രണ്ടുവർഷം നീണ്ട അന്വേഷണത്തിനൊടുവിൽ ഉത്തർപ്രദേശിലെ ആരോഗ്യവകുപ്പ് ഡോ. കഫീൽ ഖാനെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്. ഉത്തർ പ്രദേശിലെ ബാബാ രാഘവ് ദാസ് മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറുകൾ സമയത്തിന് കിട്ടാതെ അവിടെ അഡ്മിറ്റ് ചെയ്തിരുന്ന അറുപതിലധികം നവജാത ശിശുക്കൾ മരണപ്പെട്ട കേസിൽ ഡോ. കഫീൽ ഖാന്റെ ഭാഗത്തുനിന്ന് കുറ്റകരമായ അനാസ്ഥയുണ്ടായി എന്നും, ഓക്സിജൻ സിലിണ്ടറുകളുടെ വാങ്ങൽ പ്രക്രിയയിൽ ഖാൻ അഴിമതി കാണിച്ചു എന്നും, മരണങ്ങൾ നടക്കുന്ന സമയത്ത് ഡോ. ഖാന്റെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപമുണ്ടായി എന്നും ആരോപിച്ചായിരുന്നു ഡോ. ഖാനെതിരെ അന്വേഷണമുണ്ടായതും അദ്ദേഹത്തെ അറസ്റ്റുചെയ്ത് ജയിലിലടച്ചതും.

അന്വേഷണം പൂർത്തിയാക്കി ഇന്നലെയാണ് അദ്ദേഹത്തിന് റിപ്പോർട്ട് കൈമാറിയത്. സംഭവം നടക്കുമ്പോൾ ഡോ. ഖാൻ അല്ലായിരുന്നു ആശുപത്രിയിലെ എൻസഫലൈറ്റിസ് വാർഡിന്റെ നോഡൽ ഓഫീസർ എന്നും, യാതൊരു ചുമതലകളും ഇല്ലാതിരുന്നിട്ടുകൂടി ഡോ. ഖാൻ കുട്ടികൾ മരിക്കാതിരിക്കാൻ വേണ്ടി സ്വന്തം ചെലവിൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. നിരപരാധിയായ ഡോ. ഖാന് ജയിലിൽ ചെലവിടേണ്ടി വന്നത് നീണ്ട ഒമ്പതു മാസങ്ങളാണ്. 

പരാതിക്ക് ആധാരമായ സംഗതികളൊക്കെയും നടക്കുന്നത് രണ്ടുവർഷം മുമ്പ് ഒരു ഓഗസ്റ്റുമാസത്തിലാണ്. മണിപ്പാലിലെ കസ്തൂർബാ മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസും പീഡിയാട്രിക്‌സിൽ എംഡിയും പൂർത്തിയാക്കിയ ശേഷം, 2016 -ലാണ് ഡോ. കഫീൽ ഖാൻ ബിആർഡി മെഡിക്കൽ കോളേജിൽ  അസിസ്റ്റന്റ് പ്രൊഫസറുടെ തസ്തികയിൽ ജോലിയിൽ പ്രവേശിക്കുന്നത്. എൻസഫലൈറ്റിസ് വാർഡിൽ കിടക്കുന്ന പിഞ്ചുകുഞ്ഞുങ്ങൾക്ക് ഓക്സിജൻ കൂടാതെ ജീവൻ നിലനിർത്താനാവില്ല എന്ന കാര്യം ആശുപത്രി അധികാരികൾക്ക് അറിവുള്ളതാണ്. എന്നിട്ടും ബില്ലുകളൊന്നും സമയത്തിന് പാസ്സാക്കപ്പെട്ടില്ല. കോൺട്രാക്റ്റർക്ക് ഓക്സിജൻ സിലിണ്ടറുകൾക്കുള്ള ബാക്കി പണം കുടിശ്ശിക തീർത്ത് കിട്ടിയില്ല എന്ന കാരണം പറഞ്ഞ് സിലിണ്ടറുകളുടെ സപ്ലൈ മുടങ്ങി. ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ചു. ഒന്നോ രണ്ടോ അല്ല, അറുപതു പിഞ്ചുകുഞ്ഞുങ്ങളാണ് അന്ന് ആ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത്. 

