ചൈനയിലെ ആദ്യത്തെ മാമ്പഴക്കാലമേതാണെന്നു ചോദിച്ചാൽ അവിടത്തെ കുഞ്ഞുങ്ങൾ പോലും പറഞ്ഞുതരും. അത് 1968 -ലെ ഓഗസ്റ്റുമാസമാണ് എന്ന്. അക്കൊല്ലത്തെ ഓഗസ്റ്റിലാണ് ചൈനയിൽ മാമ്പഴക്കമ്പം പടർന്നുപിടിച്ചത്. മാമ്പഴത്തെപ്പറ്റി തേനൂറുന്ന കവിതകൾ, അൾത്താരകളിൽപോലും സാന്നിധ്യമറിയിച്ച മാമ്പഴക്കൂടകൾ, അങ്ങനെ പലതും...  ആ വർഷമാണ് ചൈനക്കാരുടെ ജീവിതങ്ങളിലേക്ക് ഒരു സെലിബ്രിറ്റി സ്റ്റാറ്റസോടെ നമ്മൾ ഇന്ത്യക്കാരുടെ ദേശീയഫലമായ മാമ്പഴം കടന്നുചെല്ലുന്നത്.  

മാവിൻകൊമ്പുകളിലേറി ബഹുജനം മാമ്പഴക്കുലകൾ കവിളോടുചേർത്തുകൊണ്ട് ഫോട്ടോകൾക്ക് പോസുചെയ്തു. കാപ്പികുടിക്കാൻ മാങ്ങയുടെ ആകൃതിയിലുള്ള കപ്പുകൾ വിപണിയിലെത്തി. 'മാൻഗുവോ' എന്നൊരു സിഗരറ്റ് ബ്രാൻഡുപോലുമിറങ്ങി. വളരെ അപൂർവമായി മാത്രമേ ചൈനക്കാർക്ക് ആ അത്ഭുതഫലം രുചിക്കാൻ കിട്ടിയിരുന്നുള്ളൂ. ഗൈസുവിൽ കർഷകർ ഒരു മാമ്പഴത്തിന്റെ  ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിനുവേണ്ടി തമ്മിൽ തല്ലുകപോലും ചെയ്തു. മാങ്ങാപ്രേമികൾ എന്ന് മേനി നടിച്ചിരുന്ന പലരും ജീവിതത്തിലൊരിക്കൽപ്പോലും ആ അതിന്റെ രുചിയറിഞ്ഞിട്ടുള്ളവരായിരുന്നില്ല എന്നതാണ് തമാശ.  എന്തിനധികം പറയുന്നു, ഏതാനും മാസങ്ങൾക്കു മുമ്പുവരെ ചൈനക്കാർക്ക് ആർക്കും തന്നെ മാമ്പഴം (Mango) എന്ന വാക്കിന്റെ അർത്ഥം പോലും നിശ്ചയമുണ്ടായിരുന്നില്ല. 

പിന്നെ എങ്ങനെ ഈ മാമ്പഴക്കമ്പം ചൈനക്കാർക്കിടയിൽ പരന്നു എന്നല്ലേ? പറയാം. സംഭവം നടക്കുന്നത് ചെയർമാൻ മാവോ സേ തുങിന്റെ ഭരണക്കാലത്താണ്. 'സാംസ്കാരിക വിപ്ലവം' (Cultural Revolution) എന്ന, കേൾക്കാൻ ഇമ്പമുള്ള ഒരു പേരിന്റെ മറവിൽ ഭീതിയും, അരക്ഷിതാവസ്ഥയുമൊക്കെ രാജ്യത്ത് നടമാടിയിരുന്ന കാലം.  ഒരു ദശാബ്ദക്കാലം  നീണ്ടുനിന്ന സാംസ്‌കാരിക വിപ്ലവവും, ദ ഗ്രേറ്റ് ലീപ് ഫോർവേർഡും (The Great Leap Forward) മാവോയുടെ സ്വപ്നപദ്ധതികളായിരുന്നു. ദ ഗ്രേറ്റ് ലീപ്പ് ഫോർവേഡ് എന്നപേരിൽ നടപ്പിലാക്കാൻ ശ്രമിച്ച വൻതോതിലുള്ള കാർഷിക, വ്യാവസായിക വിപ്ലവങ്ങളുടെ പരാജയം മാവോയ്ക്ക് ചില്ലറ ചീത്തപ്പേരൊന്നുമല്ല സമ്മാനിച്ചത്. അത്  ചൈനയിലുണ്ടാക്കിയ ശൂന്യത രാജ്യത്തെ നയിച്ചത് വൻ ക്ഷാമത്തിലേക്കായിരുന്നു. ചുരുങ്ങിയത് അഞ്ചുകോടി ചൈനക്കാരെങ്കിലും ആ ക്ഷാമത്തിന് ഇരകളായി കൊല്ലപ്പെട്ടു. 

