അസം-മിസോറം അതിർത്തിയിലെ, ഒരു ചെറുപട്ടണമാണ് ലൈലാപൂർ. അതുവഴി കടന്നു പോകുന്ന ദേശീയ പാത, മിസോറമിനെ ഇന്ത്യയുടെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന, അവിടേക്ക് വേണ്ട ചരക്കുകൾ വഹിക്കുന്ന ഗുഡ്‌സ് ലോറികൾ കടന്നു പോകുന്ന NH 54 ,കഴിഞ്ഞ ഒക്ടോബർ 29 മുതൽ പ്രദേശവാസികൾ തടഞ്ഞുവെച്ചിരിക്കയാണ്. ഈ ടൌൺ ദക്ഷിണ അസമിന്റെ ഭാഗമായ  ചാച്ചറിന്റെ ഭാഗമാണ് 

ഈ അതിർത്തി പ്രദേശത്താണ് അസമും മിസോറമും ഒരുപോലെ അവകാശം ഉന്നയിക്കുന്ന ചില വനമേഖലകൾ ഉള്ളത്. ഇവിടെ അസമിന്റെ നേതൃത്വത്തിൽ ചില കുടിയിറക്കലുകൾ കടന്നു. മിസോറാമിലേക്ക് ഒരു അസംകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തതുകൊണ്ടു പോയി . അയാൾ കസ്റ്റഡിയിലിരിക്കെ മർദ്ദനമേറ്റുമരിച്ചു. മിസോറാം അതിർത്തിയിലെ രണ്ടു സ്‌കൂളുകൾ രായ്ക്കുരാമാനം ബോംബ് സ്‌ഫോടനത്തിൽ തകർന്നു.  കഴിഞ്ഞ മൂന്നാഴ്ചയായി ലൈലാപൂരിൽ ദേശീയപാത പൂർണമായും ഉപരോധിക്കപ്പെട്ട അവസ്ഥയിലും ആണ്.

 

 

ഇത്രയുമായതോടെ, നവംബർ 8 -ന് കേന്ദ്രം ഇടപെട്ടു. ഇരു സംസ്ഥാനങ്ങൾക്കും ഇടയിൽ സമാധാനശ്രമങ്ങളുണ്ടായി. ലൈലാപൂർ നിവാസികൾ ഉപരോധം നീക്കാൻ തയ്യാറായി. ചരക്കുവണ്ടികൾ  വീണ്ടും മിസോറമിലേക്ക് എത്തിത്തുടങ്ങി. ഈ ഉപരോധം കാരണം മിസോറമിലെ ജനങ്ങൾക്ക് അവശ്യസാധനങ്ങൾ കിട്ടാത്ത ഒരു സാഹചര്യമുണ്ടായതാണ് കേന്ദ്രം ഇടപെടാനുണ്ടായ കാരണം. സംസ്ഥാനത്തെ പെട്രോൾ ബാങ്കുകളിൽ എണ്ണ തീർന്നു. മാർക്കറ്റിൽ അവശ്യസാധനങ്ങളുടെ വില ആകാശം മുട്ടി. തൽക്കാലത്തേക്ക് ലൈലാപൂർകാർ ഉപരോധം നീക്കി എങ്കിലും, ഏത് നിമിഷവും അവരിൽ നിന്ന് വീണ്ടും അത്തരമൊരു നടപടി ഉണ്ടാകാം എന്ന അവസ്ഥയിലാണ് തല്ക്കാലം പ്രദേശത്തെ സ്ഥിതി.

എന്താണ് ലൈലാപൂരിലെ പ്രശ്നം?

അസം തങ്ങളുടേത് എന്ന് അവകാശപ്പെടുന്ന ചില പ്രദേശങ്ങളിലേക്ക് മിസോറം തങ്ങളുടെ പൊലീസ് സേനയെ വിന്യസിക്കുന്നതാണ് ഈ പ്രശ്നങ്ങൾക്ക് മൂലകാരണം. സന്ധിസംഭാഷണങ്ങൾക്ക് ശേഷം ഈ വിവാദപ്രദേശങ്ങളിൽ സിആർപിഎഫ്, ബിഎസ്എഫ് എന്നിങ്ങനെയുള്ള നിഷ്പക്ഷ കേന്ദ്ര സേനകളുടെ നിയന്ത്രണമാണ് ഉള്ളത്.  

