Asianet News MalayalamAsianet News Malayalam

പണം വാഗ്ദാനം ചെയ്ത് അവയവങ്ങളെടുക്കും, ഒടുവില്‍ പറ്റിക്കും; ഇരകളാവുന്നത് അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും

ആ മാഫിയാത്തലവന്‍ പറഞ്ഞത് അവരുടെ സംഘം മാത്രം ഒരാഴ്ചയില്‍ തന്നെ 20 മുതല്‍ 30 വരെ നിയമവിരുദ്ധമായ അവയവ കൈമാറ്റം നടത്താറുണ്ട് എന്നാണ്. 

illegal kidney transplantation in Egypt
Author
Egypt, First Published Sep 15, 2020, 11:13 AM IST

ലോകത്തെല്ലായിടത്തും അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും പലതരം ചൂഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും അഭയം തേടിയിരിക്കുന്ന രാജ്യങ്ങളില്‍ ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം അവര്‍ക്കില്ല. അതിനാല്‍ത്തന്നെ മിക്കവാറും ദുരിതത്തിലാണ് ഇവരുടെ ജീവിതം. ഈജിപ്തില്‍ ശക്തിയാര്‍ജ്ജിക്കുന്ന അവയവ കള്ളക്കടത്തുകാര്‍ ലക്ഷ്യം വച്ചിരിക്കുന്നത് ഇങ്ങനെയുള്ള അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയുമാണ് എന്നാണ് ബിബിസി നടത്തിയ ഒരു അന്വേഷണം വെളിപ്പെടുത്തുന്നത്. കിഡ്നി എടുത്തശേഷം 40 ശതമാനം പേരും പണം ലഭിക്കാതെ കബളിപ്പിക്കപ്പെടുകയാണ്. മാത്രവുമല്ല, പലപ്പോഴും കൃത്യമായ മേല്‍നോട്ടത്തിലല്ല സര്‍ജറികള്‍ നടക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമാകുന്നു. 

ഹിബ, 
(അവയവ കള്ളക്കടത്തിന്‍റെ ഇര)

ഹിബ ഇത്തരത്തില്‍ ചൂഷണത്തിന് വിധേയയാവേണ്ടി വന്ന സ്ത്രീയാണ്. ഹിബ തന്‍റെ കിഡ്നി നല്‍കാന്‍ സമ്മതിച്ചത് പണം നല്‍കാമെന്ന വാക്കിനെ തുടര്‍ന്നാണ്. അവളുടെ വിവാഹത്തിനാവശ്യമായ തുക നല്‍കാമെന്ന് അവയവ കച്ചവടക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. അങ്ങനെ അവള്‍ സര്‍ജറിക്ക് സമ്മതിച്ചു. 

-സര്‍ജറിക്ക് ശേഷം ഞാനൊരു മുറിയിലാണെന്ന് ഞാന്‍ മനസിലാക്കി. നിലവിളിച്ചുകൊണ്ടാണ് ഞാന്‍ ഉറക്കമുണര്‍ന്നത്. എന്‍റെ മുറിവ് വളരെ വലുതായിരുന്നു. പിറകിലായിരുന്നു മുറിവ്. അതെനിക്കറിയില്ലായിരുന്നു. എന്‍റെ വയറിലായിരിക്കും മുറിവെന്നാണ് ഞാന്‍ കരുതിയിരുന്നത്. ഞാന്‍ വല്ലാതെ ഭയന്നു, ഉറക്കെ നിലവിളിച്ചു. ഇത് ശരിയല്ല, നിങ്ങളെന്നെ ചതിച്ചു... എന്നും പറഞ്ഞ് ഞാന്‍ നിലവിളിച്ചുകൊണ്ടേയിരുന്നു. 

ഈജിപ്തിലെ അഞ്ച് മില്ല്യണ്‍ കുടിയേറ്റക്കാരില്‍ നിന്നും അഭയാര്‍ത്ഥികളില്‍ നിന്നും ഹിബയെ പോലെയുള്ളവരെയാണ് കച്ചവടക്കാര്‍ സാധാരണയായി തെരഞ്ഞെടുക്കുന്നത്. അവിടെ ജോലി ചെയ്യാന്‍ അനുവാദമില്ലാത്തവരെയാവും ഇത്തരം കച്ചവടക്കാര്‍ തെരഞ്ഞെടുക്കുന്നത്. 2010 മുതല്‍ ഈജിപ്തില്‍ അവയവ വില്‍പന നിരോധിച്ചിരിക്കുകയാണ്. എങ്കിലും നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് ഈജിപ്തില്‍ പലയിടങ്ങളിലും അവയവം വില്‍ക്കപ്പെടുകയും വാങ്ങപ്പെടുകയും ചെയ്യുന്നു. ശരിയായ ആരോഗ്യരംഗത്തുള്ളവരുടെ മേല്‍നോട്ടം പോലുമില്ലാതെയാണ് സര്‍ജറി നടക്കുന്നത്. 