അന്ന് ചെയർമാൻ മാവോ നൽകിയ ആഹ്വാനം ചെവിക്കൊണ്ട്,  'മാവോയിസ്റ്റ്' ആദർശജീവിതശൈലി സാക്ഷാത്കരിക്കാൻ, മുതലാളിത്തത്തിന്റെ അവശേഷിക്കുന്ന അടയാളങ്ങൾ തുടച്ചുനീക്കാൻ വേണ്ടി  'റെഡ് ഗാർഡ്‌സ്' എന്ന പേരിൽ സജീവമായിരുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളടങ്ങുന്ന സംഘമുണ്ടായിരുന്നു. പട്ടാളയൂണിഫോമും മറ്റുമണിഞ്ഞുകൊണ്ട് തെരുവുകളിൽ അഴിഞ്ഞാടിയ 'ചെമ്പട', പല ഗതകാലസ്മാരകങ്ങളും അടിച്ചുതകർത്തു. 'ബൂർഷ്വാവസ്ത്രങ്ങൾ' എന്നാരോപിച്ച് പലരുടെയും കുപ്പായങ്ങൾ വലിച്ചുകീറിയെറിഞ്ഞു. പടിയിറങ്ങിയ രാജഭരണത്തിന്റെ പ്രതീകമായി അവശേഷിച്ചിരുന്ന മൃഗങ്ങളെപ്പോലും നിർദ്ദയം കൊന്നുതള്ളി. ശത്രുപക്ഷത്താണ് എന്ന് സംശയിച്ചവരെ പലരെയും പരസ്യമായി അപമാനിച്ചു, മർദ്ദിച്ചവശരാക്കി, ചിലരെ വധിക്കുക പോലും ചെയ്തു. 

"എന്റെ എത്രയോ സുഹൃത്തുക്കൾ അക്കാലത്ത് വധിക്കപ്പെട്ടു, ഞാൻ നോക്കിനിൽക്കെത്തന്നെ" സാംസ്കാരികവിപ്ലവത്തെ അതിജീവിച്ച ഹോങ് തു സാങ് എന്ന ചിത്രകാരൻ പറഞ്ഞു. "മാവോയുടെ വചനങ്ങൾ പിന്തുടർന്നുകൊണ്ടെത്തിയ വിദ്യാർത്ഥികൾ പുരാതന ചൈനീസ് ഗ്രന്ഥങ്ങൾ മലപോലെ കൂട്ടിയിട്ട് കത്തിക്കുന്നത് ഞാൻ കണ്ടു. അത് സാംസ്കാരിക വിപ്ലവമല്ലായിരുന്നു. ഒരു സംസ്കാരത്തെ പൊളിച്ചടുക്കുകയായിരുന്നു അവർ ചെയ്തത്." അദ്ദേഹം തുടർന്നു. 

