Asianet News MalayalamAsianet News Malayalam

ആഹാരമോ വെള്ളമോ ഇല്ലാതെ ജീവിച്ച മനുഷ്യൻ, ഒരിക്കലും ഉറങ്ങാത്തൊരാൾ, അതിവിചിത്രം ഇവരുടെ ജീവിതം

ഭൂമിയിലെ ഏറ്റവും വഴക്കമുള്ള മനുഷ്യൻ, ഡാനിയൽ ബ്രൗണിംഗ് സ്മിത്ത് ആണ്. ഒരു പന്ത് പോലെ ചുരുളാൻ ഇദ്ദേഹത്തിന് കഴിയുമത്രേ. അഞ്ച് തവണ ഗിന്നസ് റെക്കോർഡ് നേടിയിട്ടുണ്ട്.  

human with real super powers rlp
Author
First Published Jan 23, 2024, 1:37 PM IST

സൂപ്പർഹീറോസ്, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരരാണ് എന്ന കാര്യത്തിൽ സംശയമില്ല. സൂപ്പർമാൻ, സ്പൈഡർമാൻ, ബാറ്റ്മാൻ, അയൺമാൻ എന്നു തുടങ്ങി സൂപ്പർ ഹീറോസിന്റെ ഒരു നീണ്ട നിര തന്നെയുണ്ട്. പക്ഷേ, ഇവരെല്ലാം സിനിമകളിലും കഥകളിലും ആണ് സൂപ്പർ ഹീറോസ് ആയി നമുക്ക് മുന്നിലെത്തിയിട്ടുള്ളത്. എന്നാൽ, യഥാർത്ഥ ജീവിതത്തിലും ചില പ്രത്യേക ശക്തികൾ കൊണ്ട് ലോകത്തെ അമ്പരപ്പിച്ച ചില മനുഷ്യരുണ്ട്. അവയിൽ ചിലരെ പരിചയപ്പെടാം: 

പ്രഹ്ലാദ് ജാനി (ആഹാരമോ വെള്ളമോ ഇല്ലാതെ ജീവിക്കാൻ കഴിയും)

ഗുജറാത്തിലെ ചരട ഗ്രാമത്തിൽ നിന്നുള്ള, പ്രഹ്ലാദ് ജാനി ഭക്ഷണമോ വെള്ളമോ ഇല്ലാതെ പതിറ്റാണ്ടുകൾ ചെലവഴിച്ചു എന്നാണ് അവകാശപ്പെടുന്നത്. എങ്ങനെ ഇയാൾ അതിജീവിച്ചു എന്നത് രഹസ്യമായി തുടരുകയാണ്. 1929 -ൽ ജനിച്ച ഇദ്ദേഹം 2020 -ലാണ് മരണമടഞ്ഞത്.

വിം ഹോഫ് (അതിശൈത്യത്തെ അതിജീവിക്കാനുള്ള ശേഷി)

അതിശൈത്യത്തെ അതിജീവിച്ച് ശരീര താപനില സ്ഥിരമായി നിലനിർത്താനുള്ള കഴിവുകൊണ്ട് ശാസ്ത്രജ്ഞരെ അമ്പരപ്പിച്ച വ്യക്തിയാണ് വിം ഹോഫ്. ബുദ്ധമത ധ്യാന രീതിയായ 'ടമ്മോ' ഉപയോഗിച്ചാണ് അദ്ദേഹം അതിശൈത്യത്തെ അതിജീവിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ പ്രത്യേകമായ കഴിവുകൊണ്ട് 'ഐസ്മാൻ' എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഏറ്റവും ദൈർഘ്യമേറിയ ഐസ് ബാത്തിന് (ഒരു മണിക്കൂർ, 13 മിനിറ്റ്, 48 സെക്കൻഡ്) ഉൾപ്പെടെ ശൈത്യത്തെ അതിജീവിക്കാനുള്ള ശേഷിയുമായി ബന്ധപ്പെട്ട  ഇരുപത് ലോക റെക്കോർഡുകൾ ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കിളിമഞ്ചാരോയിലെ തണുത്തുറഞ്ഞ താപനിലയിൽ വെറും ഷോർട്ട്‌സ് ധരിച്ച് ജീവിക്കാൻ ഇദ്ദേഹത്തിന് സാധിക്കും.

