Asianet News MalayalamAsianet News Malayalam

ടൈറ്റാനിക് മ്യൂസിയത്തിലെ മഞ്ഞുമല തകർന്നു, സന്ദര്‍ശകര്‍ക്ക് പരിക്ക്

2010 മുതല്‍ പിജിയോണ്‍ ഫോര്‍ഗിലുള്ളതാണ് മ്യൂസിയം. അപകടത്തെ തുടര്‍ന്ന് മ്യൂസിയം അടച്ചിട്ടിരുന്നുവെങ്കിലും ടിക്കറ്റെടുത്തവര്‍ക്ക് വേണ്ടി ചൊവ്വാഴ്ച തുറന്ന് കൊടുത്തു. അപകടമുണ്ടായ സ്ഥലം അടച്ചിട്ടിരിക്കുകയാണ്. 

iceberg wall in titanic museum collapses
Author
Pigeon Forge, First Published Aug 5, 2021, 10:06 AM IST

ടൈറ്റാനിക്കിന്റെ കഥ നമുക്കെല്ലാം അറിയാം. ഒരിക്കലും മുങ്ങില്ലെന്ന വാദത്തോടെ നിർമ്മിച്ച കപ്പൽ ആദ്യത്തെ യാത്രയിൽ തന്നെ ഒരു മഞ്ഞുമലയിൽ ഇടിച്ച് തകരുകയായിരുന്നു. ആകെയുണ്ടായിരുന്ന 2,223 യാത്രക്കാരിൽ 1,517 പേരും അപക‌ടത്തിൽ മരിച്ചു. ലോകത്തെ തന്നെ നടുക്കിയ ദുരന്തമായിരുന്നു ടൈറ്റാനിക്കിന്റെ തകർച്ച. എന്നാൽ, ഇപ്പോഴിതാ ടൈറ്റാനിക്കിന്റെ പേരിലുള്ള ഒരു മ്യൂസിയത്തിലും ഒരപടകം നടന്നിരിക്കുകയാണ്. യുഎസ്സിലെ ടെന്നസിയിലുള്ള ടൈറ്റാനിക് മ്യൂസിയത്തിലെ മഞ്ഞുമല തകര്‍ന്നു വീണ് മൂന്ന് സന്ദര്‍ശകര്‍ക്ക് പരിക്ക് പറ്റിയിരിക്കുന്നു. തിങ്കളാഴ്ചയാണ് അപകടമുണ്ടായതെന്ന് മ്യൂസിയം ഉടമ സ്ഥിരീകരിച്ചു. 

പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതായി മ്യൂസിയം ഉടമകളായ മേരി കെല്ലോഗ് ജോസ്ലിന്‍, ജോണ്‍ ജോസ്ലിന്‍ എന്നിവര്‍ മ്യൂസിയത്തിന്‍റെ ഫേസ്ബുക്ക് പേജില്‍ എഴുതി. എന്നാല്‍, പരിക്ക് എത്രത്തോളം ഗുരുതരമാണ് എന്ന് വ്യക്തമല്ല. 'ഇന്ന് രാത്രി പിജിയോണ്‍ ഫോര്‍ഗിലുള്ള ഞങ്ങളുടെ ടൈറ്റാനിക് മ്യൂസിയം അട്രാക്ഷനില്‍ ഒരു അപകടം സംഭവിച്ചു. ഞങ്ങളുടെ മഞ്ഞുമല ഇടിഞ്ഞ് വീഴുകയും മൂന്ന് സന്ദര്‍ശകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അവരെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. പരിക്ക് എത്രത്തോളം ഗുരുതരമാണ് എന്ന് വ്യക്തമല്ല. പരിക്കേറ്റവക്കും വീട്ടുകാര്‍ക്കുമൊപ്പം നമ്മുടെ പ്രാര്‍ത്ഥനകളെപ്പോഴുമുണ്ട്. അവര്‍ നമ്മുടെ ചിന്തകളിലുണ്ട്' എന്നാണ് പോസ്റ്റില്‍ പറയുന്നത്. 

2010 മുതല്‍ പിജിയോണ്‍ ഫോര്‍ഗിലുള്ളതാണ് മ്യൂസിയം. അപകടത്തെ തുടര്‍ന്ന് മ്യൂസിയം അടച്ചിട്ടിരുന്നുവെങ്കിലും ടിക്കറ്റെടുത്തവര്‍ക്ക് വേണ്ടി ചൊവ്വാഴ്ച തുറന്ന് കൊടുത്തു. അപകടമുണ്ടായ സ്ഥലം അടച്ചിട്ടിരിക്കുകയാണ്. നാലാഴ്ചയെങ്കിലുമെടുക്കും അതിന്‍റെ പുനര്‍നിര്‍മ്മാണത്തിന് എന്നാണ് കരുതുന്നത്. സെഡാര്‍ ബേ എന്‍റര്‍ടെയ്ന്‍മെന്‍റാണ് 2010 -ല്‍ ഇത് തുടങ്ങിയത്. ഇതേ കമ്പനിക്ക് ബ്രാന്‍സണിലും ഒരു ടൈറ്റാനിക് മ്യൂസിയമുണ്ട്. ഏതായാലും നിരവധി പേരാണ് ഫേസ്ബുക്കിലൂടെ എത്രയും പെട്ടെന്ന് അപകടം പറ്റിയവര്‍ സുഖം പ്രാപിക്കട്ടെ എന്നാശംസിച്ചത്. 

മ്യൂസിയത്തിൽ 1912 -ൽ മഞ്ഞുമലയിൽ പതിച്ച ബ്രിട്ടീഷ് പാസഞ്ചർ ലൈനറിൽ ഉണ്ടായിരുന്ന യഥാർത്ഥ യാത്രക്കാരുടെ അല്ലെങ്കിൽ ജീവനക്കാരുടെ പേരുകൾ അടങ്ങിയ ബോർഡിംഗ് പാസുകൾ അതിഥികൾക്ക് ലഭിക്കുന്നുവെന്ന് എപി റിപ്പോർട്ട് ചെയ്തു. സന്ദർശകർക്ക് 400 -ലധികം ടൈറ്റാനിക് ആർട്ടിഫാക്റ്റുകളും മറ്റും സന്ദർശിക്കാം. സെൽഫ്-ഗൈഡഡ് ടൂറുകളിലുടനീളം 28 ഡിഗ്രി തണുത്തുറഞ്ഞ വെള്ളം അനുഭവിക്കാനും കഴിയുമെന്ന് മ്യൂസിയത്തിന്റെ വെബ്സൈറ്റ് പറയുന്നു.

Follow Us:
Download App:
  • android
  • ios