ഭരണകക്ഷിയില്‍ പെട്ട മൂന്ന് പാര്‍ട്ടികള്‍ സംയുക്തമായി കൂറുമാറി പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ പാക്കിസ്താനില്‍ ഇമ്രാന്‍റെ നാളുകള്‍ എണ്ണപ്പെട്ടു എന്നാണ് സൂചന

സാമ്പത്തിക തകര്‍ച്ചയും ഭരണമുന്നണിയിലെ ആഭ്യന്തര സംഘര്‍ഷങ്ങളും പ്രതിപക്ഷ പ്രക്ഷോഭങ്ങളും ചേര്‍ന്ന് പ്രതിസന്ധിയിലാക്കിയ പാക് പ്രസിഡന്റ് ഇമ്രാന്‍ ഖാന് നേരെ കൂനിന്‍മേല്‍ കുരുപോലെ അവിശ്വാസ പ്രമേയവും. പാക് രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്ന വിധത്തിലാണ്, പ്രതിപക്ഷം ഇംറാനെതിരെ ഈ മാസം അവസാനം അവിശ്വാസ പ്രമേയവുമായി മുന്നോട്ടുവന്നത്. അതിനു മുന്നോടിയായി വമ്പിച്ച ജനകീയ മാര്‍ച്ചിന് ഒരുങ്ങുകയാണ് പ്രതിപക്ഷം. ഭരണകക്ഷിയില്‍ പെട്ട മൂന്ന് പാര്‍ട്ടികള്‍ സംയുക്തമായി കൂറുമാറി പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ പാക്കിസ്താനില്‍ ഇമ്രാന്‍റെ നാളുകള്‍ എണ്ണപ്പെട്ടു എന്നാണ് സൂചന. ഇമ്രാനെ താഴെയിറക്കാനുള്ള പുതിയ നീക്കം വിജയിക്കുമെന്ന അവസ്ഥയാണ് പാക്കിസ്താനിലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ഇംറാന്റെ ഭരണ മുന്നണിയില്‍ പെട്ട മൂന്ന് കക്ഷികളാണ് ഇപ്പോള്‍ മലക്കം മറിഞ്ഞത്. മന്ത്രിസഭയില്‍നിന്ന് രാജിവെച്ച് പ്രതിപക്ഷത്തിന്റെ കൂടെ ചേരുമെന്നാണ് ഈ കക്ഷികള്‍ ഒന്നിച്ച് വ്യക്തമാക്കിയത്. പാക്കിസ്താന്‍ മുസ്‌ലിം ലീഗ് ഖാഇദ് നേതാവ് ചൗധരി പര്‍വേസ് ഇലാഹിയുടെ നേതൃത്വത്തിലാണ് ഭരണമുന്നണിയിലെ മൂന്ന് സഖ്യകക്ഷികള്‍ കൂറുമാറിയത്. ബലൂചിസ്താന്‍ അവാമി പാര്‍ട്ടിയുടെ അഞ്ച് അംഗങ്ങളും മുത്തഹിദ ഖൗമി മൂവ്‌മെന്റ് അംഗങ്ങളായ ഏഴ് പേരും തന്റെ പാര്‍ട്ടിയിലെ അഞ്ച് പേരുമടക്കം 17 അംഗങ്ങള്‍ തങ്ങള്‍ക്കൊപ്പമാണ് എന്നാണ് ചൗധരി പര്‍വേസ് ഇലാഹി ഒരു ചാനലിനോട് പരസ്യമായി പറഞ്ഞത്. ഇമ്രാന്‍ ഖാന്‍ നൂറു ശതമാനവും കുഴപ്പത്തിലാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്കൊപ്പമുള്ള 17 അംഗങ്ങളും അവിശ്വാസ പ്രമേയം വരുമ്പോള്‍ പ്രതിപക്ഷത്തെ പിന്തുണയ്ക്കുമെന്നും ചൗധരി പര്‍വേസ് ഇലാഹി പറഞ്ഞു. ഏഴ് പേരുടെ ഭൂരിപക്ഷം മാത്രമുള്ള ഇംറാനെ വീഴ്ത്താന്‍ തങ്ങള്‍ക്ക് എളുപ്പത്തില്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

