Asianet News MalayalamAsianet News Malayalam

തടിച്ചോ, കറുത്തോ, മെലിഞ്ഞോ ആയിരിക്കുന്നതിന്‍റെ പേരില്‍ പരിഹസിക്കുന്നവരോട്, ആത്മവിശ്വാസത്തിലാണ് കാര്യം...

പക്ഷെ, ആ ഷോയ്ക്ക് ശേഷം ഒരു ചെറുക്കന്‍ വന്ന് എന്നോട് പറഞ്ഞു, 'നീ ഈ ഫാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ അര്‍ഹയാണ് എന്ന് നിനക്ക് തോന്നുന്നുണ്ടോ? നീ ശരിക്കും തടിച്ചിയും വിരൂപയുമാണ്.' 

humans of bombay post on body shaming
Author
Mumbai, First Published Jun 3, 2019, 1:30 PM IST

ലോകത്തിന് ഒരു സൗന്ദര്യ സങ്കല്‍പമുണ്ട്, അതിന് വെളിയില്‍ നില്‍ക്കുന്നവരെ അത് കളിയാക്കിക്കൊണ്ടേയിരിക്കും. കറുത്തവളെന്നും, തടിച്ചിയെന്നും, മെലിഞ്ഞവളെന്നും ഒക്കെ പറഞ്ഞ്... പക്ഷെ, നമ്മള്‍ നമ്മളായിരുന്നു കൊണ്ട് വേണം പോരാടാന്‍. നമുക്ക് നമ്മില്‍ ആത്മവിശ്വാസമുണ്ടെങ്കില്‍ പിന്നെ ഒരു ലോകത്തിനും നമ്മെ പരിഹസിക്കാനോ, തോല്‍പ്പിക്കാനോ കഴിയില്ല. 

അങ്ങനെ ഒരു അനുഭവമാണ് ഈ പെണ്‍കുട്ടിയും ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ചെറുപ്പത്തിലേ ബോഡി ഷെയ്മിങ്ങിന് ഇരയായി. പതിനൊന്നാം ക്ലാസില്‍വച്ച് ഒരു ആക്സിഡന്‍റില്‍ പെട്ട് മുഖമാകെ തകര്‍ന്നു. മരുന്നെടുത്തത് മൂലം തടി കൂടി. നിരന്തരം പരിഹാസം... പക്ഷെ, തോറ്റുകൊടുത്തില്ല. ഇന്ന് ആളൊരു ഫിറ്റ്നസ് ട്രെയിനറാണ്. നിങ്ങള്‍ നിങ്ങളായിരിക്കൂ എന്നാണ് അവള്‍ ലോകത്തോട് പറയുന്നത്. 

'ഹ്യുമന്‍സ് ഓഫ് ബോംബെ' ഫേസ്ബുക്ക് പേജിലാണ് ഈ അനുഭവം പങ്കുവച്ചിരിക്കുന്നത്. 

ഫേസ്ബുക്ക് പോസ്റ്റ്: 
ഞാന്‍ കറുത്ത, കാണാന്‍ ഭംഗിയില്ലാത്ത ഒരു പെണ്‍കുട്ടിയായിരുന്നു. എപ്പോഴും ഞാന്‍ പരിഹസിക്കപ്പെടുകയും കൂട്ടത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുകയും ചെയ്തു. ഞാന്‍ തീര്‍ത്തും വിരൂപയാണ് എന്ന് എനിക്കും തോന്നിത്തുടങ്ങി. പതിനൊന്നാം ക്ലാസിലെത്തിയപ്പോഴേക്കും കാര്യങ്ങള്‍ വളരെ മോശമായിത്തുടങ്ങി. ഒരു വലിയ അപകടം എന്‍റെ ജീവിതത്തിലുണ്ടായി. എന്‍റെ സ്കൂട്ടറും ഒരു ബൈക്കും കൂട്ടിയിടിച്ചു. 

