1947 ഓഗസ്റ്റ് മാസം. തലേന്നും പിറ്റേന്നുമായി രണ്ടുരാജ്യങ്ങളും സ്വതന്ത്രമാകുന്നു. രണ്ടും രണ്ടുപാത്രമാകുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള ബ്രിട്ടീഷുകാരുടെ  പ്രഖ്യാപനത്തിനു ശേഷം പല നാട്ടുരാജ്യങ്ങൾക്കും തങ്ങളുടെ അധികാരങ്ങൾ നിലനിർത്തി വെവ്വേറെ പോവാൻ തന്നെയായിരുന്നു ആഗ്രഹം. എന്നാൽ, സർദാർ പട്ടേലും നെഹ്റുവും അടക്കമുള്ള നേതാക്കൾ അത് അനുവദിച്ചുകൊടുത്തില്ല. സാമം, ദാനം, ഭേദം, ദണ്ഡം - സകല ആയുധങ്ങളും പ്രയോഗിച്ച് വിപി മേനോൻ എന്ന കൃതഹസ്തനായ ബ്യൂറോക്രാറ്റിന്റെ കാർമികത്വത്തിൽ നാട്ടുരാജ്യങ്ങളെ എല്ലാം ഇന്ത്യൻ യൂണിയന്റെ ഭാഗമാക്കി. ചില രാജ്യങ്ങൾ അങ്ങനെ എളുപ്പത്തിൽ കീഴടങ്ങാനുള്ള മനസ്ഥിതിയുള്ളവർ ആയിരുന്നില്ല. അക്കൂട്ടത്തിലായിരുന്നു, ഹൈദരാബാദും. 

അസഫ് ജായുടെ വംശാവലിയായിരുന്നു അവിടെ ഭരണം കയ്യാളിയിരുന്നത്. മുഗളരുടെ പ്രതിനിധിയായി അവർ ഗവർണർ പദവി അലങ്കരിച്ചു പോന്നു. ഔറംഗസേബിനു ശേഷം ഇവിടം ഭരിച്ചിരുന്നത് ഇവർ തന്നെയായിരുന്നു. അവരെ നിസാം എന്ന സ്ഥാനപ്പേരിൽ വിളിച്ചുപോന്നു. 1948 -ൽ അങ്ങോട്ടോ ഇങ്ങോട്ടോ എന്നുള്ള ചോദ്യം വന്നപ്പോൾ ഹൈദരാബാദ് ഭരിച്ചിരുന്നത് ഏഴാമത്തെ നിസാം ആയ മീർ ഒസ്മാൻ അലി ഖാൻ അസഫ് ജാ ആയിരുന്നു. ഭരണം നിസാമിന്റെ ആയിരുന്നു എങ്കിലും, പ്രജകൾ ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നു ഹൈദരാബാദിൽ. തുടക്കത്തിൽ ആഭ്യന്തരഭരണത്തിൽ സ്വാതന്ത്ര്യം നൽകാൻ സർദാർ പട്ടേൽ സമ്മതം മൂളിയെങ്കിലും, അധികം താമസിയാതെ അതേ പേരിൽ തന്നെ നിസാമുമായി അഭിപ്രായഭിന്നതയുണ്ടായി. കേന്ദ്രത്തിനെതിരെ നിസാം കലാപക്കൊടി ഉയർത്തിയപ്പോൾ സർദാർ പട്ടേൽ സൈന്യത്തെ അയച്ച് കലാപം അടിച്ചമർത്തി. അതോടെ ഹൈദരാബാദ്   ഇന്ത്യൻ യൂണിയന്റെ  പരിപൂർണ്ണനിയന്ത്രണത്തിലായി. 

ഇത്രയും പറഞ്ഞത് ചരിത്രപശ്ചാത്തലം. ഇനി കാര്യത്തിലേക്ക് കടക്കാം. ഈ അധികാര കൈമാറ്റമൊക്കെ നടക്കുന്നതിനു തൊട്ടുമുമ്പ്, നിസാം ഒരു ചെറിയ കാര്യം ചെയ്‍തു. അന്നത്തെ പാകിസ്ഥാൻ ഹൈക്കമ്മീഷണർക്ക് തന്റെ കയ്യിലുണ്ടായിരുന്ന ഒരു മില്യൺ പൗണ്ട് സ്റ്റെർലിങ്ങ് കൊടുത്തയച്ചു. പൗണ്ട് സ്റ്റെർലിങ്ങ് എന്നത് ബ്രിട്ടന്റെ കറൻസിയാണ്. പാക് ഹൈക്കമ്മീഷണര്‍ വഴി നിസാം ഈ പണം നാഷണൽ വെസ്റ്റ് മിന്‍സ്റ്റര്‍ ബാങ്കിൽ നിക്ഷേപിച്ചു. ആ പണം അവിടെക്കിടന്ന് വളർന്നുവളർന്ന് ഇത്രയും കാലം കൊണ്ട് ഒരു മില്യൺ പൗണ്ടിൽ നിന്ന് മുപ്പത്തഞ്ചു മില്യൺ പൗണ്ടായി മാറി. അതായത് ഇന്ത്യൻ റുപ്പിയിൽ പറഞ്ഞാൽ 306  കോടി രൂപ വരും ഇപ്പോൾ ഇത്. 

