ഇന്ത്യയിലെ ഒറ്റക്കുടുംബം മാത്രം താമസിക്കുന്ന ഗ്രാമം, കാരണം ഒട്ടും വിചിത്രമല്ല
മഴക്കാലത്ത് ഈ വള്ളമല്ലാതെ എവിടെ പോകാനും കുടുംബത്തിന് മറ്റ് മാർഗങ്ങൾ ഇല്ല. കാരണം, ഗ്രാമത്തിൽ എങ്ങും വെള്ളം തന്നെ ആയിരിക്കും. അതുപോലെ ഗ്രാമത്തിൽ വൈദ്യുതി ഇല്ല. മണ്ണെണ്ണ വിളക്കുകളാണ് കുടുംബം വെളിച്ചത്തിന് വേണ്ടി ആശ്രയിക്കുന്നത്.

ഒറ്റക്കുടുംബം മാത്രം താമസിക്കുന്ന ഒരു ഗ്രാമമുണ്ടോ ലോകത്ത്? നമ്മുടെ ഇന്ത്യയിൽ തന്നെയുണ്ട് അങ്ങനെ ഒരു ഗ്രാമം. അസമിലെ നൽബാരി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഒരു കുടുംബം മാത്രം താമസക്കാരായിട്ടുള്ളത്. 2011 -ലെ സെൻസസ് പ്രകാരം ഈ ഗ്രാമത്തിൽ 16 കുടുംബങ്ങളായിരുന്നു ഉണ്ടായിരുന്നത്.
പിന്നീട്, ഈ ഗ്രാമം വിട്ടു പോകാൻ 15 കുടുംബങ്ങളെയും പ്രേരിപ്പിച്ചത് എന്തായിരിക്കും? വളരെ വിചിത്രമായ എന്തെങ്കിലും കാരണമായിരിക്കും എന്നൊന്നും കരുതണ്ട. വികസനം തന്നെ കാരണക്കാരൻ. വികസനം തീരെ ഇല്ലാത്തതിനെ തുടർന്നാണ് ഗ്രാമത്തിലുള്ള കുടുംബങ്ങൾ ഇവിടം വിട്ട് പോയത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.
ബിമൽ ദേക, ഭാര്യ അനിമ, അവരുടെ മക്കളായ നരേൻ, ദിപാലി, സ്യൂതി എന്നിവരാണ് നൽബാരിയിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള ഘോഗ്രപാര സർക്കിളിലെ ഈ ഗ്രാമത്തിൽ ഇപ്പോഴുള്ള ഒരേയൊരു താമസക്കാർ.
ഗ്രാമത്തിൽ നിന്നും സ്കൂളിലെത്തുക, അവിടെ നിന്നും തിരിച്ച് വരിക എന്നതൊക്കെ വലിയ പ്രയാസമാണ്.
മൺസൂൺ സമയങ്ങളിൽ സ്കൂളിലോ കോളേജിലോ പോകണമെങ്കിൽ റോഡിലെത്താൻ തന്നെ തങ്ങൾക്ക് മണ്ണും ചളിയും നിറഞ്ഞ റോഡിലൂടെ രണ്ട് കിലോമീറ്റർ നടക്കണം. പ്രാദേശികമായി നിർമ്മിച്ച വള്ളത്തിലാണ് ആ സമയത്ത് യാത്ര എന്ന് ദിപാലി പറയുന്നു.
മഴക്കാലത്ത് ഈ വള്ളമല്ലാതെ എവിടെ പോകാനും കുടുംബത്തിന് മറ്റ് മാർഗങ്ങൾ ഇല്ല. കാരണം, ഗ്രാമത്തിൽ എങ്ങും വെള്ളം തന്നെ ആയിരിക്കും. അതുപോലെ ഗ്രാമത്തിൽ വൈദ്യുതി ഇല്ല. മണ്ണെണ്ണ വിളക്കുകളാണ് കുടുംബം വെളിച്ചത്തിന് വേണ്ടി ആശ്രയിക്കുന്നത്. എന്നാൽ, ഇത്രയൊക്കെ ദുരിതമാണ് എങ്കിലും തങ്ങളുടെ മൂന്ന് കുട്ടികൾക്കും കുടുംബം വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നുണ്ട്. ദിപാലിയും നരേനും ബിരുദധാരികളാണ്. സ്യൂതി ഹയർ സെക്കൻഡറിയാണ്.
ഗ്രാമത്തിലേക്കുള്ള ഒരു റോഡ് ഉദ്ഘാടനം ചെയ്യാൻ മുൻ മുഖ്യമന്ത്രി ബിഷ്ണുറാം മേധി പതിറ്റാണ്ടുകൾക്ക് മുമ്പ് നമ്പർ 2 ബർധനാര സന്ദർശിച്ചിരുന്നു. ഗ്രാമത്തിന്റെ അവസ്ഥ നേരത്തെ ഇങ്ങനെ ആയിരുന്നില്ല എന്നും വെള്ളപ്പൊക്കത്തെ തുടർന്നാണ് ഇങ്ങനെ ആയിത്തീർന്നത് എന്നും അടുത്തുള്ളവർ പറയുന്നു.
"പ്രാദേശിക ഭരണകൂടം ഒന്നും ഇവിടെ ഒന്നും ചെയ്യാൻ താൽപ്പര്യപ്പെടുന്നില്ല" എന്ന് അനിമ പറയുന്നു. കൃഷിയും മൃഗങ്ങളെ വളർത്തലുമാണ് ഇവരുടെ പ്രധാന വരുമാന മാർഗം. ഗ്രാമ്യ വികാസ് മഞ്ച എന്ന എൻജിഒ അടുത്തിടെ ഗ്രാമത്തിൽ ഒരു കാർഷിക ഫാം സ്ഥാപിച്ചിരുന്നു. സർക്കാർ ഒരു റോഡും നിർമിച്ച് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി കൊടുക്കുകയാണെങ്കിൽ ആളുകൾ ഗ്രാമത്തിലേക്ക് തന്നെ മടങ്ങുമെന്നും കൃഷിപരമായ സാധ്യതകൾ വീണ്ടും യാഥാർത്ഥ്യമാക്കാൻ കഴിയുമെന്നും ഫാം ചെയർമാൻ പൃഥി ഭൂഷൺ ദേക പറഞ്ഞു.