Asianet News MalayalamAsianet News Malayalam

Covid vaccine : വാക്സിന്‍ എടുത്തവര്‍ക്ക് മണിക്കൂറില്‍ ഒരു ഡോളര്‍ ശമ്പള വര്‍ദ്ധന!


കൊവിഡ് വാക്‌സിന്‍ എടുത്ത ജീവനക്കാര്‍ക്ക് മണിക്കൂറില്‍ ഒരു കനേഡിയന്‍ ഡോളര്‍ വീതം കൂട്ടിക്കൊടുക്കാനാണ് കമ്പനി തീരുമാനമെടുത്തത്. കമ്പനി ഉത്തരവിന്റെ കോപ്പി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് തെറി വിളിച്ചുകൊണ്ടുള്ള ഇ മെയിലുകളും വാട്‌സാപ്പ് കാമ്പെയിനുകളും ഫോണ്‍കോളും വരുന്നതെന്ന് കമ്പനിയുടെ വൈസ് പ്രസിഡന്റും ഉടമയുമായ ആഷ്‌ലി ചാപ്മാന്‍ പറഞ്ഞു.

ice cream company gives vaccinated employees a $1 an hour pay raise
Author
Ontario, First Published Nov 26, 2021, 6:58 PM IST

വാക്‌സിന്‍ എടുത്ത ജീവനക്കാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിച്ച കനേഡിയന്‍ കമ്പനിക്ക് എതിരെ സൈബര്‍ ആക്രമണം. കാനഡയിലെ ചാപ്മാന്‍സ് ഐസ്‌ക്രീം കമ്പനിക്കെതിരെയാണ് വാക്‌സിന്‍ വിരുദ്ധ ഗ്രൂപ്പുകളുടെ സൈബര്‍ ആക്രമണം നടന്നതെന്ന് കമ്പിയുടമയെ ഉദ്ധരിച്ച്  'ഇന്‍സൈഡര്‍' റിപ്പോര്‍ട്ട് ചെയ്തു. 

കൊവിഡ് വാക്‌സിന്‍ എടുത്ത ജീവനക്കാര്‍ക്ക് മണിക്കൂറില്‍ ഒരു കനേഡിയന്‍ ഡോളര്‍ വീതം കൂട്ടിക്കൊടുക്കാനാണ് കമ്പനി തീരുമാനമെടുത്തത്. കമ്പനി ഉത്തരവിന്റെ കോപ്പി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് തെറി വിളിച്ചുകൊണ്ടുള്ള ഇ മെയിലുകളും വാട്‌സാപ്പ് കാമ്പെയിനുകളും ഫോണ്‍കോളും വരുന്നതെന്ന് കമ്പനിയുടെ വൈസ് പ്രസിഡന്റും ഉടമയുമായ ആഷ്‌ലി ചാപ്മാന്‍ പറഞ്ഞു.

കമ്പനി ജീവനക്കാരെ വാക്‌സിന്റെ പേരില്‍ വിഭജിച്ചുഭരിക്കുകയാണെന്നാണ് പ്രധാന വിമര്‍ശനം എന്ന് അദ്ദേഹം പറഞ്ഞു. ഹിറ്റ്‌ലറാണ് താനെന്നും കമ്പനി പിന്തുടരുന്നത് നാസി രീതികളാണെന്നും വിമര്‍ശകര്‍ പറയുന്നതായി ചാപ്മാന്‍ പറഞ്ഞു. വാക്‌സിന്‍ എടുക്കുന്നത് വ്യക്തിപരമായ ഇഷ്ടമാണെന്നും അതില്‍ ഇടപെടാന്‍ കമ്പനിക്ക് അവകാശമില്ലെന്നുമാണ് മെറ്റാരു വിമര്‍ശനം. 

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും നെഗറ്റീവ് പ്രചാരണം വിപണിയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയില്ലെന്ന് ചാപ്മാന്‍ പറഞ്ഞു. ഐസ് ക്രീം വില്‍പ്പനയില്‍ കുറവുണ്ടയില്ല. പകരം, എത്രയോ പേര്‍ അഭിനന്ദിച്ചുകൊണ്ട് കമ്പനിയുടെ സോഷ്യല്‍ മീഡിയാ പേജുകളില്‍ കമന്റുകള്‍ ഇടുന്നുണ്ടെന്നും ചാപ്മാന്‍ പറഞ്ഞു. 

എന്നാല്‍, ആസൂത്രിതമായ കാമ്പെയിന്‍ നടക്കുന്നുണ്ട് എന്നത് സത്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  കമ്പനിയുത്തരവിന്റെ കോപ്പി ചിലര്‍ വാക്‌സിന്‍ വിരുദ്ധ വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു അതിനെ തുടര്‍ന്നാണ്, കമ്പനിക്കെതിരെ സൈബര്‍ ആക്രമണം നടന്നതെന്നാണ് കരുതുന്നത്. 

850 ജീവനക്കാരാണ് ചാപ്മാന്‍ കമ്പനിയില്‍ ജോലി ചെയ്യുന്നത്. ഇവരില്‍ നൂറു പേരാണ് ഇനിയും വാക്‌സിന്‍ എടുക്കാത്തത്. ബാക്കിയുള്ള പകുതി പേരെങ്കിലും അടുത്ത മാസം ആവുമ്പോഴേക്കും വാക്‌സിന്‍ എടുക്കുമെന്നാണ് പ്രതീക്ഷയെന്നും ചാപ്മാന്‍ പറഞ്ഞു.  

ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയതിനു പിന്നില്‍ വ്യക്തമായ ആലോചനകളുണ്ടെന്ന് ചാപ്മാന്‍ പറയുന്നു. ''ശമ്പള വര്‍ദ്ധന നല്‍കുന്നതിനു മുമ്പുവരെ വാക്‌സിനെടുക്കാത്ത ജീവനക്കാര്‍ക്ക് ആഴ്ചയില്‍ രണ്ട് കൊവിഡ് ടെസ്റ്റ് എടുത്തിരുന്നു. ഇതിന് ഏതാണ്ട് 40 കനേഡിയന്‍ ഡോളര്‍ ചിലവ് വന്നിരുന്നു. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് വേണ്ടി പണം ചെലവിടുകയും എടുത്തവരെ അവഗണിക്കുകയും ചെയ്യുന്നത് ശരിയല്ലല്ലോ എന്ന് തോന്നി. അങ്ങനെയാണ് എടുത്തവര്‍ക്ക് ശമ്പള വര്‍ദ്ധന പ്രഖ്യാപിച്ചത്. ''-ചാപ്മാന്‍ സിബിഎസ് ന്യൂസിനോട് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios