'കനത്ത വെടിവെപ്പായിരുന്നു. അതിനിടെ, എന്റെ ഏഴ് വയസ്സുകാരി മകള്‍ ഒന്നു പുറത്തു പോയി. പിന്നെ അവളെ കണ്ടിട്ടേയില്ല. അവള്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നൊരു പിടിയും എനിക്കില്ല. ''-അഭയാര്‍ത്ഥി ക്യാമ്പിലെ ഒരു സ്ത്രീയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.  

''ഞങ്ങളുടെ ഗ്രാമത്തിലാകെ ബോംബുകള്‍ വീണു കൊണ്ടിരിക്കുകയാണ്. താലിബാന്‍ വന്ന് എല്ലാം നശിപ്പിച്ചു കളഞ്ഞു. വീടുവിട്ട് പോവുക എന്നതല്ലാതെ ഞങ്ങളുടെ മുന്നില്‍ ഒരു വഴിയുമില്ലായിരുന്നു. ഞങ്ങളും കുട്ടികളുമെല്ലാം വെറും നിലത്താണ് ഇപ്പോള്‍ ഉറങ്ങുന്നത്. ''

ഇത് ഗുല്‍ നാസ് എന്ന അഫ്ഗാന്‍ സ്ത്രീയുടെ വാക്കുകളാണ്. വടക്കു കിഴക്കന്‍ അഫ്ഗാനിസ്താനിലെ അസദാബാദ് സ്വദേശിയായ ഗുല്‍ നാസ് എ എഫ് പി വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുന്നതിനിടയിലാണ് തങ്ങളുടെ അവസ്ഥ വിവരിച്ചത്. താലിബാന്റെ ആക്രമണത്തെ തുടര്‍ന്ന്, വീടും സ്വത്തുക്കളും ഉപേക്ഷിച്ച് പലായനം ചെയ്ത ഗുല്‍ നാസ് അടക്കമുള്ള അനേകം സ്ത്രീകള്‍ കുട്ടികള്‍ക്കൊപ്പം അസദാബാദിലെ സ്‌കൂളിലാണ് കഴിയുന്നത്. 

നാലു ദിവസത്തിനകം ആറാമത്തെ പ്രവിശ്യാ തലസ്ഥാനവും കീഴടക്കി, താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്താന്‍ പിടിച്ചടക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ്, ഗുല്‍ അടക്കമുള്ള സാധാരണക്കാരുടെ ദുരിതാവസ്ഥകള്‍ പുറത്തുവരുന്നത്. താലിബാനെ പ്രതിരോധിക്കുന്നതിന് അഫ്ഗാന്‍ സൈന്യം കര, വ്യോമാക്രമണം ശക്തമാക്കിയതോടെ രാജ്യത്തിന്റെ നാലു ദിക്കിലും കനത്ത യുദ്ധം നടക്കുകയാണ്. സമാധാന കരാര്‍ നടപ്പാക്കണമെന്ന് ലോക രാജ്യങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുമ്പോഴും അതിനെ തള്ളിക്കളഞ്ഞ് ആക്രമണവുമായി മുന്നോട്ടു പോവുകയാണ് താലിബാന്‍. അതിനിടെ, സൈന്യം നടത്തിയ ആക്രമണത്തില്‍ 500 -ലേറെ താലിബാന്‍കാര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ സര്‍ക്കാര്‍ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം അമേരിക്കന്‍ സൈന്യം താലിബാന്‍ ക്യാമ്പുകളില്‍ നടത്തിയ വ്യോമാക്രമണത്തിലും താലിബാന്‍ കൊല്ലപ്പെട്ടിരുന്നു. 

