വലിയൊരു ഇടവേളയ്ക്കുശേഷം ഏലക്കായയ്ക്ക് വിപണിയില്‍ വീണ്ടും വില കുതിച്ചുയര്‍ന്നു. കിലോഗ്രാമിന് 200 രൂപയായിരുന്നു കഴിഞ്ഞയാഴ്ച തമിഴ്‌നാട്ടിലെ വിപണിയിലുള്ള വില. ഓണ്‍ലൈന്‍ വ്യാപാരത്തിലുണ്ടായ വര്‍ധനവും പല പല ആഘോഷങ്ങളുമാണ് ഈ വില വര്‍ധനവിന് കാരണമായത്. ഇന്ന് ഏലക്കായയില്‍ വളരെക്കൂടിയ അളവില്‍ കീടനാശിനികള്‍ പ്രയോഗിക്കുന്നതായി കണ്ടിട്ടുണ്ട്. വിഷാംശമില്ലാത്ത ഏലക്കായ നമുക്കും കൃഷി ചെയ്തുണ്ടാക്കാവുന്നതാണ്.

ഇഞ്ചിയുടെ കുടുംബക്കാരനാണ് ഏലം. സിഞ്ചിബറേസി സസ്യകുടുംബത്തിലാണ് ജനനം. സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയാണ് ഏലം. ലോകത്ത് ഏലം കൃഷി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കേരളത്തില്‍ കൃഷി ചെയ്തുവരുന്ന ഇനങ്ങളാണ് മലബാര്‍, മൈസൂര്‍, വഴുക്ക എന്നിവ.

 

സമുദ്രനിരപ്പില്‍ നിന്നും 600 മുതല്‍ 1200 മീറ്റര്‍ വരെ ഉയരത്തില്‍ കൃഷി ചെയ്യാവുന്നതാണ് മലബാര്‍ ഇനം. 900 മുതല്‍ 1200 മീറ്റര്‍ വരെ ഉയരത്തിലാണ് മൈസൂര്‍, വഴുക്ക എന്നീ ഇനങ്ങള്‍ കൃഷി ചെയ്യുന്നത്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സപൈസസ് റിസര്‍ച്ച് സെന്റര്‍ വികസിപ്പിച്ച ഇനമാണ് ഐ.ഐ.എസ്.ആര്‍ കൊടക് സുവാസിനി.

ഇടുക്കി ജില്ലയില്‍ വളരുന്ന ഇനമാണ് ഐ.സി.ആര്‍.ഐ-1. ഇതിന്റെ കായകള്‍ക്ക് നല്ല കടുംപച്ചനിറമുണ്ടാകും.

വണ്ടന്‍മേട്ടിലും നെല്ലിയാമ്പതിയിലും വളരുന്നത് ഐ.സി.ആര്‍.ഐ-2 (മൈസൂര്‍) എന്ന ഇനമാണ്. നല്ല നീളമുള്ള കായകളായിരിക്കും.

കേരളത്തില്‍ മുഴുവനും വളര്‍ത്താന്‍ യോജിച്ച ഇനമാണ് പി.വി-1 മലബാര്‍. അതുപോലെ ഞള്ളാനി എന്ന ഇനവും കേരളത്തില്‍ എവിടെയും വളര്‍ത്താവുന്നതാണ്. ഉരുണ്ട് മുഴുത്ത കായകളാണ്.

തൈകള്‍ ലഭിക്കുന്ന സ്ഥലം

കാര്‍ഷിക സര്‍വകലാശാലയുടെ ഔട്ട്‌ലെറ്റുകളില്‍ നിന്നും ഏലത്തിന്റെ തൈകള്‍ ലഭിക്കും. മലയോര പ്രദേശങ്ങളിലുള്ള നഴ്‌സറികളില്‍ നിന്നും വാങ്ങാവുന്നതാണ്.

കൃഷിക്കായി സ്ഥലമൊരുക്കാം

ഏലക്കായ കൃഷി ചെയ്യാന്‍ നല്ല തണുപ്പുള്ള സ്ഥലമാണ് നല്ലത്. അതുപോലെ തണലും അത്യാവശ്യമാണ്.

കേരളത്തിലെ മലയോരപ്രദേശങ്ങളിലും ഹൈറേഞ്ച് പോലുള്ള സ്ഥലങ്ങളിലും മാത്രമല്ല ഏലച്ചെടി വളരുന്നത്. ശ്രമിച്ചാല്‍ നമ്മുടെ വീട്ടുവളപ്പിലും വളരും. ചൂട് കുറഞ്ഞ സ്ഥലം വേണം. നമ്മുടെ വീട്ടുവളപ്പില്‍ തണല്‍ ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുത്താല്‍ മതി.

