വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുള്ള പൂക്കളാണ് ജമന്തി. മറ്റുള്ള ചെടികളെ അപേക്ഷിച്ച് വളരെ പെട്ടെന്ന് തന്നെ പുഷ്പിക്കുമെന്നത് ജമന്തിയുടെ പ്രത്യേകതയാണ്. സാധാരണ തണുപ്പുകാലത്താണ് ജമന്തിച്ചെടികള്‍ പൂവിടുന്നത്.  ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് പൂനെയിലെ ഫ്‌ളോറികള്‍ച്ചറല്‍ റിസര്‍ച്ചിന്‍റെ ഫാമില്‍ ജമന്തിച്ചെടികള്‍ക്കായി ഒരാഴ്ച മാറ്റിവെച്ചിരിക്കുകയാണ്. 

പൂക്കളുടെ വിളവെടുപ്പ് കാലത്ത് ഒരാഴ്ച ഇങ്ങനെ വാരാചരണം സംഘടിപ്പിക്കുന്നതുവഴി കര്‍ഷകരില്‍ നിന്നും വ്യാപാരികളില്‍ നിന്നും ഗവേഷകരില്‍ നിന്നുമുള്ള ആശയങ്ങളും അറിവുകളും ശേഖരിക്കുകയെന്നതാണ് ഇവര്‍ ലക്ഷ്യമാക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ഇങ്ങനെ പൂക്കളുടെ വിളവെടുപ്പിനെ അടിസ്ഥാനമാക്കി ഇവര്‍ വാരാചരണം സംഘടിപ്പിച്ചു വരുന്നു.

ഡയറക്റ്ററേറ്റ് ഓഫ് ഫ്‌ളോറികള്‍ച്ചറല്‍ റിസര്‍ച്ചും ഐസിഎആറും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ജമന്തിയും ട്യൂബ്‌റോസും പൂക്കര്‍ഷകര്‍ക്ക് വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ പോന്നവയാണ്. മാലിന്യങ്ങളില്‍ നിന്ന് വരുമാനമുണ്ടാക്കുകയെന്ന ആശയം കൂടിയാണ് ഇവര്‍ നടപ്പിലാക്കുന്നത്. കാര്‍ഷിക വിളകളില്‍ നിന്നുള്ള അവശിഷ്ടങ്ങളായ നിലക്കടലയുടെ തൊലി, ഉമി, സോയാബീനിന്റെ അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം വളമായി ഉപയോഗപ്പെടുത്തിയാണ് ട്യൂബ്‌റോസിന്റെ ഇനങ്ങള്‍ വികസിപ്പിക്കുന്നത്.

ഇന്‍ഡോറിലെ രാജാ രാമണ്ണ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജിയും മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററും സംയുക്തമായി ഇലക്ട്രോണ്‍ ബീം റേഡിയേഷന്‍ ഉപയോഗിച്ച് ചെടികളില്‍ പ്രത്യുല്പാദനം നടത്തുന്നതിലുണ്ടാകുന്ന പരിവര്‍ത്തനങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നു. നഴ്‌സറികളില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ഒഴിവാക്കാനായി പൂക്കള്‍ പൊതിയാന്‍ നാനോ സില്‍വര്‍ ആവരണം ചെയ്ത തുണി തയ്യാറാക്കി. മണ്ണില്‍ എളുപ്പത്തില്‍ ജീര്‍ണിക്കുന്ന പ്രോട്രേകളും പാത്രങ്ങളും കൂടി ഇവര്‍ വികസിപ്പിച്ചെടുത്തു.

ശാസ്ത്രീയമായി കീടനിയന്ത്രണം നടത്താന്‍ ജമന്തി നട്ടുവളര്‍ത്താറുണ്ട്. കൊതുകില്‍ നിന്ന് സംരക്ഷിക്കാനും ജമന്തിക്ക് കഴിയും. മറ്റുള്ള വിളകളുടെ ചങ്ങാതിയായി ജമന്തി വളര്‍ത്തുന്നവരുണ്ട്. നിമാവിരകളുടെ ശല്യം നിയന്ത്രിക്കാന്‍ ജമന്തിക്ക് കഴിയുമെന്നാണ് പറയുന്നത്. ഹാനികരമായ പോളിതൈ ഇനൈല്‍സ്, തയോഫീന്‍സ് എന്നീ പദാര്‍ഥങ്ങള്‍ ജമന്തിച്ചെടി ഉത്പാദിപ്പിക്കുന്നതിനാലാണ് നിമാവിരകളെ തുരത്താന്‍ കഴിയുന്നത്. ജമന്തിയുടെ വേരുകളിലാണ് ഇത്തരം പദാര്‍ഥങ്ങളുള്ളത്.

