Asianet News MalayalamAsianet News Malayalam

ഈ ഗ്രാമവാസികള്‍ വളര്‍ത്തുന്നത് മുതലക്കുഞ്ഞുങ്ങളെയല്ല, കഴുതപ്പുലികളെ!

നൂറ്റാണ്ടുകള്‍ക്കുമുമ്പ്, ഇവ നഗരവാസികളെ ആക്രമിക്കുകയും, മനുഷ്യരെ കൊന്ന് തിന്നുകയും ചെയ്യുമായിരുന്നു. അന്ന് ആളുകള്‍ പുറത്തിറങ്ങാന്‍ പോലും ഭയന്നിരുന്നു

Hyena as pets a Nigerian experience
Author
Nigeria, First Published Aug 20, 2021, 4:38 PM IST
  • Facebook
  • Twitter
  • Whatsapp

കഴുതപ്പുലികളെ സാധാരണയായി ആരും വീടുകളില്‍ വളര്‍ത്താറില്ല. മാംസദാഹിയായ അത് പലര്‍ക്കും ഒരു പേടിസ്വപ്നമാണ്. എന്നാല്‍ വടക്കന്‍ നൈജീരിയയില്‍ ആളുകള്‍ ആ വന്യമൃഗത്തെ വീടുകളില്‍ വളര്‍ത്തുകയും, ഉത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. അതുമാത്രമല്ല. അവയുടെ വിസര്‍ജ്യവും ഉമിനീരും അസുഖങ്ങള്‍ക്ക് പ്രതിവിധിയായി കണക്കാക്കുകയും ചെയ്യുന്നു. കിഴക്കന്‍ എത്യോപ്യയിലെ ഒരു നഗരമായ ഹരറിലാണ് മനുഷ്യരും ഹൈനകളും തമ്മിലുള്ള ഈ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അസാധാരണ ബന്ധമുള്ളത്.  

നൂറ്റാണ്ടുകള്‍ക്കുമുമ്പ്, ഇവ നഗരവാസികളെ ആക്രമിക്കുകയും, മനുഷ്യരെ കൊന്ന് തിന്നുകയും ചെയ്യുമായിരുന്നു. അന്ന് ആളുകള്‍ പുറത്തിറങ്ങാന്‍ പോലും ഭയന്നിരുന്നു. ഒടുവില്‍ നഗരത്തിന്റെ ചുവരുകളില്‍ ദ്വാരങ്ങള്‍ ഇട്ട് ആളുകള്‍ മാംസാവശിഷ്ടങ്ങള്‍ വലിച്ചെറിയാന്‍ തുടങ്ങി. ആളുകളെ കൊല്ലുന്നതിന് മുന്‍പ് അതിന്റെ വിശപ്പ് അകറ്റാന്‍ ഇതു വഴി അവര്‍ക്ക് കഴിഞ്ഞു. 

 

Hyena as pets a Nigerian experience

 

ചിലര്‍ മാത്രം അവയെ മെരുക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്തു. ആണുങ്ങള്‍ മാത്രമല്ല, കുട്ടികളും ആ മാംസഭോജിയുമായി പിന്നീട് അടുത്തിടപഴകി. സാധാരണ പറയാറുള്ള ആക്രമണാത്മക സ്വഭാവം ഇവിടെയുള്ള ഹൈനകള്‍ പ്രകടിപ്പിക്കാറില്ല. അവ അനുസരണയുള്ള ഒരു വളര്‍ത്ത് മൃഗം കണക്കെ അവരുടെ കൂടെ ജീവിക്കുന്നു.

നഗരത്തില്‍ നിന്ന് നഗരത്തിലേയ്ക്ക് യാത്ര ചെയ്യുന്ന കഴുതപ്പുലി വളത്തലുകാര്‍ കൂടുതലും ഹൗസ ഗോത്രവര്‍ഗ്ഗക്കാരാണ്. അബ്ദുല്ലാ ജാഹുന്‍ അത്തരത്തിലൊരാളാണ്. തന്റെ പിതാവില്‍ നിന്നാണ് ഹൈനയെ മെരുക്കാനും കൈകാര്യം ചെയ്യാനും അദ്ദേഹം പഠിച്ചത്. ഇപ്പോള്‍ വടക്കന്‍ നൈജീരിയയില്‍ ചുറ്റിനടന്ന് തന്റെ കഴുതപ്പുലിയുമായി ജനക്കൂട്ടത്തെ രസിപ്പിച്ച് അദ്ദേഹം ഉപജീവനം കണ്ടെത്തുന്നു. രണ്ട് വര്‍ഷം മുമ്പാണ് സ്വന്തമായൊരു കഴുതപ്പുലിയെ താന്‍ പിടിച്ചതെന്നും, ഉത്സവങ്ങള്‍, പരമ്പരാഗത ഭരണാധികാരികളുടെ കിരീടധാരണം, സര്‍ക്കസ് തുടങ്ങിയ പരിപാടികളില്‍ അതിനെ പങ്കെടുപ്പിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാമ്പാട്ടികളെയും, തെരുവ് അഭ്യാസികളെയും പോലെത്തന്നെ ഒരു തൊഴിലാണ് ഇതും.