അതിനിടെ, ഇമ്രാന്‍ ഖാനെതിരെ പാക്കിസ്താന്‍ ദിനമായ മാര്‍ച്ച് 23-ന് വമ്പിച്ച ജനകീയ മാര്‍ച്ച് നടത്താനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം. പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ പാക്കിസ്താന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റാണ് മാര്‍ച്ചിന് ഒരുങ്ങുന്നത്. ഈ മാര്‍ച്ചോടു കൂടെ ഇംറാന്‍ ഖാന്റെ തകര്‍ച്ചയായിരിക്കുമെന്ന് മൂവ്‌മെന്റിന്റെ അധ്യക്ഷന്‍ മൗലാന ഫസലുര്‍ റഹ്മാന്‍ പറഞ്ഞു. നേരത്തെയും പ്രതിപക്ഷ കക്ഷികള്‍ ഇംറാനെ താഴെയിറക്കുന്നതിനായി പടയ്‌ക്കൊരുങ്ങിയിരുന്നെങ്കിലും അന്നൊന്നും അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാണെന്നാണ് സൂചനകള്‍. 

അതിനിടെ, ഇമ്രാനെ വീഴ്ത്തിയാല്‍ നഷ്ടം അദ്ദേഹത്തിനാവില്ല രാഷ്ട്രത്തിനായിരിക്കുമെന്ന് ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് അഹമ്മദ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ ശ്രമം വിജയിച്ചാല്‍ രാജ്യം ആഭ്യന്തര സംഘര്‍ഷത്തിലേക്ക് വീഴുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പാക് താലിബാന്‍ മുതല്‍ കടുത്ത യാഥാസ്ഥിതിക കക്ഷികള്‍ വരെ അധികാരത്തിനായി രംഗത്തുള്ള സാഹചര്യത്തില്‍, വലിയ സംഘര്‍ഷത്തിലേക്കാവും പാക്കിസ്താന്‍ നീങ്ങുക എന്നാണ്, ചില രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്. 

കൊവിഡിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധിയാണ് ഇമ്രാനെതിരായ ജനവികാരം രൂക്ഷമാക്കിയത് എന്നാണ് വിശകലനങ്ങള്‍ വ്യക്തമാക്കുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിരവും പ്രായോഗികവുമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഇമ്രാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. അടിമുടി പ്രതിസന്ധിയിലായ വിപണിയെ ഉണര്‍ത്താനും ഉത്തേജക പാക്കേജു കൊണ്ടുവരാനുമുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതും ഇമ്രാന് തിരിച്ചടിയായി. ഇതോടൊപ്പമാണ്, കടുത്ത യാഥാസ്ഥിതിക കക്ഷികളുടെ പിന്തുണയോടെ പ്രതിപക്ഷം ഇംറാനെതിരെ ജനവികാരം സൃഷ്ടിച്ചത്. പാക് താലിബാന്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രതിസന്ധിയും അഫ്ഗാനിസ്താനിലെ താലിബാനോടുള്ള നിലപാട് അടക്കം വിദേശനയത്തിലുണ്ടായ പാളിച്ചകളുംഇമ്രാന് വിനയായതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

കാര്യം എന്തായാലും, ഈ മാസം അവസാനത്തോടെ നടക്കുന്ന അവിശ്വാസ പ്രമേയവും അതിനു മുന്നോടിയായുള്ള പ്രതിപക്ഷ മാര്‍ച്ചും ഭരണകക്ഷിയിലെ പടലപ്പിണക്കവും ഇമ്രാന്‍റെ നല്ല നാളുകള്‍ക്ക് അറുതി വരുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്.