Asianet News MalayalamAsianet News Malayalam

'നീയില്ലാത്ത രണ്ട് ദിവസം കുഞ്ഞുങ്ങളെ നോക്കാന്‍ ഞാന്‍ പെട്ട പാട്, നിനക്ക് നന്ദി' ഒരു ഭര്‍ത്താവ് ഭാര്യക്കയച്ച കത്ത്

നമ്മുടെ കുഞ്ഞുങ്ങളുടെ അമ്മ എന്ന നിലയിൽ നീ ചെയ്യുന്ന ജോലികളോട് എനിക്ക് എന്നും ബഹുമാനം തന്നെയായിരുന്നു. അവർക്ക് കിട്ടാവുന്നതിലേക്കും വച്ച് ഏറ്റവും നല്ല ഒരു അമ്മയാണ് നീ. എന്നാലും പറയട്ടെ, ഞാൻ ആ ജോലിയെ മനസ്സിലെങ്കിലും നിസ്സാരമെന്നു കണ്ടിരുന്നു. 

husband's letter to wife
Author
Australia, First Published Jun 10, 2019, 3:40 PM IST

ലോകത്തിലെ ഏറ്റവും ദുഷ്കരമായ ജോലി ഏതെന്നു ചോദിച്ചാൽ അത് കൊച്ചു കുട്ടികളെ പരിചരിക്കുക എന്നതാണ് എന്ന് പറയേണ്ടി വരും. അതും അഞ്ചുവയസ്സിൽ താഴെ പ്രായമുള്ള മൂന്ന് കുരുന്നുകളുടെ സകല ഉത്തരവാദിത്തവും ഓർത്തിരിക്കാതെ ഒരു ദിവസം തലയിൽ വന്നു വീണാലോ...? 

ഇതൊക്കെ എന്ത്..! എന്ന് ചിലപ്പോൾ അമ്മമാർ പറയും. കാരണം മിക്കവാറും എല്ലാ അമ്മമാരും ഒട്ടും പ്രയാസം പ്രകടിപ്പിക്കാതെ ചെയ്തു പോരുന്ന ഒന്നാണത്. അതുകൊണ്ടുതന്നെ, ഒട്ടും വില നല്കപ്പെടാത്ത ഒരു പ്രവൃത്തിയും.  

ഓസ്‌ട്രേലിയയിലെ മെൽബൺ സ്വദേശിയായ ലോറ എന്ന ഒരു കുടുംബിനി പങ്കുവെച്ച ഒരു കുറിപ്പ് ഫേസ്ബുക്കിൽ വൈറലായിരിക്കുകയാണ്.  ഈയടുത്ത് അവർക്ക് ഗ്യാസ്‌ട്രോ എന്ററൈറ്റിസ് ബാധിച്ച് രണ്ടു ദിവസത്തേക്ക് ആശുപത്രിയിൽ അഡ്മിറ്റ്‌ ആവേണ്ടി വന്നു. നിരന്തരമായ വയറിളക്കവും, ഛർദ്ദിയും പനിയുമൊക്കെയാണ് ആ അസുഖത്തിന്റെ ലക്ഷണങ്ങൾ... ആ 48  മണിക്കൂർ നേരത്തേക്ക്, അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള അവരുടെ മൂന്ന് കുഞ്ഞുങ്ങളുടെയും സംരക്ഷണം, അവരുടെ ഭക്ഷണം, കുളി, ശൗചം അടക്കമുള്ള എല്ലാ ദൈനംദിന ഉത്തരവാദിത്തങ്ങളും അവരുടെ ഭർത്താവിന്റെ തലയിലായി. രണ്ടേ രണ്ടു ദിവസം കൊണ്ട് അദ്ദേഹത്തിന് തന്റെ ഭാര്യയോടുള്ള ബഹുമാനം ആയിരം ഇരട്ടിയായി. തന്റെ കുഞ്ഞുങ്ങളുടെ അമ്മ എന്ന നിലയിൽ, അവർ ഏറ്റെടുത്ത് നിറവേറ്റിക്കൊണ്ടിരുന്ന ഉത്തരവാദിത്തങ്ങൾ എത്ര വലുതാണെന്നും, അത് എത്രമേൽ പ്രയാസകരമാണെന്നും  അയാൾക്ക് ഈ രണ്ടു ദിവസം കൊണ്ട് ബോധ്യപ്പെട്ടു. 

അതേപ്പറ്റി അവർ തന്റെ ഫേസ് ബുക്ക് അക്കൗണ്ടിൽ ഇങ്ങനെ കുറിച്ചു...

"എന്റെ ഭർത്താവ് പലപ്പോഴും വളരെ റൊമാന്റിക്കായി എനിക്ക് എഴുതാറുണ്ട്. ഞങ്ങൾ പ്രേമിച്ച അന്ന് മുതൽ അവൻ അങ്ങനെയാണ്. ഏറെ സ്നേഹം തോന്നുമ്പോൾ ഒരു കത്തെഴുത്തും. വിവാഹമൊക്കെ കഴിഞ്ഞതോടെ ഈ കത്തെഴുത്തൊക്കെ നിന്നതായിരുന്നു. കഴിഞ്ഞയാഴ്ച, വർഷങ്ങൾക്കു ശേഷം വീണ്ടും അവനെനിക്കൊരു കത്തെഴുതി. മൂന്നു ദിവസമായി ഞാൻ ജ്വരബാധിതയായി ആശുപത്രിയിലായിരുന്നു. ആ കത്ത്, അവന്റെ സമ്മതത്തോടെ തന്നെ  ഞാനിവിടെ പങ്കുവെക്കാം.. 

husband's letter to wife

"ഡിയർ ലോറാ... 
നമ്മുടെ കുഞ്ഞുങ്ങളുടെ അമ്മ എന്ന നിലയിൽ നീ ചെയ്യുന്ന ജോലികളോട് എനിക്ക് എന്നും ബഹുമാനം തന്നെയായിരുന്നു. അവർക്ക് കിട്ടാവുന്നതിലേക്കും വച്ച് ഏറ്റവും നല്ല ഒരു അമ്മയാണ് നീ. എന്നാലും പറയട്ടെ, ഞാൻ ആ ജോലിയെ മനസ്സിലെങ്കിലും നിസ്സാരമെന്നു കണ്ടിരുന്നു. 

അഞ്ചുവർഷത്തിൽ ഒരിക്കൽ പോലും നീ വന്നു നോക്കാതെ എന്റെ കുഞ്ഞുങ്ങൾ കരഞ്ഞു വിളിച്ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അവർ ഒന്ന് കരഞ്ഞു തുടങ്ങുമ്പോഴേക്കും നീ ഓടിവന്ന് അവരെ എടുക്കുമായിരുന്നു. കരച്ചിൽ നിർത്തുമായിരുന്നു. ഒരിക്കൽ പോലും നീ അവരെ ഒറ്റയ്ക്ക് വിട്ടിട്ടില്ല. 

എന്റെ കൂടെ വന്നു കിടന്ന് ഉറക്കം തുടങ്ങുന്ന നീ പല ദിവസങ്ങളിലും ലൂക്കയുടെ ബെഡ്‌ഡിലാണ് ഉണരാറുള്ളത്. അവന്റെ കൂടെ കിടന്നുള്ള ഉറക്കത്തെ ഞാൻ ഇനി ഒരിക്കലും ഉറക്കമെന്നു വിളിക്കില്ല. അവൻ എന്നെ അസ്ഥാനത്ത് തൊഴിച്ചത് കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 18  തവണയാണ്. 

ഞാൻ ഇന്നോളം കണ്ടിട്ടുള്ളതിൽ ഏറ്റവും നിസ്വാർത്ഥയായിട്ടുള ഒരു വ്യക്തി നീയാണ്. എല്ലാ ദിവസവും രാത്രിയും നീ അത് എങ്ങനെയാണ് സാധിക്കുന്നത്. ഞാൻ തരക്കേടില്ലാതെ പാചകം ചെയ്യാൻ അറിയുന്ന ഒരാളാണെന്ന് നിനക്കറിയാമല്ലോ.. എന്നാലും, നീ വീട്ടിലില്ലാതിരുന്ന രണ്ടു രാത്രികളിലും അവർക്ക് ഞാൻ കെഎഫ്‌സിയിൽ നിന്നും മക്കാസിൽ നിന്നും ഒക്കെ ഭക്ഷണം വരുത്തി നൽകുകയായിരുന്നു. കാരണം, അവരെ മൂന്നുപേരെയും നോക്കിക്കൊണ്ട് പാചകം ചെയ്യുക എന്നത് അസാധ്യമായ ഒരു കാര്യമാണ്.  

മേലെ എഴുതിയത് വായിച്ച് കണ്ണുരുട്ടണ്ട...  എനിക്ക് പാചകം അറിയാമെന്നു വീമ്പടിച്ചത് ഞാൻ പിൻവലിച്ചു. എന്നാലും, ഒരൊറ്റ ദിവസം കൊണ്ടാണ് നമ്മുടെ വീട്ടിൽ  തിന്നാൻ ഒരുവകയുമില്ലാതെയായത്. ഫ്രിഡ്ജിനുള്ളിൽ ഒന്നുമില്ല എന്നും പറഞ്ഞു ലൂക്ക കരച്ചിലായിരുന്നു. 

നിന്റെ നിർത്താത്ത കരച്ചിലിനിടയിലും നീ എഴുന്നേറ്റു വന്ന് വീട്ടിലെ ഓരോ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നത് ഞാൻ കണ്ടിരുന്നു. നിന്നോട് ഞാൻ റെസ്റ്റെടുക്കാൻ പറഞ്ഞതു മാത്രമാണ് എനിക്കിപ്പോൾ ഓർമ്മയുള്ളത്. നിന്നെ ആശുപത്രിയിലാക്കിയതും.  ഒരൊറ്റ ദിവസം കൊണ്ട്, നിന്നെപ്പോലെ ആശുപത്രിയിൽ ഗ്യാസ്‌ട്രോ ബാധിച്ച് കിടക്കലായിരുന്നു, ഈ പിള്ളേരെ നോക്കുന്നതിലും ഭേദം എന്ന അവസ്ഥയായി ഞാൻ . സത്യമാണ്... ഞാൻ നീയും, നീ ഞാനും ആയികിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ അപ്പോൾ ആഗ്രഹിച്ചു. 

ജെയിംസിന് വാശി ഇത്തിരി കൂടുതലാണെന്നു നീ പറഞ്ഞപ്പോൾ ഞാൻ നിന്നെ വിശ്വസിക്കാതിരുന്നൊന്നുമില്ല. എന്നാൽ അവൻ വെൽക്രോയല്ല, സൂപ്പർ ഗ്ലൂ പോലെയാണ്. മേത്തു കേറിക്കിട്ടിയാൽ പിന്നെ കൊന്നാൽ ഇറങ്ങില്ല. അവനെ ഒരു കയ്യിൽപിടിച്ച് മറ്റെ കൈ കൊണ്ട് ഓരോന്ന് ചെയ്യാൻ ഞാൻ പെട്ട പാട്. അവന്റെ വാശി പിടിച്ചുള്ള കരച്ചിൽ പോരാഞ്ഞിട്ടായിരുന്നു ലൂക്കയും സോഫിയയും തമ്മിലുള്ള പോര്. രണ്ടു പേരും പറഞ്ഞാൽ കേൾക്കില്ല, ഒട്ടും  വിട്ടു കൊടുക്കുകയുമില്ല ഒന്നും. നീ ഇടക്ക് ചീറി വിളിക്കുമ്പോൾ ഞാൻ നിന്നെ ഉപദേശിക്കാറില്ലേ, " നീ എന്തിനാണ് ഷൗട്ട് ചെയ്യുന്നത് എന്ന്.. " ഇന്നലെ ഞാനും  'ഷൗട്ട് ' ചെയ്തു.. ഇപ്പോൾ എനിക്ക് നന്നായിട്ടറിയാം നീ എന്തുകൊണ്ടാണ് ഇടക്കൊക്കെ 'ഷൗട്ട്'ചെയ്യുന്നത് എന്ന്. 

വെറും 48 മണിക്കൂർ നേരമാണ് ഞാൻ നീയായി മാറി നോക്കിയത്. ഇപ്പോൾ എനിക്ക് മനസ്സിലാവുന്നുണ്ട്, നീ കുളിക്കാൻ കേറുന്നേരം എന്തിനാണ് കിടപ്പുമുറിയുടെ വാതിൽ കുറ്റിയിടുന്നത് എന്ന്. 

നീ ലോകത്തിലെ ഏറ്റവും നല്ല അമ്മയാണ്. എന്റെ സുന്ദരിയായ ഭാര്യയും... ഒരു സംശയവും വേണ്ട ഇനി...  നമിച്ചു നിന്നെ..!  "

കണ്ടോ ലേഡീസ്, നിങ്ങൾക്ക് ഒരു ഗ്യാസ്‌ട്രോ വന്ന് രണ്ടു ദിവസം ഒന്ന് ഹോസ്പിറ്റലിൽ ചെന്ന് കിടക്കേണ്ടി വന്നാൽ മാത്രം മതി. നിങ്ങളുടെ കണവന്മാർക്ക് നിങ്ങളുടെ വില കൃത്യമായി മനസ്സിലാവും. ചിലപ്പോൾ എനിക്ക് തോന്നാറുണ്ട്, നമുക്ക് നമ്മുടെ പങ്കാളിയോട് റൊമാന്റിക്കാവാൻ പറ്റാത്തത്, പിള്ളേരുടെ പിന്നാലെ ഓടിയോടി നമ്മൾ തളർന്നു പോവുന്നതുകൊണ്ടാണ് എന്ന്. നമ്മളില്ലാതെ കുഞ്ഞുങ്ങളെ നോക്കാൻ അവർക്കാവില്ല എന്ന് അവരും മനസ്സിലാക്കുന്നുണ്ട്... കേട്ടോ. 

ഒറ്റയ്ക്ക് കുഞ്ഞുങ്ങളെ നോക്കുന്ന അച്ഛനമ്മമാർക്ക് സ്വസ്തി..!

Follow Us:
Download App:
  • android
  • ios