ഐസിഎസ്ഇ സിലബസ്സിൽ പത്താം ക്ലാസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് ഇക്കൊല്ലം ആശ്വാസത്തിന് വകയുണ്ട്. അവർക്ക് ഹിന്ദി പഠിക്കുമ്പോൾ ഒരദ്ധ്യായം കുറച്ച് പഠിച്ചാൽ മതി. കഴിഞ്ഞ കൊല്ലം വരെ ചോദ്യങ്ങൾ വന്നുകൊണ്ടിരുന്ന ഒരദ്ധ്യായം, ഒരു കഥ, കൃഷ്ണ ചന്ദർ (1914-1977) എന്ന കഥാകൃത്തിന്റെ 'ഞാവൽമരം' (ജാമുൻ കാ പേഡ്) - അതിൽ നിന്ന് ഇത്തവണ പരീക്ഷക്ക് ചോദ്യങ്ങളുണ്ടാവില്ല എന്ന് ഐസിഎസ്ഇ കൗൺസിൽ അറിയിച്ചിരിക്കുകയാണ്. ഒരു സംസ്ഥാനത്തിന്റെ ഭരണാധികാരികൾ ആ കഥയുടെ ഉള്ളടക്കത്തിൽ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നതിനാലാണ് ഇങ്ങനെ ഒരു നടപടിയുണ്ടായിരിക്കുന്നത്. പ്രസ്തുത കഥ 'പത്താം ക്‌ളാസിലെ കുട്ടികൾക്ക് അനുയോജ്യമല്ല' എന്ന് ഐസിഎസ്ഇ കൗൺസിൽ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ ഗൈരി അറാഥൂണ്‍ പറഞ്ഞു. ആരാണ് വിമർശനം ഉന്നയിച്ചതെന്നോ, അതിന്റെ വിശദാംശങ്ങൾ എന്തെന്നോ അദ്ദേഹം വെളിപ്പെടുത്താൻ തയ്യാറായില്ല.

2015 മുതൽ ഈ കഥ സിലബസ്സിന്റെ ഭാഗമാണ്. ക്ലാസ്സുകളിൽ പഠിപ്പിച്ചു പോരുകയും കുട്ടികൾ നർമ്മരസപ്രധാനമായ ഈ കഥ ആസ്വദിക്കുകയും ഒക്കെ ചെയ്തിട്ടുള്ളതാണ്. അറുപതുകളിലാണ് ഈ കഥ ചന്ദർ എഴുതുന്നത്. എന്നാൽ, ഇപ്പോഴത്തെ കേന്ദ്ര ഭരണത്തിനെതിരെയുള്ള വിമർശനങ്ങൾ ഈ കഥയിലുണ്ട് എന്ന അധികാരികളുടെ തോന്നലാണ് ഇപ്പോൾ ഇത് നിരോധിക്കപ്പെടുന്നതിലേക്ക് നയിച്ചിരിക്കുന്നത്. 2020, 2021 വർഷങ്ങളിൽ പത്താംക്ലാസ് പരീക്ഷയെഴുതുന്നവർ ഈ അദ്ധ്യായത്തിൽ നിന്ന് ചോദ്യങ്ങൾ പ്രതീക്ഷിക്കേണ്ട എന്ന് സൂചിപ്പിക്കുന്ന നോട്ടീസാണ് ഇപ്പോൾ കൗൺസിലിൽ നിന്ന് വന്നിരിക്കുന്നത്.  

എന്തായാലും, കഥ ബഹുരസമാണ്. വായിച്ചിരിക്കേണ്ട ഒന്നുതന്നെയാണ്. അത് തുടങ്ങുന്നത് കൊടുങ്കാറ്റുവീശിയ ഒരു പകലിൽ സെക്രട്ടേറിയറ്റുവളപ്പിൽ നിന്നിരുന്ന ഞാവൽമരം കടപുഴകി വീഴുന്നതോടെയാണ്. അക്കാദമി അവാർഡ് ജേതാവായ നമ്മുടെ ജനപ്രിയ കവി സന്ദർഭവശാൽ പ്രസ്തുതമരത്തിന്റെ കീഴിൽ ആ സാഹചര്യത്തിൽ സന്നിഹിതനായിരുന്നു. മരംവീണപ്പോൾ സ്ഥലം കാലിയാക്കാൻ ഒരു പരിശ്രമം നടത്തിനോക്കിയെങ്കിലും, അതിനടിയിൽ കുടുങ്ങിപ്പോയി കവി. അതോടെ, ആളുകൂടി. എന്നാൽ, കവിയെ രക്ഷപ്പെടുത്താൻ ഒരു ഔദ്യോഗിക ഇടപെടൽ തന്നെ വേണമെന്ന അവസ്ഥയിലേക്ക് അധികം താമസിയാതെ കാര്യങ്ങൾ നീങ്ങി.