സാധാരണ ഏതൊരു വിളയും കൃഷി ചെയ്യുന്നതുപോലെ മണ്ണ് കിളച്ചൊരുക്കണം. ഒരു ചതുരശ്രമീറ്റര്‍ സ്ഥലത്ത് അഞ്ച് കിലോഗ്രാം ജൈവവളം ചേര്‍ത്ത് നന്നായി ഇളക്കണം. അതിനുശേഷം തടമെടുക്കണം.

 

തൈകള്‍ നടുമ്പോള്‍ ഒരു മീറ്റര്‍ അകലത്തില്‍ നടാന്‍ ശ്രദ്ധിക്കണം. സൂര്യപ്രകാശം ധാരാളം ലഭിക്കുന്ന സ്ഥലത്ത് ഏലം കൃഷി ചെയ്യാന്‍ ശ്രമിക്കരുത്. പരാജയമായിരിക്കും ഫലം. ചെടികള്‍ക്ക് നനവ് ആവശ്യമാണ്. വെള്ളം കെട്ടിനില്‍ക്കരുത്. വേനല്‍ക്കാലത്ത് നന്നായി നനയ്ക്കണം.

ചെടിയുടെ ചുവട്ടില്‍ വെള്ളം നനച്ചാല്‍ മാതം പോര. ഇലകളുടെ മുകളിലും അല്‍പം വെള്ളം തളിക്കണം.

നട്ടുകഴിഞ്ഞാല്‍ ആറുമാസം കൂടുമ്പോള്‍ ജൈവവളം ചേര്‍ക്കണം.

കായകള്‍ ലഭിക്കണമെങ്കില്‍ മൂന്ന് വര്‍ഷങ്ങള്‍ കാത്തിരിക്കണം. കായകള്‍ക്ക് മൂപ്പെത്തുമ്പോള്‍ വെയിലത്തുണക്കി സൂക്ഷിക്കാം.

കീടാക്രമണം ശ്രദ്ധിക്കുക

ഏലപ്പേനാണ് ഏറ്റവും പ്രശ്‌നക്കാരന്‍. കായ്‍കള്‍ തിന്നു നശിപ്പിക്കും. കായ്‍തുരപ്പനാണ് അടുത്ത ശത്രു. തണ്ടുകളിലും ഇളം കായ്‍കളിലും മൊട്ടുകളിലും ദ്വാരങ്ങളുണ്ടാക്കും. കായകളിലും സുഷിരങ്ങളുണ്ടാക്കി വിത്തുകള്‍ തിന്നുതീര്‍ക്കും.

വെള്ളീച്ചയുടെ പുഴുക്കള്‍ ഇലകളില്‍ കറുത്ത പൂപ്പലുകള്‍ ഉണ്ടാക്കും. കമ്പിളിപ്പുഴുക്കള്‍ പ്രധാനമായും തിന്നുനശിപ്പിക്കുന്നത് ഇലകളാണ്. വേപ്പധിഷ്ഠിത കീടനാശിനികളാണ് ഏലത്തിന് നല്ലത്.

കായകള്‍ കൃത്രിമമായി ഉണക്കിയെടുക്കുന്ന രീതി

ഇതിനായി പ്രത്യേകം തയ്യാറാക്കിയ സംസ്‌കരണപ്പുരകള്‍ വേണം. കായകള്‍ വേര്‍പെടുത്തി 24 മുതല്‍ 36  മണിക്കൂറിനുള്ളില്‍ സംസ്‌കരിക്കാന്‍ തുടങ്ങണം.  കായകള്‍ക്ക് പച്ചനിറം ലഭിക്കാനായി രണ്ട് ശതമാനം വീര്യമുള്ള വാഷിംഗ് സോഡയുടെ ലായനിയില്‍ 10 മിനിറ്റ് മുക്കിവെക്കാവുന്നതാണ്.

ഏലക്കായകള്‍ നന്നായി കഴുകി വൃത്തിയാക്കണം. അടിയില്‍ കമ്പിവല ഘടിപ്പിച്ച തട്ടുകളില്‍ കായകള്‍ നിരത്തണം. ഇരുമ്പ് ചൂളയില്‍ വിറകിട്ട് കത്തിച്ചാണ് ചൂടാക്കുന്നത്. ഈ ചൂട് ഇരുമ്പിന്റെ കുഴല്‍ വഴി ഏലക്കായ ഉണക്കാന്‍ തയ്യാറാക്കിയ പുകപ്പുരയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഈ ചൂട് നാല് മണിക്കൂര്‍ സമയത്തേക്ക് 50 ഡിഗ്രിയായി നിലനിര്‍ത്തും. പിന്നീട്  അവസാനത്തെ ഒരു മണിക്കൂര്‍ സമയത്തേക്ക് 45 ഡിഗ്രിയിലേക്ക് താപനില അല്‍പം താഴ്ത്തും. ഏറ്റവും അവസാനം ഒരു മണിക്കൂറില്‍ 60 ഡിഗ്രി സെന്റിഗ്രേഡായി ചൂട് ഉയര്‍ത്തും.