മാവോ വചനം കേട്ട് വിപ്ലവത്തിന് ഇറങ്ങിപ്പുറപ്പെട്ട ആ ചൈനീസ് വിദ്യാർത്ഥികളെ പരസ്പരം ബന്ധിപ്പിച്ചിരുന്നത് ചെയർമാനോടുള്ള അവരുടെ അചഞ്ചലമായ ഭക്തിയും ആരാധനയും  മാത്രമായിരുന്നു. കാര്യമായ പ്രത്യയശാസ്ത്രത്തിന്റെ പിൻബലമൊന്നുമില്ലാതെ ഒരു ആൾക്കൂട്ടമായി മുന്നോട്ടുപോയ്‍ക്കൊണ്ടിരുന്ന അവർ അധികം താമസിയാതെ തന്നെ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ ഗ്രൂപ്പുകളായി തിരിഞ്ഞ് തമ്മിൽ തല്ലാൻ തുടങ്ങി. രാജ്യം തന്നെ ആ കലഹങ്ങളുടെ പേരിൽ അരാജകത്വത്തിലേക്ക് വഴുതിവീണു.  രണ്ടുവർഷക്കാലത്തെ സമാധാനശ്രമങ്ങൾക്കൊടുവിൽ പൊറുതിമുട്ടിയ മാവോ സ്വന്തം റെഡ് ഗാർഡ്സിനെത്തന്നെ അടിച്ചമർത്താൻ ഒരുങ്ങി.

1967 ജൂലൈ 27 -ന് തന്റെ തീരുമാനം നടപ്പിലാക്കാനുറച്ച് മാവോ, ആദ്യനടപടിയെന്നോണം, മുപ്പതിനായിരത്തോളം വരുന്ന ഫാക്ടറി തൊഴിലാളികളോട്, ബീജിങ്ങിലെ ക്വിങ്ഹുവാ സർവകലാശാല കയ്യേറി, അവിടത്തെ വിദ്യാർത്ഥികളെ തുരത്തിയോടിക്കാനാവശ്യപ്പെട്ടു. ആ കലാലയം, രണ്ടു വിഭാഗത്തിൽപെട്ട വിദ്യാർത്ഥികളുടെ പരസ്പര സംഘട്ടനത്തിന്റെ ഫലമായി ചോരക്കളമായി മാറിക്കഴിഞ്ഞ സാഹചര്യത്തിലായിരുന്നു മാവോയുടെ ഈ ആഹ്വാനം . കാമ്പസിനുള്ളിൽ ഉണ്ടായിരുന്നത് ആകെ നാനൂറോളം വിദ്യാർത്ഥികൾ മാത്രമായിരുന്നു. അവരെ തുരത്താൻ ചെന്നുകയറിയ തൊഴിലാളികൾ വിദ്യാർത്ഥികളെക്കാൾ എണ്ണത്തിൽ ഏറെ കൂടുതലുണ്ടായിരുന്നു എങ്കിലും, അപ്രതീക്ഷിതമായ ചെറുത്തുനിൽപ്പാണ് വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുണ്ടായത്. അവർ ഇഷ്ടികകളും, ജാവലിനുകളും, ആസിഡ് ബൾബുകളും, നാടൻ ബോംബുകളും മറ്റുമായി തൊഴിലാളികൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു. നിരവധി തൊഴിലാളികൾക്ക് ഈ അപ്രതീക്ഷിതമായ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടു, ഏറെപ്പേർക്ക് പരിക്കേറ്റു എങ്കിലും, ചെയർമാന്റെ ആജ്ഞ അക്ഷരംപ്രതി നടപ്പിലാക്കിയ തൊഴിലാളികൾ, പീപ്പിൾസ് ലിബറേഷൻ  ആർമിയുടെ കൂടി പിന്തുണ കിട്ടിയതോടെ  ആ കാമ്പസിലെ അവസാന വിദ്യാർത്ഥിയെയും അവിടെ നിന്ന് തുരത്തിയോടിച്ചു. 

