Asianet News MalayalamAsianet News Malayalam

ഇവിടെയുണ്ട് 'ഹ്യുമൻ ലൈബ്രറി', വായനക്കാർക്കും എഴുത്തുകാർക്കുമുള്ള ഇടം

അറിവ് പങ്കിടുമ്പോൾ വർധിക്കുമെന്ന് പറയും. ഇവിടെ ചെറുപ്പക്കാർക്ക് അറിവുകൾ പങ്കിടാനുള്ള ഒരു വേദി സൃഷ്ടിക്കുകയാണ് അദ്ദേഹം. 

human library in Varanasi
Author
Varanasi, First Published Mar 19, 2021, 9:08 AM IST

ജീവിതത്തിൽ എപ്പോഴെങ്കിലും നമ്മൾ ഓരോരുത്തരും നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങളുടെ രചയിതാക്കളെ ഒന്ന് നേരിട്ട് കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടാകും, തീർച്ച. അതുമല്ലെങ്കിൽ പ്രിയപ്പെട്ട റോൾ മോഡലുകളുമായി ഒന്നിച്ചിരുന്ന് ഒന്ന് സംസാരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന്  കൊതിച്ചിട്ടുണ്ടാകും. ബനാറസ് ഹിന്ദു സർവകലാശാലയിലെ പൂർവവിദ്യാർത്ഥിയായ ആയുഷ് കേശ്രി അത്തരക്കാർക്കായി ഒരു പുതിയ സംരംഭം ആരംഭിച്ചിരിക്കുകയാണ്, ഹ്യൂമൻ ലൈബ്രറി കഫേ. പേര് സൂചിപ്പിക്കുന്നത് പോലെ, ആളുകൾക്ക് സ്വയം പ്രകടിപ്പിക്കാനും വായനയെ മനസിലാക്കാനും പ്രമുഖ വ്യക്തികളുമായി സംവദിക്കാനുള്ള അവസരമാണ് വാരണാസിയിലെ ഈ കഫെ വാഗ്ദാനം ചെയ്യുന്നത്.  

ദുർഗ കുന്ദ് ക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ കഫെ പുസ്തക വായനക്കാർക്ക് ഒരു മികച്ച ഇടവും മനുഷ്യർ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഒരു ലൈബ്രറിയുമാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-ബിഎച്‍യു -വിന്റെ പിന്തുണയോടെ ആരംഭിച്ച ആയുഷിന്റെ സ്റ്റാർട്ടപ്പായ അഭിപ്രേപാന എടിഇ വേൾഡ് ടോക്ക് ആണ് ഇത് സ്ഥാപിച്ചത്. സംഭാഷണങ്ങൾക്ക് ഒരു വ്യക്തിയെ കരുത്തനാക്കാനും ഉയർത്താനും കഴിയുമെന്ന് ആയുഷ് വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെയാണ് സമൂഹത്തിലെ പ്രഗത്ഭരുമായി സംവദിക്കാനും, ക്രിയാത്മകമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനും അദ്ദേഹം തുനിഞ്ഞത്. 

അറിവ് പങ്കിടുമ്പോൾ വർധിക്കുമെന്ന് പറയും. ഇവിടെ ചെറുപ്പക്കാർക്ക് അറിവുകൾ പങ്കിടാനുള്ള ഒരു വേദി സൃഷ്ടിക്കുകയാണ് അദ്ദേഹം. "വിനോദ ആവശ്യങ്ങൾക്കായി, നമുക്ക് ക്ലബ്ബുകളും ബാറുകളും ഉണ്ട്, എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമെ ആശയവിനിമയത്തിനും അർത്ഥവത്തായ സംഭാഷണങ്ങൾക്കുമായി ഒരു വേദിയില്ല. അതുകൊണ്ടാണ് പരമ്പരാഗത പ്രസിദ്ധീകരണങ്ങൾക്ക് പുറമെ ഞങ്ങൾ 'ഹ്യൂമൻ ബുക്കുകൾ' അവതരിപ്പിക്കുന്നത്' ആയുഷ് ദി ലോജിക്കൽ ഇന്ത്യയോട് പറഞ്ഞു.

കഫെയിൽ സംവദിക്കാനും ചർച്ചകൾ നടത്താനും രചയിതാക്കൾ, ഡോക്ടർമാർ, പ്രൊഫസർമാർ, ശാസ്ത്രജ്ഞർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ വരുന്നു. ഈ ആളുകൾ‌, അവരുടെ മേഖലയിൽ വിദഗ്ധരായിരിക്കും. അവർ അവിടെ അവരുടെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയും സംശയങ്ങൾക്ക് ഉത്തരം നൽ‌കുകയും ചെയ്യുന്നു. ഇതെല്ലാം നടത്താൻ എവിടെനിന്നാണ് വരുമാനം എന്ന ചോദ്യത്തിന് യുവ സംരംഭകൻ ഇങ്ങനെ പറഞ്ഞു, "ദൈനംദിന ചെലവുകൾ വഹിക്കുന്നതിനായി ഞങ്ങൾ ഇവിടെ ഭക്ഷണവും പാനീയങ്ങളും വിൽക്കുന്നു.  അതേസമയം, ഞങ്ങൾ മൂന്ന് മാസത്തേക്ക് 1,100 രൂപയുടെ ഒരു സബ്സ്ക്രിപ്ഷൻ പ്രോഗ്രാം നടത്തുന്നു. ഒരാൾക്ക് അതിലെ അംഗമാകാം, പ്രവേശനം നേടാം. എല്ലാ ഇവന്റുകളിലേക്കും, കൂടാതെ 90 ദിവസത്തേക്ക് പുസ്തകങ്ങളും ഭക്ഷണവും വാങ്ങുന്നതിനുള്ള ചിലവും അതിൽ ഉൾപ്പെട്ടിരിക്കുന്നു."

ജാവേദ് അക്തർ, കൈലാഷ് ഖേർ, സി‌എൻ‌ആർ റാവു, പണ്ഡിറ്റ് ബിർജു മഹാരാജ് തുടങ്ങിയ നൂറിലധികം പ്രമുഖരെ തന്റെ കോളേജ് പഠനകാലത്ത് അഭിമുഖം നടത്തിയത് തന്റെ മാനസികവളർച്ചയെ രൂപപ്പെടുത്തിയെന്നും, ക്രിയാത്മകതയെ വളർത്തിയെന്നും സംരംഭകൻ പറഞ്ഞു. കഥപറച്ചിലിന്റെ പ്രാധാന്യം മനസിലാക്കിയ അദ്ദേഹം അത് ലാഭകരവും കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ളതുമായ ഒരു പദ്ധതിയായി മാറ്റി. ഓൺലൈനിൽ വീഡിയോകൾ കാണുന്നത് നേരിട്ടുള്ള സംവാദങ്ങൾക്ക് പകരമാവില്ലെന്നും, അതാണ് ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതെന്നും ആയുഷ് കൂട്ടിച്ചേർത്തു. 

Follow Us:
Download App:
  • android
  • ios