അഡ്‍നാന്‍ ഷെരീഫ്
(ഡോക്ടേഴ്സ് എഗൈന്‍സ്റ്റ് ഫോഴ്സ്ഡ് ഓര്‍ഗന്‍ ട്രാഫിക്കിംഗ്)

-ഇതൊരു അപകടം നിറഞ്ഞ ബിസിനസാണ്. ചിലപ്പോള്‍ നിങ്ങള്‍ ആ നിമിഷം മരണപ്പെട്ടേക്കാം. ചിലപ്പോള്‍ അത് വളരെ കഴിഞ്ഞും സംഭവിക്കാം. പക്ഷേ, പ്രധാനമിതാണ് അത് നിങ്ങളുടെ ജീവിതത്തിലെ കുറേയേറെ വര്‍ഷങ്ങള്‍ തന്നെ അപഹരിച്ചേക്കും

സീന്‍ നിയമവിരുദ്ധമായി ഇങ്ങനെ അവയവം കൈമാറ്റം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായിരുന്നു. അയാള്‍ ബിബിസി സംഘത്തിന് കെയ്റോയിലെ അവയവ കള്ളക്കടത്തുകാരെ പിന്തുടരാന്‍ സഹായിക്കാം എന്ന് വാഗ്ദ്ധാനം ചെയ്യുകയുണ്ടായി. സീന്‍ പതിയെ പതിയെ ഒരു മാഫിയാത്തലവനുമായി ബന്ധമുണ്ടാക്കുകയായിരുന്നു. അയാള്‍ക്ക് ഇത്തരം കള്ളക്കടത്തുമായി ഏറ്റവുമടുത്ത ബന്ധമുണ്ടെന്ന് സീന്‍ പറയുന്നു. അയാളുടെ കഴിവെത്രയുണ്ടെന്നോ അയാളെന്തൊക്കെ ചെയ്യുമെന്നോ നമുക്ക് പറയാനാവില്ല എന്നും സീന്‍ പറയുന്നു. 

ആ മാഫിയാത്തലവന്‍ പറഞ്ഞത് അവരുടെ സംഘം മാത്രം ഒരാഴ്ചയില്‍ തന്നെ 20 മുതല്‍ 30 വരെ നിയമവിരുദ്ധമായ അവയവ കൈമാറ്റം നടത്താറുണ്ട് എന്നാണ്. ഒരുപാട് പബ്ലിക്, പ്രൈവറ്റ് ആശുപത്രികള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നും അയാള്‍ പറയുന്നു. ഇതിലെ ഏറ്റവും ദുരിതപൂര്‍ണമായ കാര്യം മിക്കപ്പോഴും കിഡ്നി നല്‍കുന്നവര്‍ക്ക് അതിനുള്ള കാശ് കൊടുക്കാമെന്ന് പറഞ്ഞാലും കൊടുക്കാതിരിക്കും എന്നതാണ്. താന്‍ എല്ലാവര്‍ക്കും കൃത്യമായി പണം നല്‍കുന്നുണ്ട് എന്ന് ബിബിസിയോട് സംസാരിച്ച മാഫിയാത്തലവന്‍ പറയുന്നു. എന്നാല്‍, ചിലര്‍ പണം വാഗ്ദ്ധാനം ചെയ്യുമെന്നും ശസ്ത്രക്രിയക്ക് ശേഷം പണം നല്‍കാതെ പറ്റിക്കുമെന്നും അയാള്‍ പറയുന്നു. 40 ശതമാനം കേസുകളിലും ഇതാണ് സംഭവിക്കാറ് എന്നും അയാള്‍ പറയുന്നുണ്ട്. 

അതാണ് ഹിബയുടെ കേസിലും സംഭവിച്ചിരിക്കുന്നത്. തനിക്ക് പണം ലഭിക്കാത്തപ്പോള്‍ പൊലീസില്‍ പോവാനാണ് ഹിബ തീരുമാനിച്ചത്. എന്നാല്‍, ഈജിപ്തില്‍ കിഡ്നി വില്‍ക്കുന്നത് നിയമവിരുദ്ധമാണ്. അതുകൊണ്ട് തന്നെ ഹിബ ചെയ്തിരിക്കുന്നതും നിയമവിരുദ്ധപ്രവര്‍ത്തനമാണ്. 

ഞാന്‍ പൊലീസ് സ്റ്റേഷനില്‍ പോവാന്‍ തീരുമാനിച്ചതാണ്. പക്ഷേ, പൊലീസില്‍ ഇതിനെക്കുറിച്ച് പരാതിപ്പെട്ടാല്‍ എന്നെയും പൊലീസ് അറസ്റ്റ് ചെയ്തേക്കുമെന്ന് ആളുകള്‍ എന്നെ ഭീഷണിപ്പെടുത്തി. എന്നാല്‍, എന്നെപ്പോലെ വേറെയും ഇരകളുണ്ടാവരുതെന്ന് എനിക്കാഗ്രഹമുണ്ട്. എനിക്ക് തെറ്റുപറ്റി. മറ്റൊരു പെണ്‍കുട്ടിക്ക് കൂടി അത്തരമൊരു തെറ്റ് സംഭവിക്കരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ എന്‍റെ ഉപദേശമിതാണ്, ആരെങ്കിലും കിഡ്നി ദാനം ചെയ്യാനാഗ്രഹിക്കുന്നുവെങ്കില്‍ അവരോടാണ്, ദയവായി നിങ്ങള്‍ പണത്തിന് വേണ്ടി അത് ചെയ്യരുത്. 

എന്നാല്‍, ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെ ഇരകളെ അറസ്റ്റ് ചെയ്യില്ല എന്നും അതിനാല്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നുമാണ് ഈജിപ്ത് സര്‍ക്കാര്‍ പറയുന്നത്. അതുപോലെ അവയവ കള്ളക്കടത്തുകാര്‍ക്ക് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് പറയുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇങ്ങനെ നടക്കുന്നില്ല എന്നുകൂടി സര്‍ക്കാര്‍ വാദിക്കുന്നുണ്ട്. 

(ചിത്രം പ്രതീകാത്മകം, കടപ്പാട്: ഗെറ്റി ഇമേജസ്) 

Follow Us:
Download App:
  • android
  • ios