അടുത്ത ദിവസം തൊഴിലാളി നേതാക്കളെ സന്ദർശിച്ച ചെയർമാൻ മാവോയുടെ കയ്യിൽ ഒരു വിശേഷപ്പെട്ട സമ്മാനമുണ്ടായിരുന്നു അവർക്കായി. അത് തലേന്ന് തന്നെ സന്ദർശിക്കാനെത്തിയ പാകിസ്ഥാൻ വിദേശകാര്യമന്ത്രി മിയാ അർഷാദ് ഹുസ്സൈൻ സമ്മാനിച്ച ഒരു കൂട പാകിസ്താനി മാമ്പഴങ്ങളായിരുന്നു.  കൂടയിൽ ഏകദേശം നാല്പതോളം പഴുത്തുതുടുത്ത മാമ്പഴങ്ങളുണ്ടായിരുന്നു... "നിങ്ങൾ ഈ വിപ്ലവത്തിന്റെ പതാകാവാഹകരാണ്."  - മാമ്പഴക്കൂടയിൽ സ്വന്തം കൈപ്പടയിലെഴുതിവെച്ച സന്ദേശത്തിൽ മാവോ തന്റെ തൊഴിലാളി സഖാക്കളെ അറിയിച്ചു.

ചെയർമാൻ മാവോ വല്ലാത്തൊരു പ്രകൃതക്കാരനാണ്. ക്ഷിപ്രകോപിയാണ് അദ്ദേഹം. എന്നാൽ അതേസമയം വല്ലപ്പോഴും മാത്രം പ്രസാദിക്കുന്ന ശീലക്കാരനും. അതുകൊണ്ടുതന്നെ, ആറ്റുനോറ്റിരുന്നൊടുവിൽ, നാട്ടിൽ ഒരു കൂട്ടർക്ക് മാവോയുടെ വക സമ്മാനം കിട്ടി എന്ന വാർത്ത കാട്ടുതീ പോലെ ചൈനയിലെമ്പാടും പരന്നു. സമ്മാനം... ചെയർമാൻ മാവോയുടെ കയ്യിൽ നിന്ന് നേരിട്ട്... അതും, 'മാമ്പഴം' എന്ന പേരിൽ ചൈനയിൽ ആരുംതന്നെ ഇന്നോളം രുചിച്ചു പോലും നോക്കിയിട്ടില്ലാത്ത ഒരു വിശേഷപ്പെട്ട ഫലം. കാണുന്നത് പോയിട്ട് ആ പേരുപോലും  ചൈനയിൽ പലർക്കും അന്ന് അപരിചിതമായിരുന്നു. അതുകൊണ്ട്, ചെയർമാനിൽ നിന്ന് അങ്ങനെ ഒരു സമ്മാനം കിട്ടിയത് വല്ലാത്തൊരു രോമാഞ്ചമാണ് അന്ന് തൊഴിലാളികളിൽ ഉണ്ടാക്കിയത്. 

എന്തായാലും മാവോ തന്ന സമ്മാനത്തെ തിന്നുതീർത്ത് അപമാനിക്കേണ്ടതില്ല എന്ന് തൊഴിലാളി നേതാക്കൾ ഏകകണ്ഠമായി തീരുമാനിച്ചു. ആർക്കും കൊടുക്കാതെ കണ്മുന്നിൽ തന്നെ കാത്തുസൂക്ഷിച്ച് രാത്രി ഇരുട്ടിവെളുക്കുവോളം ആ ഫലങ്ങളെ കൺകുളിർക്കെ കണ്ടുകൊണ്ട്, അതിന്റെ മൃദുലമായ പ്രതലം തഴുകിക്കൊണ്ട്, ഇടയ്ക്കിടെ കയ്യിലെടുത്ത് മണത്തുകൊണ്ട് നേതാക്കൾ ആ അപൂർവസമ്മാനത്തെ മാറിമാറി ആസ്വദിച്ചു. മുന്നിലിരിക്കുന്നത് എന്താണെന്നുപോലും കൃത്യമായി മനസ്സിലായിരുന്നില്ലെങ്കിലും, ആ ഫാക്ടറിത്തൊഴിലാളികൾക്ക് ചെയർമാൻ മാവോയിൽ നിന്ന് കിട്ടിയതാണ് എന്ന കാരണത്താൽ മാത്രം അത് അപാരമായ ഒരു അനുഭവമായി മാറി. 

