വിദേശിയായ അഡീനിയം ഇന്ന് മിക്കവാറും വീടുകളില്‍ പൂന്തോട്ടത്തില്‍ മുന്‍നിരയില്‍ തന്നെ കാണാം. ബോണ്‍സായിയായി വളര്‍ത്താനാണ് പലര്‍ക്കും താല്‍പര്യം. സാധാരണ കണ്ടുവരുന്നത് പിങ്ക് നിറത്തിലുള്ള പൂക്കളാണ്. വയലറ്റ്, മഞ്ഞ, ചുവപ്പ്, വെള്ള എന്നിങ്ങനെയുള്ള നിറങ്ങളില്‍ അഡീനിയം ലഭ്യമാണ്.

അഡീനിയം ഗ്രാഫ്റ്റിങ്ങിലൂടെ നട്ടുവളര്‍ത്തുന്നതാണ് നല്ലത്. വിത്തുമുളപ്പിച്ച് തൈകള്‍ വളര്‍ത്തുമ്പോള്‍ പൂക്കളുടെ നിറത്തില്‍ വ്യത്യാസം ഉണ്ടാകുന്നതിനാല്‍ ഗ്രാഫ്റ്റ് ചെയ്ത തൈകളാണ് നല്ലത്.

അഡീനിയത്തിന്റെ ഒട്ടുതൈകള്‍ തയ്യാറാക്കാം

സ്‌റ്റോണ്‍ ഗ്രാഫ്റ്റിങ്ങ് രീതിയല്ലാതെ വിത്തിട്ട് മുളപ്പിച്ച നാടന്‍ ഇനങ്ങളുടെ തൈ തള്ളവിരലിന്റെ കനത്തിലെത്തുമ്പോള്‍ ചെടിയുടെ ചുവട്ടില്‍ നിന്ന് 10 സെ.മീ ഉയരത്തില്‍ മുകളിലെ ഭാഗം വട്ടത്തില്‍ മുറിച്ചു മാറ്റണം. അതിനു മുകളില്‍ അത്യുത്പാദന ശേഷിയുള്ള അഡീനിയം ഇനങ്ങളുടെ ശിഖരം മുറിച്ച് രണ്ട് സെ.മീ കനത്തില്‍ വട്ടത്തില്‍ മുറിച്ച ശിഖരത്തിന്റെ മേലെ പ്ലാസ്റ്റിക് നാട കൊണ്ട് വെള്ളവും വായുവും കടക്കാതെ മുറുക്കിക്കെട്ടണം. ഇങ്ങനെ ഒട്ടിച്ച തൈകള്‍ പോളി ബാഗുകളില്‍ നടാം.

 

ചുവന്ന മണ്ണും മണലും ചാണകപ്പൊടിയും ഒരേ അളവില്‍ എടുത്ത് മിശ്രിതം തയ്യാറാക്കാം. ചെടികള്‍ക്ക് അഞ്ച് ദിവസത്തിലൊരിക്കല്‍ നനച്ചാല്‍ മതി.

രണ്ടാഴ്ച കഴിയുമ്പോള്‍ ഒട്ടുതൈകള്‍ കിളിര്‍ക്കും. അതിനുശേഷം രണ്ടാഴ്ച കഴിഞ്ഞാല്‍ ഇലകള്‍ വന്നുതുടങ്ങുമ്പോള്‍ പ്ലാസ്റ്റിക് നാട അഴിച്ചുമാറ്റണം. ഇങ്ങനെ ഒട്ടിച്ച തൈകള്‍ മൂന്ന് മാസം കൊണ്ട് പൂവിടും.

വളപ്രയോഗവും പരിചരണവും

അഡീനിയത്തിന് സാധാരണ ഉപയോഗിക്കുന്ന മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവയടങ്ങിയ പോട്ടിങ്ങ് മിശ്രിതമല്ല അഭികാമ്യം. ഒരു ചട്ടി മണല്‍ ഉപയോഗിക്കാം. അല്ലെങ്കില്‍ പെര്‍ലൈറ്റും നിറയ്ക്കാം. അതേ അളവില്‍ ചകിരിച്ചോറും അതിന്റെ പകുതി അളവില്‍ ചുവന്ന മണ്ണും ഉപയോഗിച്ചാണ് പോട്ടിങ്ങ് മിശ്രിതം നിറയ്ക്കുന്നത്. ജൈവവളമായി ഉണങ്ങിയ ആട്ടിന്‍കാട്ടവും ചാണകപ്പൊടിയും ചേര്‍ക്കാം. അതുപോലെ 100 ഗ്രാം വേപ്പിന്‍ പിണ്ണാക്കും 100 ഗ്രാം എല്ലുപൊടിയും 50 ഗ്രാം കുമ്മായവും കൂട്ടിക്കലര്‍ത്തി ചെടി നടാം.

ചെടികള്‍ പൂവിട്ടുകഴിഞ്ഞാല്‍ കൊമ്പുകോതല്‍ നടത്തിക്കൊടുക്കണം. നല്ല മഴക്കാലം കഴിഞ്ഞാലാണ് കൊമ്പുകോതല്‍ നടത്തേണ്ടത്. മുറിച്ച ഭാഗത്ത് കുമിള്‍നാശിനി തേച്ചുകൊടക്കുന്നത് നല്ലതാണ്.