എന്‍റെ മുഖം ആകെ തകര്‍ന്നു. ഒരുപാട് സര്‍ജറികള്‍ നടന്നു. ഡോക്ടര്‍മാര്‍ പറഞ്ഞു, കാലമെടുക്കും, കാലമെടുത്തേ മുറിവുകളുണങ്ങുകയുള്ളൂ എന്ന്. എന്‍റെ മുഖം വികൃതമായിരിക്കും എന്നെനിക്കുറപ്പായിരുന്നു. അതിനോട് എങ്ങനെ താദാത്മ്യം പ്രാപിക്കുമെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ആശുപത്രിയില്‍ നിന്ന് ഞാന്‍ വീട്ടിലെത്തിയപ്പോള്‍ എന്‍റെ മുത്തശ്ശി വീട്ടിലെ എല്ലാ കണ്ണാടികളും ഞാന്‍ കാണാതിരിക്കാനായി മാറ്റിവച്ചു. ഞാനെന്നെ കണ്ടേയില്ല. 

എന്നെ കാണാന്‍ വരുന്നവരാകട്ടെ 'അവളുടെ ഭാവി തകര്‍ന്നു, അവളെയിനി ആര് വിവാഹം ചെയ്യാനാണ്?' എന്ന പോലുള്ള കമന്‍റുകള്‍ പറഞ്ഞു കൊണ്ടേയിരുന്നു. മാനസികവും ശാരീരികവുമായി ഞാന്‍ തകര്‍ന്നു. ആറ് മാസത്തേക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമേ എനിക്ക് കഴിക്കാന്‍ കഴിഞ്ഞുള്ളൂ. ആറ് മാസം ബെഡ് റെസ്റ്റായിരുന്നു. ആ സമയത്ത് മരുന്നും മറ്റും എടുത്തത് കാരണം എന്‍റെ തൂക്കം 80 കിലോ ആയി. ഓരോ തവണ കണ്ണാടി നോക്കുമ്പോഴും ഞാന്‍ മണിക്കൂറുകളോളം കരഞ്ഞു. 

വീട്ടുകാര്‍ തരുന്ന പിന്തുണ മാത്രമായിരുന്നു എന്നെ നിലനിര്‍ത്തിയിരുന്ന ഒരേയൊരു പ്രതീക്ഷ. അച്ഛന്‍ അദ്ദേഹത്തിന്‍റെ വരുമാനത്തില്‍ ഓരോ രൂപ പോലും എന്‍റെ ചികിത്സക്കായാണ് ചെലവഴിച്ചത്. മുത്തശ്ശനും മുത്തശ്ശിയും അവരുടെ പെന്‍ഷന്‍ എന്‍റെ ചികിത്സക്കായി നല്‍കി. പുറത്തേക്ക് പോകാറായി എന്ന് തോന്നിയപ്പോള്‍ എനിക്ക് ഭയമായിരുന്നു, ഈ രൂപത്തിലെങ്ങനെ പുറത്തേക്ക് പോകുമെന്ന്. എന്‍റെ അച്ഛനെന്നോട് പറഞ്ഞു, 'നീ ഒരു തെറ്റും ചെയ്തിട്ടില്ല. പുറത്തേക്കിറങ്ങൂ, ലോകത്തെ അഭിമുഖീകരിക്കൂ...' അച്ഛന്‍റെ വാക്കുകള്‍ തന്ന ധൈര്യത്തില്‍ ഞാന്‍ പുറത്തേക്കിറങ്ങിത്തുടങ്ങി. പതുക്കെ മുറിവുകളുണങ്ങിത്തുടങ്ങി.

ഞാന്‍ പന്ത്രണ്ടാം ക്ലാസിലായിരുന്നു അപ്പോഴേക്കും. എന്‍റെ സുഹൃത്തുക്കള്‍ എങ്ങനെ എന്നോട് സംസാരിക്കുമെന്നറിയാതെ അകന്നു നിന്നു. ഞാനിഷ്ടപ്പെട്ടവന്‍ എന്നോട് സംസാരിക്കാതെയായി. ഞാന്‍ തനിച്ചായിരുന്നു. പക്ഷെ, അതെന്നെ തളര്‍ത്താന്‍ ഞാന്‍ അനുവദിച്ചില്ല. സമയം കഴിയുന്തോറും ആയുര്‍വേദ ചികിത്സ എന്‍റെ മുഖത്തെ മെച്ചപ്പെടുത്തിത്തുടങ്ങി. ആ സമയത്താണ് ഒരു ബ്യൂട്ടീഷന്‍ എന്നോട് ഒരു ഫാഷന്‍ ഷോയുടെ ഭാഗമായിക്കൂടെ എന്ന് ചോദിക്കുന്നത്. അന്നാദ്യമായി വര്‍ഷങ്ങള്‍ക്ക് ശേഷം എനിക്ക് സന്തോഷം തോന്നി. 

