ചൈന ഇപ്പോൾ നയതന്ത്രപരമായ കാര്യങ്ങളെപ്പറ്റിയൊന്നും ചിന്തിച്ച് തലപുകയ്ക്കാവുന്ന അവസ്ഥയിലല്ല. കൊറോണ എന്ന അതിമാരകമായ വൈറസിന്റെ ആക്രമണത്തിൽ ആകെ വലഞ്ഞിരിക്കുകയാണ് ചൈനീസ് ഗവൺമെന്റ്. എന്നാലും, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ ആദ്യത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ പേരിൽ ഇവിടെ നടക്കുന്ന ബഹളങ്ങൾ അവിടേക്കും എത്താതിരിക്കാൻ വഴിയില്ല. അതിനോടുള്ള പ്രതിയകരണങ്ങൾ ഒരിക്കലും സൗഹൃദപരമാകാൻ ഇടയില്ല. അതിന്റെ പേരിൽ ചൈനയുടെ പക്ഷത്തുനിന്ന് ഒരു ഗൂഢാലോചനാ സിദ്ധാന്തത്തിനു പോലും സാധ്യത തള്ളിക്കളഞ്ഞുകൂടാ. 2013 -ൽ സി ജിൻ പിങ് അധികാരത്തിൽ വന്നതിനു ശേഷം സ്വീകരിക്കപ്പെട്ടിട്ടുള്ള സ്വപ്നപദ്ധതിയായ 'വൺ ബെൽറ്റ്, വൺ റോഡ്' (ഒരു മേഖല, ഒരു പാത)നെയും, അത് ചൈനയ്ക്ക് നൽകിയ അഭിവൃദ്ധിയെയും ഒക്കെ പ്രതിരോധിക്കാനുള്ള ഇന്തോ അമേരിക്കൻ തയ്യാറെടുപ്പുകളുടെ ഭാഗമായും ഈ സന്ദർശനം വായിക്കപ്പെട്ടേക്കാം. 

മോഡിക്ക് കഴിഞ്ഞ സെപ്റ്റംബറിൽ അമേരിക്കയിൽ അരലക്ഷത്തിൽ പരം ഇന്ത്യൻ വംശജരായ അമേരിക്കൻ പൗരന്മാരെ അണിനിരത്തിക്കൊണ്ട് 'ഹൗഡി മോഡി' എന്ന പേരിലൊരു വരവേൽപ്പ് ട്രംപ് ഒരുക്കിയതിന് മറുപടിയായിട്ടാണ് ഇപ്പോൾ മോദി ട്രംപിനെ വരവേൽക്കാൻ വേണ്ടി 'നമസ്തേ ട്രംപ്' ഒരുക്കിയിട്ടുള്ളത്.  

ഏഷ്യയിലെ ആധികാരിക സാമ്പത്തിക, സൈനിക ശക്തിയായി തങ്ങളെ ഉയർത്തിക്കാട്ടാനുള്ള ചൈനയുടെ ശ്രമങ്ങളെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുന്നതിൽ ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവയ്‌ക്കൊപ്പം ഇന്ത്യയും മുന്നിൽ തന്നെയുണ്ട്. തുടക്കത്തിൽ ഈ സീനിൽ നിന്ന് വിട്ടു നിൽക്കും എന്നായിരുന്നു അമേരിക്കയുടെ നയം. എന്നാൽ, ഇപ്പോൾ ഇങ്ങനെയൊരു ഇന്ത്യാ സന്ദർശനം, അതും അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ട്രംപിന്റെ ആദ്യത്തെ സന്ദർശനം, ചൈനീസ് വൃത്തങ്ങളിൽ ആശങ്കകൾക്ക് കാരണമായേക്കാം. അമേരിക്കയിൽ നിന്നുള്ള പടക്കോപ്പുകളുടെ ഇറക്കുമതിയെ ചൈന പരസ്യമായി എതിർത്തിരുന്നു. രാജ്യസുരക്ഷയുടെ കാര്യത്തിൽ തങ്ങളെപ്പോലെ സ്വയംപര്യാപ്തി കൈവരിക്കാൻ ഏഷ്യൻ രാജ്യങ്ങൾക്കാവണം എന്ന് ചൈന ആഹ്വാനം ചെയ്തിരുന്നു. ഉയിഗുറുകൾ താമസിക്കുന്ന സിൻജിയാങ് പ്രവിശ്യ, ടിബറ്റ്, തായ്‌വാൻ, ഹോങ്കോങ് പോലുള്ള വിഷയങ്ങളിൽ ചൈന നടത്തുന്ന ഇടപെടലുകൾ മറ്റുപലരാജ്യങ്ങൾക്കും അത്രയ്ക്ക് രസിച്ചിട്ടില്ല. 

ഇന്ത്യയും ചൈനയും തമ്മിൽ വളരെ ചുരുങ്ങിയ തോതിലുള്ള വ്യാപാര ബന്ധങ്ങളെ ഉള്ളൂ നിലവിൽ. ചൈന ഇന്ത്യയിൽ ഇതുവരെ നടത്തിയിട്ടുള്ള നിക്ഷേപങ്ങൾ പരമാവധി എട്ടു ബില്യൺ ഡോളർ വരും. ന്യൂക്ലിയർ സപ്ലൈ ഗ്രൂപ്പ്, ഭീകരവാദം, ഉത്തരപൂർവ്വ ഇന്ത്യയിലെ അതിർത്തി വിഷയങ്ങൾ, RCEP, ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യയെറ്റിവ് തുടങ്ങിയ കാര്യങ്ങളിൽ ഇന്ത്യക്കും ചൈനയ്ക്കുമിടെ അഭിപ്രായ വ്യത്യാസങ്ങൾ നിലവിലുണ്ട്. അതുകൊണ്ടുതന്നെ ഈ ചർച്ചയ്ക്കിടെ മോദിയും ട്രംപും തമ്മിൽ ചൈനയെപ്പറ്റി നടത്താൻ പോകുന്ന സംഭാഷണങ്ങൾ ഏറെ പ്രസക്തമാണ്.  ആഗോളതലത്തിൽ ചൈന എന്ന ഭീഷണിയെപ്പറ്റി അമേരിക്കയും, ഏഷ്യയിൽ ചൈനയുടെ വ്യാപാര, സാമ്പത്തിക, സൈനിക ഭീഷണികളെപ്പറ്റിയുള്ള തങ്ങളുടെ ആശങ്കകൾ ഇന്ത്യയും പങ്കുവെച്ചേക്കും. മേഖലയിൽ ചൈന നടത്തുന്ന ത്വരിതഗതിയിലുള്ള മുന്നേറ്റങ്ങൾ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിൽ ഒരു സൗഹൃദം വളർന്നുവരാനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്.