കഴിഞ്ഞ മാസം നടന്ന ഐഐടി ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ(IIT-JEE) പരീക്ഷയിൽ 99.8 ശതമാനം മാർക്കുനേടിയ ഒരു വിദ്യാർത്ഥിയുണ്ടായിരുന്നു അസമിൽ. പേര് നീൽ നക്ഷത്ര ദാസ്. അച്ഛൻ ഡോ. ജ്യോതിർമൊയ് ദാസ് ഗുവാഹത്തിയിലെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റാണ്, അമ്മ മറ്റൊരു നഗരത്തിലെ മറ്റൊരു പഞ്ചനക്ഷത്ര ആശുപത്രിയിലെ അനസ്തെറ്റിസ്റ്റും . ഏറെ സ്വാഭാവികമായ പരീക്ഷാ വിജയം എന്ന് കരുതിയിരുന്ന, കൈവരിച്ച അസുലഭ നേട്ടത്തിന്റെ പേരിൽ നീലിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടിയ സുഹൃത്തുക്കളെയും, ബന്ധുജനങ്ങളെയും അമ്പരപ്പിച്ചുകൊണ്ട് അസം പോലീസ് നീൽ, അച്ഛൻ ഡോ. ജ്യോതിർമൊയ് ദാസ്, പരീക്ഷാ നടത്തിപ്പിന്റെ ചുമതല ഉണ്ടായിരുന്ന ടിസിഎസ് ഉദ്യോഗസ്ഥർ ഹേമേന്ദ്രനാഥ് ശർമ്മ, പ്രാഞ്ചാൽ കലിത, പരീക്ഷ നടന്ന ഹാളിലെ ഇൻവിജിലേറ്റർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹിരുകമൽ പാഠക് എന്നിവരെ അറസ്റ്റു ചെയ്തിരിക്കുകയാണ്. നീലിനെകൊണ്ട് ബയോമെട്രിക്ക് എടുപ്പിച്ച ശേഷം അവനെ പറഞ്ഞയച്ചു എന്നും, അവനു പകരം മറ്റൊരാളെക്കൊണ്ട് പരീക്ഷ എഴുതിച്ചാണ് ഈ വിജയം നേടിയിരിക്കുന്നത് എന്നുമാണ് പൊലീസിന്റെ ആക്ഷേപം. നീലിനു പകരം പരീക്ഷ എഴുതി ഏറെ ദുഷ്കരമായ ഐഐടി പ്രവേശന പരീക്ഷ പുല്ലുപോലെ എഴുതി വിജയിച്ച ആ ജീനിയസ്, കേസിലെ ആറാം പ്രതി, ആരാണ് എന്ന വിവരം ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. 

പരീക്ഷ നടത്തിപ്പിന്റെ ചുമതല കയ്യാളുന്ന നാഷണൽ ടെസ്റ്റിങ് ഏജൻസിയോട് ഗുവാഹത്തിയിലെ ബോർജാറിലുള്ള പ്രസ്തുത പരീക്ഷാകേന്ദ്രത്തിൽ നീൽ ഇരുന്ന ഹാളിന്റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. താൻ ഇങ്ങനെ തട്ടിപ്പിലൂടെ ഐഐടി പരീക്ഷപോലെ ഏറെ പ്രയാസമുള്ള ഒരു പരീക്ഷ വളരെ എളുപ്പത്തിൽ കടന്നുകൂടിയതിനെപ്പറ്റി നീൽ ദാസ് തന്റെ ഒരു കൂട്ടുകാരനോട് വീരവാദം അടിച്ചതിന്റെ ഓഡിയോ ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കാര്യങ്ങൾ പൊലീസിന്റെ ശ്രദ്ധയിൽ പെടുന്നതും അന്വേഷണത്തിന് ഉത്തരവിറങ്ങുന്നതും. 

ഇന്ത്യൻ പീനൽ കോഡിലെ 120 (B) - ക്രിമിനൽ ഗൂഢാലോചന, 419 - ആൾമാറാട്ടം, 429 - വഞ്ചന, 406 - ക്രിമിനൽ ബ്രീച്ച് ഓഫ് ട്രസ്റ്റ്, ഐടി ആക്ടിന്റെ 66D എന്ന വകുപ്പ് - കംപ്യൂട്ടർ ഉപയോഗിച്ചുള്ള തട്ടിപ്പ് എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചാർത്തപ്പെട്ടിട്ടുള്ളത്. നീൽ ദാസ് എന്ന വിദ്യാർത്ഥിയെ അടുത്തറിയാമായിരുന്ന കൂട്ടുകാരിൽ പലർക്കും നീൽ പഠിക്കാൻ വളരെ മോശമാണ് എന്ന സത്യം അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവനു 99.8 % മാർക്ക് എൻട്രൻസ് പരീക്ഷയിൽ കിട്ടി എന്ന് കേട്ടപ്പോൾ പലരുടെയും കണ്ണുതള്ളി. എന്തോ തട്ടിപ്പ് നടന്നിട്ടുണ്ട് എന്ന് ചിലരെങ്കിലും പറയുകയും ചെയ്തു. അത്തരത്തിൽ കൗതുകം തോന്നിയ ഒരു കൂട്ടുകാരൻ തന്നെയാണ് ഫോണിൽ നീൽ ദാസുമായി ബന്ധപ്പെട്ട്  സത്യം വെളിപ്പെടുത്തിച്ച്, അത് റെക്കോർഡ് ചെയ്ത് അവനെ കുടുക്കിയത്. തനിക്കുവേണ്ടി ഈ തട്ടിപ്പ് നടത്താനായി അച്ഛൻ ഡോ. ദാസ് 15 ലക്ഷ്യമെങ്കിലും മുടക്കിയിട്ടുണ്ട് എന്നും നീൽ ദാസ് അവകാശപ്പെട്ടിരുന്നു. പരീക്ഷാകേന്ദ്രത്തിലെ മറ്റേതൊക്കെ സർക്കാർ ജീവനക്കാർക്ക് ഈ തട്ടിപ്പിൽ പങ്കുണ്ട് എന്നത് സംബന്ധിച്ച വിശദമായ അന്വേഷണത്തിലാണ് അസം പോലീസ്.