വഴി മുടക്കി കൂറ്റന്‍ മഞ്ഞുകട്ടകള്‍, ഇത്തവണ എവറസ്റ്റ് കയറുന്നത് എളുപ്പമാകില്ല. ആശങ്ക പങ്കുവച്ചുകൊണ്ട് യുവാവിന്‍റെ പോസ്റ്റ്. സേവ്യർ ലാഡൂസെറാണ് ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ഷെയര്‍ ചെയ്തത്.
മൗണ്ട് എവറസ്റ്റ് കീഴടക്കാനുള്ള ഈ വർഷത്തെ യാത്ര മുമ്പെങ്ങുമില്ലാത്തവിധം അപകടകരമായേക്കാമെന്ന് യുവ പർവതാരോഹകന്റെ പോസ്റ്റ്. സേവ്യർ ലാഡൂസെറാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ഖുംബു ഐസ്ഫാളിലെ തടസ്സങ്ങൾ കാരണം പർവതാരോഹണത്തിനുള്ള പാത തുറക്കുന്നത് വൈകുന്നതിലുള്ള ആശങ്കയാണ് 23 വയസ്സുകാരനായ സേവ്യർ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചത്. 'എവറസ്റ്റ് 2026 പ്ലാൻ ചെയ്തതുപോലെയല്ല മുന്നോട്ട് പോകുന്നത്. ഏറ്റവും അപകടകരമായ ഖുംബു ഐസ്ഫാൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ഒരു കൂറ്റൻ ഹിമപാളി പാത പൂർണ്ണമായും തടസ്സപ്പെടുത്തിയിരിക്കുന്നു' എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
കൂടാതെ, പർവതാരോഹണത്തിനുള്ള സമയപരിധി മെയ് 15 മുതൽ 30 വരെ ആണെന്നിരിക്കെ, നൂറുകണക്കിന് ആളുകൾ ബേസ് ക്യാമ്പിൽ കുടുങ്ങിക്കിടക്കുകയാണ്. പാത വൈകി തുറക്കുന്നത് വലിയ തിരക്കിന് കാരണമാകുമെന്നും പോസ്റ്റിൽ കാണാം. 'പാത തുറന്നാൽ ഉടൻ എല്ലാവരും ഒരേസമയം മുകളിലേക്ക് കയറാൻ ശ്രമിക്കും. അപ്പോഴാണ് എവറസ്റ്റ് ഏറ്റവും മാരകമാകുന്നത്. ഇതൊരു പർവതാരോഹണമല്ല, മറിച്ച് സമയത്തിനെതിരായ ഓട്ടമാണ്' എന്നും സേവ്യർ പറയുന്നു.
ഏകദേശം 55 മീറ്റർ നീളവും 37 മീറ്റർ വീതിയും 28 മീറ്റർ ഉയരവുമുള്ള ഒരു കൂറ്റൻ മഞ്ഞുപാളിയാണ് പ്രധാന പാതയിൽ തടസ്സം സൃഷ്ടിച്ചത്. അതേസമയം, നേപ്പാൾ ടൂറിസം വകുപ്പ് പുതിയ അറിയിപ്പുമായി രംഗത്തെത്തി. ഖുംബു ഐസ്ഫാളിലൂടെ ക്യാമ്പ്-2 -വിലേക്ക് വഴി തുറന്നതായിട്ടാണ് നേപ്പാൾ ടൂറിസം ഡയറക്ടർ ജനറൽ രാം കൃഷ്ണ ലാമിച്ചേനെ അറിയിച്ചത്. 19 ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് പർവതാരോഹകർക്ക് പ്രതീക്ഷ നൽകുന്ന ഈ നീക്കം. ഇത്തവണ എവറസ്റ്റ് കീഴടക്കാൻ പെർമിറ്റ് നേടിയത് 425 പേരാണ്. ഇവരുടെ യാത്ര വെല്ലുവിളി നിറഞ്ഞതാകാൻ സാധ്യതയുണ്ട് എന്നാണ് അപ്പോഴും അധികൃതർ ആശങ്കപ്പെടുന്നത്.
