പരിഹാസം. 

സർക്കാരിന്റെ അപ്പ്രൂവൽ ഇല്ലാതെ ഒരു രാഷ്ട്രീയ വാർത്തയും പോകരുത് എന്നതായിരുന്നു അന്നത്തെ പത്രനയം. അതുകൊണ്ടുതന്നെ രാഷ്ട്രീയസംബന്ധിയായ വാർത്തകൾ എല്ലാ പത്രങ്ങളിലും ഏകദേശം ഒരേ പോലിരുന്നു. എന്താണ് വാർത്ത എന്ന് സർക്കാർ നിർണയിക്കും എന്ന അവസ്ഥ വന്നു. 1971 -ലെ ഡിഫൻസ് ഓഫ് ഇന്ത്യ നിയമം പ്രകാരം, രാജ്യത്തെ എല്ലാ പത്രാധിപന്മാർക്കും, പ്രസാധകന്മാർക്കും സർക്കാർ വക  സെൻട്രൽ സെൻസർഷിപ്പ് ഓർഡർ കിട്ടി. അതിൽ അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങൾ എന്തൊക്കെ അച്ചടിക്കാം എന്തൊക്കെ പാടില്ല എന്നതിന്റെ വിശദമായ വർണ്ണനകളുണ്ടായിരുന്നു. അവ പാലിക്കുക എന്നാൽ, പിആർഡി നൽകിയിരുന്ന പത്രക്കുറിപ്പുകൾ അതേ പടി അച്ചടിക്കലായി പലപ്പോഴും.

സെൻസർഷിപ്പ് എന്ന കെടുതി 

സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളെപ്പറ്റി എന്തെങ്കിലും അച്ചടിക്കണമെങ്കിൽ അതിന്റെ കോപ്പി ആദ്യം തന്നെ സർക്കാർ നിയമിച്ച സെൻസർ ഓഫിസർക്ക് അയച്ചു നൽകണം. എന്തെങ്കിലും രാഷ്ട്രീയ നിരീക്ഷണങ്ങൾ എഴുതി അപ്പ്രൂവലിന് അയച്ചാൽ, അത് വല്ലാതെ വൈകിച്ച് പത്രങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നു. പലപ്പോഴും, പത്രം അച്ചടിക്കാൻ നേരത്തേക്ക് രാഷ്ട്രീയ നിരീക്ഷണത്തിന് അപ്രൂവൽ കിട്ടാതെ അതിനു പകരം 'ഉള്ളിക്കറി' ഉണ്ടാക്കേണ്ടതെങ്ങനെ എന്ന തരത്തിലുള്ള പാചകക്കുറിപ്പുകളും മറ്റും പ്രസിദ്ധപ്പെടുത്തേണ്ടി വന്നു പത്രങ്ങൾക്ക്. എന്തിന്, ബ്രിട്ടീഷ് ദുർഭരണത്തിനെതിരെ ഗാന്ധിജിയും ടാഗോറുമെല്ലാം പറഞ്ഞ പല ഉദ്ധരണികളും, മുദ്രാവാക്യങ്ങളും വരെ അക്കാലത്തു കരിമ്പട്ടികയിൽ ഉൾപ്പെട്ടു. അന്നത്തെ സർക്കാരിനും പ്രസ്തുത മുദ്രാവാക്യങ്ങൾ നന്നായി ചേരും എന്നത് തന്നെ കാരണം.

അപൂർവം ചില പത്രങ്ങളിൽ അടിയന്തരാവസ്ഥയെ വിമർശിച്ചുകൊണ്ടും ചിലത് അച്ചടിച്ച് വന്നു. അത്തരത്തിൽ ഏറെ ചരിത്ര പ്രാധാന്യമുള്ള ഒന്നായിരിക്കുന്നു ടൈംസ് ഓഫ് ഇന്ത്യയിൽ അച്ചടിച്ചുവന്ന ജനാധിപത്യത്തിന്റെ ചരമക്കുറിപ്പ്. അശോക് മഹാദേവൻ എന്ന ടൈംസ് ഓഫ് ഇന്ത്യയിലെ ഇരുപത്താറുകാരനായ ജേർണലിസ്റ്റ് അന്ന് ഗൂഢഭാഷയിൽ പ്രസിദ്ധപ്പെടുത്തിയ ആ ഒബിച്വറിയിലൂടെ തന്റെ പ്രതിഷേധം അടിയന്തരാവസ്ഥയുടെ ചരിത്രത്തിൽ രേഖപ്പെടുത്തി.


 'ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധപ്പെടുത്തിയ ജനാധിപത്യത്തിന്റെ ചരമക്കുറിപ്പ് '

ഇന്ത്യൻ എക്സ്പ്രസ്, സ്റ്റേറ്റ്സ്മാൻ, ഹിമ്മത്, ഹിന്ദു പോലുള്ള പത്രങ്ങൾ അന്ന് അടിയന്തരാവസ്ഥയെ നിശിതമായി വിമർശിച്ചുകൊണ്ട് എഴുതിയി. 1975 ജൂൺ 28 -ന് എക്സ്പ്രസ് ഒരു ബ്ലാങ്ക് എഡിറ്റോറിയൽ പ്രസിദ്ധം ചെയ്താണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഫിനാൻഷ്യൽ എക്സ്പ്രസ് ആകട്ടെ, ടാഗോറിന്റെ ഗീതാഞ്ജലിയിൽ സ്വാതന്ത്ര്യത്തെ പ്രകീർത്തിക്കുന്ന കവിതാശകലമാണ് വെണ്ടയ്ക്കാ അക്ഷരങ്ങളിൽ അച്ചടിച്ചത്. " ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക് എന്റെ ദൈവമേ എന്റെ രാജ്യം ഉണരേണമേ.." എന്നായിരുന്നു ആ വരികൾ അവസാനിച്ചത്. അടിയന്തരാവസ്ഥയുടെ തീച്ചൂളയിലേക്കാണ് മധു ട്രെഹാൻ പത്രാധിപരായി ഇന്ത്യ ടുഡേ എന്ന ചെറുമാസിക 1975 ഒക്ടോബർ മാസം അതിന്റെ ആദ്യ ലക്കമിറക്കുന്നത്. കല്പന ശർമ്മ എഡിറ്റ് ചെയ്തിരുന്ന 'ഹിമ്മത്'(ധൈര്യം) എന്ന് പേരായ ഹിന്ദി വാരിക, അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ശേഷമുള്ള ആദ്യരണ്ടു ലക്കം മുഖപ്രസംഗം ഒഴിച്ചിട്ടു. മൂന്നാം ലക്കം മുതൽ നിശിതമായ വിമർശനങ്ങൾ പ്രസിദ്ധപ്പെടുത്തി. അതും, സെൻസർ ചട്ടങ്ങൾ ലംഘിച്ചതിന് നോട്ടീസ് കയ്യിൽ കിട്ടും വരെ മാത്രമേ സാധിച്ചുള്ളൂ.

 

ഇത്തരത്തിലുള്ള ഒറ്റപ്പെട്ട പ്രതിഷേധസ്വരങ്ങൾ ഉയർന്നിരുന്നു എങ്കിലും, ഏറെക്കുറെ ഇന്ദിരാഗവണ്മെന്റിന്റെ കൈപ്പിടിക്കുള്ളിൽ തന്നെയായിരുന്നു പത്രങ്ങളത്രയും. അന്ന് പത്രങ്ങളുടെ ഒരു പ്രധാനവരുമാനം ഗവൺമെന്റ് പരസ്യങ്ങളായിരുന്നു. തങ്ങളോട് വിധേയത്വം പ്രകടിപ്പിക്കാത്ത പത്രങ്ങൾക്ക് ഗവൺമെന്റ് പരസ്യങ്ങൾ നിഷേധിക്കപ്പെട്ടു.  അതോടെ അന്നുവരെ എതിർക്കാൻ ശ്രമിക്കുന്ന പല പത്രങ്ങൾക്കും ലാഭകരമായി സ്ഥാപനം നടത്താൻ പറ്റാത്ത അവസ്ഥയായി. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ(PTI), യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ(UNI) എന്നീ ദേശീയ ന്യൂസ് ഏജൻസികളെയും സർക്കാർ നിർബന്ധപൂർവം തമ്മിൽ ലയിപ്പിച്ചു.

