105 വര്‍ഷത്തെ പഴക്കമുണ്ട് ട്രിച്ചിയിലെ ഈ പലഹാരക്കടയ്ക്ക്. Yanai Mark Nei Mittai Kadai എന്നാണതിന്‍റെ പേര്. വലിയ മിഠായികളാണ് ഇവിടെ കിട്ടുന്നത്. എന്നാല്‍, അതിനെല്ലാം അപ്പുറം ഈ കടയ്ക്കൊരു പ്രത്യേകത കൂടിയുണ്ട്. ഇവിടെ കാലങ്ങളായി മധുരം പൊതിഞ്ഞു കൊടുക്കുന്നത് മുള കൊണ്ടുള്ള കൂടകളിലാണ്. സമീപത്തുള്ള ഗ്രാമവാസികള്‍ തയ്യാറാക്കുന്ന കൂടകളാണിത്. എല്ലായിടത്തും പ്ലാസ്റ്റിക് കയറി വരികയും പല സ്ഥലങ്ങളിലും പ്ലാസ്റ്റിക് നിരോധിക്കുകയുമെല്ലാം ഇക്കാലയളവില്‍ സംഭവിച്ചു കഴിഞ്ഞു. എന്നാല്‍, അന്നും ഇന്നും ഈ കടയില്‍ പ്ലാസ്റ്റിക്കിന് പ്രവേശനമില്ല. 

മൂന്നാമത്തെ തലമുറയാണ് ഇപ്പോള്‍ ഈ കട നോക്കിനടത്തുന്നത്. കണ്ണന്‍, രവിചന്ദ്രന്‍ എന്നിവരാണ് ഉടമകള്‍. തങ്ങള്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന ഈ രീതിയാണ് തങ്ങള്‍ക്ക് സമീപത്തുള്ളവരില്‍ നിന്നും ബഹുമാനം കിട്ടാനുള്ള കാരണമെന്ന് ഇവര്‍ പറയുന്നു. നൂറിലേറെ വര്‍ഷങ്ങളായി ഈ കടയില്‍ ഇങ്ങനെയാണ് ചെയ്തുവരുന്നത്. ആദ്യം ഒരു പേപ്പറില്‍ പലഹാരം പൊതിഞ്ഞെടുക്കും. പിന്നീട് മുളകൊണ്ടുള്ള കൂടുകളിലാക്കി ആവശ്യക്കാര്‍ക്ക് നല്‍കും. പണ്ട്, മുത്തച്ഛന്മാരുടെ കാലത്ത് പത്രത്തിന് പകരം ഉണങ്ങിയ വാഴയിലകളിലായിരുന്നു മധുരം പൊതിഞ്ഞു കൊടുത്തിരുന്നതെന്ന് അമ്പത്തിയഞ്ചുകാരനായ രവിചന്ദ്രന്‍ ബെറ്റര്‍ ഇന്ത്യയോട് പറഞ്ഞു. 

സാധാരണയായി ഇവിടെ സ്ത്രീകള്‍ വലിയ കൂടകളുണ്ടാക്കുകയും അത് ചന്തയില്‍ വില്‍ക്കുകയും ചെയ്യാറാണ്. എന്നാല്‍, ഇവര്‍ മധുരം പൊതിഞ്ഞ് നല്‍കാവുന്ന പാകത്തിലുള്ള കൂടകളുണ്ടാക്കാന്‍ അവരോട് പ്രത്യേകം ആവശ്യപ്പെട്ടതായിരുന്നു. നേരത്തെ പത്തോളം കുടുംബങ്ങള്‍ ഇങ്ങനെ കൂടകളുണ്ടാക്കുന്നുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ മൂന്നോ നാലോ കുടുംബങ്ങള്‍ മാത്രമാണ് ഇത്തരത്തിലുള്ള കൂടകളുണ്ടാക്കുന്നത്. 

ഓരോ മാസവും ഒരു കിലോ മധുരപലഹാരങ്ങൾ ഉള്‍ക്കൊള്ളുന്ന 700 കൊട്ടകൾ വാങ്ങുന്നു. മാസാവസാനത്തോടെ എല്ലാ കൊട്ടകളും ഉപയോഗിച്ചിട്ടുണ്ടാവും. സാധാരണയായി ഇവിടെ ഈ മുളക്കൂടകള്‍ക്ക് അധികപണം ഈടാക്കുന്നില്ല. എന്നാല്‍, ആരെങ്കിലും നിര്‍ബന്ധമായും പ്ലാസ്റ്റിക് കൂടില്‍ തന്നെ പലഹാരം പൊതിഞ്ഞു തരണമെന്നാവശ്യപ്പെട്ടാല്‍ അതിന് അധികനിരക്ക് ഈടാക്കുന്നുണ്ട്. 

മുള കൊണ്ടുള്ള കൂട തലമുറകളായി ഉപയോഗിക്കുന്നതുപോലെ തന്നെ പലഹാരമുണ്ടാക്കുന്ന രീതിയും തലമുറകളായി മാറ്റമില്ലാതെ തുടരുന്നതാണ്. ഇന്നെല്ലായിടത്തും പ്ലാസ്റ്റിക്കിന്‍റെയും മറ്റും വിവിധ തരത്തിലുള്ള ബോക്സുകളിലും കവറുകളിലുമെല്ലാം പലഹാരങ്ങള്‍ നല്‍കുമ്പോള്‍ തങ്ങളേക്കൊണ്ട് കഴിയുന്ന കാലം വരെ മുളക്കൂടകളില്‍ പലഹാരം നല്‍കണമെന്നാണ് ആഗ്രഹമെന്നും ഇവര്‍ പറയുന്നു. ആ കൂടകള്‍ അധികം ഭാരമില്ലാത്തതും ഉപയോഗിക്കാനെളുപ്പമുള്ളതും പിരിസ്ഥിതിസൗഹാര്‍ദ്ദപരവുമാണ്. ഈ പലഹാരക്കട തലമുറകളായി ഇങ്ങനെ നില്‍ക്കുന്നതുപോലെ തന്നെ തലമുറകളായി ഇവിടെ മധുരപലഹാരങ്ങള്‍ വാങ്ങാനെത്തുന്ന ആളുകളുമുണ്ട്.