എന്താണ് അതിർത്തി സംബന്ധിച്ച ഈ അവ്യക്തതക്ക് കാരണം?

1972 -ൽ അസമിൽ നിന്ന് ഒരു കേന്ദ്രഭരണ പ്രദേശം എന്ന നിലയിലാണ് മിസോറം ആദ്യമായി വേർപെടുത്തപ്പെടുന്നത്. 1987 -ലാണ് മിസോറാമിന് ഒരു സംസ്ഥാനം എന്ന പദവി കിട്ടുന്നത്. അസമിലെ ചാച്ചർ, ഹൈലാകണ്ടി, കരിംഗഞ്ച് എന്നീ ജില്ലകൾ മിസോറമിലെ കോലാസിബ്, ഐസ്വാൾ ജില്ലകളുമായി 164.6  കിലോമീറ്റർ നീളത്തിൽ അതിർത്തിയുണ്ട്. അസമിന്റെ തെക്കേയറ്റത്തുളള മിസോ മലനിരകൾ ബാരക് താഴ്‌വരയിൽ ചെന്നുചേരുന്ന മലഞ്ചെരിവുകളാണ് ഈ അതിർത്തിയുടെ ഭൂരിഭാഗവും. അതിർത്തിയുടെ അടയാളപ്പെടുത്തലിന് രണ്ടു സംസ്ഥാനങ്ങളും പിന്തുടരുന്ന മാനദണ്ഡത്തിലാണ് വിവാദങ്ങൾക്കുള്ള വകുപ്പുള്ളത്. മിസോറം മാനിക്കുനത് ബംഗാൾ ഈസ്റ്റേൺ ഫ്രന്റിയർ ആക്റ്റ് പ്രകാരമുള്ള 1875 -ലെ നോട്ടിഫിക്കേഷൻ ആണ്.  അതേസമയം അസം പിന്തുടരുന്നത്, 1933 -ലെ സംസ്ഥാന സർക്കാർ നോട്ടിഫിക്കേഷനും. രണ്ടിലുമുള്ള അതിർത്തി നിർവചനങ്ങളിൽ വ്യത്യാസമുള്ളതാണ് പ്രശ്നങ്ങൾ ഉണ്ടാകാനുള്ള കാരണം.

ഇരു സംസ്ഥാനങ്ങളും തമ്മിൽ അതിർത്തിയുടെ പേരിൽ ആദ്യമായി പോരടിക്കുന്നത് 1994 -ൽ ആണ്. അന്ന് ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കപ്പെടുകയാണുണ്ടായത്. അതിനു ശേഷം ഇപ്പോൾ കഴിഞ്ഞ മാസമാണ് ഏറെനാളുകൾക്ക് ശേഷം അതിർത്തി പ്രശ്നം വീണ്ടുമുണ്ടാകുന്നത്. 

ഇതുവരെ ഇതൊരു അതിർത്തി അതിക്രമിച്ചു കയറ്റം മാത്രം ആയിരുന്നു എങ്കിൽ, ഇപ്പോൾ ഇതിന് ഒരു 'സാമുദായിക' ചായ കൂടി കൈവന്നിട്ടുണ്ട് എന്നതാണ് പുതിയ സംഭവവികാസം. ഈ അതിർത്തിയുടെ അസം ഭാഗത്തുള്ള പലരും ബംഗാളികളാണ്. മുസ്ലിംകളും. ഈ ബംഗ്ലാ മുസ്ലിംകളെ മിസോ പക്ഷം വരെ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. ഇവരൊക്കെയും ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ അനധികൃത കുടിയേറ്റക്കാർ ആണെന്നാണ് അവരുടെ ആക്ഷേപം.  

