നൈനിറ്റാളിലേക്ക് ഹണിമൂൺ പോയപ്പോൾ ഭർത്താവ് വീട്ടുകാരെയും കൂടെക്കൂട്ടി. കലിപ്പിൽ ഭാര്യ. ഇരുവരും തമ്മിൽ തർക്കം നീണ്ടു. വിവാഹമോചനം വേണമെന്ന് ഭാര്യ. 

നവദമ്പതികൾക്ക് പരസ്പരം അറിയാനും പരിചയപ്പെടാനും കൂടുതൽ അടുക്കാനും ഒക്കെയുള്ള അവസരമാണ് ഹണിമൂൺ. എന്നാൽ, ആ ഹണിമൂണിലേക്ക് വീട്ടുകാരും ഒപ്പം വന്നാലോ? പലർക്കും അതിഷ്ടപ്പെടില്ല അല്ലേ? മിഥുനം സിനിമയിലെ ഉർവശിയുടെയും മോഹൻലാലിന്റെയും അവസ്ഥയാകും എന്ന് സാരം. അതുപോലെ, ഒരു സംഭവമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. നൈനിറ്റാളിൽ ഹണിമൂണിന് പോയപ്പോൾ ഭർത്താവ് തന്റെ കുടുംബത്തെയും കൂടെക്കൂട്ടി. അതോടെ തനിക്ക് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടിരിക്കയാണ് വധു. ഉത്തർ പ്രദേശിലെ മീററ്റ് സ്വദേശിയാണ് യുവതി. ഡെൽഹിയിലെ പട്ടേൽ ന​ഗറിലാണ് ഭർത്താവിന്റെ വീട്. സിം​ഗപ്പൂരിൽ നിന്ന് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് പഠിച്ചയാളാണ് യുവാവ്. വിവാഹം കഴിഞ്ഞ് ഇരുവരും ഉത്തരാഖണ്ഡിലെ നൈനിറ്റാളിലേക്കാണ് ഹണിമൂൺ പോയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാൽ, ഹണിമൂൺ പോയത് ഇരുവരും തമ്മിലുള്ള അടുപ്പം കൂട്ടുന്നതിന് പകരം വലിയൊരു തർക്കത്തിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്നെത്തിക്കുകയായിരുന്നു. അതിന് കാരണം മറ്റൊന്നുമല്ല. നേരത്തെ പറഞ്ഞതുപോലെ ഹണിമൂണിന് ഭർത്താവ് തന്റെ കുടുംബത്തെ കൂടി ഒപ്പം കൂട്ടി. ഭർത്താവിന്റെ അച്ഛനും അമ്മയും സഹോദരിയും സഹോദരനുമാണ് ഇവർക്കൊപ്പം നൈനിറ്റാളിലേക്ക് പോയത്. ഇത് ഭാര്യയ്ക്ക് ഇഷ്ടപ്പെട്ടില്ല. തിരികെ വന്നതോടെ ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമായി. ഈ കലഹം നീണ്ടുനിന്നു. ഭർത്താവിന്റെ കുടുംബം കൂടി ഒപ്പമുള്ളതിനാൽ താൻ ആ​ഗ്രഹിച്ചതുപോലെ ഭർത്താവിനൊപ്പം സമയം ചലവഴിക്കാൻ തനിക്കായില്ല എന്നാണ് ഭാര്യയുടെ പരാതി. എന്നാൽ, എല്ലാവരും ഒപ്പമുള്ളതാണ് സന്തോഷം എന്ന പക്ഷക്കാരനാണ് ഭർത്താവ്.

അതിനുശേഷം വീണ്ടും ദുബായ്‍ക്ക് ഒരു യാത്ര കൂടി പ്ലാൻ ചെയ്തു. അപ്പോൾ യുവതി കരുതിയത്, നേരത്തെ പാളിപ്പോയ ഹണിമൂൺ ഇത്തവണ സെറ്റാകും എന്നാണ്. എന്നാൽ, ദുബായിലേക്കും കുടുംബത്തെയും കൂട്ടണം എന്നാണ് ഭർത്താവ് പറഞ്ഞത്. ഇതോടെ ഭാര്യക്ക് ദേഷ്യം വന്നു. രണ്ടുപേരും തമ്മിൽ വഴക്ക് രൂക്ഷമായതോടെ സം​ഗതി പൊലീസ് സ്റ്റേഷനിലെത്തി. അവിടെ നിന്നും ഫാമിലി കൗൺസിലിങ് സെന്ററിലേക്ക് രണ്ടാളെയും വിട്ടു. എന്നാൽ, ഇരുവരും തങ്ങളുടെ വാദങ്ങളിൽ ഉറച്ചുനിന്നു. അതോടെ, പ്രശ്നം പരിഹരിക്കാനാവാതെ ഒടുവിൽ ഇവർ വിവാഹമോചനത്തിലേക്ക് നീങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.