നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് ബീന്‍സ് വളര്‍ത്താന്‍ അനുയോജ്യമായ സമയം. പൊതുവേ തണുത്ത കാലാവസ്ഥയാണ് നല്ലത്. എന്നാല്‍ അതികഠിനമായ തണുപ്പ് ആവശ്യമില്ല. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണുണ്ടെങ്കില്‍ ബീന്‍സ് കൃഷി ചെയ്യാന്‍ തയ്യാറെടുക്കാം.

കൃഷിരീതി

വിത്തുപാകിയാണ് ബീന്‍സ് കൃഷി ചെയ്യുന്നത്. ഗ്രോബാഗിലോ ചട്ടിയിലോ മണ്ണില്‍ ഉണങ്ങിയ ആട്ടിന്‍കാഷ്ഠവും ഒരുപിടി വേപ്പിന്‍പിണ്ണാക്കും ചേര്‍ത്തശേഷം വിത്തുപാകി മണ്ണിട്ട് മൂടാം. പിന്നീട് തൈകള്‍ പറിച്ചുനടാം.

ബീന്‍സ് കൃഷി ചെയ്യുമ്പോള്‍ വരികള്‍ തമ്മില്‍ ഒരടി നടീല്‍ അകലം പാലിക്കണം. അതുപോലെ ചെടികള്‍ വളര്‍ന്നുവരുമ്പോള്‍ അരയടി അകലത്തിലായിരിക്കണം.

ഒരു സെന്റ് സ്ഥലത്ത് കൃഷി ചെയ്യുകയാണെങ്കില്‍ ആദ്യമായി 2 കി.ഗ്രാം കുമ്മായം ചേര്‍ത്ത് ഇളക്കണം. രണ്ടാഴ്ച കാത്തിരിക്കണം. അതിനുശേഷം ജൈവവളവും അര കി.ഗ്രാം അമോണിയം സള്‍ഫേറ്റും രണ്ടര കി.ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റും കാല്‍ കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും അടിവളമായി നല്‍കാം. നിര്‍ബന്ധമായും കളകള്‍ രണ്ടാഴ്ചയിലൊരിക്കല്‍ പറിച്ചുമാറ്റണം.

ബീന്‍സ് നന്നായി വളരണമെങ്കില്‍ വളപ്രയോഗം അത്യാവശ്യമാണ്. രണ്ടാഴ്ച കൂടുമ്പോള്‍ അര കി.ഗ്രാം അമോണിയം സള്‍ഫേറ്റും കാല്‍ കി.ഗ്രാം പൊട്ടാഷും മേല്‍വളമായി നല്‍കാം. നട്ടുകഴിഞ്ഞാല്‍ ഏകദേശം ഒരു മാസത്തിനുള്ളില്‍ പൂക്കാന്‍ തുടങ്ങും.

പ്രധാനമായും രണ്ടുതരത്തിലുള്ള ബീന്‍സാണുള്ളത്. കുറ്റിച്ചെടിയായി വളരുന്ന ഇനങ്ങള്‍ വിത്തുപാകി 40 മുതല്‍ 60 ദിവസങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാം. അതുപോലെ പടര്‍ന്നുവളരുന്നവ ഏകദേശം 70 മുതല്‍ 80 ദിവസങ്ങള്‍ കൊണ്ട് വിളവെടുക്കാം.

 

ബീന്‍സിലെ വിവിധ ഇനങ്ങള്‍

മൂന്നാറിലെ കുണ്ടള സാന്‍ഡോസ് കോളനിയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട മുതുവാന്‍ സമുദായക്കാര്‍ വളര്‍ത്തുന്ന ബീന്‍സ് വര്‍ഗങ്ങളാണ് അരക്കൊടി, മുരിങ്ങ ബീന്‍സ്, പട്ടാണി, ബട്ടര്‍ എന്നിവ.

അതുപോലെ വട്ടവടയിലും 400 ഹെക്ടര്‍ സ്ഥലത്ത് കര്‍ഷകര്‍ ബീന്‍സ് കൃഷി ചെയ്യുന്നു. സാധാരണ വിപണിയില്‍ നിന്ന് വാങ്ങുന്ന ബീന്‍സ് സെലക്ഷന്‍ ബീന്‍സ് എന്നാണറിയപ്പെടുന്നത്. എന്നാല്‍ ഗുണമേന്മ കൂടുതലുള്ളത് ബട്ടര്‍ ബീന്‍സ്, മുരിങ്ങ ബീന്‍സ് എന്നിവയ്ക്കാണ്.

