ചൈനയിൽ ആപ്പിൾ വിൽക്കാനെത്തിയ കർഷകൻ പക്ഷാഘാതം വന്ന് കിടപ്പിലായപ്പോൾ അദ്ദേഹത്തെ സഹായിക്കാനായി ഒരു ഗ്രാമം മുഴുവൻ കൈകോര്‍ത്തു. 4,000 കിലോ ആപ്പിൾ 19 മണിക്കൂറിനുള്ളിൽ വിറ്റുതീർക്കാൻ സഹായിച്ച ഈ സംഭവം, പിന്നീട് രണ്ട് കൗണ്ടികൾ തമ്മിലുള്ള അപൂർവ സൗഹൃദ ഉടമ്പടിക്ക് കാരണമായി.
രോഗബാധിതനായ ഒരു കർഷകനെ സഹായിക്കാൻ ഒരു ഗ്രാമം മുഴുവൻ കൈകോർത്തതിനെത്തുടർന്ന് ചൈനയിലെ രണ്ട് കൗണ്ടികൾ തമ്മിൽ അപൂർവ്വമായൊരു സൗഹൃദ ഉടമ്പടി നിലവിൽ വന്നു. ഷാൻക്സി പ്രവിശ്യയിലെ യാങ്‌സിയാൻ കൗണ്ടിയിൽ നിന്നുള്ള ജി യാവോജോങ് എന്ന കർഷകന്റെയും അദ്ദേഹത്തെ സഹായിച്ച ഹൂബെയ് പ്രവിശ്യയിലെ സിയാൻഫെങ് നിവാസികളുടെയും കഥയാണിത്.

മെയ് 2 -നാണ് 4,000 കിലോഗ്രാം ആപ്പിളുമായി ജി യാവോജോങ് തന്റെ ട്രക്കിൽ സിയാൻഫെങ് കൗണ്ടിയിലെത്തിയത്. എന്നാൽ, യാത്രയ്ക്കിടയിൽ പെട്ടെന്നുണ്ടായ പക്ഷാഘാതം അദ്ദേഹത്തിന്റെ വലതു കൈ തളരാനും സംസാരശേഷി ഭാഗികമായി നഷ്ടപ്പെടാനും കാരണമായി. സിയാൻഫെങ് കൗണ്ടിയിലെ ട്രഡീഷണൽ ചൈനീസ് മെഡിസിൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ജീവൻ ഡോക്ടർമാർ രക്ഷിച്ചെങ്കിലും ദീർഘകാല ചികിത്സ ആവശ്യമാണെന്ന് നിർദ്ദേശിച്ചു.
കുടുംബത്തിന്റെ ഏക വരുമാനമാർഗ്ഗമായിരുന്നു 44 -കാരനായ ജി. ചികിത്സയ്ക്കായി എത്തിയ ഭാര്യ ലിയാംഗ് ലിലിക്ക് ഡ്രൈവിംഗ് അറിയാത്തതിനാൽ ആപ്പിൾ ലോഡുമായി ജിയുടെ ട്രക്ക് ആശുപത്രി വളപ്പിൽ തന്നെ കിടന്നു. ജിയുടെ ദയനീയാവസ്ഥ മനസ്സിലാക്കിയ ആശുപത്രി അധികൃതർ, മെയ് 4-ന് ജീവനക്കാരോട് ആപ്പിൾ വാങ്ങി അദ്ദേഹത്തെ സഹായിക്കാൻ അഭ്യർത്ഥിച്ചു. ആശുപത്രി കവാടത്തിൽ തന്നെ സ്റ്റാളുകൾ ഒരുക്കി ആപ്പിൾ വിൽപന തുടങ്ങി. ഒരു കിലോയ്ക്ക് 2.5 യുവാൻ (ഏകദേശം 30 രൂപ) എന്ന നിരക്കിലായിരുന്നു വിൽപന.
സാമൂഹിക മാധ്യമങ്ങളിലൂടെ വാർത്ത പടർന്നതോടെ നാട്ടുകാരും ഓടിയെത്തി. വെറും 19 മണിക്കൂറിനുള്ളിൽ 4,000 കിലോ ആപ്പിളും വിറ്റുതീർന്നു. ഏകദേശം 34,000 യുവാൻ (4 ലക്ഷത്തോളം രൂപ) ജിക്ക് ഇതിലൂടെ ലഭിച്ചു.
തങ്ങളുടെ നാട്ടുകാരനെ സഹായിച്ച സിയാൻഫെങ് നിവാസികളോട് നന്ദി പ്രകടിപ്പിക്കാൻ ജിയുടെ ജന്മനാടായ യാങ്‌സിയാൻ കൗണ്ടി ഭരണകൂടം മെയ് 6-ന് ഒരു സുപ്രധാന തീരുമാനം എടുത്തു. സിയാൻഫെങ് ഉൾപ്പെടുന്ന എൻഷി നഗരത്തിലെ താമസക്കാർക്ക് യാങ്‌സിയാനിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഒരു വർഷത്തേക്ക് പ്രവേശനം സൗജന്യമാക്കി. തൊട്ടുപിറ്റേന്ന് തന്നെ സിയാൻഫെങ് ഭരണകൂടം തിരിച്ചും ഇതേ നയം പ്രഖ്യാപിച്ചു. ലോക പൈതൃക കേന്ദ്രമായ ടാംഗിയ തുസി കോട്ടയടക്കമുള്ള സ്ഥലങ്ങളിൽ യാങ്‌സിയാൻ നിവാസികൾക്ക് ഇനി സൗജന്യമായി പ്രവേശിക്കാം.
രണ്ട് പ്രദേശങ്ങൾ തമ്മിലുള്ള ഈ സ്നേഹക്കരാർ ചൈനീസ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഒരു കർഷകന്റെ കണ്ണീരൊപ്പാൻ തുടങ്ങിയ ദൗത്യം ഇന്ന് രണ്ട് നാടുകൾ തമ്മിലുള്ള ഗാഢമായ സൗഹൃദമായി മാറിയിരിക്കുകയാണ്.
