മറ്റൊരു സ്ത്രീ പന്ത്രണ്ടാമത്തെ വയസില്‍ ഒരു ഡോക്ടര്‍ തന്നെ ബലാത്സംഗം ചെയ്തതിനെ കുറിച്ച് ഓര്‍ക്കുന്നു. രണ്ട് വര്‍ഷത്തോളം ആഴ്ചയിലൊരിക്കല്‍ അവള്‍ക്ക് നേരെ ഈ ലൈംഗികാതിക്രമം തുടര്‍ന്നു.

ലണ്ടനിലെ കെയര്‍ ഹോമുകളില്‍ നൂറുകണക്കിന് കുട്ടികള്‍ ക്രൂരപീഡനത്തിനും ലൈംഗികാതിക്രമത്തിനും വിധേയരായതായി പുതിയൊരു അന്വേഷണ റിപ്പോര്‍ട്ട്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള ഈ സ്വതന്ത്ര അന്വേഷണത്തില്‍ 1960 മുതൽ 1990 വരെ അഞ്ച് കെയര്‍ഹോമുകളില്‍ കുട്ടികളെ ദുരുപയോഗം ചെയ്യാന്‍ അനുവദിച്ചതിന് ലംബെത്ത് കൗൺസിലിനെ ശക്തമായി വിമർശിക്കുന്നു. 700 കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടതെന്നാണ് റിപ്പോർട്ട് പറയുന്നത്. 

കുട്ടികളുടെ വളര്‍ത്തുവീടുകളിലേക്കും സംവിധാനങ്ങളിലേക്കും ഈ പീഡകര്‍ക്ക് നുഴഞ്ഞുകയറാനുള്ള അവസരമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഒരു മുന്‍കൗണ്‍സിൽ ലീഡര്‍ പറഞ്ഞത് കൗണ്‍സില്‍ പൂര്‍ണമായും ഇക്കാര്യത്തില്‍ പരാജയപ്പെട്ടുവെന്നാണ്. ഈ പീഡനവിവരം തനിക്ക് അറിയാമായിരുന്നു എന്നും അവര്‍ പറയുന്നു. കുട്ടികളെ ലംബെത്തിന്‍റെ സംരക്ഷണത്തിന് വിട്ടയച്ചതില്‍ മെട്രോപൊളിറ്റന്‍ പൊലീസും ക്ഷമ ചോദിച്ചു. 

2020 -ലെ വേനൽക്കാലത്ത് നടന്ന അന്വേഷണത്തിൽ ഏഞ്ചൽ റോഡ്, സൗത്ത് വേൽ അസസ്മെന്റ് സെന്റർ, ഷെർലി ഓക്സ് കോംപ്ലക്സ്, ഐവി ഹൌസ്, മോങ്ക്ടൺ സ്ട്രീറ്റ് എന്നീ അഞ്ച് കെയര്‍ ഹോമുകൾ പരിശോധിച്ചു. ചുരുക്കം ചിലരൊഴികെ കെയര്‍ ഹോമുകളിലെ ബാക്കി ജീവനക്കാരെല്ലാം കുട്ടികളെ ഒന്നിനും കൊള്ളാത്തവരായിട്ടാണ് കണ്ടിരുന്നത് എന്ന് ദ ഇന്‍ഡിപെന്‍ഡന്‍റ് എന്‍ക്വയറി ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് റിപ്പോര്‍ട്ട് പറയുന്നു. 

ഈ പീഡകര്‍ അവരുടെ വളര്‍ത്തുവീടുകളിലേക്കും പിന്നീട് നുഴഞ്ഞു കയറി. ആ കുട്ടികളില്‍ ജീവിതകാലം മുഴുവനും നീണ്ടുനില്‍ക്കുന്ന പ്രത്യാഘാതങ്ങളുണ്ടാക്കി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മൂന്നിടങ്ങളില്‍ നിന്നായി 705 പരാതികളുയര്‍ന്നതില്‍ നിന്നും ഒരു സീനിയര്‍ ജീവനക്കാരനെതിരെ മാത്രമാണ് കൗണ്‍സില്‍ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുള്ളത്. 

1983 -ല്‍ അടച്ചുപൂട്ടിയ ഷെര്‍ലി ഓക്സ് ഹോമില്‍ നിന്നും 177 ജീവനക്കാര്‍ക്കെതിരെയാണ് മുമ്പവിടെ താമസിച്ചിരുന്ന 529 പേര്‍ പരാതി പറഞ്ഞിരിക്കുന്നത്. കൗണ്‍സിലും കേന്ദ്രഗവണ്‍മെന്‍റും തമ്മിലുള്ള അസ്വാരസ്യങ്ങളിലും പ്രശ്നങ്ങളിലും അന്ന് കുട്ടികളെ കരുവാക്കി എന്നും ആരോപണമുണ്ട്. ഷെര്‍ലി ഓക്സ്, ഏഞ്ചല്‍ റോഡ് തുടങ്ങിയ കെയര്‍ ഹോമുകളിലെല്ലാം കുട്ടികള്‍ ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടി വന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. 