ഈ പണമായിരുന്നു ഇപ്പോൾ ഉടമസ്ഥാവകാശ തർക്കത്തിന്റെ പേരിൽ കോടതി കേറിയത്. ഹൈദരാബാദ് ഇന്ത്യൻ യൂണിയന്റെ ഭാഗമായ അന്നുതൊട്ട് ഇന്ത്യ ഈ പണം തിരികെ ചോദിച്ചുകൊണ്ടിരിക്കുകയാണ്. അവർ തരുന്നുണ്ടായിരുന്നില്ല. "ആ പണം എന്റേതാണ്, സുരക്ഷിതമായി സൂക്ഷിക്കാൻ വേണ്ടിയാണ് നിങ്ങളെ ഏൽപ്പിച്ചത്. അത് തിരികെ തരണം..." എന്ന് നിസാം നേരിട്ടുതന്നെ പാകിസ്ഥാനോട് പറഞ്ഞു. നിയമപരമായി ഇതിന്മേലുള്ള ഉടമസ്ഥാവകാശം ഇനി പാകിസ്ഥാനാണ് എന്നായി അവർ. 1957 -വരെ തമ്മിലുള്ള എഴുത്തുകുത്തുകളിൽ ഒതുങ്ങി നിന്ന ഈ കേസ് അക്കൊല്ലം ബ്രിട്ടന്റെ ഹൗസ് ഓഫ് ലോർഡ്‌സിൽ പരിഗണനയ്‌ക്കെത്തി. 

'മീർ ഒസ്മാൻ അലി ഖാൻ അസഫ് ജാ'

ഈ വിഷയത്തിന്മേൽ വിശദമായ വ്യവഹാരം തന്നെ പിന്നീട് ഇംഗ്ലണ്ടിലെ കോടതിയിൽ നടന്നു. വ്യവഹാരത്തിൽ തീർപ്പുണ്ടാകും വരെ നാഷണൽ വെസ്റ്റ് മിൻസ്റ്റർ ബാങ്കിലെ ആ അക്കൗണ്ട് മരവിപ്പിച്ചുകൊണ്ട് കോടതി ഉത്തരവുണ്ടായി. എഴുപതിലധികം വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന ഈ കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. പാകിസ്ഥാന്റെ അവകാശവാദങ്ങളിൽ സത്യമില്ല എന്ന് കണ്ട കോടതി, പ്രസ്തുത സമ്പാദ്യം ഹൈദരാബാദ് നിസാമിന്റെ മാത്രമാണെന്നും, അത് അന്ന് ഒരു ട്രസ്റ്റി എന്ന നിലയ്ക്ക് നിസാം പാകിസ്ഥാനി ഹൈക്കമ്മീഷണറെ വിശ്വസിച്ച് ഏൽപ്പിച്ചത് മാത്രമാണ് എന്നും കണ്ടെത്തി. 

ഇങ്ങനെ ഒരു വിധി വന്നതോടെ നിസാമിന്റെ അനന്തരാവകാശികളുടെ മനസ്സിൽ ഒരു ലഡു പൊട്ടി. പാകിസ്ഥാന് ഈ വിധിക്കുമേൽ അപ്പീൽ പോകാനുള്ള സ്വാതന്ത്ര്യമുണ്ട് എങ്കിലും, ആ വഴി കൂടി അടയുന്ന പക്ഷം ഈ ധനം ഇപ്പോൾ തുർക്കിയിൽ കഴിയുന്ന മുകർറം ജാ അടക്കമുള്ള നിസാമിന്റെ അനന്തരാവകാശികള്‍ക്ക് വന്നുചേരും.  നിസാമിന് 120 അവകാശികളുണ്ടെന്നും, ഈ പണം കിട്ടിയാൽ അവർക്കിടയിൽ തുല്യമായി വീതിക്കപ്പെടുമെന്നും അവർ പറഞ്ഞു. 

എഴുപതു വർഷമായി കോടതിയിൽ ഇരിക്കുന്ന ഈ കേസിന് ഒരു ഒത്തുതീർപ്പെന്ന നിലയിൽ പാകിസ്താന് ഈ സമ്പത്തിന്റെ ഒരു ഭാഗം കൊടുത്തുകൊണ്ടുള്ള ഒരു 'ഔട്ട് ഓഫ് കോർട്ട്' സെറ്റിൽമെന്റിനും 2008 -ൽ  നിസാമിന്റെ അനന്തരാവകാശികൾ തയ്യാറായിരുന്നു. എന്നാൽ, അന്ന് മൊത്തം പണവും തങ്ങൾക്കുതന്നെ കിട്ടിയേ തീരൂ എന്ന പാകിസ്ഥാന്റെ അതിമോഹമാണ് ഇന്ന് ഒരു രൂപ പോലും കിട്ടാത്ത അവസ്ഥയിലേക്ക് അവരെ എത്തിച്ചത്.