“കുരങ്ങുകൾ കൂടുതൽ എനർജിക്കായി എത്തനോൾ അടങ്ങിയ പഴങ്ങൾ കഴിക്കുകയായിരുന്നു. അവർക്ക് പുളിപ്പിക്കാത്ത പഴങ്ങളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ എനർജി പുളിപ്പിച്ച പഴങ്ങളിൽ നിന്ന് ലഭിക്കും”കാംബെൽ പറഞ്ഞു.
എന്ന് മുതലാണ് മനുഷ്യർക്ക് മദ്യ(alcohol)ത്തോട് താല്പര്യം തോന്നി തുടങ്ങിയത്? ഒരു പുതിയ പഠനം സൂചിപ്പിക്കുന്നത് കുരങ്ങുകളിൽ(monkeys) നിന്നാണ് മനുഷ്യന് മദ്യത്തോടുള്ള ആസക്തി കിട്ടിയത് എന്നാണ്.
2014 -ൽ ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ ഇന്റഗ്രേറ്റീവ് ബയോളജി പ്രൊഫസറായ റോബർട്ട് ഡഡ്‌ലി, മദ്യത്തോടുള്ള മനുഷ്യരുടെ ആകർഷണം എങ്ങനെ ഉടലെടുക്കുകയും പരിണമിക്കുകയും ചെയ്തു എന്നതിനെക്കുറിച്ച് ഒരു സിദ്ധാന്തം വികസിപ്പിച്ചെടുത്തു. "ഡ്രങ്കൺ മങ്കി" എന്ന് വിളിക്കപ്പെടുന്ന ആ സിദ്ധാന്തത്തെ അടിസ്ഥാനമാക്കി ഒരു പ്രശസ്തമായ പുസ്തകവും അദ്ദേഹം എഴുതി. The Drunken Monkey: Why We Drink and Abuse Alcohol എന്ന ആ പുസ്‌തകത്തിൽ പറയുന്നത്: കുരങ്ങുകളിൽ നിന്നാണ് മനുഷ്യൻ പരിണമിച്ചത്. ആ അർത്ഥത്തിൽ ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ നമുക്ക് മദ്യത്തോട് താല്പര്യം ജനിച്ചിരുന്നു എന്നാണ്.
നമ്മുടെ പൂർവികരായ കുരങ്ങുകൾക്ക് മദ്യം വളരെ പ്രിയമായിരുന്നുവെന്നും, ഇത് അവരെ മദ്യം അടങ്ങിയ പഴങ്ങൾ കഴിക്കാൻ പ്രേരിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. നിർത്തിർഡ്‌ജിലെ കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ (CSUN) പ്രൈമറ്റോളജിസ്റ്റുകളുമായി സഹകരിച്ച് പ്രൊഫസർ ഡഡ്‌ലി നടത്തിയ ഒരു പുതിയ പഠനത്തിൽ, ഈ അനുമാനം ശരിയാകാമെന്ന് തെളിയിക്കുന്ന കൂടുതൽ കാര്യങ്ങൾ കണ്ടെത്തി.
ഇതിൽ എത്രത്തോളം വാസ്തവമുണ്ടെന്ന് അറിയാൻ, പനാമയിലെ സ്പൈഡർ കുരങ്ങുകൾ പാതിതിന്ന് കളഞ്ഞ പഴങ്ങൾ ഗവേഷകർ ശേഖരിച്ചു. പഴങ്ങളിലെ ആൽക്കഹോൾ 1 ശതമാനത്തിനും 2 ശതമാനത്തിനും ഇടയിലാണെന്ന് അവർ കണ്ടെത്തി. ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിരിക്കുന്ന പഴങ്ങൾ, ഉയർന്ന അളവിലുള്ള മദ്യം ഉത്പാദിപ്പിക്കുന്നു. അങ്ങനെയുള്ള പഴങ്ങൾ ഭക്ഷിച്ച കുരങ്ങുകളുടെ മൂത്രവും അവർ പരിശോധിച്ചു. അതിലും മദ്യത്തിന്റെ അംശം അവർ കണ്ടെത്തി.
"ആദ്യമായി, മനുഷ്യ ഇടപെടലുകളില്ലാതെ വനത്തിൽ കഴിയുന്ന കുരങ്ങുകൾ, പഴങ്ങളിൽ അടങ്ങിയ എത്തനോൾ കഴിക്കുന്നുവെന്ന് തെളിയിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഇത് ഒരു പഠനം മാത്രമാണ്, കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. എന്നാൽ, ആ സിദ്ധാന്തത്തിൽ ചില സത്യങ്ങൾ ഉണ്ടെന്ന് തോന്നുന്നു. മദ്യം അടങ്ങിയ പഴങ്ങൾ കഴിക്കുന്ന കുരങ്ങുകളിൽ നിന്നാണ് മനുഷ്യനും മദ്യം കഴിക്കാനുള്ള പ്രേരണ ലഭിച്ചതെന്ന് ഞങ്ങൾ കരുതുന്നു" യൂണിവേഴ്സിറ്റിയിലെ പ്രൈമറ്റോളജിസ്റ്റ് ക്രിസ്റ്റീന കാംബെൽ പറഞ്ഞു.
സ്പൈഡർ കുരങ്ങുകൾ കഴിച്ചത് കശുവണ്ടിയുടെ കുടുംബത്തിൽ പെട്ട സ്‌പോണ്ടിയാസ് മോംബിൻ എന്ന മരത്തിന്റെ പഴങ്ങളാണ്. ഇത് സ്പൈഡർ കുരങ്ങുകളുടെ പ്രധാന ഭക്ഷണമാണ് എന്നും അവർ കണ്ടെത്തി. എന്നാൽ, മധ്യ-ദക്ഷിണ അമേരിക്കയിലുടനീളമുള്ള തദ്ദേശീയർ സഹസ്രാബ്ദങ്ങളായി ഈ പഴത്തിൽ നിന്ന് ചിച്ച എന്ന് വിളിക്കുന്ന ഒരു ലഹരിപാനീയം ഉണ്ടാക്കുന്നുണ്ട്. “കുരങ്ങുകൾ കൂടുതൽ എനർജിക്കായി എത്തനോൾ അടങ്ങിയ പഴങ്ങൾ കഴിക്കുകയായിരുന്നു. അവർക്ക് പുളിപ്പിക്കാത്ത പഴങ്ങളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ എനർജി പുളിപ്പിച്ച പഴങ്ങളിൽ നിന്ന് ലഭിക്കും”കാംബെൽ പറഞ്ഞു.
അതേസമയം അവ മദ്യപിച്ച് മത്തുപിടിക്കുന്ന അളവിൽ പഴങ്ങൾ കഴിക്കുന്നില്ലെന്ന് ഡഡ്‌ലി പറഞ്ഞു. മദ്യത്തോടുള്ള മനുഷ്യന്റെ ആസക്തി നമ്മുടെ പ്രൈമേറ്റ് പൂർവ്വികരിൽ നിന്ന് പാരമ്പര്യമായി ലഭിച്ചതാണെന്ന ഈ ആശയം മദ്യത്തിന്റെ പ്രത്യാഘാതങ്ങൾ നന്നായി മനസ്സിലാക്കാനും കൈകാര്യം ചെയ്യാനും സമൂഹത്തെ സഹായിക്കുമെന്ന് അവർ പറഞ്ഞു. റോയൽ സൊസൈറ്റി ഓപ്പൺ സയൻസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