 ജാഹുന്‍ അദ്ദേഹത്തിന്റെ കഴുതപ്പുലിയും തെരുവ് പ്രകടനക്കാര്‍ക്കൊപ്പം അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നു. ഹൈനയുടെ പുറത്ത് കുട്ടികളെ ഇരുത്തിയും, ചിലപ്പോള്‍ ഒരു കുഞ്ഞിനെ ഒരു ഇടുപ്പിലും, ഹൈനയെ മറ്റേ ഇടുപ്പില്‍ വച്ച് കൊണ്ടും അദ്ദേഹം പ്രകടനം നടത്തുന്നു. ഇങ്ങനെ, ദിവസം 1400 രൂപ വരെ സമ്പാദിക്കുന്നു. തീര്‍ത്തും ഭീതിജനകമാണ് ചിലപ്പോള്‍ അത്തരം  അഭ്യാസപ്രകടനങ്ങള്‍. പുരുഷന്മാര്‍ കഴുതപ്പുലിയുടെ വായില്‍ തലയിട്ടും, കുതിരകളെപ്പോലെ അതിന്റെ പുറത്ത് കയറി ഇരുന്നും, പല്ലുകളില്‍ മുഖം ചേര്‍ത്തും ആളുകളെ രസിപ്പിക്കുന്നു. പലപ്പോഴും വെറുപ്പോടെയാണ് നമ്മള്‍ കഴുതപ്പുലികളെ കാണുന്നതെങ്കിലും, കടിച്ചുകീറാന്‍ കെല്പുള്ള അത് അനുസരണയോടെ നില്കുന്നത് കാണുമ്പോള്‍ ആരും അത്ഭുതപ്പെട്ടു പോകും.  

 

Hyena as pets a Nigerian experience

 

കഴുതപ്പുലി വളര്‍ത്തലുകാരുടെ ജോലി  പൂര്‍വ്വികരില്‍ നിന്ന് പാരമ്പര്യമായി കൈമാറിയ കിട്ടുന്ന ഒന്നാണ്. വളരെ ചെറുപ്പം മുതലേ അവര്‍ കുട്ടികളെ പാമ്പുകള്‍, ബാബൂണുകള്‍, ഹൈനകള്‍ എന്നിവയ്‌ക്കൊപ്പം താമസിപ്പിക്കുന്നു. മൃഗങ്ങളുമായി പരിചയപ്പെടാനും അവയോടുള്ള ഭയം മാറാനും വേണ്ടിയാണിത്. അവിടത്തെ ഗോത്രനേതാവ് നസിരു വാഡ പറയുന്നത് കഴുതപ്പുലിവളര്‍ത്തല്‍ പല തലമുറകളായി വടക്കന്‍ നൈജീരിയയിലെ ജനപ്രിയ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു എന്നാണ്.

കഴുതപ്പുലിക്ക് വേറെയുമുണ്ട് പ്രാധാന്യം. കൗമാരക്കാരുടെ മോശം പെരുമാറ്റം, കള്ള് കുടി, മയക്ക് മരുന്ന് തുടങ്ങിയ ദുശീലങ്ങള്‍, പലതരം അസുഖങ്ങള്‍ എന്നിവയ്ക്കുള്ള പരിഹാരമായി അവിടത്തുകാര്‍ അവയുടെ ഉമിനീരും, വിസര്‍ജ്യവും ഉപയോഗിക്കുന്നു.   അതേസമയം ഇവയെ പിടികൂടുന്നതിനും പരിശീലിപ്പിക്കുന്നതിനുമെതിരെ ആഗോള സന്നദ്ധ സംഘടനകള്‍പ്രചാരണം നടത്തുന്നുണ്ട്. എന്നാലും, ഹൈനവളര്‍ത്തലുകാര്‍ ഇപ്പോഴും പ്രശസ്തരാണ്. 

Follow Us:
Download App:
  • android
  • ios