സഞ്ജയ് ഗാന്ധിയുടെ വഴിവിട്ട ഇടപെടലുകൾ 

സഞ്ജയ് ഗാന്ധിയുടെ ഇടപെടലുകൾ അന്ന് ഏറെ രാഷ്ട്രീയ കാലുഷ്യങ്ങൾക്ക് കാരണമായി. അന്നത്തെ വാർത്താവിതരണ വകുപ്പ് മാത്രിയായ ഐ കെ ഗുജ്റാളുമായി സഞ്ജയ് ഗാന്ധി സെൻസർഷിപ്പിന്റെ പേരും പറഞ്ഞ പലവട്ടം ഉടക്കി. "ദൂരദർശനിൽ പ്രക്ഷേപണം ചെയ്യുന്ന എല്ലാ വാർത്തകളും എന്നെ കേൾപ്പിച്ച ശേഷം മാത്രമേ എയർ ചെയ്യാൻ പാടുള്ളൂ.." ഒരിക്കൽ സഞ്ജയ് ഗാന്ധി ഇന്ദിരാ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഗുജ്‌റാളിനോട് പറഞ്ഞു. "സാധ്യമല്ല" ഗുജ്‌റാളിന്റെ മറുപടി വളരെ പെട്ടന്നായിരുന്നു. ഇന്ദിര ഉണ്ടായിരുന്നതുകൊണ്ട് അപ്പോൾ സഞ്ജയ് മറുപടിയൊന്നും പറഞ്ഞില്ല. എന്നാൽ അടുത്ത ദിവസം രാവിലെ ഗുജ്റാളിനെ ഒറ്റക്ക് കിട്ടിയപ്പോൾ സഞ്ജയ് കാര്യമായി ശകാരിച്ചു, എന്നിട്ട് പറഞ്ഞു, " നിങ്ങൾക്ക് നിങ്ങളുടെ വകുപ്പ് കൊണ്ടുനടക്കാൻ അറിയില്ല". മറുപടിയായി ഗുജ്റാൾ ഒരൊറ്റ കാര്യമേ പറഞ്ഞുള്ളൂ," നിനക്ക് വല്ലതും പറയാൻ ഉണ്ടെങ്കിൽ അത് മാന്യമായ ഭാഷയിൽ വേണം. ഞാനും പ്രധനമന്ത്രിയും തമ്മിലുള്ള സൗഹൃദം അത് നീ ജനിക്കുന്നതിനും മുമ്പുള്ളതാണ്. എങ്ങനെ ഭരിക്കണം എന്നതൊക്കെ ഞാൻ നോക്കിക്കോളാം. തല്ക്കാലം നിന്റെ ഉപദേശം ഇവിടെ എടുക്കുന്നില്ല "

അടുത്ത ദിവസം സഞ്ജയ് ഗാന്ധിയുടെ വിശ്വസ്തൻ മുഹമ്മദ് യൂനുസിന്റെ ഫോൺ ഗുജ്‌റാളിന് ചെല്ലുന്നു. ഡൽഹിയിലെ ബിബിസി ബ്യൂറോ അടപ്പിക്കണം. ബ്യൂറോ ചീഫ് മാർക്ക് ടെല്ലിയെ അറസ്റ്റു ചെയ്യണം. ജഗ്ജീവൻ റാമിനെയും, സ്വർണസിംഗിനെയും ഇന്ദിരാ സർക്കാർ വീട്ടുതടങ്കലിൽ ആക്കി എന്ന വ്യാജവാർത്ത ബിബിസി അവരുടെ ചാനലിൽ കാണിച്ചു എന്നതാണ്  പറയുന്ന കാരണം. മാർക്ക് ടെല്ലി തന്റെ രാജ് റ്റു രാജീവ് എന്ന പുസ്തകത്തിൽ അതേപ്പറ്റി വിശദമായി എഴുതുന്നുണ്ട്. " യൂനുസ് ഗുജ്റാളിനെ വിളിച്ച് പറഞ്ഞത്, 'മാർക്ക് ടെല്ലിയെ അറസ്റ്റുചെയ്യിച്ച്, അയാളുടെ പാന്റ്സ് ഊരി, ബെൽറ്റുകൊണ്ട് ചന്തിക്ക് നല്ല അടി അടിപ്പിച്ച്, ജയിലിൽ തള്ളിയേക്ക് ' എന്നായിരുന്നു. മാർക്ക് ഒരു വിദേശ പത്രപ്രവർത്തകനാണ് എന്നും, അപ്പറഞ്ഞപോലെ പ്രവർത്തിക്കാൻ വാർത്താവിതരണ മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമല്ല എന്നും ഗുജ്റാൾ തുറന്നടിച്ചു. ഫോൺ വെച്ചപാടേ അദ്ദേഹം ബിബിസിയുടെ ബ്രോഡ്‌കാസ്റ്റിംഗ്‌ റിപ്പോർട്ട് വരുത്തിച്ചു. അതിൽ നിന്ന് ഒരു കാര്യം വ്യക്തമായി. ബിബിസി അങ്ങനെ ഒരു വാർത്ത കൊടുത്തിട്ടേയില്ല. അദ്ദേഹം ഉടനെ ഇന്ദിരാഗാന്ധിയെ വിളിച്ച് ഈ വിവരങ്ങളെല്ലാം കൈമാറി. എന്നാൽ ഗുജ്റാൾ പറഞ്ഞതിലെ ന്യായം പരിഗണിക്കാതെ അടുത്ത ദിവസം തന്നെ വാർത്താവിതരണ വകുപ്പ് അദ്ദേഹത്തിൽ നിന്ന് കയ്യടക്കുകയാണ് ഇന്ദിര ചെയ്തത്.

മാധ്യമങ്ങൾ ജനങ്ങൾക്ക് പറയാനും അറിയാനുമുള്ള കാര്യങ്ങൾ പറയാനും അറിയാനും വേണ്ടിയുള്ളതാണ് എന്ന പത്രപ്രവർത്തനത്തിന്റെ പ്രാഥമിക സങ്കൽപം ഒരിക്കലും ഇന്ദിരാഗാന്ധി അംഗീകരിച്ചിരുന്നില്ല. അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങളെ ഗവൺമെന്റിന്റെ ചട്ടുകമാക്കാനാണ് അവർ ശ്രമിച്ചത്. അടിയന്തരാവസ്ഥ പിൻവലിച്ചതിനു പിന്നാലെ പത്രപ്രവർത്തന സ്വാതന്ത്ര്യവും, ജനാധിപത്യപരമായ പൗരാവകാശങ്ങളുമെല്ലാം പുനഃസ്ഥാപിക്കപ്പെട്ടു എങ്കിലും, ആ ചുരുങ്ങിയ കാലയളവിനുള്ളിൽ അനുഭവിക്കേണ്ടി വന്ന അപമാനവും മനുഷ്യത്വ ഹീനമായ പെരുമാറ്റങ്ങളും എല്ലാം അത് അനുഭവിക്കേണ്ടി വന്നവരുടെ ഹൃദയങ്ങളിൽ വടുകെട്ടിക്കിടന്നു. അധികാരത്തിന്റെ കേന്ദ്രീകരണം കാരണം ഉണ്ടായേക്കാവുന്ന അപകടങ്ങൾ ചുരുങ്ങിയ കാലത്തേക്കെങ്കിലും ഇന്ത്യൻ പൗരന്മാർക്ക് നേരിട്ട് അനുഭവിക്കാൻ കിട്ടിയ ഒരു അവസരമായിരുന്നു അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥക്കാലത്ത് മാധ്യമങ്ങൾക്കെതിരെ ഇന്ദിരാഗാന്ധി സർക്കാർ പ്രവർത്തിച്ച അതിക്രമങ്ങളെപ്പറ്റി അന്വേഷിക്കാൻ തുടർന്ന് വന്ന ജനതാപാർട്ടി ഷാ കമ്മീഷനെ നിയമിച്ചിരുന്നു.

ഷാ കമ്മീഷൻ 

കമ്മീഷന്റെ പ്രധാന കണ്ടെത്തലുകൾ ഇപ്രകാരമായിരുന്നു.

1. 1975 ജൂൺ 26 -ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അന്നുതന്നെ കേന്ദ്രം രാജ്യത്തെ പത്രങ്ങൾക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. മൂന്നു ദിവസത്തിനകം സെൻസർഷിപ്പ് സംവിധാനം പ്രവർത്തനസജ്ജമാക്കിയ ശേഷം മാത്രമാണ് വൈദ്യുതി തിരികെ നൽകിയത്.
2. വാർത്ത വിതരണ വകുപ്പ് പത്രങ്ങളെ ഗവൺമെന്റ് വിരുദ്ധം, സൗഹൃദം, നിഷ്പക്ഷം എന്നിങ്ങനെ  മൂന്നായി തരം തിരിച്ചു.   ഗവൺമെന്റ് വിരുദ്ധ, നിഷ്പക്ഷ പത്രങ്ങൾക്കുള്ള പരസ്യങ്ങൾ വെട്ടിക്കുറച്ച്, സൗഹൃദമുള്ള പത്രങ്ങളുടെ പരസ്യങ്ങൾ ഇരട്ടിപ്പിക്കാൻ നിർദ്ദേശമുണ്ടായി.
3. അടിയന്തരാവസ്ഥയുടെ തുടക്കത്തിലേ ആറുമാസക്കാലം പത്രങ്ങളുടെ പ്രതികരണ സ്വഭാവം പഠിച്ച്, ഭരണത്തോടുള്ള എതിർപ്പിന്റെ അളവിനനുസരിച്ച് അവയ്ക്ക് ശിക്ഷാ നടപടികൾ നിർദേശിക്കാൻ സമിതികളെ നിയോഗിച്ചു.
4. പത്രങ്ങൾക്ക് ലഭ്യമായിരുന്ന ന്യൂസ് പ്രിന്റിന്മേലും കേന്ദ്രം മനഃപൂർവം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതും സമ്മർദ്ദതന്ത്രങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ശിക്ഷാ നടപടിയായിരുന്നു.

ഭരണകൂടത്തിന്റെ താത്പര്യങ്ങൾക്കൊപ്പം നിന്നുകൊണ്ടല്ലാതെ നടത്തേണ്ടി വരുന്ന ആത്മാർത്ഥമായ മാധ്യമപ്രവർത്തനം എന്നും ക്ഷണിച്ചുവരുത്തിയിട്ടുള്ളത് വേട്ടയാടലുകൾ മാത്രമാണ്. അതൊക്കെ എത്രത്തോളം വഷളാകാം എന്നതിന്റെ നേർക്കണ്ണാടിയായിരുന്നു അടിയന്തരാവസ്ഥ.  അത് പ്രഖ്യാപിതമായ ഒരു അസാധാരണ സാഹചര്യമായിരുന്നു. എന്നാൽ, വിശേഷിച്ച് പ്രഖ്യാപനങ്ങൾ ഒന്നും കൂടാതെ തന്നെ മാധ്യമപ്രവർത്തകർക്ക് അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഇന്ന് സംജാതമായിരിക്കുന്നത്. മാറിയകാലത്തിന്റെ വെല്ലുവിളികൾ ആവശ്യപ്പെടുന്നത് കൂടുതൽ ആർജ്ജവത്തോടു കൂടിയ മാധ്യമപ്രവർത്തനമാണ്. " സത്യസന്ധതയ്ക്കുള്ള പ്രതിഫലം നിത്യ നിരീക്ഷണമാണ് " എന്ന് പറഞ്ഞിട്ടുള്ളത് ജെഫേഴ്സണാണ്. അതാണ്, അതുമാത്രമാണ്, ആർജ്ജവത്തിന് കൊടുക്കേണ്ടിവരുന്ന വില. 

Ref :

1.  Indira Gandhi's Call Of Emergency and Press Censorship in India - The Ethical Parameters revisited - Dr. Jhumur Ghosh   
2. Raj to Rajiv  - Mark Telly, BBC.
3. Shah Commission Findings