കഴിഞ്ഞ ദിവസം അമേരിക്കയിലെ ഫ്ലോറിഡയിലുള്ള പാം ബീച്ച് കൗണ്ടിയിൽ ഒരു കമ്മിറ്റി മീറ്റിംഗ് നടന്നു. 'കൗണ്ടിയുടെ അധികാര പരിധിക്കുള്ളിലുള്ള പ്രദേശങ്ങളിലെ പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കണോ വേണ്ടയോ' എന്ന്‌ തീരുമാനിക്കാനുള്ള ഒരു ഡിബേറ്റ് ആയിരുന്നു ആ മീറ്റിങ്.  മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യത്തെപ്പറ്റി പേർത്തും പേർത്തും വിശദീകരിച്ചുകൊണ്ട് പല ഡോക്ടർമാരും കൗണ്ടിയിലെ അംഗങ്ങൾക്ക് മുന്നിലെത്തി. ഭൂരിഭാഗം അംഗങ്ങളും ഇക്കാര്യത്തിൽ ഡോക്ടർമാരോട് യോജിച്ചുകൊണ്ട് പ്രതികരിച്ചു എങ്കിലും, അതിനോട് വിയോജിക്കുന്നവരും ഉണ്ടായിരുന്നു.
 
'മാസ്ക് ധരിക്കാതിരിക്കാനുള്ള' തങ്ങളുടെ മൗലികാവകാശത്തെപ്പറ്റിയും ചില അംഗങ്ങൾ കമ്മിറ്റിയിൽ നെടുങ്കൻ പ്രസംഗങ്ങൾ നടത്തി. പുതിയ മാസ്ക് നിയമം പാലിക്കാതിരിക്കാൻ അവർ ഈ പ്രസംഗങ്ങളിൽ നിരത്തിയത് വളരെ വിചിത്രമായ കുറെ കാരണങ്ങളാണ്. അവയിൽ സാത്താനിസം തൊട്ട്, ശരീരത്തിന്റെ ശ്വസനവ്യവസ്ഥയ്ക്ക് പ്രതിബന്ധമുണ്ടാക്കരുത് എന്നു വരെയുള്ള പല കാരണങ്ങളും നിരത്തുകയുണ്ടായി. പാം ബീച്ച് കൗണ്ടി കമ്മിറ്റിയിലാണ് ഈ പ്രസംഗങ്ങൾ നടന്നത്. ഈ കൗണ്ടി കമ്മിറ്റി മീറ്റിംഗിനിടെ മാസ്ക് ധരിക്കാൻ നിർബന്ധിക്കുന്ന ഡോക്ടർമാരെ ഈ സമരക്കാർ പരസ്യമായി ഭീഷണിപ്പെടുത്തുക വരെ ചെയ്തു.
 
"ഞാൻ മാസ്ക് ധരിക്കാത്തതും അണ്ടർവെയർ ഇടാത്തതും ഒരേ കാരണം കൊണ്ടാണ്. ഒന്നിന്റെയും ശ്വസനം തടസ്സപ്പെടരുത്" എന്ന്‌ തന്റെ പ്രസംഗത്തിനിടെ സമരക്കാരിൽ ഒരാൾ പറഞ്ഞത് സദസ്സിൽ പൊട്ടിച്ചിരിയുണർത്തി. 'ദൈവം സൃഷ്‌ടിച്ച മനുഷ്യന്റെ ശ്വാസോച്ഛാസങ്ങൾക്ക് തടസ്സം സൃഷ്ടിക്കാൻ നിങ്ങൾ മനുഷ്യർക്ക് ആരാണ് അനുമതി നൽകിയത്?" എന്ന്‌ മറ്റൊരാൾ. "നിർബന്ധിച്ച് മാസ്ക് ഇടീക്കാൻ നടക്കുന്നവരെ ഞങ്ങൾ സിവിലിയൻ അറസ്റ്റ് നടത്തും" എന്നായി വേറെ ഒരു പ്രതിഷേധക്കാരി. 'തോന്നുംപടി സർക്കാരുകൾക്ക് പ്രവർത്തിക്കാൻ ഇത് കമ്യൂണിസ്റ്റ് ക്യൂബയൊന്നുമല്ല, സ്വതന്ത്ര അമേരിക്കയാണ്' എന്നോർമ്മപ്പെടുത്തി മറ്റൊരു ആന്റി മാസ്ക് പ്രവർത്തക. ഒടുവിൽ തങ്ങളുടെ വാദത്തിന് പിന്തുണയില്ല, ബിൽ പാസ്സാക്കപ്പെടും എന്നുറപ്പായതോടെ ചില മാസ്ക് വിരുദ്ധ കൗണ്ടി കമ്മിറ്റി അംഗങ്ങൾ, 'ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തവരോട് ദൈവം ചോദിക്കും' എന്നതടക്കമുള്ള ശാപവാക്കുകൾ ചൊരിയുക വരെ ചെയ്തു.

ലോകത്തിലെ ആകെ കൊവിഡ് കേസുകളുടെ സിംഹഭാഗവും ഉള്ള അമേരിക്കയിൽ നിന്നാണ് മാസ്കിനെതിരെ ഇത്തരം പരിഹാസ്യമായ പ്രതിഷേധങ്ങൾ ഉയരുന്നത് എന്നത് ശ്രദ്ധേയമാണ്. അമേരിക്കയിൽ ഇന്നുവരെ ഏകദേശം 25 ലക്ഷം പേർക്ക് കൊവിഡ് വന്നുകഴിഞ്ഞു. ഒന്നേകാൽ ലക്ഷത്തോളം പേര് ഈ മഹാമാരിക്കിരയായി മരിച്ചും കഴിഞ്ഞു അമേരിക്കയിൽ. അമേരിക്കയിലെ ഏറ്റവും അധികം കോവിഡ് രോഗികളുള്ള സ്റ്റേറ്റുകളിൽ ഒന്നാണ് ഫ്ലോറിഡ. അവിടെ ഇതുവരെ ഒരു ലക്ഷത്തിൽ പരം പേർക്ക് കൊവിഡ്  സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മീറ്റിംഗ് നടക്കുന്നതിന് തൊട്ടുമുമ്പുള്ള രണ്ടാഴ്ചകൊണ്ട് കേസുകളുടെ എണ്ണം ഇരട്ടിച്ചിട്ടുണ്ട് ഫ്ലോറിഡയിൽ.
 
'മാസ്കുകളുടെ ഉപയോഗം മനുഷ്യരെ കൊല്ലുന്നു'എന്നാണ് ഈ പ്രതിഷേധക്കാർ ആരോപിക്കുന്നതെങ്കിലും, സത്യം നേരെ തിരിച്ചാണ്. കൊവിഡ് രോഗികളുടെ വായിൽ നിന്നും മൂക്കിൽ നിന്നും ഉതിരുന്ന തുള്ളികളുടെ രൂപത്തിൽ വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത് തടയാനുള്ള ഒരേയൊരു ഫലപ്രദമായ മാർഗം ഇന്ന് ലോകത്ത്‌ മാസ്ക് മാത്രമാണ്. സ്വന്തം ജീവൻ പണയം വെച്ച് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി പെടാപ്പാടു പെടുന്ന ആരോഗ്യ പ്രവർത്തകരെ പരിഹസിക്കുന്ന തരത്തിലുള്ള പ്രവൃത്തികളാണ് ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ. ലോകത്തെവിടെ നടന്നാലും അവ തടയപ്പെടുക തന്നെ വേണം.