‘ഇപ്പോൾ, എബിസിഡി പഠിക്കാൻ നിങ്ങൾക്ക് പ്രതിമാസം 21,000 രൂപ ചിലവാകും. ഇത്രയും ഉയർന്ന ഫീസ് ന്യായീകരിക്കാൻ തക്കതായി ഈ സ്കൂളുകൾ എന്താണ് പഠിപ്പിക്കുന്നത്’ എന്ന കുറിപ്പോടെയാണ് പോസ്റ്റ്.
ഹൈദരാബാദിലെ ഒരു സ്വകാര്യ സ്കൂളിൻ്റെ ഫീസാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വിവാദമാവുന്നത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ട ഒരു റസീപ്റ്റിൻ്റെ ഫോട്ടോ പ്രകാരം നേഴ്സറിയുടെ വാർഷിക ഫീസ് 2,51,000 രൂപയാണ്.
അനുരാധ തിവാരി എന്ന യുവതിയാണ്, X -ൽ (ട്വിറ്റർ) ഫീസ് എത്രയാണ് എന്ന് കാണിക്കുന്ന പോസ്റ്റ് പങ്കുവെച്ചത്. വിദ്യാഭ്യാസ ചെലവ് ഇങ്ങനെ യാതൊരു നിയന്ത്രണവും ഇല്ലാതെ വർദ്ധിച്ചാൽ ഇന്ത്യയിലെ ഇടത്തരം കുടുംബാംഗങ്ങൾ എങ്ങനെ തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകും എന്ന ചോദ്യമാണ് ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഉയർത്തിയിരിക്കുന്നത്.
‘ഇപ്പോൾ, എബിസിഡി പഠിക്കാൻ നിങ്ങൾക്ക് പ്രതിമാസം 21,000 രൂപ ചിലവാകും. ഇത്രയും ഉയർന്ന ഫീസ് ന്യായീകരിക്കാൻ തക്കതായി ഈ സ്കൂളുകൾ എന്താണ് പഠിപ്പിക്കുന്നത്’ എന്ന കുറിപ്പോടെയാണ് അനുരാധ തിവാരിയുടെ പോസ്റ്റ്. സ്കൂളിന്റെ ഫീസ് അനുസരിച്ച്, പ്രീ-പ്രൈമറി, ഒന്ന്, രണ്ട് ക്ലാസുകൾക്ക് വാർഷിക ഫീസ് 2,42,700 രൂപയും, 1, 2 ക്ലാസുകൾക്ക് വാർഷിക ഫീസ് 2,91,460 രൂപയുമാണ്.
പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടതോടെ സ്കൂളുകളുടെ ഇത്തരം ചൂഷണത്തിനെതിരെ പ്രതികരിക്കണമെന്ന് നിരവധിപ്പേർ അഭിപ്രായപ്പെട്ടു. പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഇത്തരം നിരക്കുകൾക്ക് പിന്നിലെ യുക്തിയെ നെറ്റിസൻസ് ചോദ്യം ചെയ്തു. അത്തരം സ്ഥാപനങ്ങളെ ഒഴിവാക്കണമെന്ന് അഭിപ്രായപ്രകടനങ്ങളും വ്യാപകമായി ഉയർന്നു.
എന്നാൽ ചിലർ ഫീസിനെ ന്യായീകരിച്ചു. കുറഞ്ഞ ഫീസിൽ വിദ്യാഭ്യാസം നൽകുന്ന നിരവധി സ്ഥാപനങ്ങൾ ഉണ്ടെന്നും ഇത്രയും വലിയ ഫീസ് താങ്ങാൻ കഴിയാത്തവർ അത്തരം സ്ഥാപനങ്ങളെ ആശ്രയിക്കണമെന്നും ആയിരുന്നു ഒരാൾ കുറിച്ചത്. സോഷ്യൽ മീഡിയയിൽ ഉയരുന്ന ഈ വിമർശനത്തിനെതിരെ എന്നാൽ സ്കൂൾ അധികൃതർ ഇതുവരെ ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല.