താലിബാന്റെ മുന്നേറ്റത്തെ തുടര്‍ന്ന് അഫ്ഗാനിസ്താന്‍ യുദ്ധഭൂമി ആയതോടെ സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് പേരാണ് സര്‍വ്വതും ഉപേക്ഷിച്ച് പലായനം ചെയ്യുന്നതെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോസ്പിറ്റലുകളില്‍ പരിക്കേറ്റവര്‍ തിങ്ങി നിറയുകയാണ്. ആവശ്യത്തിന് മരുന്നുകളില്ലാതെ കഷ്ടപ്പാടിലാണ് പല ആശുപത്രികളുമെന്ന് ഡോക്‌ടേഴ്‌സ് വിത്തൗട്ട് ഫ്രോണ്ടിയേഴ്‌സ് പ്രതിനിധി പ്രസ്താവനയില്‍ പറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ ദിവസങ്ങളായി വൈദ്യുതി ഇല്ലാതായെന്ന് അഫ്ഗാനിസ്താനിലെ ഗാന്ധാര ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. താലിബാനും സൈന്യവും തമ്മിലുള്ള വെടിവെപ്പിനിടെ ഗ്രാമപ്രദേശങ്ങളില്‍ നിരവധി സിവിലിയന്‍മാര്‍ മരിക്കുന്നതായി ടോലോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

'കനത്ത വെടിവെപ്പായിരുന്നു. അതിനിടെ, എന്റെ ഏഴ് വയസ്സുകാരി മകള്‍ ഒന്നു പുറത്തു പോയി. പിന്നെ അവളെ കണ്ടിട്ടേയില്ല. അവള്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നൊരു പിടിയും എനിക്കില്ല. ''-അഭയാര്‍ത്ഥി ക്യാമ്പിലെ ഒരു സ്ത്രീയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

കനത്ത യുദ്ധത്തില്‍ നിരവധി കുട്ടികളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂന്ന് പ്രവിശ്യകളില്‍നിന്നായി 27 കുട്ടികളാണ് കൊല്ലപ്പെട്ടതെന്ന് യുനിസെഫ് അഫ്ഗാന്‍ പ്രതിനിധി ഹെര്‍ദ് ലുദോവിച്ച് പ്രസ്താവനയില്‍ പറഞ്ഞു. 136 കുട്ടികള്‍ക്ക് പരിക്കേറ്റതായും യുനിസെഫ് അറിയിച്ചു. കുട്ടികളുടെ ദുരന്തം ഭീകരമായ വിധം വര്‍ദ്ധിക്കുകയാണെന്നും യുനിസെഫ് വ്യക്തമാക്കുന്നു. 

ഏറ്റവുമൊടുവില്‍ വടക്കന്‍ അഫ്ഗാനിസ്താനില്‍ സമന്‍ജന്‍ പ്രവിശ്യയാണ് താലിബാന്‍ പിടിച്ചെടുത്തത്. പ്രവിശ്യാ തലസ്ഥാനമായ അയ്ബക്കിലെ സര്‍ക്കാര്‍ ഓഫീസുകള്‍ താലിബാന്‍ നിയന്ത്രണത്തിലായെന്ന് പ്രവിശ്യാ കൗണ്‍സിലര്‍മാരെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. താലിബാന്‍ മുന്നേറ്റത്തെ തുടര്‍ന്ന് സൈന്യം നഗരം വിടുകയും അടുത്തുള്ള കൊഹി ബസ്ത് കുന്നില്‍ താവളമടിക്കുകയും ചെയ്തു. സര്‍ക്കാര്‍ സഹായം വൈകുന്നതിനാല്‍, സൈന്യം പ്രതിസന്ധിയിലാണ്.

ഇവിടെ എല്ലാ സ്ഥലങ്ങളിലും താലിബാന്‍ നിയന്ത്രണമാണെന്ന് പ്രവിശ്യാ ഡെപ്യൂട്ടി ഗവര്‍ണര്‍ സിഫാത്തുല്ലാ സമന്‍ജാനി എ എഫ് പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇവിടത്തെ പൊലീസ് സ്‌റ്റേഷനുകള്‍ തങ്ങളു െനിയന്ത്രണത്തിലാണെന്ന് താലിബാന്‍ വക്താവ് ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച മുതല്‍ ഇവിടത്തുകാര്‍ സര്‍വ്വതും ഉപേക്ഷിച്ച് പലായനം ചെയ്തു തുടങ്ങിയിരുന്നു. അയ്ബക്ക് മാര്‍ക്കറ്റ് അടച്ചിരിക്കുന്നു. നൂറു കണക്കിനാളുകള്‍ ബല്‍ഖ്, ബഗ്‌ലാന്‍ പ്രവിശ്യകളിലേക്ക് പലായനം ചെയ്തതായി റേഡിയോ ആസാദി റിപ്പോര്‍ട്ട് ചെയ്യുന്നു.