പെഹ്‌ലു ഖാൻ എന്ന അമ്പത്തഞ്ചു വയസ്സുകാരൻ രാജസ്ഥാനിലെ അൽവാർ സ്വദേശിയായിരുന്നു. ഗോരക്ഷകർ എന്നവകാശപ്പെടുന്നവർ അദ്ദേഹത്തെ പട്ടാപ്പകൽ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ക്രൂര കൊലപാതകം നടന്നിട്ട് രണ്ടു രണ്ടര വർഷം കഴിഞ്ഞു. കൃത്യമായിപ്പറഞ്ഞാൽ 2017  ഏപ്രിൽ 1-ന്. ഏതൊരു കേസിന്റെയും വിചാരണയിലെ നാഴികക്കല്ലുകൾ അടയാളപ്പെടുത്തുന്നത് തീയതികൾ കൊണ്ടാണാല്ലോ. പെഹ്‌ലു ഖാൻ വധക്കേസിന്റെ ടൈം ലൈനിൽ, സംഭവം നടന്ന തീയതി കഴിഞ്ഞാൽ അടുത്തുവരുന്ന പ്രധാന തീയതി ഇന്നലത്തേതാണ് - 2019  ഓഗസ്റ്റ് 14.  കോർട്ടിൽ നിന്നും പ്രാഥമിക വിധി  വന്നിരിക്കുന്നു.പെഹ്‌ലു ഖാനെ മർദ്ദിച്ചു കൊലപ്പെടുത്തി എന്ന ആരോപണം ചുമത്തി, വീഡിയോ ദൃശ്യങ്ങളിൽ നിന്നും രാജസ്ഥാൻ പൊലീസ് അന്വേഷിച്ച് കണ്ടെത്തിയ ആറു പ്രതികളെയും, കൃത്യമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി  വെറുതേ വിട്ടിരിക്കുന്നു കോടതി. 

പെഹ്‌ലു ഖാൻ ഓട്ടോറിക്ഷ ഇടിച്ചു മരിച്ചതല്ല..! 

ജയ്പൂരിൽ നടന്ന കന്നുകാലി മേളയിൽ നിന്നും പെഹ്‌ലു ഖാനും അനുയായികളും ചേർന്ന് 75,000  രൂപ കൊടുത്ത് കറവയുള്ള രണ്ടു പശുക്കളെ വാങ്ങി. അവിടെ നിന്നും പശുക്കളെ വണ്ടിയിൽ കയറ്റി  NH-8 വഴി ഹരിയാനയിലെ നൂഹ് ജില്ലയിലേക്ക് കൊണ്ടുപോകുകയായിരുന്നു അവർ. ബഹ്റോഡ് പൊലീസിന്റെ എഫ്‌ഐആർ പ്രകാരം അൽവാർ ജില്ലയിലെ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗി ദളിന്റെയും പ്രവർത്തകർ ചേർന്ന് ഇവർ  തടഞ്ഞു. അക്രമിസംഘം പെഹ്‌ലുഖാൻ  നിയമ വിരുദ്ധമായി പശുക്കടത്തു നടത്തുകയാണ് എന്നാരോപിച്ച് സംഘത്തിലുണ്ടായിരുന്ന എല്ലാവരെയും പൊതിരെ തല്ലി. 

വൈകുന്നേരം ആറുമണിയോടെയാണ് വാഹനം അക്രമികൾ തടയുന്നത്. പെഹ്‌ലു ഖാൻ തികച്ചും നിയമവിധേയമായ മാർഗ്ഗത്തിലാണ് പശുക്കളെ വാങ്ങിയത്. അവ കറവയുള്ള പശുക്കളും ആയിരുന്നു. വണ്ടി തടഞ്ഞ അക്രമികൾ ആദ്യം തന്നെ എല്ലാവരുടെയും പേരാണ് ചോദിച്ചത്. എന്നിട്ട് വാഹനം ഓടിച്ചിരുന്ന അർജുൻ എന്ന യുവാവിനെ ഉപദ്രവിക്കാതെ വെറുതെ വിടുകയും ചെയ്തു. തുടർന്നാണ് അവർ ബാക്കിയുണ്ടായിരുന്ന പെഹ്‌ലു ഖാൻ അടക്കമുള്ളവരെ നിർദ്ദയം തല്ലിച്ചതച്ചത്.  