സെക്രട്ടേറിയറ്റിലെ തോട്ടക്കാരൻ, മരം വീണയുടനെ തന്നെ കാര്യം പ്യൂണിനെ അറിയിച്ചു. പ്യൂണാകട്ടെ അത് അപ്പടിത്തന്നെ തന്റെ ഗുമസ്തന്റെ കാതിലുമെത്തിച്ചു. ഗുമസ്തൻ സെക്രട്ടേറിയറ്റ് സൂപ്രണ്ടിനെ ഫയൽ മുഖാന്തരം വിവരമറിയിച്ചു. പതിവിലും വേഗത്തിൽ ഫയലുകൾ നീങ്ങി. എന്നാൽ, ഫയലുകളുടെ ഗതിവിഗതികളൊന്നും തന്നെ മരത്തിനടിയിൽ കിടക്കുന്ന നമ്മുടെ പ്രിയകവിയുടെ സഹായത്തിന് ഒത്താശചെയ്തില്ല. അദ്ദേഹം വേദന സഹിയാതെ അവിടെക്കിടന്ന് കരച്ചിലോട് കരച്ചിലായി.

അപ്പോഴേക്കും ദിവസം നാലായി. ഫയൽ ചീഫ് സെക്രട്ടറിയുടെ മേശപ്പുറത്തെത്തി. എന്നാൽ, അത് 'കൺസേൺഡ് ഡിപ്പാർട്ടുമെന്റിന് അയക്കുക' എന്ന നോട്ടോടെ ചീഫ് സെക്രട്ടറി മടക്കി. പിന്നെ, ഫയൽ ഡിപ്പാർട്ടുമെന്റുകൾ കേറിയിറങ്ങി നെട്ടോട്ടമായി. ചെല്ലുന്നിടത്തുനിന്നൊക്കെ ഒരേ റിപ്പോർട്ട് തന്നെ. "ഇത് ഞങ്ങളുടെ അധികാരപരിധിയിൽ വരുന്ന കാര്യമല്ല..." കൃഷി വകുപ്പിൽ നിന്ന് വനം വകുപ്പിലേക്കും, അവിടെ നിന്ന് നഗരകാര്യത്തിലേക്കും, പിന്നീട് (പരാതിയിൽ സങ്കടം അനുഭവിക്കുന്നയാൾ കവിയാണ് എന്ന കാരണംകൊണ്ട്) സഹകരണ വകുപ്പിലേക്കുവരെ അത് നീങ്ങുന്നുണ്ട്.

സാംസ്കാരിക വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ നിജസ്ഥിതി വിലയിരുത്താൻ സംഭവസ്ഥലം സന്ദർശിക്കുന്നുണ്ട് അതിനിടെ. കവിയുടെ തലയ്ക്ക് തൊട്ടടുത്ത് ചെന്നിരുന്ന് അദ്ദേഹം അക്കാദമി അവാർഡ് കവിക്ക് നേടിക്കൊടുത്ത സമാഹാരത്തെ മുക്തകണ്ഠം പുകഴ്ത്തുന്നുണ്ട്. അതേസമയം, ഞാവൽമരത്തിന്റെ തടിയിൽ നിന്ന് കവിയുടെ തടി കഴിച്ചിലാക്കാനുള്ള ഉത്തരവാദിത്തം തന്റേതല്ല എന്ന യാഥാർത്ഥ്യവും അദ്ദേഹം കവിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു.

സാംസ്കാരിക വകുപ്പിൽ നിന്ന്, ഫയൽ ഫോർവേഡ് ചെയ്യപ്പെടുന്നത് ആരോഗ്യവകുപ്പിലേക്കാണ്. എന്നാൽ, അവരത് വിദേശകാര്യവകുപ്പിലേക്ക് കൈമാറുന്നു. എന്താ കാരണം? പ്രസ്തുത ഞാവൽമരം പണ്ടെങ്ങാണ്ടോ നാടുകാണാൻ വന്ന നമ്മുടെ അയൽരാജ്യത്തിന്റെ പ്രധാനമന്ത്രി നട്ടിട്ടുപോയതാണ്. അതുകൊണ്ടുതന്നെ വിഷയം വിദേശകാര്യമാണ്.