ദിവസങ്ങൾക്കുള്ളിൽ തന്നെ ആ മാമ്പഴങ്ങളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. അവർ ആ ഫലങ്ങളെ മോഡൽ ഫാക്ടറികൾക്ക് നൽകി. പ്രസ്തുത ഫാക്ടറികളിലെ ഗവേഷകർ അമൂല്യഫലത്തെ എന്നെന്നേക്കുമായി പരിരക്ഷിക്കാനുള്ള മാർഗ്ഗങ്ങൾ ആരാഞ്ഞുകൊണ്ട് പരീക്ഷണങ്ങളിൽ മുഴുകി. നശിക്കില്ല എന്ന പ്രതീക്ഷയിൽ ബീജിങ്ങിലെ പീപ്പിൾസ് പ്രിന്റിങ് ഏജൻസിയിലെ തൊഴിലാളികൾ അവർക്കു കിട്ടിയ മാമ്പഴത്തെ ഫോർമാലിനിൽ ഇട്ടുവെച്ചു. രണ്ടാമത്തെ ദിവസം ആയപ്പോഴേക്കും നിറം മഞ്ഞയിൽ നിന്ന് കറുപ്പായി. ഒടുവിൽ അതൊരു ബദാമിനോളം ചുരുങ്ങി. ബെയ്‌ജിങ്‌ ടെക്സ്റ്റൈൽ ഫാക്ടറിയിലെ തൊഴിലാളികളോ, തങ്ങൾക്കു കിട്ടിയ മാമ്പഴത്തെ മെഴുകിനുള്ളിൽ ഇട്ടുവെച്ചു. അതും ഏതാനും ദിവസങ്ങൾക്കുള്ളിൽ അഴുകാൻ തുടങ്ങി. സുഗന്ധം ദുർഗന്ധത്തിന് വഴിമാറാൻ തുടങ്ങി എന്നുകണ്ടപ്പോഴേക്കും അവർ സശ്രദ്ധം അതിന്റെ തൊലികളഞ്ഞ്, ഉള്ളിലെ മാംസളമായ ഭാഗം ഒരു വലിയ ചരുവത്തിലെ വെള്ളത്തിലിട്ട് പുഴുങ്ങി. നന്നായി തിളച്ച് മാങ്ങ അണ്ടിയോളവും വെള്ളത്തിൽ ലയിച്ചപ്പോൾ, അവശേഷിച്ച ദ്രാവകം അരിച്ചെടുക്കപ്പെട്ടു. എന്നിട്ട്, ഫാക്ടറിയിലെ ആയിരക്കണക്കിന് തൊഴിലാളികൾ സമ്മേളനം വിളിച്ചുകൂട്ടി, വളരെ ആർഭാടമായി നടത്തിയ ചടങ്ങിൽ വെച്ച് ആ വിശുദ്ധ ദ്രാവകം ആളൊന്നിന്ന് സ്പൂണൊന്നുവീതം വിതരണം ചെയ്യപ്പെട്ടു. തൊഴിലാളികൾ ആ അപൂർവദ്രാവകം തികഞ്ഞ ചാരിതാർത്ഥ്യത്തോടെ കുടിച്ചിറക്കി. 

ചൈനീസ് സംസ്കാരത്തിൽ ഫലങ്ങൾ പലതിന്റെയും ചിഹ്നങ്ങളാണ്. മാമ്പഴം എന്ന പുതിയ ഫലത്തെ അവർ, അമരത്വത്തിന്റെ  പ്രതീകമായ കൂണുകളോടും, ദീർഘായുസിന്റെ പ്രതീകമായ പീച്ചിനോടും ഉപമിച്ചു. അതോടെ, സ്വന്തം ദീർഘായുസ്സും അമരത്വവും, തൊഴിലാളികൾക്കുവേണ്ടി പരിത്യാഗം ചെയ്ത ചെയർമാന്റെ സന്മനസ്സും നിസ്വാർത്ഥതയും കൂടി പ്രശംസയ്ക്ക് പാത്രമായി. 

