കുമ്പളങ്ങയിൽ 95 ശതമാനത്തോളം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ, ശരീരവുമായി സമ്പർക്കത്തിൽ വരുമ്പോൾ അത് ചൂട് വലിച്ചെടുക്കും. ഒരു ഐസ് ബാഗ് അല്ലെങ്കിൽ കോൾഡ് വാട്ടർ ബാഗ് ഉപയോഗിക്കുന്നത് പോലെ.
വേനൽച്ചൂടിൽ നിന്ന് ആശ്വാസം കണ്ടെത്താൻ വിചിത്രമായ മാർഗ്ഗങ്ങൾ തേടുന്നവർ ജാഗ്രതൈ! തണുപ്പ് ലഭിക്കാനായി വലിയ കുമ്പളങ്ങ കെട്ടിപ്പിടിച്ചുറങ്ങുന്ന ചൈനക്കാരുടെ പുതിയ പ്രവണത വലിയൊരു ദുരന്തത്തിലാണ് ചെന്നെത്തിയിരിക്കുന്നത്. രാത്രി ഉറക്കത്തിനിടയിൽ കുമ്പളങ്ങ പൊട്ടിത്തെറിച്ച് കിടപ്പുമുറികളിൽ ദുർഗന്ധം വമിക്കുന്ന ദ്രാവകം പടരുന്ന അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയാണ് പലരും.
'സിചുവാൻ ഡെയ്‌ലി' റിപ്പോർട്ട് ചെയ്തതനുസരിച്ച്, തുടർച്ചയായി കുറച്ചു രാത്രികൾ കെട്ടിപ്പിടിച്ചു കിടന്നതിന് ശേഷമാണ് കുമ്പളങ്ങകൾ പൊട്ടിത്തെറിക്കുന്നത്. 'പെട്ടെന്നൊരു രാത്രിയിൽ അത് പൊട്ടിത്തെറിക്കുകയായിരുന്നു. ഒരു ഡ്രെയിനേജ് പൈപ്പ് പൊട്ടിയതുപോലെയുള്ള കടുത്ത ദുർഗന്ധമാണ് ഉയർന്നത്' എന്ന് ഒരു സോഷ്യൽ മീഡിയ യൂസർ കുറിച്ചു.
പാരമ്പര്യം, പക്ഷെ അപകടവും!
വേനൽക്കാലത്ത് കുമ്പളങ്ങ കെട്ടിപ്പിടിച്ചുറങ്ങുന്നത് പുരാതന ചൈനയിൽ നിലനിന്നിരുന്ന ഒരു പരമ്പരാഗത രീതിയാണ്. മിങ് (1368–1644), ക്വിങ് (1644–1912) രാജവംശങ്ങളുടെ കാലത്ത് എഴുതപ്പെട്ട വിജ്ഞാനകോശങ്ങളിലും ആരോഗ്യഗ്രന്ഥങ്ങളിലും തെക്കൻ ചൈനയിലെ ജനങ്ങൾ തണുപ്പ് ലഭിക്കാനായി കുമ്പളങ്ങ ഉപയോഗിച്ചിരുന്നതായി പരാമർശിക്കുന്നുണ്ട്.
കുമ്പളങ്ങയിൽ 95 ശതമാനത്തോളം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ, ശരീരവുമായി സമ്പർക്കത്തിൽ വരുമ്പോൾ അത് ചൂട് വലിച്ചെടുക്കും. ഒരു ഐസ് ബാഗ് അല്ലെങ്കിൽ കോൾഡ് വാട്ടർ ബാഗ് ഉപയോഗിക്കുന്നത് പോലെ. എയർ കണ്ടീഷണറുകൾ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന കറന്റ് ചാർജ്ജ് ഒഴിവാക്കാനും, ജലദോഷം ഇല്ലാതിരിക്കാനുമാണ് ചെലവ് കുറഞ്ഞ ഈ രീതി ആളുകൾ വീണ്ടും പരീക്ഷിച്ചു തുടങ്ങിയത്.
എന്തുകൊണ്ടാണ് കുമ്പളങ്ങ പൊട്ടിത്തെറിക്കുന്നത്?
ചെങ്‌ഡു അക്കാദമി ഓഫ് അഗ്രികൾച്ചറൽ ആൻഡ് ഫോറസ്ട്രി സയൻസസിലെ മുതിർന്ന കാർഷിക വിദഗ്ദ്ധയായ ഓ ക്വിങ്‌യാൻ ഇതിനുപിന്നിലെ കാരണം വ്യക്തമാക്കുന്നത് ഇങ്ങനെ: കുമ്പളങ്ങ തുടർച്ചയായി തൊടുകയും കെട്ടിപ്പിടിക്കുകയും ചെയ്യുമ്പോൾ അതിൻ്റെ തൊലിപ്പുറത്തുള്ള വെളുത്ത മെഴുക് പാളിക്ക് കേടുപാടുകൾ സംഭവിക്കുന്നു. ഈ പാളി നശിക്കുന്നതോടെ ബാക്ടീരിയകളും സൂക്ഷ്മാണുക്കളും ഉള്ളിലേക്ക് കടക്കുന്നു. സൂക്ഷ്മാണുക്കൾ കുമ്പളങ്ങയ്ക്കുള്ളിലെ പഞ്ചസാരയെ വിഘടിപ്പിച്ച് അഴുകൽ പ്രക്രിയ നടത്തുകയും, വലിയ അളവിൽ കാർബൺ ഡൈ ഓക്സൈഡ് വാതകം ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. രാത്രി മുഴുവൻ പുതപ്പിനുള്ളിൽ വെച്ച് കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ ഉണ്ടാകുന്ന ചൂട് അഴുകൽ പ്രക്രിയയുടെ വേഗത വർദ്ധിപ്പിക്കുന്നു. ഉള്ളിൽ ഗ്യാസ് നിറഞ്ഞു സമ്മർദ്ദം താങ്ങാനാവാതെ വരുമ്പോൾ കുമ്പളങ്ങ പൊട്ടിത്തെറിക്കുന്നു.
ഇത്തരം അപകടസാധ്യതയുള്ള താത്കാലിക സൂത്രങ്ങൾ പരീക്ഷിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് ഇപ്പോൾ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്
