ഉത്തർപ്രദേശിലെ പിംപ്രി-ഷാദിപ്പൂർ പ്രദേശത്തുള്ള സീതാപ്പൂരിൽ ഒരു പ്രൈമറി സ്‌കൂളുണ്ട്. കൊറോണയുടെ ആക്രമണം തുടങ്ങിയ ശേഷം അതൊരു ഒരു സ്കൂളല്ല, ക്വാറന്റൈൻ വാർഡാണ്. അതിനകത്ത് പാർപ്പിച്ചിട്ടുളളത് 20 കുടിയേറ്റ തൊഴിലാളികളെയാണ്. അവർക്ക് കൊവിഡ് ബാധയുണ്ടോ എന്ന സംശയമുണ്ട്. 

എന്നാൽ, അവർക്ക് വേണ്ടതൊന്നും അധികാരികൾ നൽകുന്നില്ല എന്നൊരു പരാതിയാണ് ഇപ്പോൾ 'ദ പ്രിന്റ്' റിപ്പോർട്ട് ചെയ്തിരിക്കുന്നത് . കിടക്കാൻ കിടക്കകളില്ല, കഴിക്കാൻ വേണ്ടത്ര ഭക്ഷണമില്ല എന്നൊക്കെയാണ് പരാതി. ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിൽ നിന്ന് വെറും 100 കിലോമീറ്റർ മാത്രമെ  ഈ സ്‌കൂളിലേക്കുള്ളൂ. പ്രാദേശിക ഭരണകൂടത്തിന്റെ കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമാണ് ഈ ക്വാറന്റൈൻ താമസം. രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽ തൊഴിലെടുക്കാനായി പോയിട്ടുള്ള ഗ്രാമത്തിലെ തൊഴിലാളികൾക്ക് സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകാൻ സാധിക്കും മുമ്പ് ഇവിടെ 14 ദിവസം ഐസൊലേഷനിൽ കിടന്നേ പറ്റൂ. പലരും കിട്ടിയ വണ്ടിയിൽ കയറിക്കൂടിയും, സൈക്കിളിലും, നടന്നും ഒക്കെയായി മുംബൈ, ദില്ലി എന്നിവിടങ്ങളിൽ നിന്നൊക്കെ തിരികെ എത്തിച്ചേർന്നവരാണ്. അവർക്ക് കൊവിഡ് ബാധയുണ്ടെങ്കിൽ അത് ഗ്രാമീണരിലേക്ക് പകരാതിരിക്കാനാണ് പ്രാദേശിക ഭരണകൂടത്തിന്റെ ഈ മുൻകരുതൽ. 

എന്നാൽ ഈ ക്വാറന്റൈൻ കെട്ടിടത്തിനുള്ളിൽ അവർക്ക് സാമൂഹിക അകലം പാലിക്കാനുള്ള യാതൊരു സൗകര്യവുമില്ല എന്നവർ പറയുന്നുണ്ട്. അധികാരികൾ ഭക്ഷണം നല്കാത്തതുകൊണ്ട് പലർക്കും അവരവരുടെ  വീടുകളിൽ നിന്ന് ഭക്ഷണം എത്തിക്കുകയാണ്. ഈ ഒരു കാര്യം തന്നെ, ക്വാറന്റൈൻ എന്ന പരിപാടിയുടെ അടിസ്ഥാന തത്വങ്ങളെ ഉല്ലംഘിക്കുന്ന ഒന്നാണ്. 