വിചാരണ എന്ന പ്രഹസനം

തന്റെ കക്ഷികൾക്കുമേൽ പൊലീസ് കെട്ടിച്ചമച്ച കേസാണ് ഇതെന്നും, സംഭവം കണ്ട ഒരു ദൃക്‌സാക്ഷി പോലും തന്റെ കക്ഷികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും, വീഡിയോ ദൃശ്യങ്ങൾ അവ്യക്തമായതിനാൽ തെളിവായി അനുവദിച്ചുകൂടാ എന്നുമൊക്കെയുള്ള പ്രതിഭാഗം വക്കീലിന്റെ വാദങ്ങൾ കോടതി അംഗീകരിച്ചു. മൊബൈൽ ലൊക്കേഷൻ ആയിരുന്നു അടുത്ത തെളിവായി പൊലീസ് കൊണ്ടുവന്നത്. പക്ഷേ, പ്രതികൾ ആ പ്രദേശത്ത് ഉണ്ടായിരുന്നു എന്നത് അവർ കുറ്റകൃത്യത്തിൽ പങ്കെടുത്തു എന്നതിനുളള തെളിവാകുന്നില്ലല്ലോ. കൃത്യം നടക്കുമ്പോൾ പ്രതികളുടെ  മൊബൈൽ ആ ലൊക്കേഷനിലുണ്ടായിരുന്നു എന്ന വാദം പ്രതികളെപ്പോലും ആ ക്രൈം സ്പോട്ടിൽ പ്രതിഷ്ഠിക്കാൻ പോന്ന ഒന്നല്ല.
 
അവ്യക്തമായ ഒരു വീഡിയോ ആയിരുന്നു പ്രോസിക്യൂഷൻ തെളിവെന്ന പേരിൽ ആകെ ഹാജരാക്കിയത്. ആ വീഡിയോ ഷൂട്ട് ചെയ്ത,അക്രമികളുടെ കൂട്ടത്തിൽ തന്നെയുള്ള, ആ വ്യക്തിയെ കണ്ടെത്തി, കോടതിയിൽ വ്യക്തിയെപ്പോലും ദൃക്‌സാക്ഷി മൊഴി നൽകാൻ വേണ്ടി കോടതിയിൽ ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞില്ല. പശുക്കടത്തിനെതിരെ തങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പ്രചാരമേകാൻ വേണ്ടി അക്രമികളുടെ കൂട്ടത്തിൽ ഉള്ളവർ തന്നെയാണ് അവരുടെ മൊബൈൽ ഫോണുകളിൽ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചതും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും. വീഡിയോ എടുത്തവർ മൊഴി നൽകാൻ വരാത്തതിന്റെ കാരണം ഇതിൽ നിന്നും വ്യക്തമാണല്ലോ. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും പൊലീസ് ആക്രമണത്തിന്റെ വീഡിയോ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുകയുണ്ടായില്ല. വീഡിയോ അവ്യക്തമാണെന്നും  അതുകൊണ്ടുതന്നെ അതൊരു തെളിവായി അംഗീകരിക്കാനാവില്ല എന്നും കോടതി പറഞ്ഞു.

പൊലീസ്‌ തങ്ങൾക്കു കൈമാറിയ തെളിവുകൾ വെച്ച്, പരമാവധി പഴുതടച്ച ഒരു വാദം തങ്ങളുടെ പക്ഷത്തുനിന്നും ഉണ്ടായി എന്ന് പ്രോസിക്യൂഷൻ പറയുമ്പോഴും, വാദിഭാഗത്തു നിന്നുണ്ടായ തീർത്തും അലസമായ സമീപനമാണ് പ്രതികളെ കോടതി വെറുതെ വിടാനിടയാക്കിയത് എന്നത് വ്യക്തമാണ്.  പ്രതികളെ കൃത്യമായി തിരിച്ചറിഞ്ഞ് യഥാസമയം അറസ്റ്റുചെയ്ത് കുറ്റം സമ്മതിപ്പിച്ച് മൊഴി രേഖപ്പെടുത്തുന്നതിൽ പൊലീസും പ്രോസിക്യൂഷനും ഗുരുതരമായ അനാസ്ഥ കാണിച്ചു. കേസിന്റെ വിചാരണ പതിവിലും ഏറെ നീണ്ടു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ, അക്രമം നടത്തിയവരുടെ രൂപം പോലും മാറി. അതെല്ലാം പ്രതികളെ കോടതിയിൽ സംശയലേശമെന്യേ തിരിച്ചറിയുന്നതിന് വിഘാതം സൃഷ്ട്ടിച്ചു. തുടക്കം മുതൽ ഒടുക്കം വരെ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങിക്കൊണ്ട് പോലീസ് കാണിച്ച കെടുകാര്യസ്ഥതയും കൃത്യവിലോപവുമാണ് കേസിലെ നിർണ്ണായകമായ തെളിവുകൾ കോടതിയിൽ ഹാജരാക്കാതെ പോയതിനും തദ്വാരാ പ്രതികൾ രക്ഷപ്പെടുന്നതിനും കാരണമായത്.  

അന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ തുടക്കം മുതലേ ഉണ്ടായി. മൂന്നുതവണയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്.പെഹ്‌ലു ഖാന്റെ മരണമൊഴിയിൽ പേരുപരാമർശിച്ചിട്ടുള്ള ആറുപേരെയും സിബിസിഐഡി കുറ്റവിമുക്തരാക്കി, അതിനു ശേഷം വേറെ ഒമ്പതുപേരെ പ്രതികളാക്കിയാണ് പൊലീസ് കേസന്വേഷണവുമായി മുന്നോട്ടു പോയത്. ബാക്കി ഉണ്ടായിരുന്ന ആറുപേരെയാണ് വിചാരണയ്ക്ക് ശേഷം ഇപ്പോൾ കോടതി നിരുപാധികം വിട്ടയക്കാൻ ഉത്തരവിട്ടിരിക്കുന്നത്. 