രാജ്യത്തെങ്ങും അരാജകത്വത്തിന് ഇടയാക്കിക്കൊണ്ട് മാവോ തന്നെ തുറന്നുവിട്ട 'റെഡ് ഗാർഡ്‌സ്' എന്ന ഭൂതത്തെ ഒടുവിൽ മാവോ തന്നെ പൂട്ടിയ ഈ നടപടി ഒരർത്ഥത്തിൽ ജനങ്ങളിൽ ആശ്വാസമുളവാക്കി. ആ ആശ്വാസത്തിന്റെ കൂടി പ്രതീകമായി മാവോയുടെ അത്ഭുതമാമ്പഴങ്ങൾ മാറി. അത് ഈ മാംഗോ മാനിയയെ പൊതുജനങ്ങളും ഏറ്റെടുക്കുന്നതിലേക്ക് നയിച്ചു. സാംസ്കാരികവിപ്ലവം എന്ന ദുരന്തം ഈ മാമ്പഴദാനത്തോടെ അവസാനിച്ചുവെന്നുതന്നെ ജനം സമാധാനിച്ചു.

എന്നാൽ, മേല്പറഞ്ഞതൊന്നും തന്നെ മാവോയുടെ മനസ്സിലൂടെപ്പോലും പോയിരുന്നില്ല എന്നതാണ് വാസ്തവം. പാകിസ്ഥാനി വിദേശകാര്യമന്ത്രി നൽകിയ സമ്മാനം എന്തുകൊണ്ടോ അദ്ദേഹത്തിന് ഇഷ്ടമായില്ല എന്നതായിരുന്നു സത്യം. കണ്ടുപരിചയമില്ലാതിരുന്ന ആ ഫലം ആഹരിക്കാൻ അദ്ദേഹത്തിന്  മനസ്സുവന്നില്ല. അതുകൊണ്ട് അദ്ദേഹം അത് തൊഴിലാളി നേതാക്കൾക്ക് കൊടുത്തൊഴിവാക്കിയതായിരുന്നു. എന്നാൽ, തന്റെ ആ പ്രവൃത്തിക്ക് ഇങ്ങനെ ഒരു 'കൾട്ട് സ്റ്റാറ്റസ്' കൈവരുമെന്ന ചെയർമാൻ പോലും സ്വപ്നേപി കരുതിയിരിക്കാൻ വഴിയില്ല. 

എന്തായാലും കിട്ടിയ അവസരം മുതലെടുത്ത്, റെഡ് ഗാർഡ്‌സിൽ നിന്ന് വർക്കിങ്ങ് ക്ലാസിലേക്കുള്ള അധികാരക്കൈമാറ്റത്തിന്റെ സൂചകമായി മാമ്പഴത്തെ പ്രയോജനപ്പെടുത്താൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും തീരുമാനിച്ചു. പ്രൊപ്പഗാണ്ടാ പോസ്റ്ററുകളിൽ മാമ്പഴങ്ങൾ ഇടം പിടിച്ചു. മാങ്ങയോട് ചേർന്നുകൊണ്ട് ഒരു മുദ്രാവാക്യവും, " ഇനിയുള്ള നേതൃത്വം, തൊഴിലാളിവർഗത്തിന്റേത്". വാർഷികാഘോഷഫ്ലോട്ടുകളിൽ മാങ്ങയുടെ ഭീമൻ പ്രതിരൂപങ്ങൾ പ്രത്യക്ഷപ്പെട്ടു. പല ചുവരുകളും മാമ്പഴങ്ങളുടെ ചിത്രങ്ങൾ വരച്ചുവെയ്ക്കപ്പെട്ടു. വിമാനത്തിലും, പ്രത്യേക തീവണ്ടികളിലും, പ്രത്യേകം നിയോഗിക്കപ്പെട്ട 'മാമ്പഴട്രക്കു'കളിലും നിറച്ച് പലജാതി മാമ്പഴ മെമെന്റോകൾ നാടുചുറ്റി. 