നവംബർ ഒന്നാം തീയതി, ഈ കാടുകളിൽ വെച്ച് ഇൻതാസ്സുൾ ലഷ്കർ എന്നൊരു അസംകാരനെ, മിസോറം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു തീവ്ര ഗ്രൂപ്പ് പിടികൂടുന്നു. അവർ ഇയാളെ മയക്കുമരുന്ന് റാക്കറ്റിന്റെ ഭാഗം എന്ന് ആരോപിച്ച് മിസോറം എക്സൈസ് ആൻഡ് നാർക്കോട്ടിക്സ് വിഭാഗത്തിന് കൈമാറുന്നു. അടുത്ത ദിവസത്തേക്ക് ഇയാൾ മർദ്ദനമേറ്റ് അവശനായ നിലയിൽ ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നു. അയാൾ താമസിയാതെ മരണത്തിനു കീഴടങ്ങുന്നു. തലക്ക് കനമുള്ള എന്തോ വസ്തുകൊണ്ടേറ്റ മുറിവാണ് മരണകാരണം എന്ന് പോസ്റ്റുമോർട്ടം പറയുന്നു. 

ഇയാൾ, നിരപരാധിയായ ഒരു ഈറ്റ വെട്ടുകാരനായിരുന്നു എന്നും, കാട്ടിലേക്കിറങ്ങി ഈറ്റ വെട്ടിക്കൊണ്ടുവന്നു കിട്ടുന്ന കാശുകൊണ്ട് അരിഷ്ടിച്ച് ജീവിച്ചിരുന്ന ഒരു സാധുവാണിയാൾ എന്നും അസം പൊലീസ് പറയുന്നു. ചോർന്നൊലിക്കുന്ന ഒരു ഓലമേഞ്ഞ വീടിനുള്ളിലാണ് ഇയാൾ വർഷങ്ങളായി കഴിഞ്ഞുപോവുന്നത് എന്നും, ഇയാൾ ഒരു മയക്കുമരുന്ന് കച്ചവടക്കാരൻ ആയിരുന്നു എങ്കിൽ ഇങ്ങനെ ഒരു ചെറ്റക്കുടിലിൽ കഴിയുമായിരുന്നോ എന്നുമാണ് ഇയാളെ അടുത്തറിയുന്നവർ ചോദിക്കുന്നത്. എന്തായാലും,, അസം സർക്കാർ ലഷ്കറിന്റെ ആശ്രിതർക്ക് അഞ്ചുലക്ഷം രൂപ അടിയന്തര നഷ്ടപരിഹാരമായി അനുവദിച്ചിട്ടുണ്ട്. 

മിസോറമിലെ സ്‌കൂളുകളിൽ ബോംബുവെച്ചത് അസമിൽ നിന്ന് നുഴഞ്ഞു കയറിയവരാണ് എന്ന് മിസോറം പൊലീസും, അതല്ല മിസോറമിനുള്ളിൽ തന്നെയുള്ള തീവ്രവാദി സംഘങ്ങളുടെ പണിയാണത് എന്ന് അസം പൊലീസും പറയുന്നു. 

ഇത് ഒരു അസമീസ്-മിസോ തർക്കം അല്ല എന്നാണ് മിസോറമിലെ പലരും പറയുന്നത്. അവരെ സംബന്ധിച്ചിടത്തോളം, ഇത് ആസാമിലേക്ക് അനധികൃതമായി കടന്നുവന്ന ചില ബംഗ്ലാദേശി മുസ്ലിങ്ങൾ അതിർത്തിയിലെ മിസോറം ഭൂമി കയ്യേറാൻ ശ്രമിക്കുന്നതിന്റെയും, അവിടെ മയക്കുമരുന്ന് കച്ചവടം നടത്താൻ ശ്രമിക്കുന്നതിന്റെയും പേരിൽ നടക്കുന്ന പ്രശ്നങ്ങളാണ് എന്ന് അവർ പറയുന്നു. ഇങ്ങനെ വന്നുകയറുന്ന അനധികൃത മുസ്ലിം കുടിയേറ്റക്കാരുടെ ജനസംഖ്യ പെരുകുന്നതിനനുസരിച്ച് അവർക്കു നൽകാൻ ഭൂമി അസമിൽ ഇല്ലാത്തതാണ് ഈ അനധികൃത ഭൂമി കയ്യേറ്റത്തിന് പിന്നിൽ എന്നും മിസോറം പ്രതിനിധികൾ ആക്ഷേപിക്കുന്നു.