 

അഡീനിയത്തിന് ദിവസത്തില്‍ നാലോ അഞ്ചോ മണിക്കൂറെങ്കിലും വെയില്‍ കിട്ടണം. അതുപോലെ ദിവസവും മിതമായ രീതിയില്‍ നനയ്ക്കുന്നത് ചെടികള്‍ നന്നായി വളരാനും പൂക്കാനും സഹായിക്കും.

മഴക്കാലത്ത് ശക്തിയായി മഴവെള്ളം ചെടികളില്‍ പതിക്കരുത്. വേനല്‍ക്കാലമായാല്‍ ദിവസവും നനയ്ക്കണം. ചട്ടികളില്‍ നിറച്ച മിശ്രിതം ഉണങ്ങുന്നതുപോലെ കാണപ്പെട്ടാല്‍ നിര്‍ബന്ധമായും നനയ്ക്കണം.

ആട്ടിന്‍കാഷ്ഠം നല്ല വളമായി ഉപയോഗിക്കാം. സാധാരണ ഉപയോഗിക്കുന്ന വളങ്ങളില്‍ കപ്പലണ്ടി പിണ്ണാക്കും വേപ്പിന്‍ പിണ്ണാക്കും പുളിപ്പിച്ച് തെളി ഊറ്റിയെടുത്ത് നേര്‍പ്പിച്ചതാണ് ഏറ്റവും നല്ലത്.

ഗോമൂത്രത്തില്‍ 20 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചതും വളമായി ഉപയോഗിക്കാം. എന്‍.പി.കെ മിശ്രിതം നല്‍കാം. എല്ലുപൊടിയും ചെടികള്‍ പൂക്കാന്‍ നല്ലതാണ്. രണ്ട് വര്‍ഷം കഴിഞ്ഞാല്‍ പഴയ മിശ്രിതം മാറ്റി പുതിയത് നിറയ്ക്കണം.

വിത്ത് മുളപ്പിച്ചെടുക്കുന്ന തൈകള്‍ക്ക് ഏതാണ്ട് 6 മാസം പ്രായമാകുമ്പോള്‍ തന്നെ കൊമ്പുകോതല്‍ നടത്തണം. എന്നാല്‍ ഗ്രാഫ്റ്റിങ് രീതിയില്‍ വളര്‍ത്തുമ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞ് കൊമ്പുകോതല്‍ നടത്തിയാല്‍ മതി. ചെടിയുടെ ചുവട്ടില്‍ നിന്ന് 4 ഇഞ്ച് മുകളില്‍ വെച്ചാണ് മുറിക്കേണ്ടത്.

വെള്ളം കെട്ടി നില്‍ക്കാതെ അഡീനിയം സംരക്ഷിക്കണം. വേരുചീയാതിരിക്കണം എന്നര്‍ഥം. ഇന്‍ഡോഫില്‍ എന്ന കുമിള്‍നാശിനി മൂന്ന് ഗ്രാം എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഒഴിച്ചാല്‍ വേരുചീയല്‍ രോഗത്തില്‍ നിന്ന് രക്ഷനേടാം.

ഇലകള്‍ പൊഴിയുന്ന പ്രശ്‌നം അഡീനിയത്തില്‍ കാണാറുണ്ട്. അതുപോലെ പൂമൊട്ട് ഉണ്ടായാലും വിരിയാതെ കൊഴിഞ്ഞു പോകാം. കോണ്ടാഫ് എന്ന കുമിള്‍നാശിനി രണ്ടു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിച്ചാല്‍ മതി.

 

ഇലകള്‍ വാടാനും തണ്ടുകള്‍ ക്ഷീണിച്ചുപോകാനും പ്രധാന കാരണം തണ്ടുതുരപ്പന്‍ പുഴുവായിരിക്കും. പോട്ടിങ്ങ് മിശ്രിതം വൃത്തിയായി സൂക്ഷിച്ചാല്‍ പുഴുവിന്റെ ആക്രമണം അകറ്റാം. ആക്രമിക്കപ്പെട്ട കമ്പുകള്‍ മുറിച്ചുമാറ്റി കുമിള്‍നാശിനി പുരട്ടണം.

അഡീനിയത്തിന്റെ പ്രത്യേകതകള്‍

അഡീനിയത്തിന്റെ ഇംഗ്ലീഷിലുള്ള പേരാണ് ഡെസേര്‍ട്ട് റോസ്. ഇതില്‍ ഒരു നിര ഇതളുകളും രണ്ട് നിരയില്‍ ഇതളുകളുള്ളതും മൂന്ന് നിരയില്‍ ഇതളുകളുള്ളതുമുണ്ട്. ഒരു വര്‍ഷത്തില്‍ പല പ്രാവശ്യം പൂക്കളുണ്ടാകും.

ബോണ്‍സായ് രൂപത്തില്‍ വളര്‍ത്തുമ്പോള്‍ ഒന്നില്‍ക്കൂടുതല്‍ ചെടികള്‍ ഒരുമിച്ച് വളര്‍ത്തി തണ്ടുകള്‍ പിണച്ചെടുക്കുകയാണ് ചെയ്യുന്നത്. അഡീനിയത്തിന്റെ തണ്ടില്‍ വെള്ളം ശേഖരിച്ചുവെക്കാന്‍ കഴിവുണ്ട്.