വട്ടവടയിലെ ബീന്‍സ് കൃഷി ചെയ്യുന്നത് ചാണകവും പച്ചിലവളവും അടിവളമായി നല്‍കിയാണ്. സെലക്ഷന്‍ ബീന്‍സിന്റെ വിത്തുകള്‍ തമിഴ്‌നാട്ടില്‍ നിന്നാണ് ഇവര്‍ വാങ്ങുന്നത്. ബീന്‍സിന്റെ വള്ളികള്‍ വളരാന്‍ ഏകദേശം 30 മുതല്‍ 40 ദിവസം വരെ വേണ്ടിവരും. വള്ളികള്‍ക്ക് താങ്ങുനല്‍കണം.

ഏകദേശം ഒന്നരമാസമാകുമ്പോള്‍ വട്ടവടയില്‍ ബീന്‍സ് പൂവിട്ടുതുടങ്ങും. 120 ദിവസമാണ് ബീന്‍സിന്റെ യഥാര്‍ഥ വളര്‍ച്ചാകാലഘട്ടം. 75 മുതല്‍ 80 ദിവസത്തിനുള്ളില്‍ വിളവെടുപ്പ് നടത്താം. ബട്ടര്‍ ബീന്‍സിന് വട്ടവടയില്‍ ഒരു കിലോയ്ക്ക് 100 രൂപയ്ക്ക് മുകളില്‍ വില ലഭിക്കാറുണ്ട്. സെലക്ഷന്‍ ബീന്‍സിനും അരക്കൊടി ബീന്‍സിനും ഒരു കിലോയ്ക്ക് 40 രൂപ വില ഉറപ്പായും ലഭിക്കും. ബീന്‍സ് കൃഷി ചെയ്ത് ലാഭമുണ്ടാക്കുന്നവരാണ് വട്ടവടക്കാര്‍.

ചൈനീസ് ലോങ്ങ് ബീന്‍സ്, ഫ്രഞ്ച് ഗ്രീന്‍ ബീന്‍സ് എന്നിവ ബീന്‍സിലെ വ്യത്യസ്ത ഇനക്കാരാണ്. ഇറ്റാലിയന്‍ അഥവാ റൊമാനോ എന്നത് വീതിയുള്ള ഇനമാണ്. പര്‍പ്പിള്‍ ബീന്‍സ്, സ്‌നാപ് ബീന്‍സ്, യെല്ലോ വാക്‌സ് ബീന്‍സ്, ബീന്‍ മാസ്‌കോട്ട് എന്നിവയും ബീന്‍സിലെ വിവിധ ഇനങ്ങളാണ്.

ബീന്‍സ് നടുമ്പോള്‍ ശ്രദ്ധിക്കാന്‍

പുതയിടല്‍ നടത്തിയാല്‍ ഈര്‍പ്പം നിലനിര്‍ത്താം. ദിവസവും കൃത്യമായി നനച്ചുകൊടുക്കണം. വളര്‍ച്ചയുടെ തുടക്കത്തില്‍ നനച്ചില്ലെങ്കില്‍ ചെടി പൂവിടില്ല. സൂര്യപ്രകാശമുള്ള ദിവസങ്ങളില്‍ നനയ്ക്കണം. അപ്പോള്‍ വേരുകള്‍ ചീഞ്ഞ് പോകില്ല.

വളരുമ്പോള്‍ കമ്പോസ്റ്റ് ചേര്‍ത്ത് കൊടുക്കുന്നത് വിളവ് കൂടുതല്‍ ഉണ്ടാകാന്‍ നല്ലതാണ്. ചൂട് കൂടുമ്പോള്‍ എന്തെങ്കിലും കവര്‍ ഉപയോഗിച്ച് മൂടിയാല്‍ പൂമൊട്ടുകള്‍ കൊഴിഞ്ഞുപോകുന്നത് തടയാം.

വിളവെടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

പാകമായാല്‍ രാവിലെ വിളവെടുക്കുന്നതാണ് നല്ലത്.  ഈ സമയത്ത് ബീന്‍സില്‍ അടങ്ങിയിരിക്കുന്ന ഷുഗറിന്റെ അളവ് കൂടുതലായിരിക്കും.
 
ഇളം ബീന്‍സ് വിളവെടുക്കുന്നതാണ് നല്ലത്. എല്ലാ ദിവസവും ബീന്‍സ് പറിച്ചെടുത്താല്‍ കൂടുതല്‍ ഉത്പാദനം നടക്കും. ബീന്‍സ് ചെടിയില്‍ നിന്ന് പൊട്ടിച്ചെടുക്കുകയാണ് വേണ്ടത്. തൊലിയിലൂടെ ഊര്‍ന്ന് വരുന്ന രീതിയില്‍ ചീന്തിയെടുക്കരുത്.

ഈര്‍പ്പമില്ലാത്തതും വായു കടക്കാത്തതുമായ പാത്രത്തില്‍ ശേഖരിച്ച് ഫ്രിഡ്ജില്‍ വെക്കണം. വിളവെടുത്ത ഉടനെ 4 ദിവസം പുതുമ നഷ്ടപ്പെടാതെ ബീന്‍സ് സൂക്ഷിക്കാം.