എന്നാൽ, അയൽരാജ്യവുമായി ഇതിനകം തന്നെ വഷളായിരിക്കുന്ന നയതന്ത്രബന്ധം, കൂടുതൽ വഷളാക്കേണ്ട എന്നുകരുതി ഞാവൽമരം വെട്ടാനുള്ള അനുമതി നൽകുന്നില്ല വിദേശകാര്യവകുപ്പ്. എന്നാലും, ഒരു അന്തിമ തീരുമാനമെടുക്കാൻ വേണ്ടി ഫയൽ ഒടുവിൽ പ്രധാനമന്ത്രിയുടെ മേശപ്പുറത്തേക്ക് എത്തിച്ചേരുന്നു. അവിടെ കാത്തുനിന്ന സെക്രട്ടേറിയറ്റ് ബിൽഡിങ്ങ് സൂപ്രണ്ടിനോട് അവിടത്തെ അണ്ടർ സെക്രട്ടറി പറഞ്ഞു, "പ്രധാനമന്ത്രി വിദേശ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതേയുള്ളൂ. നാലുമണിക്ക് ഓഫീസിൽ വരും. നമ്മടെ ഫയൽ ആദ്യം തന്നെ കാണാൻ പാകത്തിന് മേശപ്പുറത്ത് വെച്ചിട്ടുണ്ട്."

അണ്ടർ സെക്രട്ടറി പറഞ്ഞ സമയത്തുതന്നെ പ്രധാനമന്ത്രി ഫയൽ കാണുന്നു. അദ്ദേഹം ആ നിർണായകമായ തീരുമാനം കൈക്കൊള്ളുന്നു. അയൽരാജ്യവുമായുള്ള നയതന്ത്രബന്ധങ്ങൾ അടിയുലയുന്നെങ്കിൽ ഉലഞ്ഞോട്ടെ, ഇതൊരു മനുഷ്യജീവന്റെ, അതും ഒരു കവിയുടെ ജീവന്റെ വിഷയമാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഞാവൽമരം മുറിച്ചുനീക്കി കവിയെ രക്ഷപ്പെടുത്താൻ അദ്ദേഹം ഉത്തരവിട്ടു. എന്നാൽ പ്രധാനമന്ത്രിയുടെ ഉത്തരവടങ്ങുന്ന ഫയലുമായി സംഭവസ്ഥലത്തേക്ക് കുതിച്ചു ചെന്ന ബിൽഡിങ് സൂപ്രണ്ടിനെ വരവേറ്റത് അഞ്ചു മിനിട്ടു മുമ്പ് കവി ഇഹലോകവാസം വെടിഞ്ഞു എന്ന വാർത്തയാണ്.

അമ്പതുവർഷങ്ങൾക്കുമുമ്പ് കൃഷ്ണ ചന്ദർ ഇതെഴുതിയത് അന്ന് നിലനിന്നിരുന്ന ചുവപ്പുനാടയുടെ കാലതാമസത്തെപ്പറ്റി സൂചിപ്പിക്കാൻ വേണ്ടിയാണ്. പതിറ്റാണ്ടുകൾ കടന്നുപോയിട്ടും സർക്കാർ കാര്യങ്ങൾ ഇന്നും മുറപോലെയാണ് നടക്കുന്നതെന്നും, അതേപ്പറ്റി ആരെങ്കിലും സൂചിപ്പിക്കുകയെങ്കിലും ചെയ്‌താൽ ഇന്നും അത് സർക്കാർ സംവിധാനങ്ങളെ അസ്വസ്ഥമാക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ് ഈ കഥയ്ക്ക് നേരെ ഉയർന്നിരിക്കുന്ന വാൾ.

കേന്ദ്രസർക്കാരിന്റെ അമിതമായ 'കേന്ദ്രീകരണ' പ്രവണത നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ വിപരീതമായി ബാധിക്കുന്നു എന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനും, നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജിയും അടക്കമുളള സാമ്പത്തിക വിദഗ്ധർ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഒരു സാഹിത്യകൃതിക്കുനേരെ അസഹിഷ്ണുതയുടെ ഉടവാളുകൾ നീണ്ടിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.