കുടിവെള്ളത്തിന്റെ അഭാവവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഭയാനകമായ വയറിളക്കത്തിനും മറ്റ് രോഗങ്ങൾക്കും കാരണമായി. മോശം സാഹചര്യങ്ങളിൽ കഴിഞ്ഞിരുന്ന അവരിൽ പലരും ന്യൂമോണിയയും, അഞ്ചാം പനിയും മൂലം മരണപ്പെട്ടു. 

1904 -ൽ അമേരിക്കയിൽ നടന്ന ഒരു ആഗോള മേളയിൽ 20 ദശലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുകയുണ്ടായി. ആദ്യമായി വൈദ്യുതി കാണാനും ടെലഫോണിന്റെ ശബ്ദം കേൾക്കാനും ആളുകൾ അവിടേയ്ക്ക് ഒഴുകി. എന്നാൽ, അക്കൂട്ടത്തിൽ വളരെ ഞെട്ടിക്കുന്ന ഒന്ന് കൂടി പ്രദർശനത്തിന് വച്ചിരുന്നു, ജീവനുള്ള മനുഷ്യർ. ആഫ്രിക്ക, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള മൂവായിരത്തോളം ആളുകളെയാണ് അവിടെ പ്രദർശിപ്പിച്ചിരുന്നത്. അവരെ അവരുടെ ജന്മഗ്രാമങ്ങളോട് സാമ്യമുള്ള താത്കാലിക കുടിലുകളിൽ താമസിപ്പിച്ചു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും, കൊളോണിയൽ അധിനിവേശത്തിനായി പുതിയ രാജ്യങ്ങളിൽ എത്തിച്ചേർന്ന യാത്രികരും, സാഹസികരും വിവരിച്ച പ്രാകൃത ജനതയെ കാണാൻ പാശ്ചാത്യ ലോകം വെമ്പി. ഇതിനായി ആഫ്രിക്ക, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് സ്വദേശികളെ അമേരിക്കയിലേക്കും യൂറോപ്പിലേക്കും കൊണ്ടുവന്നു. പലപ്പോഴും മനുഷ്യ 'മൃ​ഗശാല'കളിൽ അർദ്ധ-ബന്ദികളാക്കി അവരെ പ്രദർശിപ്പിച്ചു.

വീടുകളിൽ നിന്ന് തട്ടിക്കൊണ്ടുപോയ നൂറുകണക്കിന് തദ്ദേശവാസികളെ വെള്ള പാശ്ചാത്യർക്ക് കാണാനായി യൂറോപ്പിൽ പ്രദർശിപ്പിച്ചു. മിക്കപ്പോഴും ഷോകൾക്കായി മൃഗശാലകൾക്ക് തുല്യമായ കൂടുകൾ പണിതിരുന്നു. എന്നാൽ, അനേകർ വിദേശരോഗങ്ങൾ ബാധിച്ച് പെട്ടെന്ന് തന്നെ മരിച്ചു. ഈ തദ്ദേശീയരായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും അവരുടെ “പിന്നോക്ക” “പ്രാകൃത” സംസ്കാരം അവതരിപ്പിക്കാനാണ് മേളയിലേക്ക് കൊണ്ടുവന്നത്. കൃത്യമായ കണക്കുകൾ ഇന്ന് ഇല്ലെങ്കിലും, ആയിരക്കണക്കിന് ആളുകൾ ഈ രീതിയിൽ കടത്തപ്പെട്ടിരുന്നു എന്നാണ് വിശ്വസിക്കുന്നത്. 1908 -ൽ തന്റെ ആത്മകഥയിൽ, കാൾ ഹഗൻബെക്ക് ഒരു പത്തുവർഷത്തിനിടയിൽ 900 -ത്തിലധികം തദ്ദേശവാസികളെ യുഎസ്സിലേക്കും യൂറോപ്പിലേക്കും പ്രദർശനത്തിനായി കൊണ്ടുവന്നുവെന്ന് വീമ്പിളക്കുകയുണ്ടായി. മേളയിൽ, പ്രദർശനത്തിനെത്തിയ തദ്ദേശവാസികൾ നിരവധി വെല്ലുവിളികൾ നേരിട്ടു. ആഫ്രിക്കൻ ആദിവാസികൾ അവരുടെ രാജ്യത്തെ അതികഠിനമായ ചൂടിനെ ഉദ്ദേശിച്ചുള്ള പരമ്പരാഗത വസ്ത്രമാണ് യൂറോപ്പിൽ ഡിസംബറിലെ മരംകോച്ചുന്ന തണുപ്പിലും ധരിച്ചിരുന്നത്.

കുടിവെള്ളത്തിന്റെ അഭാവവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഭയാനകമായ വയറിളക്കത്തിനും മറ്റ് രോഗങ്ങൾക്കും കാരണമായി. മോശം സാഹചര്യങ്ങളിൽ കഴിഞ്ഞിരുന്ന അവരിൽ പലരും ന്യൂമോണിയയും, അഞ്ചാം പനിയും മൂലം മരണപ്പെട്ടു. റോയൽ മ്യൂസിയം ഫോർ സെൻട്രൽ ആഫ്രിക്ക 1897 -ൽ ടെർ‌വുറെനിൽ ഒരു താൽക്കാലിക എക്സിബിഷൻ ആരംഭിക്കുകയും, അവിടെ രാജാവ് ലിയോപോൾഡ് "ഹ്യൂമൻ സൂ" സ്ഥാപിക്കുകയും ചെയ്തിരുന്നു. ലിയോപോൾഡ് രാജാവ് 267 കോംഗോളികളായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ടെർവറനിലേക്ക് ഇറക്കുമതി ചെയ്യുകയും വേലിക്ക് പിന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു. "ജനക്കൂട്ടം വലിച്ചെറിഞ്ഞ മിഠായി കഴിച്ച് അവർ രോഗികളാകുന്നുവെന്ന് ലിയോപോൾഡ് കേട്ടപ്പോൾ, പ്രദർശന ശാലയ്ക്ക് മുൻപിൽ 'മൃഗങ്ങൾക്ക് ഭക്ഷണം നൽകരുത്' എന്ന് എഴുതി വയ്ക്കാൻ ആജ്ഞാപിച്ചു.

സർക്കസുകളുടെയും 'ഫ്രീക്ക് ഷോകളുടെയും' ഭാഗമായാണ് ഈ പ്രദർശന സംസ്കാരം ആരംഭിക്കുന്നത്. പാശ്ചാത്യ സംസ്കാരത്തോടുള്ള അവരുടെ അപകർഷതയെയും വെള്ളക്കാരുടെ മേൽക്കോയ്മയും ഊന്നിപ്പറയുന്ന പ്രദർശനങ്ങളായി അവ വികസിച്ചു. ഈ പ്രദർശനങ്ങൾ ഒന്നിലധികം ലോക മേളകളുടെ ഭാഗമായിരുന്നു, തുടർന്ന് അവ മനുഷ്യ സൂകളായി മാറുകയായിരുന്നു. പാരീസ്, ഹാംബർഗ്, ലണ്ടൻ, മിലാൻ, അമേരിക്കൻ നഗരങ്ങളായ ന്യൂയോർക്ക്, ചിക്കാഗോ തുടങ്ങി വിവിധ ഭാഗങ്ങളിൽ മനുഷ്യ സൂകൾ ഉണ്ടായിരുന്നു. മനുഷ്യ മൃഗശാലകളിൽ ഏർപ്പെട്ടിരിക്കുന്ന കൂടുതൽ പ്രശസ്തരായ ആളുകളിൽ ഒരാളാണ് കാൾ ഹഗൻബെക്ക് എന്ന ജർമ്മൻ. അയാൾ വിദേശ രാജ്യങ്ങളിൽ പര്യവേഷണങ്ങൾ നടത്തുകയും യൂറോപ്പിലേയ്ക്ക് വേണ്ടി മൃഗങ്ങളെയും ആളുകളെയും കൊണ്ടുവരുമായിരുന്നു. തന്റെ ഓർമക്കുറിപ്പുകളിൽ, അഭിമാനത്തോടെ തന്റെ ഇടപെടലിനെക്കുറിച്ച് അയാൾ എഴുതി: “നാഗരിക ലോകത്ത് വ്യത്യസ്ത വംശങ്ങളുടെ ഈ ഷോകൾ അവതരിപ്പിച്ച ആദ്യത്തെ വ്യക്തിയെന്നത് എന്റെ പദവിയാണ്.” ഹാംബർഗിലെ മൃഗശാല ഇപ്പോഴും അയാളുടെ പേര് വഹിക്കുന്നു.

(ചിത്രം പ്രതീകാത്മകം)