അവരെ അവിടെ കൊണ്ടുചെന്നാക്കിയത് മാർച്ച് 26 -നാണ്. പഞ്ചായത്ത് പ്രസിഡന്റായ ഓംപ്രകാശ് വർമ്മ ആദ്യദിവസം തന്നെ വന്നു കുറെ അരിയും പലചരക്കും കൊടുത്തിട്ട് അവരോട് സ്വയം പാചകം ചെയ്തു തിന്നുകൊള്ളാൻ പറഞ്ഞു. അടുത്തെവിടെയെങ്കിലും നിന്ന് വിറകു സംഘടിപ്പിച്ച് സ്വയം ഉണ്ടാക്കാനാണ് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്. പാചകം ചെയ്യാൻ വേണ്ടി ഗ്യാസ് സിലിണ്ടർ ചോദിച്ചപ്പോൾ ഇല്ല എന്നുപറഞ്ഞു പ്രസിഡന്റ്. സ്‌കൂളിലെ മുറികളിൽ ഒന്ന് തുറന്നു പരിശോധിച്ചപ്പോൾ അവിടെ സിലിണ്ടർ ഇരിക്കുന്നത് കണ്ട് അതേപ്പറ്റി ചോദിച്ചവരോട് പ്രസിഡന്റ് വഴക്കിട്ടു. അയാൾ അവർക്ക് കൊടുത്ത അരിയും പലചരക്കും തിരികെ വാങ്ങിക്കൊണ്ട്, ഇനി നിങ്ങൾ ആയിക്കോളൂ എന്ന് കുപിതനായി പറഞ്ഞുകൊണ്ട് സ്ഥലം വിടുകയായിരുന്നത്രെ. 

പിന്നീട് അവരവരുടെ വീട്ടിൽ നിന്നായി ഭക്ഷണം വരവ്. ആ ഭക്ഷണം അവർ കഴിക്കുന്നതിന്റെ ചിത്രമെടുത്ത് പ്രസിഡന്റ് മേലധികാരികൾക്ക് താൻ ഭക്ഷണം നൽകുന്നതായി കാണിച്ച് വാട്ട്സാപ്പിൽ അയച്ചു കൊടുത്തുകൊണ്ടിരുന്നു. കുറച്ചു നാളായി ഇങ്ങനെ തുടർന്നപ്പോഴാണ് ഗതികെട്ട തൊഴിലാളികളിൽ ചിലർ പ്രസിഡന്റിന്റെ മേലധികാരികളോട് പരാതിപ്പെട്ടത്. 

തൊഴിലാളികളിൽ മിക്കവരും മുസ്ലിംകളോ അല്ലെങ്കിൽ കീഴ്ജാതിക്കാരോ ആയതിനാൽ അവർക്ക് ഭക്ഷണം പാകം ചെയ്തു നൽകാൻ ഗ്രാമത്തിൽ ആരും തന്നെ തയ്യാറല്ല എന്നതാണ് ഭക്ഷണം നൽകാനുള്ള പ്രയാസമെന്നാണ് ഈ ദുരവസ്ഥയ്ക്കുള്ള പ്രസിഡന്റിന്റെ ന്യായീകരണം. ഈ സ്‌കൂളിൽ മുറികൾ പലതുണ്ടെങ്കിലും അതൊന്നും തുറന്നുകൊടുക്കാൻ പ്രസിഡന്റ് തയ്യാറില്ല. ഒന്നോ രണ്ടോ മുറികളിൽ അടുത്തടുത്താണ് ഇവർ കിടക്കുന്നത്. പ്രസിഡന്റ് കിടക്ക നൽകാഞ്ഞതിനാൽ സ്വന്തം വീടുകളിൽ നിന്നാണ് പലരും കിടക്ക വരുത്തിയത്. രണ്ടോ മൂന്നോ മുറികൾ പൂട്ടിക്കിടക്കുകയാണ് ഇപ്പോഴും. ആ മുറികൾ തുറന്നു കൊടുത്തിരുന്നെങ്കിൽ കൃത്യമായ അകലം പാലിച്ച് കിടന്നുറങ്ങാമായിരുന്നു എന്ന് തൊഴിലാളികൾ പറഞ്ഞു.

