എന്തും ബോണ്‍സായ് രൂപത്തില്‍ വളര്‍ത്തുകയെന്നത് ചിലര്‍ക്ക് ഹോബിയാണ്. തെങ്ങും മാവുമെല്ലാം ഇന്ന് ചെടിച്ചട്ടികളിലേക്ക് സ്ഥാനം മാറിക്കഴിഞ്ഞു. നല്ല ക്ഷമയുള്ളവര്‍ക്ക് മാത്രമേ ബോണ്‍സായ് കൃഷി വിജയിപ്പിക്കാന്‍ കഴിയുകയുള്ളു. കലയും ശാസ്ത്രവും കൂടിക്കലര്‍ന്ന കൃഷിരീതിയാണ് ഇതെന്ന് അനുഭവസ്ഥര്‍ പറയുന്നു. നമ്മുടെ പറമ്പുകളില്‍ ഒരു പരിചരണവും കൂടാതെ വളര്‍ന്ന് ധാരാളം പഴങ്ങള്‍ തരുന്ന സപ്പോട്ട ഇന്ന് ബോണ്‍സായ് രൂപത്തില്‍ ചട്ടികളില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു.

എന്തുകൊണ്ട് മധുരം കൂടുതല്‍?

മണ്ണുത്തിയിലെ കോളേജ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചറിലെ പോമോളജി വിഭാഗം മേധാവിയായ ജ്യോതി ഭാസ്‌കരന്‍ പറയുന്നത് ഏത് പഴമായാലും വെള്ളം കുറവുള്ള അവസ്ഥയില്‍ വളര്‍ന്നാല്‍ നല്ല മധുരമുണ്ടാകുമെന്നാണ്.  'ചട്ടിയില്‍ ബോണ്‍സായ് രൂപത്തില്‍ വളര്‍ത്തുമ്പോള്‍ വെള്ളം അധികം വേണ്ടി വരുന്നില്ല. ചെടികള്‍ നശിക്കാന്‍ പോകുന്നു എന്ന അവസ്ഥ വരുമ്പോള്‍ അടുത്ത തലമുറയെ ഉത്പാദിപ്പിക്കാനുള്ള ശ്രമം നടത്തുമ്പോളാണ് പൂക്കളും കായ്കളും ഉണ്ടാകുന്നത്. വരണ്ട സാഹചര്യത്തില്‍ വളരുന്ന സസ്യങ്ങളില്‍ നല്ല മധുരമുള്ള പഴങ്ങള്‍ ഉണ്ടാകുന്നതിന് കാരണം ഇതാണ്. '

ബോണ്‍സായ് ചെയ്യുന്നതെങ്ങനെ?

ശാഖയോടുകൂടി വളരുന്നതും വളരെ പെട്ടെന്ന് വേര് കിളിര്‍ത്ത് വരുന്നതുമായ വൃക്ഷങ്ങളാണ് സാധാരണ ബോണ്‍സായ് ഉണ്ടാക്കാന്‍ എടുക്കാറുള്ളത്. ഇവയ്ക്ക് ഏത് പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള കഴിവുണ്ട്.

'ചെടിയുടെ തായ് വേര് മുറിച്ചുമാറ്റി ചട്ടികളില്‍ നടുകയാണ് ചെയ്യുന്നത്. പ്രൂണിങ്ങാണ് ബോണ്‍സായ് രൂപത്തിലാക്കിയെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. സ്ഥിരമായി പ്രൂണ്‍ ചെയ്താല്‍ നല്ല കായ്ഫലം കിട്ടും. ചട്ടികളില്‍ മണ്ണും ജൈവവളവും നല്ലരീതിയില്‍ ജലസേചനവും നല്‍കിയാണ് ബോണ്‍സായ് പ്രാരംഭഘട്ടത്തില്‍ വളര്‍ത്തുന്നത്' ജ്യോതി ഭാസ്‌കരന്‍ പറയുന്നു.

ചെടികള്‍ അധികം ഉയരമെത്താത്ത രീതിയില്‍ ശാഖകള്‍ മുറിക്കണം. ചട്ടികള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. ചെടിയുടെ തായ്ത്തടിയുടെ വലുപ്പം നോക്കി വേണം ചട്ടികള്‍ വാങ്ങാന്‍.