കേരളത്തില്‍ കൃഷി ചെയ്യാം

പാടങ്ങളിലെ പശിമയുള്ള മണ്ണില്‍ വളരുന്നതാണ് ജമന്തി. പക്ഷേ നമ്മുടെ വീട്ടുമുറ്റത്തും നന്നായി പൂക്കളുണ്ടാകും. വിത്ത് മുളപ്പിച്ച് തൈകളുണ്ടാക്കാം. വിത്ത് ഗ്രോബാഗിലോ ചട്ടിയിലോ മുളപ്പിച്ചെടുത്ത് വീട്ടുമുറ്റത്ത് മണ്ണൊരുക്കി കൃഷി ചെയ്യാം. മണല്‍, ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവയാണ് പോട്ടിങ്ങ് മിശ്രിതമായി ചേര്‍ക്കുന്നത്.

വിത്തുകള്‍ നടുമ്പോള്‍ അല്‍പം അകലം പാലിക്കാം. വ്യാവസായികമായി വന്‍തോതില്‍ വളര്‍ത്തുമ്പോള്‍  7.5 സെ.മീ അകലത്തില്‍ നിരകളിലായി വിത്ത് വിതയ്ക്കാം. ചാണകപ്പൊടി ഉപയോഗിച്ച് വിത്തുകള്‍ മൂടി നന്നായി നനയ്ക്കണം. വിത്ത് മുളച്ച് വരുമ്പോള്‍ നിങ്ങള്‍ക്ക് മാറ്റിനടാവുന്നതാണ്.

ചാണകപ്പൊടി തന്നെയാണ് മണ്ണില്‍ ചേര്‍ക്കാന്‍ അനുയോജ്യം. എന്‍.പി.കെ വളങ്ങളും നല്ലതാണ്. തൈകള്‍ പറിച്ച് നട്ടശേഷം നന്നായി നനയ്ക്കണം. വളരുന്നതിനനുസരിച്ച് ശ്രദ്ധ വേണം. കൂടുതല്‍ പൂക്കളുണ്ടാക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ഒരു മാസം കഴിയുമ്പോള്‍ ചെടിയുടെ തലപ്പുകള്‍ നുള്ളിക്കൊടുക്കുന്നത് നല്ലതാണ്. അതുപോലെ ഒന്നര മാസം കഴിഞ്ഞാലും ഇങ്ങനെ ചെയ്യാം.

ജമന്തിയുടെ വേര് ചീയാതെ നോക്കണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലാണ് ഈ പ്രശ്‌നമുണ്ടാകുന്നത്. നീര്‍വാര്‍ച്ചയുള്ള മണ്ണാണ് കൃഷിക്ക് യോജിച്ചത്. മാലത്തയോണ്‍ വെള്ളത്തില്‍ കലക്കി ഒഴിച്ചാല്‍ വേര് ചീയല്‍ പ്രതിരോധിക്കാം. തൈകള്‍ പറിച്ച് മാറ്റി നട്ടാല്‍ രണ്ടുമാസം കഴിഞ്ഞാല്‍ വിളവെടുക്കാം. പൂക്കള്‍ വൈകുന്നേരങ്ങളില്‍ വിളവെടുക്കുന്നതാണ് നല്ലത്.

ജമന്തിച്ചെടിക്ക് രാവിലെ അഞ്ച് മണിക്കൂര്‍ നന്നായി സൂര്യപ്രകാശം കിട്ടണം. വേര് ചീയല്‍ തടയാന്‍ വേപ്പിന്‍ പിണ്ണാക്കും ചേര്‍ക്കാം. ജമന്തിയുടെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ തടയാന്‍ സോപ്പ് വെള്ളം സ്‌പ്രേ ചെയ്യുന്നത് നല്ലതാണ്.

നന്നായി പൂ വിരിയണമെങ്കില്‍ എല്ലുപൊടിയും കമ്പോസ്റ്റും പഴത്തൊലി ഉണക്കിപ്പൊടിച്ചതും ചേര്‍ക്കാം. അതുപോലെ പഴത്തൊലി മൂന്നോ നാലോ ദിവസം വെള്ളത്തിലിട്ട് നേര്‍പ്പിച്ചും ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കാം.

ജമന്തി രണ്ട് വിഭാഗങ്ങളിലുണ്ട്. ആഫ്രിക്കന്‍ ജമന്തിയും ഫ്രഞ്ച് ജമന്തിയും. വിവിധ നിറത്തിലും വലുപ്പത്തിലുമുള്ള പൂക്കളാണ് ഇവയിലുള്ളത്. പൊതുവേ ജമന്തിച്ചെടിയെ കീടങ്ങള്‍ ആക്രമിക്കാറില്ല. എന്നിരുന്നാലും പുല്‍ച്ചാടികളും തണ്ടുതുരപ്പന്‍ പുഴുവും ചിലപ്പോള്‍ ചെടിയുടെ ശത്രുക്കളായി മാറാറുണ്ട്.