പെഹ്‌ലു ഖാനെ ആദ്യം പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയിലെ ഡോക്ടർമാരുടെ റിപ്പോർട്ടും, മരണശേഷം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന വസ്തുതകളും തമ്മിലുള്ള പൊരുത്തക്കേടാണ് പ്രതികളെ വെറുതെ വിടാനുള്ള മറ്റൊരു കാരണം. ആശുപത്രിയിലെ ഡോക്ടർമാർ മരണകാരണമായ പറഞ്ഞത് ദീർഘകാലമായി പെഹ്‌ലുഖാന് ഉണ്ടായിരുന്ന ഹൃദ്രോഗം മൂർച്ഛിച്ച്, പെട്ടെന്നുണ്ടായ ഒരു ഹൃദയസ്തംഭനം എന്ന് മാത്രമാണ്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നതോ, ക്രൂരമായ മർദ്ദനമേറ്റ്, വാരിയെല്ലുകളും മറ്റും നുറുങ്ങി ഉണ്ടായ ഗുരുതരമായ പരിക്കുകളാണ് പെഹ്‌ലു ഖാൻ മരിക്കാൻ ഇടയാക്കിയത് എന്നും. വിപിൻ യാദവ്, രവീന്ദ്ര കുമാർ, കാലു റാം, ദയാനന്ദ്, യോഗേഷ് കുമാർ, ഭീം രഥി എന്നിവരാണ് കുറ്റവിമുക്തരാക്കപ്പെട്ട ആറുപ്രതികൾ. 

കേസിന്റെ നാൾവഴികൾ 

ഏപ്രിൽ  1, 2017: അൽവാർ ജില്ലയിലെ ബെഹ്‌റോഡിൽ വെച്ച് പെഹ്‌ലു ഖാനും മക്കളും രണ്ട് അനുയായികളും ഗോരക്ഷകരാൽ ആക്രമിക്കപ്പെടുന്നു. 

ഏപ്രിൽ 2: പശുക്കളെ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയതിന് പെഹ്‌ലു ഖാനും മക്കൾക്കും എതിരെ രാജസ്ഥാൻ ബോവൈൻ അനിമൽ ( പ്രൊഹിബിഷൻ ഓഫ് സ്ലോട്ടർ ആൻഡ് റെഗുലേഷൻ ഓഫ് ടെമ്പററി മൈഗ്രെഷൻ ഓർ എക്സ്പോർട്ട് ) ആക്റ്റ് 1995  ചുമത്തപ്പെടുന്നു. 

ഏപ്രിൽ 4: പെഹ്‌ലു ഖാൻ മരിക്കുന്നു. മരണമൊഴിയിൽ പെഹ്‌ലുഖാൻ ആറ് അക്രമികളുടെ പേര് പരാമർശിക്കുന്നു. അവർക്കെതിരെ കൊലക്കുറ്റം ചുമത്തി എഫ്‌ഐആർ ഇടുന്നു. ]

ഏപ്രിൽ 8: ബെഹ്‌റോഡ് സർക്കിൾ ഇൻസ്പെക്ടർക്ക് കേസന്വേഷണ ചുമതല കൈമാറപ്പെടുന്നു. 

ജൂലൈ 9 2017 : അന്വേഷണം സിബി സിഐടിക്ക് കൈമാറപ്പെടുന്നു. 

സെപ്റ്റംബർ 2017: പെഹ്‌ലു ഖാൻ പേരുപറഞ്ഞ ആറുപേരെയും സിബിസിഐഡി കുറ്റവിമുക്തംരാക്കുന്നു. വീഡിയോ ദൃശ്യങ്ങളെ അടിസ്ഥാനപ്പെടുത്തി വേറെ ഒമ്പതുപേർക്കെതിരെ വീണ്ടും കുറ്റപത്രം സമർപ്പിക്കുന്നു. അതിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവർ. 

മെയ് 2019: പെഹ്‌ലുഖാന്റെ രണ്ടു മക്കൾക്കെതിരെ രാജസ്ഥാൻ ബോവൈൻ അനിമൽ (പ്രൊഹിബിഷൻ ഓഫ് സ്ലോട്ടർ ആൻഡ് റെഗുലേഷൻ ഓഫ് ടെമ്പററി മൈഗ്രെഷൻ ഓർ എക്സ്പോർട്ട് ) ആക്റ്റ് 1995 പ്രകാരം കുറ്റപത്രം സമർപ്പിക്കപ്പെടുന്നു. 

ഓഗസ്റ്റ് 7, 2019: പ്രോസിക്യൂഷൻ ഹാജരാക്കിയ 44  സാക്ഷികളുടെയും വിസ്താരം പൂർത്തിയാകുന്നു. വിചാരണ അവസാനിക്കുന്നു. 

ഓഗസ്റ്റ്  14  , 2019:   സംശയത്തിന്റെ ആനുകൂല്യം നൽകി കോടതി ആറുപ്രത്രികളെയും നിരുപാധികം വിട്ടയക്കുന്നു.