പക്ഷെ, ആ ഷോയ്ക്ക് ശേഷം ഒരു ചെറുക്കന്‍ വന്ന് എന്നോട് പറഞ്ഞു, 'നീ ഈ ഫാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ അര്‍ഹയാണ് എന്ന് നിനക്ക് തോന്നുന്നുണ്ടോ? നീ ശരിക്കും തടിച്ചിയും വിരൂപയുമാണ്.' ആക്സിഡന്‍റിന് ശേഷം ഞാനെന്നെ തീരെ ശ്രദ്ധിക്കുന്നില്ലായിരുന്നു. പക്ഷെ, ആ പയ്യന്‍റെ വാക്കുകള്‍ എന്നില്‍ മാറ്റമുണ്ടാക്കി. ഞാന്‍ പോരാടാന്‍ തന്നെ തീരുമാനിച്ചു. 

ആദ്യത്തെ പടി ഭാരം കുറക്കുക എന്നതായിരുന്നു. ആള്‍ക്കാരുടെ മുന്നില്‍വച്ച് വര്‍ക്ക്ഔട്ട് ചെയ്യാന്‍ എനിക്ക് നാണക്കേട് തോന്നിയിരുന്നു. അതുകൊണ്ട്, ഞാന്‍ അതിരാവിലെ എഴുന്നേറ്റ് ഓടിത്തുടങ്ങി. കുറച്ച് തടി കുറഞ്ഞപ്പോള്‍ ഞാനൊരു ജിമ്മില്‍ ചേര്‍ന്നു. 10 മാസങ്ങള്‍ കൊണ്ട് 25 കിലോ കുറഞ്ഞു. എന്‍റെ ശരീരത്തെ കുറിച്ച് എനിക്ക് കൂടുതല്‍ ആത്മവിശ്വാസം തോന്നി. അതെന്‍റെ മുഖത്തും പ്രതിഫലിച്ചു. ഏറെക്കാലത്തിന് ശേഷം ഞാനെന്നെ സ്നേഹിച്ചു തുടങ്ങി. 

ഇപ്പോള്‍ 10 വര്‍ഷമായി ആക്സിഡന്‍റ് കഴിഞ്ഞിട്ട്. ഇന്ന് ഞാനൊരു ഫിറ്റ്നസ്സ് ട്രെയിനറാണ്. ഞാനെന്നെ ഏറെ സ്നേഹിക്കുന്ന ഒരു പങ്കാളിയെ കണ്ടെത്തി. നിങ്ങള്‍ക്കറിയുമോ എന്‍റെ ജീവിതത്തിന്‍റെ ഏറിയ പങ്കും ഞാന്‍ ചെലവഴിച്ചത് സമൂഹം കല്‍പ്പിച്ചു വച്ചിരിക്കുന്ന സൗന്ദര്യ സങ്കല്‍പത്തിനൊത്ത് ആകാനായിരുന്നു. പക്ഷെ, ഇന്നെനിക്കറിയാം ആളുകളുടെ ഇത്തരം ചിന്തകള്‍ മാറ്റാന്‍ നമുക്കാവില്ല. എല്ലാത്തിലും വലുത്, നിങ്ങള്‍ നിങ്ങളെ എങ്ങനെ കാണുന്നുവെന്നതാണ്. നിങ്ങള്‍ നിങ്ങളായിരിക്കാന്‍ ഒട്ടും ഭയക്കേണ്ടതില്ല. 


 

Follow Us:
Download App:
  • android
  • ios