ആ മരണങ്ങൾ സംഭവിക്കാതിരിക്കാൻ പരമാവധി താൻ ശ്രമിച്ചിരുന്നു എന്ന് ഡോ. കഫീൽ ഖാൻ ഈ കേസിൽ ആരോപണവിധേയനായ അന്നുതൊട്ടേ മാധ്യമങ്ങളോട് പറയുന്നുണ്ടായിരുന്നു. കുട്ടികൾ മരിച്ചതിനു പിന്നാലെ മാധ്യമങ്ങളുടെ ആരോപണങ്ങൾ  ആരോഗ്യ വകുപ്പിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നേരെയാണ് തിരിഞ്ഞത്. ബിആർഡി മെഡിക്കൽ കോളേജിന്റെ ചീഫ് മെഡിക്കൽ സൂപ്രണ്ടായ ഡോ. ആർഎസ് ശുക്ല പ്രസ്തുത ആരോപണങ്ങളൊക്കെയും പാടേ നിഷേധിച്ചു കൊണ്ട് അന്ന് പറഞ്ഞത് കുട്ടികൾ മരിച്ചത് ഓക്സിജൻ സമയത്തിന് കിട്ടാഞ്ഞതുകൊണ്ടൊന്നുമല്ല എന്നാണ്. യോഗിയും അന്ന് ഡോ. കഫീൽ ഖാൻ മാധ്യമങ്ങളുടെ മുന്നിൽ പറഞ്ഞതൊക്കെ തള്ളിക്കളഞ്ഞിരുന്നു. ഒടുവിൽ അന്ന് അന്വേഷണം ഈ വിഷയത്തിൽ പരാതി ഉന്നയിച്ച ഡോ. കഫീൽ ഖാന് നേരെ തന്നെ തിരിയുകയും, അദ്ദേഹത്തെ പോലീസ് അറസ്റ്റുചെയ്ത് ജയിലിലടക്കുകയും ചെയ്തിരുന്നു. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ജനറൽ കെകെ ഗുപ്ത നേരിട്ട് നൽകിയ പരാതിയിന്മേലായിരുന്നു പോലീസ് ഡോ. ഖാനെതിരെ എഫ്‌ഐആർ ഇട്ടത്. 

ജയിലിൽ കഴിഞ്ഞ സമയത്ത് ഡോ. ഖാൻ തന്റെ നിരപരാധിത്വം വിശദീകരിച്ചുകൊണ്ട് പത്തു പേജുള്ള സുദീർഘമായ ഒരു കത്ത് പ്രസിദ്ധപ്പെടുത്തിയിരുന്നു. അതിൽ കുട്ടികൾ മരിക്കുന്ന ഒരു സാഹചര്യത്തിലേക്ക് ബിആർഡി മെഡിക്കൽ കോളേജിലെ കാര്യങ്ങൾ വഷളായത് എങ്ങനെ എന്നതിന്റെ നേർസാക്ഷ്യമുണ്ടായിരുന്നു. അന്ന് ആശുപത്രിയിലെ അസിസ്റ്റന്റ് പ്രൊഫസർ മാത്രമായ താൻ ആശുപത്രിയുടെ പരമാധികാരികളെയും, ജില്ലാ മജിസ്‌ട്രേറ്റിനെയും ഒക്കെ വിവരങ്ങൾ സമയസമയത്ത് അറിയിച്ചിരുന്നു എന്നും, സ്വന്തം ചെലവിൽ ഓക്സിജന്‍ സിലിണ്ടറുകൾ വാങ്ങി പൊലീസിന്റെയും പട്ടാളത്തിന്റെയും മറ്റും സഹായത്തോടെ അവ ആശുപത്രിയിലേക്ക് അടിയന്തരമായി എത്തിക്കുകയും ചെയ്തിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. 2018 -ൽ ഡോ. ഖാനെ പിന്തുണച്ചുകൊണ്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തുവന്നിരുന്നു. അന്ന് ഇരുനൂറിലധികം ഡോക്ടർമാർ ഒപ്പിട്ട ഒരു നിവേദനവും ഉത്തർപ്രദേശിലെ ആരോഗ്യമന്ത്രിക്ക് സമർപ്പിക്കപ്പെട്ടിരുന്നു. ഒമ്പതുമാസത്തെ ജയിൽവാസത്തിനു ശേഷം ഡോ. ഖാൻ ജയിൽ മോചിതനായി.

ഒമ്പത് മാസത്തെ ജയില്‍വാസത്തിനുശേഷം കഫീല്‍ ഖാന്‍ മോചിതനായപ്പോള്‍

ബിആർഡി മെഡിക്കൽ കോളേജിൽ രണ്ടു വർഷം മുമ്പുണ്ടായ ശിശുമരണങ്ങൾ ഒരു 'മാൻ മെയ്‌ഡ്‌ ട്രാജഡി' ആണെന്നും അതിന് ഉത്തരവാദികളായവരെ സംരക്ഷിക്കാൻ വേണ്ടിയാണ് വിഷയത്തിൽ പരമാവധി ഇടപെടലുകൾ നടത്തിയ തനിക്കെതിരെത്തന്നെ കള്ളക്കേസുകൾ ചുമത്തിയതും തന്നെയും കുടുംബത്തെയും വേട്ടയാടാൻ ഇപ്പോഴും ശ്രമിക്കുന്നതുമെന്നാണ് ഡോ. കഫീൽ ഖാന്റെ വാദം. അദ്ദേഹത്തിന്റെ സഹോദരനെ 2018  ജൂൺ 10 -ന് അജ്ഞാതരായ രണ്ടുപേർ വെടിവെച്ചു കൊല്ലാൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അദ്ദേഹം ആ വധശ്രമത്തെ അതിജീവിച്ചു. 

കഫീല്‍ ഖാന്‍റെ സഹോദരന്‍ ആശുപത്രിയില്‍

ഇപ്പോൾ താൻ  കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തിൽ കേസ് കുഴിച്ചുമൂടാതെ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താൻ സിബിഐ പോലുള്ള കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാണ് ഡോ. ഖാൻ ആവശ്യപ്പെടുന്നത്.