നതാഷ ഡെംകിന (എക്സ്-റേ കാഴ്ച)

ഈ റഷ്യൻ പെൺകുട്ടിക്ക് ആളുകളുടെ ചർമ്മത്തിലൂടെ കാണാൻ കഴിയുന്ന എക്സ്-റേ കാഴ്ചയുണ്ട്. ഒരു വാഹനാപകടത്തിൽ തനിക്കുണ്ടായ എല്ലാ ആന്തരിക ഒടിവുകളും മുറിവുകളും ഒരു ഡോക്ടറോട് കൃത്യമായി പറഞ്ഞു കൊണ്ടാണ് നതാഷ ഡെംകിന ലോകത്തെ വിസ്മയിപ്പിച്ചത്

ഡാനിയൽ ബ്രൗണിംഗ് സ്മിത്ത് (ഭൂമിയിലെ ഏറ്റവും വഴക്കമുള്ള മനുഷ്യൻ)

ഭൂമിയിലെ ഏറ്റവും വഴക്കമുള്ള മനുഷ്യൻ, ഡാനിയൽ ബ്രൗണിംഗ് സ്മിത്ത് ആണ്. ഒരു പന്ത് പോലെ ചുരുളാൻ ഇദ്ദേഹത്തിന് കഴിയുമത്രേ. അഞ്ച് തവണ ഗിന്നസ് റെക്കോർഡ് നേടിയിട്ടുണ്ട്.  

സ്റ്റീഫൻ വിൽറ്റ്ഷയർ (ഫോട്ടോഗ്രാഫിക് മെമ്മറിയുള്ള മനുഷ്യൻ)

ബ്രിട്ടീഷ് കലാകാരനായ സ്റ്റീഫൻ വിൽറ്റ്‌ഷയറിനാണ് ലോകത്തിലെ ഏറ്റവും മികച്ച 'ഫോട്ടോഗ്രാഫിക് മെമ്മറി' എന്നാണ് കരുതപ്പെടുന്നത്. അദ്ദേഹത്തിന് ഏറ്റവും ചെറിയ കാര്യങ്ങൾ മനഃപാഠമാക്കാനും ഒറ്റനോട്ടത്തിൽ അവ വരയ്ക്കാനും കഴിയും. ടോക്കിയോ, ഹോങ്കോംഗ്, ദുബായ്, റോം, ന്യൂയോർക്ക് നഗരങ്ങളുടെ സ്കൈലൈനുകളുടെ സങ്കീർണ്ണമായ വിശദാംശങ്ങൾ വരയ്ക്കാൻ അദ്ദേഹത്തിന് വേണ്ടിവന്നത് ഓരോ നഗരത്തിനും മുകളിലൂടെയുള്ള ഒരു വളരെ ചെറിയ ഹെലികോപ്റ്റർ യാത്ര മാത്രമാണ്. 

ബെൻ അണ്ടർവുഡ് (സോണാർ വിഷൻ ഉള്ള ആൺകുട്ടി)

ഡോൾഫിനുകളെപ്പോലെ, ബെൻ അണ്ടർവുഡിനും അവന്റെ കണ്ണുകളില്ലാതെ കാണാൻ കഴിയുമായിരുന്നു! അതെ, ശബ്ദം ഉപയോഗിച്ച് ഒരു വസ്തുവിന്റെ കൃത്യമായ സ്ഥാനം കണ്ടെത്താൻ ബെന്നിന് അസാധാരണമായ കഴിവുകൾ ഉണ്ടായിരുന്നു. ഓട്ടം, സൈക്കിൾ സവാരി, ബാസ്കറ്റ്ബോൾ, ഫുട്ബോൾ, സ്കേറ്റ്ബോർഡിംഗ് തുടങ്ങി നിരവധി കായിക വിനോദങ്ങളിൽ പങ്കെടുക്കാൻ ഈ കഴിവ് ബെന്നിനെ സഹായിച്ചു. എന്നാൽ നിർഭാഗ്യവശാൽ, 2009 -ൽ ഈ സൂപ്പർഹീറോ ക്യാൻസർ ബാധിച്ച് മരണപ്പെട്ടു.

എൻഗോക് തായ് (1973 മുതൽ ഉറങ്ങിയിട്ടില്ല)

വിയറ്റ്നാമിൽ നിന്നുള്ള എൻഗോക് തായ്‌ക്ക് 1973 -ൽ കടുത്ത പനി വന്നു, അതിനുശേഷം അദ്ദേഹത്തിന് ഉറക്കം നഷ്ടപ്പെട്ടു. ദിവസവും 50 കിലോ ഭാരം ചുമന്ന് 4 കിലോമീറ്റർ സഞ്ചരിച്ചിട്ടും തളർന്ന ശരീരം ഉറങ്ങിയില്ല. എൻഗോക്ന്റെ ഉറക്കമില്ലായ്മ പരിഹരിക്കാൻ ഉറക്കഗുളികകൾക്കും സാധിച്ചിട്ടില്ല.  ഉറക്കമില്ലായ്മ കാരണം കരളിന്റെ പ്രവർത്തനം ദുർബലമായതല്ലാതെ മറ്റു പാർശ്വഫലങ്ങൾ ഒന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്.

(ചിത്രത്തിൽ ഡാനിയൽ ബ്രൗണിംഗ് സ്മിത്ത്)

വായിക്കാം: മുൻകാമുകനെ കാൽച്ചുവട്ടിലെത്തിക്കും, ദുർമന്ത്രവാദത്തിന് യുവതി നൽകിയത് 8.2 ലക്ഷം രൂപ..! 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios