ചരിത്രപരമായി, തെക്കുകിഴക്കൻ ഏഷ്യൻ സംസ്കാരത്തിൽ വെളുത്ത ആനകളെ അങ്ങേയറ്റം ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. കൂടാതെ പ്രദേശത്തെ പഴയ ഭരണാധികാരികൾ അവരുടെ ഭാഗ്യം വർദ്ധിപ്പിക്കാൻ കഴിയുന്നത്രയും വെളുത്ത ആനകളെ സ്വന്തമാക്കി.
പടിഞ്ഞാറൻ മ്യാൻമറിൽ അപൂർവമായ ഒരു വെളുത്ത ആന ജനിച്ചതായി സംസ്ഥാന മാധ്യമങ്ങൾ ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. ബുദ്ധമതത്തിൽ പെട്ടവർ കൂടുതലായും കഴിയുന്ന ഇവിടെ വെളുത്ത ആനയെ ശുഭസൂചകമായി കണക്കാക്കുന്നവരുണ്ട്. കഴിഞ്ഞ മാസം പടിഞ്ഞാറൻ റാഖൈൻ സംസ്ഥാനത്ത് ജനിച്ച ആനക്കുട്ടിക്ക് ഏകദേശം 80 കിലോഗ്രാം (180 പൗണ്ട്) ഭാരവും ഏകദേശം 70 സെന്റിമീറ്റർ (രണ്ടര അടി) ഉയരവും ഉണ്ടെന്ന് മ്യാൻമർ പത്രത്തിന്റെ ഗ്ലോബൽ ന്യൂ ലൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.
സ്റ്റേറ്റ് ടിവി പുറത്തുവിട്ട ഫൂട്ടേജുകളിൽ ആനക്കുട്ടി അമ്മയുടെ പിന്നാലെ നദിയിലേക്ക് പോകുന്നതും അതിനെ പരിചാരകർ വൃത്തിയാക്കുന്നതും അത് പിന്നീട് ഭക്ഷണം കഴിക്കുന്നതും കാണാമായിരുന്നു. അതിന്റെ അമ്മ 33 -കാരിയായ സർ നാൻ ഹ്ലയാണ്. റാഖൈൻ സ്റ്റേറ്റിലെ മ്യാൻമ ടിംബർ എന്റർപ്രൈസ് ആണ് ഇവയെ നോക്കുന്നത്. അപൂർവമായ വെളുത്ത ആനകളുമായി ബന്ധപ്പെട്ട എട്ട് സ്വഭാവസവിശേഷതകളിൽ ഏഴെണ്ണവും ഈ കുഞ്ഞിന് ഉണ്ടായിരുന്നുവെന്ന് ഗ്ലോബൽ ന്യൂ ലൈറ്റ് പറഞ്ഞു.
തൂവെള്ള നിറമുള്ള കണ്ണുകൾ, വെളുത്ത മുടി, സവിശേഷമായ വാൽ, മുൻകാലുകളിൽ അഞ്ച് നഖങ്ങൾ തുടങ്ങിയവയൊക്കെ ആനക്കുട്ടിയുടെ പ്രത്യേകതകളാണ് എന്നും പത്രം റിപ്പോർട്ട് ചെയ്തു. ആനക്കുട്ടിക്ക് ഇതുവരെ പേരിട്ടിട്ടില്ല. കഴിഞ്ഞ മാസം അവസാനമാണ് ആളുകൾ സോഷ്യൽമീഡിയയിൽ ആനക്കുട്ടിയെ കുറിച്ച് പോസ്റ്റുകളിട്ട് തുടങ്ങിയത്.
ചരിത്രപരമായി, തെക്കുകിഴക്കൻ ഏഷ്യൻ സംസ്കാരത്തിൽ വെളുത്ത ആനകളെ അങ്ങേയറ്റം ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. കൂടാതെ പ്രദേശത്തെ പഴയ ഭരണാധികാരികൾ അവരുടെ ഭാഗ്യം വർദ്ധിപ്പിക്കാൻ കഴിയുന്നത്രയും വെളുത്ത ആനകളെ സ്വന്തമാക്കി. എന്നാൽ, അവയെ പരിചരിക്കുകയും സുന്ദരമായി നിലനിർത്തുകയും ചെയ്യുന്നത് വലിയ പണച്ചെലവുള്ള സംഗതിയായി.
സൈനിക നിർമ്മിത തലസ്ഥാനമായ നയ്പിഡോയിൽ നിലവിൽ ആറ് വെള്ള ആനകൾ തടവിലാണെന്ന് സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിൽ കൂടുതലും റാഖൈൻ സംസ്ഥാനത്തിൽ നിന്നും തെക്കൻ അയേർവാഡി മേഖലയിൽ നിന്നുമുള്ളതാണ്.
