കേരളത്തില്‍ വയനാട്ടിലും ഇടുക്കിയിലെ ചില പ്രദേശങ്ങളിലും മാത്രം കൃഷി ചെയ്യുന്ന പഴമാണ് അവൊക്കാഡോ അഥവാ വെണ്ണപ്പഴം. ഇതിനെ ബട്ടര്‍ഫ്രൂട്ട് എന്നും വിളിക്കുന്നു. വിളവെടുക്കാന്‍ പാകമായാലും പറിച്ചെടുക്കാതെ മരത്തില്‍ തന്നെ കുറേക്കാലം കേടുകൂടാതെ നില്‍ക്കുമെന്നുള്ളതാണ് ഈ പഴത്തിന്റെ പ്രത്യേകത. ആരോഗ്യകരമായ കൊഴുപ്പുകള്‍ ധാരാളം അടങ്ങിയിരിക്കുന്ന വെണ്ണപ്പഴത്തിന് നിരവധി ഉപയോഗങ്ങളുണ്ട്.

വെണ്ണപ്പഴം കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയുമെന്ന് ജേണല്‍ ഓഫ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ പറയുന്നു ഇവര്‍ ഗവേഷണം നടത്തിയത് അമിതഭാരമുള്ളതും പ്രായപൂര്‍ത്തിയായതുമായ ആരോഗ്യവാന്മാരായ 40 പേരിലാണ. ഈ ഗവേഷണ ഫലത്തിന്റെ അടിസ്ഥാനത്തില്‍, വെണ്ണപ്പഴം കഴിച്ചവരില്‍ മോശം കൊളസ്‌ട്രോളിന്റെ അളവ് 13.6 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞുവെന്നാണ് പറയുന്നത്. ഈ പഴത്തില്‍ ധാരാളം ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിനും വളരെ നല്ലതാണ്. ഇടത്തരം വലിപ്പമുള്ള വെണ്ണപ്പഴത്തില്‍ ഏകദേശം 30 ഗ്രാം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് ദിവസവും വെണ്ണപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് പറയുന്നത്. ഈ പഴത്തിന് വെണ്ണയുടെ രുചിയാണ്.

മൂന്നു ഗ്രാം വെള്ളം, 167 കിലോ കാലറി ഊര്‍ജം, 96 ഗ്രാം പ്രോട്ടീന്‍, നാലു ഗ്രാം കൊഴുപ്പ്, 64 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 80 ഗ്രാം ഫൈബര്‍, 30 ഗ്രാം പഞ്ചസാര എന്നിവ ഈ പഴത്തില്‍ അടങ്ങിയിരിക്കുന്നു. ഇതുകൂടാതെ 507 മില്ലിഗ്രാം പൊട്ടാസ്യവും 68 മില്ലിഗ്രാം സിങ്കും 80 മില്ലിഗ്രാം വിറ്റാമിന്‍ സി യും 14 മില്ലിഗ്രാം റൈബോഫ്ലേവിനും 91 മില്ലിഗ്രാം നിയാസിനും ഇതില്‍ അടങ്ങിയിട്ടുണ്ട്.

വെണ്ണപ്പഴം ഉപയോഗിച്ച് ഉണ്ടാക്കാന്‍ കഴിയുന്ന ചില വിഭവങ്ങള്‍

ബ്രഡ് ഓംലെറ്റിന്‍റെ കൂടെ  ബ്രേക്ഫാസ്റ്റ് ആയി രാവിലെ വെണ്ണപ്പഴം ഉപയോഗിക്കാം. ഫ്രൂട്ട് സാലഡിലും അവക്കാഡോ ഉപയോഗിക്കാം ഇതുകൂടാതെ ബ്രഡ് സാന്‍വിച്ചിലും നല്ല ചേരുവയാണ്. അവക്കാഡോ ഉപയോഗിച്ച് ഐസ്‌ക്രീമും ഉണ്ടാക്കാം.

വിറ്റാമിന്‍, മാംസ്യം, ഫോസ്ഫറസ് മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയുടെ കലവറയാണ് ഇത് പഞ്ചസാരയുടെ അംശം ഒരു ശതമാനത്തില്‍ താഴെയാണെന്നതിനാല്‍ പ്രമേഹരോഗികള്‍ കഴിച്ചാലും അപകടമില്ലെന്നാണ് പറയുന്നത്. വെണ്ണപ്പഴത്തിന്റെ കുരുവില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന എണ്ണയ്ക്ക് ഒലിവെണ്ണയുടെ ഗുണമുണ്ട്. ഈ എണ്ണ ഉപയോഗിച്ച് പാചകം ചെയ്യുന്നത് ആരോഗ്യകരമാണെന്ന് പഠനങ്ങള്‍ പറയുന്നു.

വെണ്ണപ്പഴം ഉപയോഗിക്കുമ്പോള്‍ ചില ദോഷവശങ്ങളും ഉണ്ട്. ഇതില്‍ കൊഴുപ്പ് കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാല്‍ അമിതവണ്ണമുള്ളവര്‍ അവക്കാഡോ കഴിക്കാത്തതായിരിക്കും നല്ലത്. ലോറേസിയ എന്ന കറുവപ്പട്ടയുടെ കുടുംബത്തിലെ അംഗമാണ് വെണ്ണപ്പഴം. ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അന്നജം വളരെ കുറവുമാണ്. വെണ്ണപ്പഴം കട്ടന്‍കാപ്പിയില്‍ കലര്‍ത്തി പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നവരും ഉണ്ട്. അതുപോലെ അച്ചാര്‍ ഉണ്ടാക്കാനും ഈ പഴം ഉപയോഗിക്കുന്നുണ്ട്.

കൃഷിരീതി

ഏകദേശം 20 മീറ്ററോളം ഉയരത്തില്‍ വളരുന്നതാണ് വെണ്ണപ്പഴത്തിന്റെ ചെടി. അധികം ആഴത്തില്‍ വളരുന്ന വേരുകള്‍ അല്ല ഈ ചെടിക്ക് ഉള്ളത്.

വിത്ത് മുളപ്പിച്ചാണ് സാധാരണ കൃഷി ചെയ്യുന്നത്. വിത്ത് മുളക്കാന്‍ 50 മുതല്‍ 100 ദിവസം വരെ സമയം എടുക്കുന്നതാണ്. മറ്റു ചില വഴികളിലൂടെയും കൃഷി ചെയ്യാം. ഗ്രാഫ്റ്റിങ്, ബഡ്ഡിങ്‌, പതിവെക്കല്‍ മുതലായ മാര്‍ഗങ്ങളും സ്വീകരിക്കാവുന്നതാണ് .

വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലത്താണ് വെണ്ണപ്പഴത്തിന്റെ വിത്ത് പാകാന്‍ ഏറ്റവും അനുയോജ്യം. തൈകള്‍ തമ്മില്‍ ആറു മുതല്‍ 12 മീറ്റര്‍ വരെ അകലം നല്‍കി നടുന്നതാണ് നല്ലത്. ഒരു മീറ്റര്‍ സമചതുരത്തിലുള്ള കുഴികളാണ് വേണ്ടത്.

തൈകള്‍ നട്ടാല്‍ ആദ്യത്തെ വര്‍ഷം നന്നായി നനയ്ക്കണം. ക്രമമായ വളപ്രയോഗവും ആവശ്യമാണ്. വിത്ത് പാകി മുളപ്പിച്ചാണ് തൈകള്‍ ഉണ്ടാക്കുന്നതെങ്കില്‍ അഞ്ച് വര്‍ഷമെത്തിയാലാണ് വിളവ് കിട്ടുന്നത്. ഒട്ടുതൈകള്‍ ആണെങ്കില്‍ നാല് വര്‍ഷത്തിനുള്ളില്‍ കായ്ക്കും.

സാധാരണ നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ഈ ചെടി പൂക്കുന്നത്. ജൂലായ്, ആഗസ്റ്റ് മാസമാകുമ്പോള്‍ കായ പഴുത്ത് പാകമാകും. ഒരു മരത്തില്‍ നിന്നും 100 മുതല്‍ 500 വരെ കായ്കള്‍ ലഭിക്കും.

വയനാട്ടില്‍ വെണ്ണപ്പഴം കൃഷി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഇവിടെ കാപ്പിത്തോട്ടത്തില്‍ നന്നായി കൃഷി ചെയ്യാന്‍ കഴിയുമെന്നാണ് കണ്ടെത്തിയത്. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, പുല്‍പ്പള്ളി എന്നിവിടങ്ങളില്‍ പരീക്ഷിച്ചു വിജയിച്ചതാണ് ഈ കൃഷി. വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലങ്ങളില്‍ നന്നായി വളരുമെന്ന് അനുഭവസ്ഥര്‍ പറയുന്നു. കയറ്റുമതി സാധ്യത വളരെയുള്ള പഴമാണിത്.