അവിശ്വസനീയമെന്ന് തോന്നാവുന്നതാണ് പല ജീവിതങ്ങളും. ഓരോരുത്തര്‍ക്കും ഓരോ കഥകള്‍ കാണും. അങ്ങനെ വ്യത്യസ്തമായ ജീവിതങ്ങളെ പരിചയപ്പെടുത്തുന്ന ഫേസ്ബുക്ക് പേജാണ് ഹ്യുമന്‍സ് ഓഫ് ബോംബെ. സ്വന്തം അച്ഛനമ്മമാര്‍ പോലും കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നൊരു കാലത്ത് പ്രസവിക്കാത്ത ഒരമ്മയും ജന്മം നല്‍കാത്ത അച്ഛനും തനിക്ക് നല്‍കുന്ന സ്നേഹത്തെ കുറിച്ച് പറയുകയാണ് ഒരു പെണ്‍കുട്ടി. 

പന്ത്രണ്ടാം ക്ലാസ് വരെ അറിയില്ലായിരുന്നു കൂടെയുള്ളത് തന്‍റെ ശരിക്കുമുള്ള മാതാപിതാക്കളല്ല എന്ന്. ഇളയച്ഛനും ഇളയമ്മയും അഞ്ചാം മാസത്തിലുപേക്ഷിച്ച തന്നെ അച്ഛനും അമ്മയും ദത്തെടുത്തതാണ് എന്നും അവള്‍ മനസിലാക്കുന്നു. ഏറ്റവും ഒടുവില്‍ അവള്‍ പറയുന്നത്. ഇവരുടെ സ്നേഹത്തില്‍ താനെത്ര ഭാഗ്യവതിയാണ് എന്നാണ്. 

ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്: 
എനിക്കോര്‍മ്മയുണ്ട്, എന്‍റെ പന്ത്രണ്ടാം ക്ലാസിലെ റിസല്‍ട്ട് വന്ന ദിവസമാണ്. അച്ഛന്‍ ഫോണിലൂടെ ആരോടോ വാദപ്രതിവാദം നടത്തുന്നത് ഞാന്‍ കേട്ടു. മെല്ലെ എനിക്ക് മനസ്സിലായി അത് എന്‍റെ ഇളയച്ഛനോടാണ് എന്ന്. അവരെപ്പോഴും എന്‍റെ മാതാപിതാക്കളോട് മോശമായിട്ടാണ് പെരുമാറിയിരുന്നത്. അതിനെ കുറിച്ച് അച്ഛനോട് ചോദിക്കുമ്പോഴൊക്കെ അച്ഛനാ ചോദ്യം അവഗണിക്കാറായിരുന്നു പതിവ്. അന്ന് പക്ഷെ, ഞാന്‍ ആ ചോദ്യവുമായി അമ്മയെ സമീപിച്ചു. അന്നാണ് ഞാനാ സത്യം അറിഞ്ഞത്. എന്നെ ദത്തെടുത്തതാണ്. ശരിക്കും ആ ഇളയച്ഛനും ഇളയമ്മയുമാണ് എന്‍റെ മാതാപിതാക്കള്‍. 

ഞാന്‍ ഞെട്ടിപ്പോയി. അമ്മയെനിക്ക് വാക്ക് തന്നു. ആ സത്യത്തിന് നമ്മുടെ ബന്ധത്തില്‍, അടുപ്പത്തില്‍ ഒരു മാറ്റവും ഉണ്ടാക്കാന്‍ പറ്റില്ല എന്ന്. എനിക്ക് അഞ്ച് മാസം പ്രായമുള്ളപ്പോഴാണ് ശരിക്കുമുള്ള എന്‍റെ അച്ഛനുമമ്മയും എന്നെ ഇവര്‍ക്ക് കൈമാറുന്നത്. അന്നുതൊട്ട് ഇന്നുവരെ കണ്ണിലെ കൃഷ്ണമണി പോലെയാണ് അവരെന്നെ നോക്കുന്നത്. പ്രത്യേകിച്ചും എന്‍റെ അച്ഛന്‍. എനിക്കെന്‍റെ ആദ്യത്തെ സ്കൂള്‍ ദിനം വരെ ഓര്‍മ്മയുണ്ട്. എന്നേക്കാള്‍ കൂടുതല്‍ എന്നെ അവിടെ വിട്ടു പോയപ്പോള്‍ അച്ഛനായിരുന്നു സങ്കടപ്പെട്ടത്. 

ഞാനെല്ലാവരേക്കാളും മുകളിലായിരിക്കണമെന്ന് അദ്ദേഹം എപ്പോഴും ആഗ്രഹിച്ചിരുന്നു. ഞാന്‍ ഒന്നും മിണ്ടിയില്ലെങ്കില്‍ പോലും അദ്ദേഹത്തിന് എന്നെ മനസിലാവുമായിരുന്നു. എന്‍റെ ശരിക്കുമുള്ള അച്ഛനും അമ്മയും എന്നെ ഉപേക്ഷിച്ചതാണ് എന്ന് അറിഞ്ഞപ്പോള്‍ എനിക്കൊരുപാട് ചോദ്യമുണ്ടായിരുന്നു. ഞാന്‍ അമ്മയോട് ചോദിച്ചു, എന്തുകൊണ്ടാണ് അവര്‍ക്കെന്നോട് സ്നേഹമില്ലാതിരുന്നത് എന്ന്. പക്ഷെ, അമ്മ എന്‍റെ കൈപിടിച്ചമര്‍ത്തുക മാത്രം ചെയ്തു. എന്നിട്ട് പറഞ്ഞു, അതെന്തായാലും അതിലൊരു കാര്യവുമില്ല, നിനക്ക് ഞങ്ങളുണ്ട്. നമ്മുടെ ജീവിതത്തില്‍ ഈ സന്തോഷമെല്ലാം കൊണ്ടുവന്നത് നീയാണ് എന്ന്. 

എന്‍റെ ശരിക്കുമുള്ള മാതാപിതാക്കളെ കുറിച്ചോര്‍ത്ത് എനിക്ക് ദേഷ്യം തോന്നി. പക്ഷെ, അപ്പോള്‍ ഞാനെന്‍റെ ഈ അച്ഛനേയും അമ്മയേയും കുറിച്ചോര്‍ത്തു. അവരുടെ കരങ്ങളില്‍ ഞാനെത്ര സന്തോഷവതിയാണെന്ന്, ഭാഗ്യവതിയാണെന്ന്. എന്‍റെ ബയോളജിക്കല്‍ പാരന്‍റ്സിനോടും എനിക്കിപ്പോള്‍ യാതൊരു പരാതിയുമില്ല. എന്ത് സംഭവിക്കുന്നതിനും ഒരു കാരണം കാണും എന്ന് ഞാനിപ്പോള്‍ വിശ്വസിക്കുന്നു. 

അവസാനിക്കാത്ത സ്നേഹവും പരിചരണവും പിന്തുണയുമായി ഇങ്ങനെയൊരു അച്ഛന്‍റേയും അമ്മയുടേയും അടുത്താണല്ലോ ഞാനുള്ളത് എന്നത് എനിക്കേറെ സന്തോഷം നല്‍കുന്നു. ഭാവിയില്‍ എല്ലാവരും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിക്കുമെന്നും നമ്മളെല്ലാം ഒരുമിച്ച് കഴിയുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. 

കടപ്പാട്: humans of bombay