'നന്നായി പോഷകങ്ങള്‍ നല്‍കിയാല്‍ നല്ല കായ്കള്‍ ലഭിക്കും. അതുകൂടാതെ ബോണ്‍സായ് രൂപപ്പെടുത്തിയെടുക്കാന്‍ ഉപയോഗിക്കുന്ന ഇനങ്ങള്‍ക്ക് മധുരം കൂടുതലാണെങ്കില്‍ അതും രുചിയെ സ്വാധീനിക്കും. സാധാരണ ഗതിയില്‍ ഏതു ചെടികള്‍ക്കും ജൈവവളങ്ങളും പരിചരണവും നല്‍കിയാല്‍ നല്ല രീതിയില്‍ പഴങ്ങള്‍ ലഭിക്കും. മിക്ക വൃക്ഷങ്ങളും സൂര്യപ്രകാശം ഇഷ്ടപ്പെടുന്നവയാണ്. കാലാവസ്ഥയിലുണ്ടാകുന്ന വ്യത്യാസവും കൂടി പരിഗണിച്ച് ഓരോ വൃക്ഷങ്ങളെയും പരിചരിച്ചാല്‍ ബോണ്‍സായ് രൂപത്തിലായാലും സാധാരണ രൂപത്തിലായാലും വിളവ് കൂടുതല്‍ ഉണ്ടാക്കാം' ജ്യോതി വ്യക്തമാക്കുന്നു.

സപ്പോട്ട വ്യാവസായികാടിസ്ഥാനത്തില്‍

നമുക്ക് ആവശ്യമായ പ്രോട്ടീന്‍, കൊഴുപ്പ്, ധാതുക്കള്‍, നാരുകള്‍, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, കരോട്ടിന്‍ എന്നിവയെല്ലാം സപ്പോട്ടയില്‍ നിന്ന് ലഭിക്കും.

സാധാരണ സപ്പോട്ട വീട്ടില്‍ കൃഷി ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ധാരാളം പഴങ്ങള്‍ ലഭിക്കും. സപ്പോട്ടയുടെ തൈകള്‍ നടാന്‍ ഏറ്റവും അനുയോജ്യമായ സമയം മെയ്-ജൂണ്‍ മാസങ്ങളിലാണ്.

വന്‍തോതില്‍ വളര്‍ത്തി വില്‍പ്പനയ്ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഇനമാണ് 'ക്രിക്കറ്റ് ബോള്‍' എന്നയിനം. ഇതിന്റെ ഒരു കായയ്ക്ക് ഏതാണ്ട് 100-150 ഗ്രാം വരെ തൂക്കമുണ്ടാകും.

ഇത് കൃഷി ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ഒട്ടുതൈകള്‍ വാങ്ങാന്‍ കിട്ടും. കൃഷി ചെയ്യുമ്പോള്‍ 60 x 60 x 60 സെ.മീ വലുപ്പമുള്ള കുഴികളിലാണ് നടേണ്ടത്.

കമ്പോസ്റ്റ്, മണ്ണിരക്കമ്പോസ്റ്റ്, പൊടിച്ച വേപ്പിന്‍ പിണ്ണാക്ക് എന്നിവയാണ് അടിവളമായി നല്‍കുന്നത്.

കീടബാധയുണ്ടെങ്കില്‍ മണ്ണിരസത്തും ഗോമൂത്രം നേര്‍പ്പിച്ചതും തളിക്കാവുന്നതാണ്. തൈകള്‍ നട്ടാല്‍ ആരംഭത്തില്‍ നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

സപ്പോട്ട ഈ രീതിയില്‍ വളര്‍ത്തുമ്പോള്‍ ഇടവിളയായി തൈകള്‍ക്കിടയില്‍ പച്ചക്കറികള്‍, നിലക്കടല എന്നിവ വളര്‍ത്താവുന്നതാണ്.

സാധാരണ ഗതിയില്‍ ഈ ഇനത്തില്‍പ്പെട്ട സപ്പോട്ട വളര്‍ന്ന് നാലാം വര്‍ഷമാണ് കായ് ലഭിക്കുന്നത്. തുടക്കത്തില്‍ 100-150 കായ്കള്‍ വരെ മാത്രമേ ലഭിക്കൂകയുള്ള. 10-15 വര്‍ഷം പ്രായമായാല്‍ ഏതാണ്ട് 500 കായ്കള്‍ വരെ കിട്ടും. സപ്പോട്ട കൃഷി യഥാര്‍ഥത്തില്‍ ആദായകരമാണ്.

ഏതാണ്ട് 30 വര്‍ഷത്തോളം നമുക്ക് കായ്കള്‍ പറിക്കാനാകും. പൂവിട്ടു കഴിഞ്ഞാല്‍ നാലാം മാസത്തില്‍ നമുക്ക് കായ്കള്‍ പറിച്ചെടുക്കാം. ചൂട് കൂടുതലായാല്‍ പൂക്കള്‍ കൊഴിഞ്ഞു പോകുന്നതായാണ് കണ്ടുവരുന്നത്. നല്ല രീതിയില്‍ നനച്ചുകൊടുക്കേണ്ടത് അത്യാവശ്യമാണ്. മഴക്കാലത്ത് ശാഖകള്‍ നന്നായി വളരും. അപ്പോള്‍ വെട്ടിയൊരുക്കി പൂക്കള്‍ക്കും കായ്കള്‍ക്കും വേണ്ടത്ര സൂര്യപ്രകാശം നല്‍കണം.