തങ്ങൾ വന്നതിനു ശേഷം ഒരിക്കൽ പോലും സ്‌കൂൾ പരിസരങ്ങൾ അണുനാശിനി പ്രയോഗിച്ച് ശുചീകരിക്കുകയോ, ടോയ്‍ലെറ്റുകൾ കഴുകാൻ ആളെ പറഞ്ഞയക്കുകയോ ഒന്നും പ്രസിഡന്റ് ചെയ്തിട്ടില്ലെന്നും പരാതിയുണ്ട്. ഇരുപതു പേർക്കും കൂടി പ്രസിഡന്റ് അനുവദിച്ചത് ആകെ ഒരു ബക്കറ്റും, ഒരു ഡെറ്റോൾ സോപ്പുമാണ് എന്ന് അവർ പറയുന്നു. ആ ഒരു ഡെറ്റോൾ സോപ്പിനെ രണ്ടായി മുറിച്ചിട്ടാണ് അവരിപ്പോൾ ഉപയോഗിക്കുന്നത്. സ്‌കൂളിൽ രണ്ട് ടോയ്‌ലറ്റ് കൂടി ഉള്ളതിന്റെ താക്കോലും പ്രസിഡന്റിന്റെ കയ്യിൽ തന്നെയാണ്. അത് തുറന്നുകൊടുക്കാൻ അപേക്ഷിച്ചപ്പോൾ  പ്രസിഡന്റ് പറഞ്ഞത്, " അത്രക്ക് മുട്ടുന്നുണ്ടെങ്കിൽ, പോയി പറമ്പിൽ വെളിക്കിരുന്നോ " എന്നാണ്. 

എന്നാൽ താൻ പഞ്ചായത്തിലെ ജീവനക്കാരോട് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാൻ പറഞ്ഞതാണ് എന്നും, അവർ ഉഴപ്പിയതാകാനാണ് വഴി എന്നുമാണ് പറയുന്നത്. വേണ്ടത് ചെയ്തുകൊടുക്കാൻ എന്നാണ് പ്രസിഡന്റ് ഇപ്പോൾ പറയുന്നത്. എന്നാൽ, പ്രസിഡന്റിന്റെ രണ്ട് ബന്ധുക്കളും നഗരങ്ങളിൽ നിന്ന് മടങ്ങി വന്നിട്ടുണ്ടായിരുന്നു എന്നും, അവരെ ഐസൊലേഷനിൽ പാർപ്പിക്കാതെ സ്വന്തം കുടുംബത്തു കഴിയാൻ വിട്ടിട്ടാണ് തങ്ങളെ ഇങ്ങനെ നരകത്തിൽ കഴിയാൻ നിർബന്ധിക്കുന്നത് എന്നും തൊഴിലാളികൾ പരാതിപ്പെട്ടു. 

 

 

പലരും കഷ്ടപ്പെട്ട് അധ്വാനിച്ച് അന്നന്നത്തേക്കുള്ള അന്നത്തിനു വഴി കണ്ടെത്തുന്നവരാണ്. നഗരത്തിലെ ജോലി നഷ്ടപ്പെട്ടപ്പോൾ നാട്ടിലേക്ക് വന്നാലെങ്കിലും എന്തെങ്കിലും ചെയ്ത് കുടുംബത്തെ പട്ടിണി മാറ്റം എന്ന് കരുതിയാണ് അവർ പത്തഞ്ഞൂറു കിലോമീറ്റർ നടന്നും ഒരു വിധം വീടുപറ്റിയത്. എന്നാൽ, ഐസൊലേഷൻ എന്ന പേരിൽ ഇങ്ങനെ നരകിപ്പിക്കുമ്പോൾ, രോഗത്തിൽ നിന്ന് ഒരു സുരക്ഷയും കിട്ടുന്നുമില്ല, വീട്ടുകാരുടെ പട്ടിണി മാറ്റാനും സാധിക്കുന്നില്ല എന്ന ഇരട്ടി സങ്കടത്തിലാണ് ഈ പാവം തൊഴിലാളികൾ ഇപ്പോൾ. 

കടപ്പാട് : ദ പ്രിന്റ്