കഴിഞ്ഞ മാസം, ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദ ഒരു റെയിൻബോ യൂക്കാലിപ്റ്റസ് മരത്തിന്റെ കുറച്ച് ചിത്രങ്ങൾ ഓൺലൈനിൽ പങ്കിട്ടിരുന്നു.
പ്രകൃതിയിലെ അത്ഭുതങ്ങൾ അവസാനിക്കാറില്ല. മരമായും ഇലയായും പൂക്കളായും പുഴകളായും അതിങ്ങനെ അവസാനിക്കാതെ നിൽക്കുന്നു. ഇപ്പോൾ, പ്രകൃതി ഒരു കലാകാരിയാണ് എന്ന് തോന്നിക്കുന്ന മറ്റൊരു ഉദാഹരണം ട്വിറ്ററിൽ പങ്കുവച്ചിരിക്കുകയാണ് ഒരു ഐഎഫ്എസ് ഓഫീസർ. ഐഎഫ്എസ് ഉദ്യോഗസ്ഥനായ രമേഷ് പാണ്ഡെ(IFS officer Ramesh Pandey)യാണ് നമ്മുടെ ചെറുകൊന്ന മര(Kanak Champa)ത്തിന്റെ ഇലയുടെയും പൂക്കളുടെയും ചിത്രം പങ്കുവെച്ചത്.
ചെറുകൊന്ന മരത്തിൽ നിന്നുള്ള പൂക്കളും അതിന്റെ വലിയ ഇലയും ചിത്രത്തിലുണ്ട്. തൊലികളഞ്ഞ വാഴപ്പഴത്തിനോട് സാമ്യമുണ്ട് അതിന്റെ തിളക്കമാർന്ന മഞ്ഞ പൂക്കൾക്ക്. ഇലയ്ക്ക് ഒരു ശരാശരി അത്താഴ പാത്രത്തിന്റെ വലുപ്പമുണ്ടായിരുന്നു. 'ഡിന്നർ പ്ലേറ്റ് ട്രീ' എന്നും ഇതിനെ വിളിക്കുന്നുവെന്ന് രമേഷ് പാണ്ഡെ പറയുന്നു. ഹിമാലയം, സിക്കിം, ഖാസി ഹിൽസ്, മണിപ്പൂർ, ബർമ, ജാവ എന്നിവയുടെ താഴ്‌വരകളിൽ ജനിച്ച ഈ ചെറുകൊന്ന എന്ന മരം സ്റ്റെർകുലിയേസി (സ്റ്റെർകുലിയ കുടുംബം) -യിൽ പെടുന്നു.
“തൊലികളഞ്ഞ നേന്ത്രപ്പഴം പോലെയുള്ള പൂക്കളും ഡിന്നർ പ്ലേറ്റിന്റെ വലിപ്പമുള്ള ഇലകളും നാട്ടിലെ നാടൻ വൃക്ഷമായ കനക് ചാമ്പയുടെ സവിശേഷതകളാണ്. വലിയ ഇലകൾ ഉള്ളതിനാൽ പലരും ഇതിനെ 'ഡിന്നർ പ്ലേറ്റ് ട്രീ' എന്ന് വിളിക്കുന്നു. ഈ ദിവസങ്ങളിൽ ഉണങ്ങിയ ഇലകളും പൂക്കളും മരങ്ങളിൽ നിന്ന് വീഴുന്നു” പോസ്റ്റിന്റെ അടിക്കുറിപ്പിൽ എഴുതിയിരുന്നു. നിരവധിപ്പേരാണ് ഈ വൃക്ഷത്തെ കുറിച്ചുള്ള തങ്ങളുടെ അറിവുകളും കൗതുകങ്ങളും പങ്കുവച്ചത്.
കഴിഞ്ഞ മാസം, ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദ ഒരു റെയിൻബോ യൂക്കാലിപ്റ്റസ് മരത്തിന്റെ കുറച്ച് ചിത്രങ്ങൾ ഓൺലൈനിൽ പങ്കിട്ടിരുന്നു. അത് വൈറലാവുകയും ചെയ്തിരുന്നു. "വടക്കൻ ഹെമിസ്ഫിയറിലെ ഏക യൂക്കാലിപ്റ്റസ് മരമാണ് റെയിൻബോ യൂക്കാലിപ്റ്റസ്, ലോകത്തിലെ ഏറ്റവും വർണ്ണാഭമായ വൃക്ഷമാണിത്. ഓരോ സീസണിലും പുറംതൊലി അടർന്ന് പുതിയതും തിളക്കമുള്ളതുമായ തൊലി പ്രത്യക്ഷപ്പെടുന്നു. അങ്ങനെ മഴവില്ലിന്റെ പ്രഭാവം സൃഷ്ടിക്കപ്പെടുന്നു” അദ്ദേഹം പോസ്റ്റിന് അടിക്കുറിപ്പ് നൽകി.
ഏതായാലും പ്രകൃതിയിലേക്ക് നേരിട്ടൊരു നോട്ടം സാധ്യമാകാത്തവർക്ക് ഇതുപോലെ ചില കാഴ്ചകൾ കാണാനും ചില വൃക്ഷങ്ങളെ പരിചയപ്പെടാനുമെല്ലാം സാമൂഹികമാധ്യമങ്ങൾ സഹായാമാവുന്നു.