നാട്ടിൽ ഇടയ്ക്കിടെ മാമ്പഴമേളകൾ സംഘടിപ്പിക്കപ്പെട്ടു. തൊഴിലാളികളും, പൊതുജനങ്ങളുമെല്ലാം തന്നെ മുടങ്ങാതെ ഈ പ്രദർശനങ്ങളിൽ പങ്കെടുക്കണമെന്നു നിർബന്ധിക്കപ്പെട്ടു. എത്രപേർക്ക്  ചങ്കിൽ തട്ടിയ മാമ്പഴപ്രേമം ഉണ്ടായിരുന്നു എന്നുറപ്പില്ല, എങ്കിലും ചെയർമാൻ മാവോയോടുള്ള അചഞ്ചലമായ വിശ്വസ്തത പൊതുജനമധ്യേ പ്രകടിപ്പിക്കാനുള്ള എളുപ്പവഴി എന്ന നിലയിൽ പലരും മാമ്പഴങ്ങളെ ആരാധിച്ചുപോന്നു. മാമ്പഴത്തോട് കമ്പമുണ്ടെന്ന് നടിച്ചില്ലെന്നുണ്ടെങ്കിൽ, അറിയാതെയെങ്കിലും മാമ്പഴത്തെ വിമർശിച്ചു എങ്കിൽ, ജനങ്ങൾ ഭരണകൂടത്തിന്റെ ശാസനകൾക്ക് വിധേയരാവാൻ മാത്രമല്ല, ചിലപ്പോൾ അവർ ജീവിക്കുന്ന ചുറ്റുപാടുകളിൽ നിന്ന് നിഷ്കാസിതരാവാൻ വരെ സാധ്യത നിലനിൽക്കുന്നുണ്ടായിരുന്നു. അന്നൊക്കെ മാമ്പഴത്തെ ആദരിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ അതീവഗുരുതരമായിരുന്നു. അന്ന് മാമ്പഴങ്ങൾ ബഹുമാനപൂർവ്വം പിടിക്കാഞ്ഞതിന് ശിക്ഷിക്കപ്പെട്ടവരുണ്ട്. വിശുദ്ധമാമ്പഴങ്ങളെ മധുരക്കിഴങ്ങുകളുമായി താരതമ്യപ്പെടുത്തിയതിന് ഒരാളെ അന്ന് കഴുവേറ്റുക വരെയുണ്ടായി. 

ഈ ഒരു 'മാംഗോ മാനിയ' പിന്നെയും ഏകദേശം ഒന്നൊന്നര വർഷത്തോളം തുടർന്നു പോയി. റെഡ് ഗാർഡ് വിരുദ്ധ നയം ഔദ്യോഗികമായിത്തന്നെ  നടപ്പിലാക്കപ്പെട്ടതിനു ശേഷം, പ്രൊപ്പഗാണ്ടയുടെ പരിഗണനയിൽ നിന്ന് പതുക്കെ മാമ്പഴങ്ങൾ അപ്രത്യക്ഷമായി. ഇന്നും ചൈനയിൽ ആ പഴയ മാമ്പഴക്കാലത്തിന്റെ ഓർമ്മ കാത്തുസൂക്ഷിച്ചുകൊണ്ട്, മാമ്പഴത്തിന്റെ ആകൃതിയിലുള്ള മെഴുകുതിരികളുണ്ട്. അവയ്ക്ക് പണ്ടേപ്പോലെ പരമപവിത്രമായ പരിഗണനയെന്നും ഇല്ലെങ്കിലും, ഇരുൾ വീണ രാത്രികളിൽ ചൈനയിലെ പരശ്ശതം ഗ്രാമീണരുടെ ജീവിതങ്ങളിൽ മാമ്പഴമെഴുകുതിരികൾ വെളിച്ചം പകരുന്നുണ്ട്, ഇന്നും..! 

 

കടപ്പാട് : Golden Mangoes—The Life Cycle of a Cultural Revolution Symbol : Alfreda Murck