എലിസബത്ത് മാക്കോര്‍ട്ട്, ഏഞ്ചല്‍ റോഡ് ഹോമില്‍ വച്ച് അതിക്രമം നേരിടേണ്ടി വന്ന സ്ത്രീയാണ്. ഒരിക്കലും ലംബെത്ത് കൗണ്‍സിലിനോട് താന്‍ ക്ഷമിക്കില്ല എന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ 56 -കാരിയായ അവര്‍ ബിബിസിയോട് പറഞ്ഞത്, എനിക്ക് ഞാന്‍ മോശപ്പെട്ടവളാണ് എന്ന് തോന്നി. എനിക്ക് അപമാനം തോന്നി, ഒരാളും എന്നെ കേള്‍ക്കാനില്ലെന്ന് എനിക്ക് തോന്നി എന്നാണ്. അത് തന്‍റെ ഭാവി ജീവിതത്തെ ഉടനീളം ബാധിച്ചുവെന്നും അവര്‍ പറയുന്നു. 

മറ്റൊരു സ്ത്രീ പന്ത്രണ്ടാമത്തെ വയസില്‍ ഒരു ഡോക്ടര്‍ തന്നെ ബലാത്സംഗം ചെയ്തതിനെ കുറിച്ച് ഓര്‍ക്കുന്നു. രണ്ട് വര്‍ഷത്തോളം ആഴ്ചയിലൊരിക്കല്‍ അവള്‍ക്ക് നേരെ ഈ ലൈംഗികാതിക്രമം തുടര്‍ന്നു. ഒടുവില്‍ സ്കൂള്‍ ഇടപെട്ടാണ് അതില്‍ നിന്നും മോചനമായത്. എന്താണ് സംഭവിച്ചത് എന്ന് അവളൊരു സ്കൂള്‍ നേഴ്സിനോട് പറയുകയായിരുന്നു. ആ പീഡനം തന്നെ തകര്‍ത്തുകളഞ്ഞുവെന്നും പലവട്ടം ആത്മഹത്യാ ചിന്ത കടന്നുവന്നുവെന്നും അവള്‍ പറയുന്നു. 

ജിയോഫ്രെ ക്ലാര്‍ക്ക് എന്നൊരു ജീവനക്കാരന്‍ ഹെയര്‍കോമില്‍ വച്ച് 1998 -ല്‍ മൂന്ന് കുട്ടികളെ പീഡിപ്പിച്ചു എന്ന് ആരോപണമുണ്ട്. ഇപ്പോള്‍ അയാള്‍ക്കെതിരെ 40 പേരാണ് ആരോപണമുന്നയിക്കുന്നത്. എന്നാല്‍, വിചാരണയ്ക്ക് മുമ്പ് അയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ലംബെത്തിന് കീഴില്‍ നടന്ന പീഡനങ്ങളില്‍ നടപടിയെടുക്കാനായില്ല എന്ന് പൊലീസിനെതിരെയും ആരോപണമുണ്ട്. ആകെ ആറ് പേരാണ് 1990 മുതലിങ്ങോട്ട് വിചാരണ ചെയ്യപ്പെട്ടിട്ടുള്ളത്. 

ഭയപ്പെടുത്തുന്നതും തികച്ചും ഞെട്ടിക്കുന്നതും ഭയാനകമായതുമായ ദുരുപയോഗം നടന്ന സാഹചര്യങ്ങൾ സൃഷ്ടിച്ചതിനും മേൽനോട്ടത്തിലെ പാളിച്ചകള്‍ക്കും ലംബെത്ത് കൗൺസിൽ ക്ഷമ ചോദിച്ചു. മുന്‍ അന്തേവാസികള്‍ക്ക് നഷ്ടപരിഹാരമായി 71.5 മില്ല്യണ്‍ നല്‍കാനും തീരുമാനമായിരുന്നു. 1986 മുതല്‍ 88 വരെ ലംബര്‍ത്തിനെ നയിച്ച ലിന്‍ഡ ബെല്ലോസ്, അത്യന്തം ഞെട്ടിക്കുന്ന വിവരമാണിതെന്ന് അംഗീകരിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തു. 

സഭ, പ്രാദേശിക അധികാരികൾ, സായുധ സേന എന്നിവയുൾപ്പെടെയുള്ള സംഘടനകൾക്കെതിരായ ആരോപണങ്ങളെ കുറിച്ച് ദീർഘകാലമായി നിലനിൽക്കുന്ന പരാതികള്‍ ഐ.ഐ.സി.എസ്.എ അന്വേഷിക്കുന്നുണ്ട്. കണ്ടെത്തലുകളുടെ അന്തിമ റിപ്പോർട്ട് അടുത്ത വേനൽക്കാലത്ത് പാർലമെന്റിന് മുന്നിൽ സമർപ്പിക്കും.

(ചിത്രങ്ങൾ പ്രതീകാത്മകം)